Wednesday 31 May 2023 03:17 PM IST : By സ്വന്തം ലേഖകൻ

‘എന്റെ പുകവലി കാരണം ആ കുഞ്ഞിനെ നശിപ്പിക്കേണ്ടി വന്നു ഡോക്ടറേ’: കണ്ണീരോടെ ആ അമ്മ പറഞ്ഞു: ഹൃദയംതൊടും അനുഭവം

dr-deepthi-tobacco-day

പുകവലി സാധാരണ ആനുണകളുടെ മാത്രം പ്രശ്നം ആയി ആണ് സമൂഹം കാണുന്നത്. പക്ഷെ പുകവലിയിൽ പെട്ട പോകുന്ന പെൺകുട്ടികളുടെ കഥ അധികം ആരും അറിയുകയോ സമൂഹം അതിനെ ശ്രദ്ദിക്കാറോ ഇല്ല. ഇന്ന് അങ്ങനെ ഒരാളുടെ ജീവിതത്തിൽ നടന്ന കാര്യമാണ് പറയാനുള്ളത്.

ടൊബാക്കോ സെസേഷൻ കൗൺസിലിംഗ് ഒരു 6 മാസമെങ്കിലും എടുക്കുന്ന ഒരു നീണ്ട പ്രോസസ്സ് ആണ്. ഈ കൗണ്‍സിലിങ്ങിന് ഇടയിൽ ഓരോ രോഗിയും ഓരോ കഥ പറയും. അക്കൂട്ടത്തിൽ എൻറെ മനസ്സിനോട് ഏറ്റവും കൂടുതൽ അടുത്തുനിൽക്കുന്ന മീരയെ പറ്റി തന്നെയാവട്ടെ ഈ ദിവസത്തെ എഴുത്ത്...

"ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ" മിക്ക സ്ത്രീകളും ആഗ്രഹിക്കുന്ന ടൈറ്റിൽ തന്നെ, അതിനു തന്നെയായിരുന്നു അവളും ശ്രമിച്ചത്.. എന്തും വെട്ടി തുറന്ന് എഴുതുന്ന പത്രപ്രവർത്തക.. ശത്രുക്കളുടെ എണ്ണത്തിൽ ആണെങ്കിൽ യാതൊരു പഞ്ഞവുമില്ല.. അതു കൊണ്ടുള്ള സ്ട്രസ്സ് വേറെയും.. ആദ്യ വിസിറ്റിൽ തന്നെ മീര വളരെയധികം കംഫർട്ടബിൾ ആയി കാര്യങ്ങൾ എല്ലാം പറഞ്ഞു തുടങ്ങിയിരുന്നു..

"അച്ഛനും കൂട്ടുകാരും വലിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്.. അതുകൊണ്ടുതന്നെ കോളേജിൽ നിന്നും സുഹൃത്തുക്കൾ സിഗരറ്റ് വലിക്കുന്നത് കാണുന്നത് എനിക്കൊരു പ്രശ്നമേ ആയിരുന്നില്ല.. ഒട്ടുമിക്ക സിഗരറ്റ് ബ്രാൻഡിന്റെ പേരുകളും ഡീറ്റെയിൽസും എനിക്ക് വ്യക്തമായിട്ട് അറിയാമായിരുന്നു.. പിജി ചെയ്യാൻ വേണ്ടിയാണ് ബാംഗ്ലൂരിൽ എത്തിയത്.. അവിടെ നിന്നാണ് എന്റെ പുക ജീവിതത്തിന്റെ തുടക്കവും..

ഇതിനിടയിൽ ആണ് ശരത്തുമായുള്ള കല്യാണം നടക്കുന്നത്. രണ്ടാളും നന്നായി അറിയാവുന്ന ആളുകൾ. പക്ഷെ സ്മോക്കിങ്ങിൻ്റെ അടുത്തുകൂടെ നിൽക്കാൻ പറ്റാത്തയാൾ.. കല്യാണത്തിനു മുമ്പ് ഞാൻ ഇതിനെപ്പറ്റി സംസാരിച്ചിട്ടുണ്ട്..എങ്കിലും ഇതുകാരണം വിവാഹ ജീവിതത്തിൽ എനിക്ക് ഉണ്ടാവാൻ പോകുന്ന മാനസിക സംഘർഷത്തെ പറ്റി ഞാൻ അധികം ആലോചിച്ചില്ല എന്നതാണ് സത്യം..."

