റോഡിൽ പാകിയിരുന്ന പൂട്ടുകട്ട താളം തെറ്റിച്ച ജീവിതവുമായുള്ള യദു കൃഷ്ണന്റെ പോരാട്ടത്തിന് ഒരാണ്ട്. പൂട്ടുകട്ടയിൽ ബൈക്ക് തെന്നി, തെറിച്ചുവീണ യദുവിന്റെ തലയിൽ ഇരുമ്പുകമ്പി കുത്തിക്കയറുകയായിരുന്നു. റോഡരികിൽ കിടന്ന, ഓടയുടെ പഴയ സ്ലാബിൽനിന്ന് പുറത്തേക്ക് തള്ളിനിന്ന കമ്പിയാണ് ദുരന്തമായത്. വിവാഹനിശ്ചയത്തിനു മൂന്നു ദിവസം മുൻപ്, കഴിഞ്ഞ ഓഗസ്റ്റ് 14ന് ബൈക്കിൽ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ പത്തനംതിട്ട വള്ളിക്കോട് തിയറ്റർ ജംക്‌ഷനിലുണ്ടായ അപകടത്തിലാണ് പനയക്കുന്ന് മുരുപ്പേൽ മൂശാരേത്ത് വീട്ടിൽ യദു കൃഷ്ണന് ഗുരുതര പരുക്കേൽക്കുന്നത്.
വിദേശത്തു ജോലിചെയ്തിരുന്ന യദു തിരികെപ്പോകാനിരിക്കവെ ആയിരുന്നു അപകടം. മാസങ്ങളോളം വെന്റിലേറ്ററിലായിരുന്നു. വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യദു ഇപ്പോൾ അമ്മ ഷീലയെ ചേർത്തുപിടിച്ചു ചെറുതായി നടക്കും. വളരെക്കുറച്ചു മാത്രം സംസാരിക്കും. 8 മാസം വലിയ പ്രതികരണങ്ങളൊന്നുമില്ലാതെ ഒരേ കിടപ്പായിരുന്നു. യദു ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ മുറുകെപ്പിടിച്ചാണ് ചികിത്സ തുടരുന്നത്.
അന്നു യദുവിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്നിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട മൂന്നര വയസ്സുകാരൻ കാശിനാഥ് ഇപ്പോഴും യദു വീട്ടിലേക്കു വരുന്നതും കാത്തിരിക്കുകയാണ്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന യദു കിടപ്പായതോടെ പുതുതായി പണിത വീടിന്റെ ലോൺ അടവും മുടങ്ങി. ഇപ്പോൾ ജപ്തി നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് ബാങ്ക് അധികൃതർ. സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് 17 ലക്ഷം രൂപ സ്വരൂപിച്ചു. ഒരു വർഷത്തിനിടെ 40 ലക്ഷം രൂപയാണ് യദുവിന്റെ ചികിത്സയ്ക്കായി ചെലവായത്. വില്ലേജിൽ നിന്നു 30,000 രൂപയാണ് ആകെ ലഭിച്ചത്. ഉണ്ടായിരുന്ന സ്വർണമെല്ലാം പണയംവച്ചു. ഇനി ചികിത്സ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് തങ്ങൾക്കറിയില്ലെന്ന് യദുവിന്റെ അച്ഛൻ ബാലകൃഷ്ണൻ നായർ പറഞ്ഞു.
മകന്റെ സ്വപ്നമായിരുന്നു ഈ വീട്. അവൻ തിരികെ വരുമ്പോൾ വീടില്ലാതാകുമോയെന്ന പേടിയിലാണ് എല്ലാവരും കഴിയുന്നത്. കെ.യു. ജനീഷ് കുമാർ എംഎൽഎ ഇടപെട്ട് ചികിത്സയ്ക്കാവശ്യമായ സഹായം റോഡ് കോൺട്രാക്ടറുടെ പക്കൽനിന്നു വാങ്ങിനൽകുമെന്ന് അറിയിച്ചെങ്കിലും പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ലെന്നും ബാലകൃഷണൻ നായർ പറഞ്ഞു. റോഡ് പണി അശാസ്ത്രീയമായതിനാലാണ് യദുവിന് അപകടം സംഭവിച്ചതെന്ന് ആരോപിച്ച് നാട്ടുകാർ ചേർന്ന് ഒട്ടേറെ സമരവും നടത്തിയിരുന്നു. ഓടയ്ക്കു മൂടി സ്ഥാപിക്കണമെന്നും റോഡിൽ പാകിയ പൂട്ടുകട്ട നീക്കം ചെയ്യണമെന്നും നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് അവ സാധ്യമായി.