സർവ്വ മംഗള മംഗല്യേ
ശിവേ സർവ്വാർഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരീ
നാരായണീ നമോസ്തുതേ
ആറ്റുകാലമ്മയെക്കുറിച്ച് എന്ത് പറയണം എങ്ങനെ തുടങ്ങണമെന്നറിയില്ല. പക്ഷെ, എത്ര പറഞ്ഞാലും മതിയാവില്ല ആ സത്യം. ജീവിതം തന്നെ അമ്മയുടെ കാൽക്കൽ സമർപ്പിച്ചിരിക്കുകയാണ് ഭക്തർ. മകളായും സുഹൃത്തായും സഹോദരിയായും അമ്മ വരാറുണ്ട്. ഓരോ വർഷവും ആറ്റുകാലിലേക്ക് ഇരമ്പിയെത്തുന്ന മനുഷ്യകടലിന്റെ വലിപ്പം കൂടുകയല്ലാതെ ഒരിക്കലും കുറയാറില്ല. അതിനു കാരണവും മറ്റൊന്നുമല്ല. അമ്മയെന്ന പരമസത്യം.
വിശ്വേശ്വരി ത്വം പരിപാഹി വിശ്വം
വിശ്വാത്മികാ ധാരയസേ ച വിശ്വം
വിശ്വേശ വന്ദ്യാ ഭവതീ ഭവന്തി
വിശ്വാശ്രയാ യേ ത്വയി ഭക്തി നമ്രാ
ശക്തി സ്വരൂപിണിയായ ലോകമാതാവ്അ
മ്മ എന്നും മക്കൾക്ക് പ്രിയപ്പെട്ടതാണ്. പാർവ്വതിയായും സരസ്വതിയായും ലക്ഷമിയായും കാളിയായും ഭജിക്കുന്ന രൂപങ്ങളിലെല്ലാം കുടികൊള്ളുന്നത് അമ്മയെന്ന സത്യമാണ്. തിരുവനന്തപുപരത്തിന്റെ തെക്കു കിഴക്ക് ഭാഗത്തെ ആറ്റുകാൽ ക്ഷേത്രം പുരാതന കാലം മുതൽ തന്നെ തീർത്ഥാട കേന്ദ്രമാണ്. ചെതന്യം സ്ഫുരിക്കുന്ന ക്ഷേത്രങ്ങളുടെ നഗരമായ അനന്തപുരിയിൽ എത്തുന്ന തീർത്ഥാടകർക്ക് അമ്മയുടെ അനുഗ്രഹം കൂടി ലഭിച്ചില്ലെങ്കിൽ തീർത്ഥാടനം പൂർത്തിയാകില്ലെന്ന് വിശ്വാസം. പദ്മനാഭന്റെ കൊട്ടാരത്തിൽ നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിച്ച് ആറ്റുകാലിലെത്തി ദേവിയെ വണങ്ങാം.

പൊങ്കാലയുടെ ഒരുക്കങ്ങൾ
സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിലെ ഉത്സവമാണ് പൊങ്കാല. കുളിച്ച് നേരിയതുടുത്ത് പൊങ്കാലക്കലങ്ങളിൽ ഓരോ സ്ത്രീയും തന്റെ പ്രാർത്ഥനകളെയും വിശ്വാസങ്ങളെയും തിളപ്പിച്ചെടുക്കും. കലങ്ങളിലെ അരി തിളച്ചു പൊങ്ങിയാൽ അമ്മ അനുഗ്രഹിച്ചു കഴിഞ്ഞു എന്നതാണ് നൂറ്റാണ്ടുകളായി കൈമാറ്റം ചെയ്തു വരുന്ന വിശ്വാസം. ഓരോ വിശ്വാസിയും അമ്മയുടെ കാര്യത്തിൽ സ്വാർത്ഥയാണ്. ആദ്യം ഞങ്ങളിലേക്ക് അനുഗ്രഹം ചൊരിയണമെന്ന് ഓരോ മനസും ഉരുകി പ്രാർത്ഥിക്കും. കൊടും വെയിലിനെ വകവെയ്ക്കാതെ, പൊള്ളുന്ന ചൂടിലും അമ്മയുടെ അനുഗ്രഹത്തിനായി അവർ മണിക്കൂറുകളോളം കാത്തു നിൽക്കും.
കുംഭമാസത്തിലെ പൊങ്കാല
കാർത്തിക നക്ഷത്രത്തിൽ ആരംഭിച്ച് പത്ത് ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൽ പ്രധാനം പൂരം നാളും പൗർണ്ണമിയും ഒത്തു ചേരുന്ന പൊങ്കാലയാണ്. ഒമ്പത് ദിവസങ്ങളിലും പകലെന്നും രാത്രിയെന്നും വ്യത്യാസമില്ലാതെ ആഘോഷങ്ങളാണ്. ഉത്സവ രാത്രികളിൽ നാടിന്റെ നാനാഭാഗത്തു നിന്നും ദേവീ ചരിതത്തിന്റെ വിവിധ ദൃശ്യങ്ങൾ ആലേഖനം ചെയ്ത വിളക്ക് കെട്ടുകൾ ക്ഷേത്രത്തിൽ എത്തിച്ചേരും. കുരുത്തോല കൊണ്ടോ വർണ്ണകടലാസുകൊണ്ടോ അലങ്കരിച്ച് മധ്യഭാഗത്ത് ദേവീ രൂപവുമായാണ് ഈ വിളക്കുകെട്ടുകൾ നിർമ്മിക്കുന്നത്.