ഒരു നിമിഷനേരം കൊണ്ട് അവളനുഭവിച്ച സംഘർഷങ്ങളുടെ ഓർമകളാൽ അവളുടെ മനസ് അസ്വസ്ഥമായതു ആ മുഖത്തു നിന്ന് വായിക്കാൻ പറ്റി...

ഞാൻ അവളോട് ചോദിച്ചു എന്താണ് ഇപ്പോഴത്തെ പ്രശ്നം??

"ഞങ്ങൾക്ക് ഒരു കുഞ്ഞു വേണം ഡോക്ടറേ" അതായിരുന്നു മറുപടി...

ആറുമാസം മുമ്പ് ഞാൻ ഗർഭിണി ആയതായിരുന്നു, ദാറ്റ്‌ വാസ് ആൻ ആക്സിഡന്റൽ പ്രെഗ്നൻസി..... സ്മോക്കിങ്ങിന് ഗർഭസ്ഥ ശിശുക്കളിൽ പ്രത്യാഘാതം ഉണ്ടാകും എന്ന് പേടിച്ചാണ് ഞങ്ങൾ അത് അബോർട്ട് ചെയ്യാനുള്ള തീരുമാനം എടുത്തത്..

ഒരുപക്ഷേ എനിക്ക് വിഷമമാവണ്ട എന്ന് ശരത്ത് മനസ്സിലാക്കിയത് കൊണ്ടായിരിക്കാം അത് ഞങ്ങളുടെ രണ്ടുപേരുടെയും കൂടെയുള്ള തീരുമാനമായിരുന്നു..

പക്ഷെ ഇപ്പോൾ എനിക്ക് കുറ്റബോധം തോന്നുന്നു... പുറം ലോകം കാണുന്നതിന് മുന്നേ പിഴുതെറിയേണ്ടിവന്ന ആ ജീവനെ കുറിച്ചോർത്തു..., എന്റെ ഈ നശിച്ച ഹാബിറ്റ് കാരണം എനിക്ക് നഷ്ടമായ ഒരുപാടു നല്ല നിമിഷങ്ങളെ കുറിച്ചോർത്ത്...

ഡോക്ടറെ എനിക്ക് ഈ സ്‌മോക്കിങ് ഹാബിറ്റ് എങ്ങനെയെങ്കിലും ഒന്ന് നിർത്തി കിട്ടിയാൽ മതി ... എന്നിട്ട് എനിക്ക് ഒരു കുഞ്ഞിന് ജന്മം നൽകണം.. അവൾ വേദന കൊണ്ട് വിതുമ്പി എൻ്റെ കണ്ണിലും മനസ്സിലും കണ്ണുനീർ തുള്ളികൾ വീണ പോലെ..

കുഞ്ഞിന്റെ കാര്യം മാത്രമല്ല ഡോക്ടർ.. മാധ്യമപ്രവർത്തനം ആയതുകൊണ്ട് തന്നെ എന്നും പുതിയ ചിന്തകൾ വേണം.. പക്ഷേ ഇന്ന് ഞാൻ സ്മോക്കിങ്ന് അഡിക്റ്റഡ് ആണ്..

എന്തെങ്കിലും കാര്യമായി ചെയ്യേണ്ട സമയത്തായിരിക്കും ബ്രേക്ക് എടുക്കേണ്ടി വരിക. .. ദിവസം 15 ബ്രേക്ക് എടുക്കുമ്പോഴേക്കും ഏകദേശം മൂന്ന് മണിക്കൂറോളം ഞാൻ സ്മോക്കിങ്ങിന് വേണ്ടി മാത്രം ചെലവഴിക്കുന്നു..എനിക്ക് ബ്രേക്ക് ഫാസ്റ്റ് ലഞ്ചും ഡിന്നറും എല്ലാം സ്മോക്കിംഗ് തന്നെയാണ്..

ഈ ഒരു സിറ്റുവേഷനിൽ ഒരു കുഞ്ഞു ഉണ്ടായാൽ പോലും നോക്കാൻ പറ്റുമെന്ന ഉറപ്പു എനിക്കില്ല....

