Saturday 17 December 2022 02:01 PM IST

കറുത്തമുന്തിരി ഉടച്ചത് ചുണ്ടിന്, കൈകാല്‍ മുട്ടിലെ ഇരുണ്ട നിറം മാറാൻ മൈലാഞ്ചി പേസ്റ്റ്: മഞ്ഞുകാലത്തെ ബ്യൂട്ടി ടിപ്സ്

Delna Sathyaretna

Sub Editor

winter-beauty

രാവിലെ, നേർത്ത തണുത്ത കാറ്റ് വന്നു മുട്ടി ചുണ്ടൊന്നനങ്ങിയതേയുള്ളൂ, വിണ്ടുപൊട്ടിയ ചുണ്ടുകളിൽ വേദന ആഞ്ഞു കുത്താൻ തുടങ്ങി. പിന്നെ, ദിവസം മുഴുവൻ നീളുന്ന അസ്വസ്ഥതയാണ്.

ക്രിസ്മസും ന്യൂ ഇയർ രാത്രിയുമൊക്കെ സ്വപ്നം കണ്ടു സന്തോഷിക്കാമെങ്കിലും വർഷാവസാനം എ ത്തിയാൽ ചർമപ്രശ്നങ്ങളും വരവാകും. അതുകൊണ്ടു തണുപ്പുകാലത്തെ സൗന്ദര്യപ്രശ്നങ്ങൾ തടയാനും പരിഹരിക്കാനും നമുക്കൽപം നേരത്തേ ഒരുങ്ങാം. തണുപ്പു മൂലമുണ്ടാകുന്ന ചർമപ്രശ്നങ്ങൾ മാറ്റാനും ചർമം ആരോഗ്യത്തോടെ തിളങ്ങാനും ആയുർവേദവഴികളുണ്ട്.

തണുപ്പുകാലത്ത് ഉണ്ടാകുന്ന ചർമപ്രശ്നങ്ങൾ എ ന്തൊക്കെയാണ്?

തണുപ്പുകൊണ്ടു ചർമം വരളുകയും കട്ടി കൂടുകയും ചെയ്യാം. ത്വക്കിന്റെ വരൾച്ച ചൊറിച്ചിലിനു കാരണമാകും. പകൽ സമയത്ത് ചൂടും രാത്രിയിൽ തണുപ്പും മാറി വ രുന്നതു ത്വക്കിന്റെ മൃദുലത കുറയ്ക്കുകയും ചൊറിച്ചിൽ, കുരുക്കൾ ഇവ ഉണ്ടാക്കുകയും ചെയ്യാം. ത്വക്‌രോഗങ്ങളുള്ളവർക്ക് അത് അധികരിക്കുന്ന സമയമാണു മഞ്ഞുകാലം.

താരൻ കാരണം മുടി ചീകുമ്പോഴോ തല ചൊറിയു മ്പോഴോ ഒക്കെ പറന്നു വീഴുന്ന വെളുത്ത പൊടി ത്വക്കിൽ ചൊറിച്ചിലും തിണർപ്പും ഉണ്ടാക്കും. ചെതുമ്പൽ പോലെ അടരുന്ന ശിരോചർമം, ചർമത്തിനു നിറവ്യത്യാസം, മുടി വട്ടത്തിൽ കൊഴിഞ്ഞു പോകുക, തൊലിപ്പുറത്ത് ചൊറിഞ്ഞു പൊട്ടുക എന്നിവയൊക്കെ തണുപ്പുകാലത്തു സാധാ രണയാണ്.

ചർമപ്രശ്നങ്ങൾ എങ്ങനെ പ്രതിരോധിക്കാം?

ചർമത്തിനു സുരക്ഷിതത്വവും രോഗപ്രതിരോധശേഷിയും കൊടുക്കുന്നതു സ്നേഹഗ്രന്ഥികളാണ്. തണുപ്പുകാരണം ചർമത്തിനടിയിലെ സ്നേഹഗ്രന്ഥികൾ ദുർബലപ്പെട്ടു പ്രവർത്തനം കുറയുന്നതാണു സ്നിഗ്ധത കുറയാനും ഇരുളാനും കാരണം. പ്രതിരോധിക്കാൻ ആയുർവേദം അനുശാസിക്കുന്നത് ഉചിതമായ ഔഷധതൈലങ്ങൾ തേച്ചുള്ള കുളിയാണ്.

