Wednesday 23 August 2023 03:52 PM IST

ജങ്ക് ഫൂഡും മധുരവും കഴിച്ച് 9 കിലോ കൂടി : പ്രത്യേക ഡയറ്റില്ല, എന്നിട്ടും ഫിറ്റ്നസിലേക്ക് മടങ്ങിയെത്തിയ ആ ഗായത്രി മാജിക്

Asha Thomas

Senior Sub Editor, Manorama Arogyam

gay613424

സിനിമയിലും പിന്നണിഗാനരംഗത്തുമായി ഒരുപാട് ഗായത്രിമാർ ഉണ്ടെങ്കിലും ‘അലരേ നീയെന്നിലേ ഒളിയായി മാറുമോ....’എന്ന ഗാനരംഗത്തിലെ നായിക എന്നു പറഞ്ഞാൽ ഗായത്രിയെ ആളുകൾ അറിയും. മെമ്പർ അശോകൻ ഒൻപതാം വാർഡ് എന്ന സിനിമയിലെ ഈ ഗാനരംഗത്തിലൂടെ പുതുമുഖമായ ഗായത്രി അശോക് മലയാളികളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ലഡ്ഡു എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാപാരമ്പര്യമൊന്നുമില്ലാത്ത ഗായത്രിയുടെ അരങ്ങേറ്റം. സിനിമയെക്കുറിച്ചുള്ള വരവിനെ കുറിച്ചും ആരോഗ്യ–സൗന്ദര്യ പരിപാലനത്തെ കുറിച്ചുമെല്ലാം ഗായത്രി മനോരമ ആരോഗ്യത്തോടു സംസാരിക്കുന്നു.

അമ്മയുടെ പാഷൻ, ഇപ്പോൾ എന്റേയും

ലഡ്ഡു എന്ന സിനിമയിലേക്കെത്തുന്നത് ഒാഡിഷൻ വഴിയാണ്. അമ്മയാണ് ഫോട്ടോയും ബയോഡേറ്റയുമൊക്കെ അയച്ചുകൊടുത്തത്. അമ്മയ്ക്ക് അത്ര ആഗ്രഹമായിരുന്നു ഞാൻ സിനിമയിൽ അഭിനയിക്കണമെന്നത്. അമ്മയുടെ ആഗ്രഹമല്ലേ എന്നു കരുതിയാണ് ഒാഡിഷനു പോയത്. പക്ഷേ, ആദ്യ സിനിമ കഴിഞ്ഞപ്പോഴേക്കും അമ്മയുടെ പാഷനായിരുന്ന സിനിമ എന്റെയും കൂടി പാഷനായി.

അച്ഛനെന്ന ഫിറ്റ്നസ് മോഡൽ

ഫിറ്റ്നസിന്റെ കാര്യത്തിൽ എന്റെ കൺ മുൻപിൽ തന്നെ ഒരു റോൾ മോഡൽ ഉണ്ടായിരുന്നു. എന്നും രാവിലെ മൂന്നരയ്ക്ക് എഴുന്നേറ്റ് ഒന്ന് ഒന്നര മണിക്കൂർ നടക്കുന്ന, കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്ന, ആരോഗ്യകാര്യത്തിൽ ശ്രദ്ധാലുവായ ഒരാൾ– എന്റെ അച്ഛൻ– അശോകൻ ചമ്പാടൻ. ഡിവൈഎസ്‌പി ആയിരുന്നു. മൂന്നുവർഷം മുൻപ് റിട്ടയർ ചെയ്തു. റിട്ടയർമെന്റിനു ശേഷവും ഈ ചിട്ടകളിൽ ഒരു മാറ്റവുമില്ല.