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ഞാൻ അവളോട്‌ ശരത്തിനെ കൂട്ടി വരാൻ പറഞ്ഞു...

ആദ്യം ട്രിഗർ പോയിൻറ് നിയന്ത്രിക്കാൻ തന്നെയായിരുന്നു ദൗത്യം..

ഭാര്യമാർ ഭർത്താക്കന്മാരെ കൂട്ടിവരുന്ന കാഴ്ചകളാണ് ഞാൻ ഇതുവരെ അധികവും കണ്ടിട്ടുള്ളത്..

ഇത് ഒരു വേറിട്ട അനുഭവം ആയിരുന്നു..

ശരത്തിൻ്റെ മനസ്സറിഞ്ഞുള്ള സപ്പോർട്ട് കൂടി ആയപ്പോൾ ഏകദേശം ആറുമാസം കൊണ്ട് മീര പുകവലിയിൽ നിന്നും പൂർണമായും വിമുക്തയായി...

ഇന്ന് മീരയ്ക്ക് മൂന്നു വയസ്സുള്ള ഒരു മകനുണ്ട്.. ആ കുടുംബത്തിൽ കാണുന്ന സന്തോഷം അത് ഒരു അനുഭൂതി തന്നെയാണ്...

നമ്മുടെ സമൂഹത്തിൽ ഒരുപാട് ഒരുപാട് മീരകൾ ഉണ്ട്.. ശരിയായ ചികിത്സയിലൂടെ, വേണ്ടപ്പെട്ടവരുടെ പിന്തുണയിലൂടെ പൂർണമായും പുകവലി നിർത്താവുന്നതാണ്.

പുകവലി എങ്ങനെ നിർത്താം? പുകയില വിമുക്തിക്ക് വിവിധ ചികിത്സാ രീതികൾ ഉണ്ട്

1. 5 A model

Ask Assess Advise Assist Arrange

Ask-വ്യക്തിയോട് പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ചും എത്രത്തോളം നിർത്താൻ ആഗ്രഹിക്കുന്നു എന്നതിനെ പറ്റിയും ചോദിച്ചു മനസ്സിലാക്കുന്നു.

Assess-തീവ്രത , സിഗരറ്റുകളുടെ എണ്ണം , ഉപയോഗിക്കുന്നതിന്റെ ഇടവേള), സിഗരറ്റ് ഉപയോഗിക്കാൻ നയിക്കുന്ന കാര്യങ്ങൾ ,മാനസികാരോഗ്യ ആരോഗ്യപ്രശ്നങ്ങൾ, നിർത്താൻ ഉണ്ടായ പ്രചോദനം എന്നിവയെ പറ്റി ചോദിച്ചു മനസ്സിലാക്കുന്ന ഘട്ടം.

Advise -പുകയില നിർത്താനുള്ള ഉപദേശങ്ങൾ നൽകാം,brief ടെക്നിക്കുകൾ കൊടുക്കുന്നു, ദൂഷ്യവശങ്ങളെ പറ്റി ബോധവൽക്കരിക്കുന്നു.

Assist -quit ഡേറ്റ് കണ്ടെത്താനും ആവശ്യമായ ചികിത്സ ഉറപ്പിക്കാനും സഹായിക്കുന്നു..

Arrange -ചികിത്സ തുടങ്ങിയവർക്ക് തുടർന്നുള്ള സേവനങ്ങൾ നൽകുന്നു..

പുകവലി പൂർണ്ണമായും ഉപേക്ഷിക്കുന്ന ദിവസത്തിനായി തയ്യാറെടുക്കുക

പുകവലി നിർത്താൻ നിരവധി മാർഗങ്ങളുണ്ട്, ഏതു തിരഞ്ഞെടുക്കണം എന്ന് നിങ്ങള്ക്ക് സ്വയം തീരുമാനിക്കാം

* പെട്ടെന്ന് ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങൾ ഉപേക്ഷിക്കുന്ന തീയതി വരെ പുകവലി തുടരുക, തുടർന്ന് നിർത്തുക.