ത്വക്കിന് ഹിതകരമായ ധന്വന്തരം, പിണ്ഡതൈലം, ഏ ലാദികേരം, നാൽപാമരാദി കേരം, ബലാതൈലം തുടങ്ങിയവയിലേതെങ്കിലും വൈദ്യനിർദേശമനുസരിച്ചു തേച്ചു കുളിക്കണം. തേച്ചുകുളിക്ക് ആയുർവേദത്തിൽ പറയുന്നത് അഭ്യംഗമെന്നാണ്. യോജിച്ച തൈലം ശിരോചർമത്തി ൽ തേച്ചുപിടിപ്പിച്ച ശേഷം മേൽപ്പറഞ്ഞവയിൽ വൈദ്യൻ നിർദേശിച്ച തൈലം 45 മിനിറ്റ് ശരീരത്തിൽ മൃദുവായി തടവണം. ഇനി ചെറുചൂടുവെള്ളത്തിൽ കുളിക്കാം.

താരൻ അകറ്റാൻ എന്തെല്ലാം ഭക്ഷണശീലങ്ങളും ആയുർവേദ പരിഹാരങ്ങളുമാണുള്ളത്?

വെണ്ടയ്ക്ക, വഴുതനങ്ങ, പടവലങ്ങ, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികളും നേന്ത്രപ്പഴം, പൂവൻപഴം, സീതപ്പഴം, ആപ്പിൾ, മുന്തിരിങ്ങ തുടങ്ങിയ പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് ചർമരോഗങ്ങളെ പ്രതിരോധിക്കാനും രക്തശുദ്ധീകരണത്തിനും നല്ലതാണ്. ശിരോചർ മത്തിൽ അടിഞ്ഞു കൂടുന്ന അഴുക്കും പൊടികളുമാണു ഫംഗസ് ബാധയ്ക്കും അതിലൂടെ താരനും കാരണമാകുന്നത്. പതിവായി വെളിച്ചെണ്ണ ഉപയോഗിച്ചു തടവി ശിരോചർമം മൃദുവാക്കിയാൽ താരന്റെ ശല്യം നന്നേ കുറയും. കുളിക്കുമ്പോഴും തല നന്നായി തിരുമ്മണം.

ആര്യവേപ്പില ഇട്ടു തിളപ്പിച്ച വെള്ളം തണുപ്പിച്ചോ ചെമ്പരത്തി ഇലയും പൂവും അരച്ചെടുത്ത താളി ഉപയോഗിച്ചോ തല കഴുകുന്നതു നല്ലതാണ്.

അതിനു ശേഷം തോർത്തുപയോഗിച്ചു മൂന്നു തവണ മസാജ് ചെയ്ത് നനവുണക്കാം. എണ്ണ പുരട്ടുമ്പോഴും കുളിക്കുമ്പോഴുമായി അഞ്ചു മസാജ് നിത്യേന ശിരോചർമത്തിനു ലഭിച്ചാൽ താരൻ അകലും.

ചർമം വരണ്ടു പൊട്ടുന്നതിന് എന്തു ചെയ്യണം?