അച്ഛന്റെ ചിട്ടയായ ജീവിതം കണ്ടുവളർന്നത് നന്നായി സ്വാധീനിച്ചിട്ടുണ്ട്. കോളജ് പഠനമൊക്കെ കഴിഞ്ഞതോടെ ഞാനും ഫിറ്റ്നസ് ഒക്കെ ശ്രദ്ധിച്ചുതുടങ്ങി. എന്റെ സുഹൃത്തായിരുന്നു ആദ്യ ഫിറ്റ്നസ് ട്രെയിനർ. ആ സമയത്ത് അടിസ്ഥാന വ്യായാമങ്ങളൊക്കെയാണ് ചെയ്തിരുന്നത്. അന്നുമുതലേ ഒരു ദിനചര്യയൊക്കെ ഉണ്ട്. രാവിലെ എഴുന്നേറ്റ് ഒരൽപം ചൂടുവെള്ളമോ ചായയോ കുടിക്കും. നട്സോ ഏത്തപ്പഴമോ പോലെ എന്തെങ്കിലും ചെറുതായി കഴിക്കും. എന്നിട്ടു വർക് ഔട്ട് ചെയ്യും.

പെർഫക്റ്റ് അല്ല ഫിറ്റ്ബോഡി പ്രധാനം

സിനിമയിലേക്കു വന്നതോടെയാണ് ഫിറ്റ്നസിനെക്കുറിച്ച് ശരിയായി മനസ്സിലാക്കുന്നത്. മെലിഞ്ഞൊതുങ്ങിയ പെർഫക്റ്റ് ബോഡി അല്ല ഫിറ്റ് ബോഡി ആണ് പ്രധാനം. ഒാരോരുത്തരുടെയും ശരീരപ്രകൃതം കൂടി കണക്കിലെടുത്തുവേണം വ്യായാമം ചിട്ടപ്പെടുത്താൻ. ദിവസം മുഴുവൻ നീളുന്ന ഷൂട്ടിൽ മടുപ്പില്ലാതെ ഊർജത്തോടെ നിൽക്കണമെങ്കിൽ നല്ല ശക്തിയും സ്റ്റാമിനയും വേണം. ഇപ്പോഴുള്ള വർക് ഔട്ട് ഒക്കെ അതിലൂന്നിയുള്ളതാണ്. ഇപ്പോൾ താമസം കൊച്ചിയിലായി. ഞാൻ താമസിക്കുന്നതിന്റെ തൊട്ടടുത്തായി ഒരു ജിമ്മുണ്ട്, അവിടെ പതിവായി പോകും, ഒന്ന് ഒന്നര മണിക്കൂർ വർക് ഔട്ട് ചെയ്യും

മഹേഷിന്റെ പ്രതികാരം, അഞ്ചാം പാതിര എന്നീ സിനിമകളുടെ എഡിറ്ററായിരുന്ന സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ഫൂട്ടേജ് എന്ന സിനിമയ്ക്കു വേണ്ടി കുറച്ചുകൂടി ഫിസിക്കലി സ്ട്രോങ് ആകണമായിരുന്നു. അങ്ങനെ വെയിറ്റ് ട്രെയിനിങ്ങും തുടങ്ങി. ആ സിനിമയുടെ ഷൂട്ടിന്റെ സമയത്ത് പ്രത്യേകം ഒരു ഡയറ്റും നോക്കിയിരുന്നു.

ഷൂട്ടുള്ള ദിവസങ്ങളിൽ കൃത്യമായി വ്യായാമം ചെയ്യാൻ സാധിക്കാറില്ല. അങ്ങനെയാണെങ്കിലും എന്നും രാവിലെ സ്ട്രെച്ചിങ് ചെയ്യും. കൈ, കഴുത്ത്, തോൾ, നടുവ് എന്നിവയ്ക്കുള്ള സ്ട്രെച്ച് ആണു ചെയ്യുക.

നൃത്തം വലിയ ഇഷ്ടമാണ്. ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും അത്യാവശ്യം നന്നായി നൃത്തം ചെയ്യും. ഇടയ്ക്ക് കുറച്ചുനാൾ യോഗയും കസർത്തുമൊക്കെ ചെയ്തിരുന്നു.

arogay34

തനി നാടൻ ഭക്ഷണം പ്രിയം

മധുരത്തോടു വലിയ പ്രിയമാണ്. ചോറ് ഒക്കെ കഴിക്കാതിരിക്കാൻ വലിയ പ്രയാസമൊന്നുമില്ല. പക്ഷേ, മധുരത്തിന്റെ കാര്യം വരുമ്പോൾ സെൽഫ് കൺട്രോൾ ഒക്കെ പൊയ്പ്പോകും. മധുരം കഴിക്കാൻ അത്ര ആഗ്രഹം തോന്നിയാൽ ചെറിയൊരളവു കഴിച്ചു തൃപ്തിപ്പെടുകയാണ് എന്റെ രീതി. അല്ലാതെ ആഗ്രഹം അടക്കിവയ്ക്കാറില്ല.