* ക്രമേണ ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങൾ ഉപേക്ഷിക്കുന്ന തീയതി വരെ സാവധാനം സിഗരറ്റ് വലിക്കുന്നതിന്റെ എണ്ണം കുറയ്ക്കുക, തുടർന്ന് നിർത്തുക.

ദിവസം തിരഞ്ഞെടുത്തു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :

· പുകവലിക്കരുത്.

· തിരക്കിൽ ഏർപ്പെടുക.

· എൻ‌ആർ‌ടി(NICOTINE REPLACEMENT THERAPY) ഉപയോഗിക്കാൻ നിങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ എൻ‌ആർ‌ടിയുടെ ഉപയോഗം ഉടൻ ആരംഭിക്കുക.

· പുകവലി നിർമ്മാർജന പരിപാടിയിൽ പങ്കെടുക്കുകയോ അല്ലെങ്കിൽ ഒരു സ്വയം സഹായ പദ്ധതി പിന്തുടരുകയോ ചെയ്യുക.

· കൂടുതൽ വെള്ളവും ജ്യൂസും കുടിക്കുക.

· മദ്യം ഉപയോഗിക്കുന്നവരാണെങ്കിൽ അതും ഒഴിവാക്കുക

· പുകവലിക്കുന്ന വ്യക്തികളുമായുള്ള സമ്പർക്കം ഒഴിവാക്കുക.

· പുകവലിക്കാനുള്ള ശക്തമായ പ്രേരണയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.

നിങ്ങൾ പുകവലി നിർത്തുന്ന ദിവസത്തിൽ പലതവണ പുകവലിക്കാനുള്ള ത്വര നിങ്ങൾക്ക് മിക്കവാറും അനുഭവപ്പെടും,പുകവലിക്കാനുള്ള പ്രേരണയെ ചെറുക്കാൻ ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ നിങ്ങളെ സഹായിച്ചേക്കാം:

· ആസക്തി കടന്നുപോകുന്നതുവരെ കാത്തിരിക്കുക. പുകവലിക്കാനുള്ള ത്വര പലപ്പോഴും 3 മുതൽ 5 മിനിറ്റിനുള്ളിൽ വരുന്നു.

· ആഴത്തിലുള്ള ശ്വാസനം. മൂന്ന് പ്രാവശ്യം എന്ന കണക്കിൽ നിങ്ങളുടെ മൂക്കിലൂടെ സാവധാനം

· ആസക്തിയെ മറികടക്കാൻ വെള്ളം കുറച്ച് കുറച്ചായി കുടിച്ചുകൊണ്ടിരിക്കുക.

· സ്വയം ശ്രദ്ധ തിരിക്കാൻ മറ്റെന്തെങ്കിലും ചെയ്യുക. വേണമെങ്കിൽ പുറത്ത് നടക്കാൻ പോകുക.

ഈ നാല് കാര്യങ്ങൾ ഓർമ്മിക്കുന്നത് പലപ്പോഴും പുകവലിക്കുവാനുള്ള നിങ്ങളുടെ പ്രേരണയെ മറികടക്കാൻ സഹായിക്കും.

2. NRT (Nicotine Replacement Therapy)

പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന മികച്ച ഒരു മാർഗമാണിത് . പുകവലി ഉപേക്ഷിക്കാനുള്ള നിങ്ങളുടെ ശ്രമത്തെ തടസ്സപ്പെടുത്തിയേക്കാവുന്ന ആസക്തിയും പിൻവലിക്കൽ ലക്ഷണങ്ങളും എൻ‌ആർ‌ടിക്ക് കുറയ്ക്കാൻ കഴിയും. നിങ്ങളുടെ ശരീരം സിഗരറ്റിൽ നിന്ന് അകറ്റുന്നതിനും പുകയിലയിൽ കാണപ്പെടുന്ന മറ്റ് രാസവസ്തുക്കൾ നിൽക്കുന്നതിൽ നിന്ന് നിങ്ങളെ ഒഴിവാക്കുന്നതിനും ഇടയിലും, നിയന്ത്രിത അളവിൽ നിക്കോട്ടിൻ നൽകുന്നതിനാണ് എൻ‌ആർ‌ടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ചില NRT സംവിധാനങ്ങൾ ഇവയാണ്:

