Tuesday 30 May 2023 04:06 PM IST : By സ്വന്തം ലേഖകൻ

‘വൈകുന്നേരമായാൽ ആ ചുറ്റുമതിൽ കെട്ടിനകത്തു നിന്നു പൊട്ടിച്ചിരി കേൾക്കാം... നല്ല നടപ്പിന്റെ പൊട്ടിച്ചിരി’: ഹൃദ്യം ഈ പെൺകൂട്ട്

women-club-walkers

സ്ത്രീകൾ ഒരുമിച്ചു ചേരുമ്പോൾ വിരിയുന്ന കുഞ്ഞുവിസ്മയങ്ങൾ, ആനന്ദങ്ങൾ. പെൺ കൂട്ടായ്മകളുടെ രസങ്ങൾ പങ്കുവയ്ക്കുന്ന പംക്തി.

വൈകുന്നേരം ആറുമണിയാകുമ്പോൾ മൂവാറ്റുപുഴ കാവുങ്കര പ്രദേശത്തെത്തിയാൽ ഒരു ചുറ്റുമതിൽക്കെട്ടിനകത്തു നിന്നു കുറച്ചു സ്ത്രീകളുടെ പൊട്ടിച്ചിരി കേൾക്കാം. മറുനാട്ടുകാർ ആ വഴി പോകുമ്പോൾ അമ്പരക്കുമെങ്കിലും അന്നാട്ടുകാർക്ക് ആ ചിരിക്കിലുക്കം പരിചിതമാണ്. വനിതകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്തുന്നതിനു വേണ്ടി പ്രദേശത്തുള്ള സ്ത്രീകളെല്ലാം കൂടി ആരംഭിച്ച ‘വിമൺസ് വോക്കേഴ്സ് ക്ലബി’ ലെ അംഗങ്ങൾ ലാഫിങ് തെറപ്പി നടത്തുന്നതാണ്.

‘‘ആഴ്ചയിൽ നാലു ദിവസം യോഗയും ബാക്കി ദിവസങ്ങളിൽ ഫിറ്റ്നസ് ട്രെയിനിങ്ങും. വ്യായാമം കഴിഞ്ഞു ലാഫിങ് തെറപ്പി. ഇനി എല്ലാവരും ചിരിക്കൂ എന്നു പറയേണ്ട താമസം എല്ലാവരും ചിരിച്ചു മറിയും. കാലത്ത് അഞ്ചു മണി മുതൽ ഏഴു വരെയും വൈകുന്നേരം നാലര മുത ൽ ആറുവരെയുമാണ് സമയം.’’ മുനിസിപ്പൽ കൗൺസിലർ ഫൗസിയ അലി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പങ്കുവച്ചു.

‘‘കുറച്ചു നാളുകളേ ആയിട്ടുള്ളൂ വിമൺസ് വോക്കേഴ്സ് ക്ലബ് തുടങ്ങിയിട്ട്. കാവുങ്കര ഭാഗത്ത് നഗരസഭയുടെ തന്നെ അർബൻ ഹാറ്റ് എന്ന സ്ഥലമുണ്ട്. അവിടെ ഒരു ആൽമരവും അതിനു ചുറ്റും തറയോടു വിരിച്ച ചുറ്റുമതിലോടു കൂടിയ വൃത്തിയുള്ള ഇടമാണ്. നഗരസഭയുടെ അനുവാദത്തോടെയാണ് അവിടെ ക്ലബ് തുടങ്ങിയത്.

ആദ്യത്തെ ദിവസം 30 പേരാണു വന്നത്. പിറ്റേദിവസം മുതൽ ആളുകൾ കൂടാൻ തുടങ്ങി. ഇപ്പോൾ, സ്ഥിരം വരുന്നവർ തന്നെ 50 പേരുണ്ട്. ഞങ്ങൾക്കൊരു ഓപ്പൺ ജിം ചെയ്തു തരാമെന്നു നഗരസഭാ അധികാരികൾ ഉറപ്പു തന്നിട്ടുണ്ട്.

ഞങ്ങൾ സീരിയസ്സാണ്

78 വയസ്സുള്ള ഒരമ്മ വരുന്നുണ്ട്. മുട്ടുവേദനയുണ്ടായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോഴേക്കും വേദനയൊക്കെ മാറി.

ഇപ്പോൾ കേട്ടറിഞ്ഞു ദൂരെ നിന്നും ആളുകളെത്തുന്നുണ്ട്. എല്ലാവരുടെയും ഉയരവും ശരീരഭാരവും പരിശോധിച്ച് അസുഖങ്ങളുണ്ടെങ്കി ൽ അതും രേഖപ്പെടുത്തി ചാർട്ട് തയാറാക്കും. ആദ്യ ആഴ്ചയിൽ തന്നെ ഡയറ്റീഷനെ കൊണ്ടുവന്നു ഭക്ഷണക്രമീകരണത്തെ കുറിച്ചു ക്ലാസ് കൊടുത്തു. മോട്ടിവേഷനൽ ക്ലാസുകളും നൽകാറുണ്ട്. ഇതിനിടെ ഉല്ലാസയാത്രയും പോയി വന്നു. യോഗയ്ക്കു മാത്രമുണ്ട് ചെറിയൊരു ഫീ സ്. ഫിറ്റ്നസ് ട്രെയിനിങ് സൗജന്യമാണ്.

വാം അപ്പിനായി കുറച്ചുനേരം നടന്നതിനു ശേഷമാണ് വ്യായാമങ്ങളിലേക്കു കടക്കുന്നത്. ആദ്യസമയത്ത് എല്ലാവരും കളിചിരികളുമൊക്കെയായാണ് വ്യായാമം ചെയ്തിരുന്നത്. പതിവായുള്ള ബോധവൽക്കരണത്തിനു ശേഷം വ്യായാമം എത്ര മാത്രം ഗൗരവത്തോടെ ചെയ്യേണ്ട കാര്യമാണെന്നു മനസ്സിലാക്കി. ആരോഗ്യമാണ് ജീവിതത്തിൽ ഏറ്റവും കരുതൽ വേണ്ട കാര്യമെന്നും.’’