സിനിമയുടെ ആവശ്യത്തിനായല്ലാതെ ഡയറ്റിങ് ഒന്നുമില്ല. എനിക്ക് തൈറോയ്ഡ് സംബന്ധമായ പ്രശ്നമുണ്ട്. അതുകൊണ്ട് കപ്പ, ചീര പോലെ ചില ഭക്ഷണങ്ങൾ ഒഴിവാക്കും. ജങ്ക് ഫൂഡ് പൊതുവേ കഴിക്കാറില്ല. തനി നാടൻ ഭക്ഷണമാണ് ഇഷ്ടം. അവിയൽ ഒരുപാട് ഇഷ്ടമാണ്. സാമ്പാറും തോരനും മെഴുക്കുപുരട്ടിയുമൊക്കെയായി അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കും. പക്ഷേ, അളവു കുറച്ചേ കഴിക്കൂ. പച്ചക്കറികൾ വലിയ ഇഷ്ടമാണ്. ഒരൽപം എണ്ണ ചേർത്ത് പാകപ്പെടുത്തിയോ സാലഡായോ ഒക്കെ കഴിയുന്നത്ര പച്ചക്കറികൾ കഴിക്കും.

ഒൻപതു കിലോ കുറച്ചപ്പോൾ

ഗ്രാഫിക് ഡിസൈനറായി കുറേനാൾ ചെന്നൈയിൽ ജോലി ചെയ്തിരുന്നു. ആദ്യമായി വീട്ടിൽ നിന്നും മാറി നിൽക്കുന്ന സമയമാണ്. പുറത്തുനിന്നായിരുന്നു ഭക്ഷണം. ജങ്ക് ഫൂഡും മധുരവുമൊക്കെ കഴിച്ച് ഒൻപതുകിലോയോളം ഭാരം കൂടി. തിരികെ നാട്ടിൽ വന്ന് അമ്മയുണ്ടാക്കുന്ന ഭക്ഷണമൊക്കെ കഴിച്ച് വ്യായാമമൊക്കെ ചെയ്ത് പതുക്കെ അതങ്ങു കുറഞ്ഞു. ഇപ്പോൾ ഉയരത്തിന് അനുസരിച്ചുള്ള ശരീരഭാരമേയുള്ളൂ.

എന്നും ചർമത്തിനു കരുതൽ

ബേസിക്ക് ആയുള്ള ചർമസംരക്ഷണ കാര്യങ്ങളൊക്കെ നിഷ്ഠയോടെ ചെയ്യും. രാവിലെയും രാത്രിയും മുഖം വൃത്തിയാക്കി മോയിസ്ചറൈസർ പുരട്ടും. ഷൂട്ട് കഴിഞ്ഞ് എത്ര ക്ഷീണിച്ചു വന്നാലും മേക്ക് അപ് നീക്കിയിട്ടേ കിടക്കൂ. ഒരു സിറം പതിവായി ഉപയോഗിക്കാറുണ്ട്. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും സൺസ്ക്രീൻ പുരട്ടും. ഇടയ്ക്ക് ചില ചർമപ്രശ്നങ്ങളൊക്കെ വന്നപ്പോൾ ഒരു ഡെർമറ്റോളജിസ്റ്റിനെ കണ്ടിരുന്നു. അവർ നിർദേശിച്ച സൺസ്ക്രീനും ക്രീമുകളുമാണ് പുരട്ടാറ്. അല്ലാതെ അമിതമായി സൗന്ദര്യവർധക കാര്യങ്ങൾ മുഖത്ത് ചെയ്യുന്നതിൽ താൽപര്യമില്ല.