· തൊലിപ്പുറത്ത് ഒട്ടിക്കുന്നവ

· ച്യൂയിംഗ് ഗം

· ലോസേൻജസ്

· മൂക്കിൽ ഉപയോഗിക്കുവാനുള്ള നേസൽ സ്പ്രേ (ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രം)

· ഇൻഹേലർ (ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രം)

എൻആർ‌ടി പിന്തുടരുവാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ പുകവലി ഉപേക്ഷിക്കുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദനുമായോ ടോബാകോ സെസ്സാഷൻ സ്പെഷ്യലിസ്റ്റുമായോ അവയുടെ ഡോസിനെ കുറിച്ച് ചർച്ച ചെയ്യുക. എൻ‌ആർ‌ടി ഉപയോഗിച്ച് നിങ്ങൾ പുകവലി ഉപേക്ഷിക്കാൻ കൂടുതൽ സാധ്യതയുണ്ടെങ്കിലും, പുകയില ഉപേക്ഷിക്കുക മാത്രമല്ല, നിക്കോട്ടിനിലേക്കുള്ള നിങ്ങളുടെ ആസക്മൊത്തത്തിൽ അവസാനിപ്പിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ തലകറക്കം, ബലഹീനത, ഓക്കാനം, ഛർദ്ദി, വേഗതയേറിയ അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ്, വായ സംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ ചർമ്മത്തിന്റെ വീക്കം എന്നിവ ചിലരിലെങ്കിലും അനുഭവപ്പെടാറുണ്ട്. അത്തരം സാഹചര്യത്തിൽ ഉടൻ ഡോക്ടറെ ബന്ധപ്പെടുക.

3. മരുന്നുപയോഗിച്ചുള്ള ചികിത്സ

പുകവലി ശീലം ഒഴിവാക്കാൻ സഹായിക്കുന്നതിന് നിക്കോട്ടിൻ രഹിതമായ രണ്ട് മരുന്നുകൾ എഫ്ഡിഎ അംഗീകരിച്ചിട്ടുണ്ട്. ബ്യൂപ്രോപിയോൺ , വാരെനിക്ലൈൻ എന്നിവയാണ് അവ.

നിങ്ങൾക്ക് ഇത് വാങ്ങുന്നതിനായി ഡോക്ടറുടെ ഒരു കുറിപ്പടി ആവശ്യമുള്ളതിനാൽ പുകവലി നിർത്താൻ സഹായിക്കുന്നതിന് ഇവയിലൊന്ന് പരീക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് തോന്നുകയാണെങ്കിൽ നിങ്ങളുടെ ഡോക്ടറോടോ ടുബാക്കോ സെസേഷൻ സ്പെഷ്യലിസ്റ്റിന്റെ അടുത്തോ ഇതിനെ കുറിച്ച് സംസാരിക്കുക.

തലച്ചോറിലെ രാസവസ്തുക്കളിൽ ബ്യൂപ്രോപിയോൺ പ്രവർത്തിക്കുന്നു, അത് നിക്കോട്ടിൻ ആസക്തിയിൽ കുറവ് വരുത്തുന്നതിന് പങ്കുവഹിക്കുകയും നിക്കോട്ടിൻ പിൻവലിക്കലിന്റെ ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും കുറയ്ക്കുകയും ചെയ്യുന്നു. ബ്യൂപ്രോപിയോൺ ടാബ്‌ലെറ്റ് രൂപത്തിൽ പന്ത്രണ്ട് ആഴ്ച്ച കഴിക്കണം, എന്നാൽ ആ സമയത്ത് നിങ്ങൾ വിജയകരമായി പുകവലി ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ, പുകവലി വീണ്ടും തുടങ്ങുവാനുളള സാധ്യത കുറയ്ക്കുന്നതിന് നിങ്ങൾക്ക് 3 മുതൽ 6 മാസം വരെ ഇത് ഉപയോഗിക്കാം.