ചർമ വരൾ‍ച്ച പ്രതിരോധിക്കാൻ പാൽ, തൈര്, മോര് എന്നിവ നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കുമ്പളങ്ങ, മത്തങ്ങ, വെള്ളരിക്ക, നേന്ത്രപ്പഴം, മറ്റു വാഴപ്പഴങ്ങൾ, സീതപ്പഴം, മുന്തിരിങ്ങ, പപ്പായ തുടങ്ങിയ പഴവർഗങ്ങളും ധാരാളമായി കഴിക്കണം. പടവലങ്ങ, പാവയ്ക്ക, തടിയൻകായ്, ചേന, ഏത്തയ്ക്ക, കാച്ചിൽ, ചേമ്പ്, കപ്പ, ചെറുകിഴങ്ങ് തുടങ്ങിയ കിഴങ്ങുവർഗങ്ങളും നല്ലതാണ്. അഭ്യംഗം ശീലമാക്കുന്നതു ചർമം വരളാതെ തടയും. ധാരാളം ശുദ്ധജലം കുടിക്കണം. നെയ്യ്, തേൻ എന്നിവ ചുണ്ടിൽ പുരട്ടിയാൽ ചുണ്ടുകൾ മൃദുവാകും. നീര് അധികമുള്ള മുന്തിരിങ്ങ ഇടയ്ക്കിടെ വായിലിട്ടു നീരിറക്കുന്നതും ചർമം വരളുന്നതു തടയും.

പിണ്ഡതൈലം പുരട്ടുക, കാഞ്ഞിരത്തിന്റെ ഇല ചതച്ചിട്ടു തിളപ്പിച്ച വെള്ളത്തിൽ ചെറുചൂടോടെ കാൽ മുക്കി വ യ്ക്കുക ഇവ ചെയ്താൽ ഉപ്പൂറ്റി വിണ്ടുകീറുന്നത് തടയാം.ചുണ്ടുകളിലെയും കൈകാൽ മുട്ടുകളിലെയും ഇരുണ്ടനിറം മഞ്ഞുകാലത്തു കൂടുന്നതായി തോന്നുന്നു...

മഞ്ഞുകാലത്ത് ചർമം വരളുകയും വലിയുകയും ചെയ്യും. കൈകാൽ മുട്ടുകൾ പല പ്രതലങ്ങളിലും കൂടുതൽ സ്പർശിക്കാറുണ്ടല്ലോ. അതു കാലക്രമേണ ആ ഭാഗത്തെ ചർമത്തെ കട്ടിയാക്കുകയും നിറഭേദം വരുത്തുകയും ചെയ്യും. അടിഞ്ഞു കൂടുന്ന അഴുക്കും പൊടിയുമെല്ലാം കാലാന്തരത്തിൽ മൃതകോശങ്ങളുമായി ചേർന്നു കറുപ്പു നിറം വർധിപ്പിക്കും. ആര്യവേപ്പില, പച്ചമഞ്ഞൾ, തഴുതാമയില, മൈലാഞ്ചിയില ഇവ തെങ്ങിൻകള്ളിൽ നിന്നുള്ള വിനാഗി രിയിൽ അരച്ചു പേസ്റ്റാക്കി, ഇരുണ്ടുപോയ ഭാഗങ്ങളിൽ പുരട്ടാം. ഒരു മണിക്കൂർ കഴിഞ്ഞ് ഉപ്പിട്ടു തിളപ്പിച്ച വെള്ളം ചൂടാറിയ ശേഷം തേച്ചു കഴുകുക. കഴുകുമ്പോൾ ചകിരിയോ ഇഞ്ചയോ ഉപയോഗിച്ചു വട്ടത്തിൽ ഉരച്ചു കഴുകാം. ന ന്നായി കഴുകിത്തുടച്ച ശേഷം ശുദ്ധമായ വെളിച്ചെണ്ണ പുറമേ പുരട്ടുക. തുടർച്ചയായി രണ്ടാഴ്ച ചെയ്താൽ കറുത്ത നിറം മാറി, തിളക്കമുള്ള ചർമം ലഭിക്കും.

കറുത്തമുന്തിരി ഉടച്ച് അതിന്റെ മാംസളമായ ഭാഗം ഉപ്പു ചേർത്തു പതിവായി ചുണ്ടിൽ പുരട്ടുക. ക്രമേണ കറുത്ത നിറം മാറുകയും ചുണ്ടിന്റെ സ്വാഭാവിക നിറത്തിലേക്ക് എ ത്തുകയും ചെയ്യും. പശുവിന്‍ നെയ്യ് മഞ്ഞൾപ്പൊടി ചേ ർത്തു പതിവായി ചുണ്ടിൽ പുരട്ടി രണ്ടു മണിക്കൂർ കഴിഞ്ഞു ചെറുചൂടുവെള്ളം കൊണ്ടു കഴുകിക്കളയുക.