ആഴ്ചയിൽ ഒരു തവണ, ദേഹത്തു നല്ലെണ്ണ മസാജ് ചെയ്ത് കടലമാവു പുരട്ടി കുളിക്കുന്നതൊക്കെ നല്ലതാണെന്ന് അമ്മ പറയാറുണ്ട്. ഒന്നു രണ്ടു തവണ ചെയ്തപ്പോഴൊക്കെ നല്ല റിസൽട്ടും കിട്ടിയിട്ടുണ്ട്. പക്ഷേ, അതൊന്നും ചിട്ടയായി ചെയ്യാൻ സാധിക്കാറില്ല.

gayewr324

നെഗറ്റീവുകളെ അവഗണിക്കും

എന്റെ ജോലി, വേഷം സംബന്ധിച്ച കാര്യങ്ങളിലൊക്കെ ഞാൻ തനിയെ ആണു തീരുമാനമെടുക്കാറ്. പലപ്പോഴും വേഷം സംബന്ധിച്ചൊക്കെ സോഷ്യൽ മീഡിയയിൽ ഹേറ്റ് കമന്റ്സൊക്കെ വരാറുണ്ട്. അതൊക്കെ അവഗണിക്കുകയാണ് ചെയ്യാറ്. ജോലിയുടെ ആവശ്യങ്ങൾക്കായല്ലാതെ മൊബൈൽ അധികം നോക്കാറില്ല. അല്ലെങ്കിൽ ഇത്തരം നെഗറ്റിവിറ്റികൾ വല്ലാതെ ടോക്സിക് ആയി നമ്മെ ബാധിക്കും.

പൊതുവേ ഞാൻ സ്ട്രോങ് ആയൊരാളാണ്. മാനസികാരോഗ്യം വളരെ പ്രധാനമാണെന്നു കരുതുന്നയാളുമാണ്. വൈകാരികമായി എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അതു ഉണ്ടെന്നു മനസ്സുകൊണ്ട് അംഗീകരിക്കും. അതിനെ മറികടക്കാൻ ശ്രമിക്കും. വ്യായാമം ചെയ്തോ പാട്ടു കേട്ടോ ഇഷ്ടപ്പെട്ട പുസ്തകം വായിച്ചോ സ്വയം കാര്യങ്ങൾ വിലയിരുത്തിയോ ഒക്കെ മനസ്സു ശാന്തമാക്കും.

കുടുംബം എന്റെ വലിയൊരു ശക്തിയാണ്. ആദ്യഘട്ടത്തിൽ ചെറിയൊരു ആശങ്ക ഉണ്ടായിരുന്നെങ്കിലും സിനിമയാണ് താൽപര്യം എന്നു പറഞ്ഞ അന്നു മുതൽ അച്ഛൻ അതംഗീകരിച്ചു. പുറത്തുനിന്ന് എന്തൊക്കെ കേട്ടാലും ഒരു ചോദ്യം ചെയ്യലിനുപോലും അച്ഛനും അമ്മയും മുതിരാറില്ല. നെഗറ്റീവ് സംസാരങ്ങളെ മൈൻഡ് ചെയ്യണ്ട എന്നാണു പറയുക. അമ്മ ബിന്ദുവാണ് എന്നെ ഏറ്റവുമധികം പിന്തുണയ്ക്കുന്നത്. അമ്മ ഇപ്പോൾ തമിഴ്– മലയാളം സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്. കുടുംബവിളക്ക് എന്ന സീരിയലാണ് ഈയടുത്ത് ചെയ്തത്.

എനിക്ക് ഒരു ഇരട്ട സഹോദരനാണ് ഉള്ളത്– ഗൗതം. എഞ്ചിനീയറിങ് കഴിഞ്ഞ് ഒാസ്ട്രേലിയയിൽ ജോലി ചെയ്യുന്നു. അവനും വലിയ പിന്തുണയാണ് നൽകുന്നത്.

Tags:
  • Manorama Arogyam
  • Celebrity Fitness