തലച്ചോറിലെ നിക്കോട്ടിൻ റിസപ്റ്ററുകളുമായി വാരെനിക്ലൈൻ ഇടപെടുന്നു, ഇത് പുകയില ഉപയോഗത്തിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന ആനന്ദം കുറയ്ക്കുകയും നിക്കോട്ടിൻ പിൻവലിക്കൽ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. പന്ത്രണ്ട് ആഴ്ചത്തേക്ക് വാരെനിക്ലൈൻ ഉപയോഗിക്കുക. പക്ഷേ, നിങ്ങൾ ഈ ശീലം തടയുന്നത് വിജയകരമായി പാലിച്ചിട്ടുണ്ടെങ്കിൽ, പുകവലി വീണ്ടും തുടങ്ങുവാനുളള സാധ്യത കുറയ്ക്കുന്നതിന് നിങ്ങൾക്ക് വീണ്ടും ഒരു പന്ത്രണ്ട് ആഴ്ച കൂടി ഈ മരുന്ന് ഉപയോഗിക്കാം.

പെരുമാറ്റ വ്യതിയാനങ്ങൾ, വിഷാദാവസ്ഥ, മോശം മാനസികാവസ്ഥ, കോപം, ശത്രുത മനോഭാവം, ആത്മഹത്യാ പ്രവണതകൾ അല്ലെങ്കിൽ ശ്രമങ്ങൾ എന്നിവ ഈ മരുന്നുകൾ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകാൻ സാധ്യതയുണ്ട് .

4. പെരുമാറ്റശീലം മെച്ചപ്പെടുത്തുന്നതിന് പിന്തുണ തേടുക

പുകവലിയിൽ നിങ്ങൾക്കുള്ള വൈകാരികവും ശാരീരികവുമായ ആശ്രയത്വം മൂലം, നിങ്ങൾ അത് ഉപേക്ഷിച്ച ദിവസത്തിന് ശേഷം നിക്കോട്ടിൻ ഉപയോഗത്തിൽ നിന്നുള്ള വിട്ടുനിൽക്കൽ വെല്ലുവിളി ഉണ്ടാക്കുന്നു. ഇതിൽ നിന്ന് പുറത്തുകടക്കാൻ, നിങ്ങൾ ഈ ആശ്രയത്വം പരിഹരിക്കേണ്ടതുണ്ട്. കൗൺസിലിംഗ് സേവനങ്ങൾ, സ്വയം സഹായ സാമഗ്രികൾ, മറ്റ് പിന്തുണയ്ക്കായുള്ള സേവനങ്ങൾ എന്നിവ പരീക്ഷിക്കുന്നത് ഈ സമയം നേരിടുവാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ശാരീരിക ലക്ഷണങ്ങൾ കാലക്രമേണ മെച്ചപ്പെടുമ്പോൾ, നിങ്ങളുടെ വൈകാരികമായ പ്രശ്നങ്ങളും അകലുന്നു.

ഇത്തരം പെരുമാറ്റശീലവുമായി ബന്ധപ്പെട്ട ചികിത്സ ഗ്രൂപ്പ് തെറാപ്പി മുതൽ വ്യക്തിപരമായും ഫോൺ വഴിയോ ഓൺ‌ലൈൻ വഴിയോ ഉള്ളതുമായ വ്യക്തിഗത കൗൺസിലിംഗ് എന്നിങ്ങനെ പല തരത്തിൽ ആകാം. മറ്റുളള യാതൊരു പിന്തുണയുമില്ലാതെയുള്ള രീതി അവലംബിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വയം സഹായ സാമഗ്രികൾ ഉപയോഗിച്ചുള്ള രീതി പുകവലി ഉപേക്ഷിക്കുന്നതിന്റെ നിരക്ക് വർദ്ധിപ്പിക്കും. പക്ഷേ മൊത്തത്തിൽ, വ്യക്തിഗത കൗൺസിലിംഗ് ഏറ്റവും ഫലപ്രദമായ പെരുമാറ്റ പിന്തുണാ രീതിയാണ്. നാഷണൽ ഹെൽത്ത് മിഷനും ഡിപ്പാർട്ടമെന്റ് ഓഫ് ഹെൽത്തും സംയുക്തമായുള്ള സംരംഭമായുള്ള ദിശ -1056 ഇത്തരം ചികിത്സകൾ സൗജന്യമായി നല്കുന്നുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്:

Dr Deepthi TR
Tobacco Intervention initiation Specialist
Indian Dental Association Tellichery branch