ഈ വിളക്കുകെട്ടുകൾ തലയിലേന്തി നിത്യവും രാത്രികളിൽ നടക്കുന്ന നൃത്തം നയന മനോഹരവും ഭക്തി സാന്ദ്രവുമാണ്. ഉത്സവത്തിന്റെ ഒമ്പതാം ദിവസം അനന്തപുരിയാകെ പൊങ്കാലക്കളമായി മാറുന്നു. അമ്മക്ക് നിവേദിക്കാനുള്ള അരി, ശർക്കര, തേങ്ങ മുതലായവയുമായി സ്ത്രീകൾ എട്ടാം നാളിൽ തന്നെ അവരുടെ ഇടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടാകും. വിറകും പുത്തൻകലവുമായി മനസിൽ പ്രാർത്ഥനയും അമ്മയോടുള്ള അണയാത്ത സ്നേഹവുമായി വിവിധ നാടുകളിൽ നിന്ന് അവർ ആറ്റുകാലിൽ സംഗമിക്കും.

ആറ്റുകാൽ അമ്മയായത്
ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായ മുല്ലു വീട്ടിലെ കാരണവർക്കുണ്ടായ ഭഗവതീ ദർശനത്തിൽ നിന്നാണ് ക്ഷേത്രത്തിന്റെ ഉത്പത്തി. കിള്ളിയാറ്റിൽ കുളിച്ചു കൊണ്ടിരുന്ന കാരണവർക്ക് മുന്നിൽ 11 വയസുകാരിയായ ഒരു ബാലിക പ്രത്യക്ഷപ്പെടുകയും നദി കടക്കാൻ സഹായം ആവശ്യപ്പെടുകയും ചെയ്തു. കാരണവർ ബാലികയെ നദി കടത്തി സ്വന്തം വീട്ടിൽ കൊണ്ടു പോയി സൽക്കരിച്ചു. ഇതിനു ശേഷം ആ ബാലിക അപ്രത്യക്ഷമായി. അന്ന് രാത്രി കാരണവരുടെ സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെടുകയും അടുത്തുള്ള കാവിൽ മൂന്ന് വരകൾ കാണുന്നിടത്ത് തന്നെ കുടിയിരുത്തണമെന്നും ആവശ്യപ്പെട്ടു. ദേവി പറഞ്ഞത് സത്യമെന്നപോലെ മൂന്ന് വരകൾ പിറ്റേ ദിവസം കാവിൽ കണ്ടു. ആ സ്ഥലത്ത് ഒരു ചെറിയ ക്ഷേത്രമുണ്ടാക്കി ദേവിയെ കുടിയിരുത്തി.
ആറ്റുകാലിലേക്ക്
അന്ന് അനന്തപുരിയിലെ റോഡുകളാകെ സ്ത്രീകളുടെ കരവലയത്തിലാണ്. കണ്ണകീചരിതം പാടി കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടു കൂടി ആരംഭിക്കുന്ന ഉത്സവത്തിൽ പാണ്ഡ്യ രാജാവിന്റെ നിഗ്രഹം കഴിഞ്ഞ് ചെണ്ടമേളവും വായ്ക്കുരവയും അന്തരീക്ഷത്തിൽ മുഖരിതമാകുന്നതോടെ പൊങ്കാല അടുപ്പുകളിൽ തീ പുകഞ്ഞ് തുടങ്ങും. പിന്നെ കാത്തിരിപ്പാണ് അനുഗ്രഹാശിസുകളുമായി ദേവിയെത്തുന്നതിനായി. വൈകുന്നേരം നിശ്ചിത മുഹൂർത്തങ്ങളിൽ ശാന്തിക്കാർ ഓരോ പൊങ്കാലകലങ്ങളിലും തീർത്ഥ ജലം തളിക്കുന്നു നിവേദ്യം ദേവി സ്വീകരിച്ച സംതൃപ്തിയിൽ ഓരോരുത്തരും പൊങ്കാല കലങ്ങളുമായി വീടുകളിലേക്ക് … അമ്മ നൽകിയ അനുഗ്രഹത്തെ ഒരു കൊല്ലത്തേക്ക് നെഞ്ചിൽ ചേർത്തു കൊണ്ട്.