കറ്റാർവാഴയുടെ കാമ്പ് 15 ഗ്രാം എടുത്തു 20 ഗ്രാം കടലമാവും 10 ഗ്രാം പച്ചമഞ്ഞളും 10 ഗ്രാം ഇരട്ടിമധുരപ്പൊടിയും ചേർത്തരച്ചു കുഴമ്പുരൂപത്തിലാക്കി കൈകാലുകളിലെ കറുത്ത പാടുകളിൽ തിരുമ്മിപ്പിടിപ്പിക്കാം.

ഒന്നര മണിക്കൂറിനു ശേഷം ആര്യവേപ്പില ചതച്ച് ഒരു തുണിയിൽ കിഴി കെട്ടി അതുപയോഗിച്ച് ഉരച്ചു കഴുകുക. കഴുകാൻ ഉപ്പിട്ടു തിളപ്പിച്ച വെള്ളം ചൂടാറിയ ശേഷം ഉപയോഗിക്കുക.

ആയുര്‍വേദവിധി പ്രകാരം മഞ്ഞുകാലത്തു പ്രത്യേക ദിനചര്യ ആവശ്യമുണ്ടോ?

മധുരവും ഇളംതണുപ്പുമുള്ള ദ്രവരൂപത്തിലുള്ള ആഹാരപാനീയങ്ങൾ വേണം മഞ്ഞുകാലത്ത് ഉപയോഗിക്കാൻ. ചെന്നെല്ലരിച്ചോറ്, പാൽ, നെയ്യ്, കറുത്ത മുന്തിരിങ്ങ, മറ്റ് പഴവർഗങ്ങൾ, മീൻ, മലർപ്പൊടി കലർത്തിയ വെള്ളം, പഞ്ചസാര പാനകം തുടങ്ങിയവയാണ് ഉപയോഗിക്കേണ്ടത്.

രക്തപിത്തങ്ങളെ ദുഷിപ്പിക്കാൻ സാധ്യതയുള്ള കടുക്, വരക്, നെല്ലരി, മുതിര, അമരയ്ക്ക, അധികം മൂപ്പുള്ള ചുരയ്ക്ക, പൊന്നാവീരം, ഈഴച്ചേമ്പ്, വെളുത്തുള്ളി, പനമ്പഴം, പച്ചമുന്തിരിങ്ങ എന്നിവ ഉപയോഗിക്കാൻ പാടില്ല. ഗോതമ്പ്, പരിപ്പ്, മാംസം, ഉപ്പ്, തേൻ, ചെറുപയർ, രസം തുടങ്ങിയവയാണ് നിത്യവും ശീലിക്കേണ്ടത്.

ഔഷധപ്പൊടി ഉപയോഗിച്ചു ശരീരം നന്നായി തിരുമ്മി ബലപ്പെടുത്തണം. ഔഷധത്തൈലങ്ങൾ ഉപയോഗിച്ചുള്ള കുളിയും ശീലമാക്കണം.

പഞ്ചകോലം (കാട്ടുത്തിപ്പലി വേര്, കാട്ടുമുളകിൻ വേര്, ചെറുതിപ്പലി, കൊടുവേലിക്കിഴങ്ങ്, ചുക്ക് ഇവയാണ് പ ഞ്ചകോലം) പൊടിച്ചിട്ട മോര് കുടിക്കണം. ദ്രവരൂപത്തിലുള്ള ഭക്ഷണം ശീലിക്കുകയും ചെയ്യണം.

തയാറാക്കിയത്: ഡെൽന സത്യരത്ന

കടപ്പാട്:  

ഡോ. എം.എൻ. ശശിധരൻ,
അപ്പാവുവൈദ്യൻ
ആയുർവേദിക്
മെഡിക്കൽസ്,
തിരുനക്കര, കോട്ടയം