നീണ്ട് ഇടതൂർന്ന, കറുത്തു തിളങ്ങുന്ന മുടി സുന്ദരിമാരുടെ അഭിമാന സമ്പാദ്യമായിരുന്നു പണ്ടൊക്കെ. അന്നൊക്കെ ഷാംപൂവും കണ്ടിഷനറും ഉപയോഗിക്കുന്നവർ കുറവ്. കുളിക്കുന്നതിന് അര മണിക്കൂർ മുൻപേ തലനിറയെ എണ്ണ വയ്ക്കും. മിക്കവാറും മുടിവളർച്ചയ്ക്ക് അനുയോജ്യമായ ഔഷധങ്ങൾ നല്ല നാടൻ ഉരുക്കു വെളിച്ചെണ്ണയിലിട്ടു കാച്ചിയെടുത്തായിരിക്കും തേയ്ക്കുന്നത്. അതിനു മുത്തശ്ശിമാർക്കു ചില രഹസ്യക്കൂട്ടുകളുമുണ്ട്.
എന്നിട്ടു പാടത്താളിയോ വെള്ളിലത്താളിയോ ചെമ്പരത്തി ഇല താളിയോ ഒരു പാത്രത്തിലെടുത്തു കുളത്തിലേക്ക് ഒരു പോക്കുണ്ട്. താളി നല്ലതുപോലെ പതപ്പിച്ചു തേച്ചു തലയോട്ടിയിലെയും മുടിയിലെയും മെഴുക്കിളക്കും. കുളികഴിഞ്ഞ് ഈറൻ മാറി അകിലോ കുന്തിരിക്കമോ പുകച്ചാണു മുടി ഉണക്കുക. മുടിക്കായ പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ ഈ ധൂപനം സഹായകമായിരുന്നു.
ഇന്നു വീടുകളിൽ എണ്ണ കാച്ചുന്ന ഏർപ്പാടില്ല. താളിക്കും കടലമാവിനും പകരം ഷാംപൂവും കണ്ടീഷനറും വന്നു. മുടി ഇഷ്ടം പോലെ ചുരുട്ടാനും നീട്ടാനും നിറം നൽകാനുമൊക്കെ കൃത്രിമ രാസപദാർഥങ്ങൾ ഉപയോഗിക്കുന്നതു വ്യാപകമായി. മുടിയുടെ മേലുള്ള കൃത്രിമങ്ങൾ ഏറിയതോടെയാകണം മുടിയുടെ ഭംഗിയും കരുത്തും കുറഞ്ഞു. മുടി കൊഴിച്ചിൽ, കനം കുറഞ്ഞു പൊട്ടിപ്പോവുക, താരൻ, തലയിൽ ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഇന്നു വർധിച്ചുവരികയാണ്.
തലയിൽ എണ്ണ തേയ്ക്കണം
മുടിയുടെ ആരോഗ്യവും സൗന്ദര്യവുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങൾക്കും ആയുർവേദത്തിൽ ശാശ്വതമായ പരിഹാരങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണു തലയിൽ എണ്ണ തേച്ചു കുളിക്കുന്നത്. തലയിലെ രക്തയോട്ടം മെച്ചപ്പെടുവാനും മുടി വളർച്ച വർധിക്കുവാനും തലയോട്ടിയിൽ എണ്ണ തേച്ചു തിരുമ്മിക്കുളിക്കുന്നതു സഹായിക്കും. എന്നാൽ ചിലർക്ക് എണ്ണ തേച്ചാൽ ജലദോഷവും നീർവീക്കവും വരാം. അതുകൊണ്ട് താരനോ മുടികൊഴിച്ചിലോ പോലുള്ള പ്രശ്നങ്ങൾ വരുമ്പോൾ പരിഹാരം എന്ന നിലയിലാണ് ഇന്നു മിക്ക ആളുകളും എണ്ണയെ കാണുന്നത്.
മുടിയുടെ സ്വഭാവം നോക്കാം
നമ്മുടെ ചർമത്തിന്റെ സ്വഭാവം പലതായിരിക്കുന്നതു പോലെ മുടിയുടെ പ്രകൃതവും വ്യത്യസ്തമാണ്. ചിലരുടേതു വല്ലാതെ വരണ്ട മുടി ആയിരിക്കും. ചിലരുടെ മുടി എണ്ണ പുരണ്ടതുപോലെ എപ്പോഴും ഒതുങ്ങിക്കിടക്കും. അതുകൊണ്ട് മുടിയുടെ സ്വഭാവം അനുസരിച്ചു വേണം എണ്ണ തിരഞ്ഞെടുക്കാനും പ്രയോഗിക്കാനും. എണ്ണമയമുള്ള മുടിയാണെങ്കിൽ മുടി വേരിന്, അതായത് തലയോട്ടിയിൽ മാത്രം നന്നായി എണ്ണ പുരട്ടി തടവുക. വരണ്ട മുടിയാകുമ്പോൾ തലയോട്ടിയിൽ തേയ്ക്കുന്നതിനൊപ്പം മുടിയിഴകളിലും അഗ്രഭാഗത്തും എണ്ണ പുരട്ടണം. വരണ്ട മുടിയുള്ളവരിൽ താരനു സാധ്യത കൂടുതലാണ്. അതുകൊണ്ട് താരനു വിരുദ്ധമായ എണ്ണകളായിരിക്കും ഇവർക്കു നല്ലത്.
ദുർദൂരപത്രാദി തൈലം താരൻ ശമിക്കുവാൻ ഫലപ്രദമാണ്. ഉമ്മത്തിന്റെ ഇലയാണ് ഇതിലെ പ്രധാന ഘടകം. തലയിൽ എണ്ണ തേച്ചാൽ നീർക്കെട്ടും ജലദോഷവുമൊക്കെ വരുന്നവർ പച്ച എണ്ണയ്ക്കു പകരം ഔഷധങ്ങളിട്ടു കാച്ചിയ എണ്ണ ഉപയോഗിക്കുക. ∙ പൂവാംകുറുന്നില, തുളസി, ത്രിഫലപ്പൊടി, രാസ്നാദിപൊടി എന്നിവയൊക്കെ ചേർത്ത എണ്ണ തേച്ചാൽ നീർക്കെട്ടിനു സാധ്യത കുറവാണ്. ∙ നീർവീക്കമോ അലർജിപ്രശ്നമോ ഉള്ള കുട്ടികൾക്ക് ഒരു സ്പൂൺ ചൂടാക്കി അതിലേക്കു രണ്ടു നുള്ള് രാസ്നാദിപൊടി ചേർത്തു വെളിച്ചെണ്ണ യോജിപ്പിച്ച്, ആറിയതിനു ശേഷം തലയിൽ പുരട്ടുക. എണ്ണ കാച്ചുമ്പോൾ ശ്രദ്ധിക്കാം ആയുർവേദ ദിനചര്യ അനുസരിച്ച് രാവിലെ ഉണർന്നു പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ ശേഷം കുളിക്കണം. രാത്രി വൈകി തല കുളിക്കാതിരിക്കുക. വൈകി കുളിക്കുമ്പോൾ മുടി ഉണങ്ങാൻ സമയം ലഭിക്കണമെന്നില്ല. ഇതു മുടിക്കായ പോലുള്ള പ്രശ്നങ്ങൾ വരാനിടയാക്കും. നീർവീഴ്ചയ്ക്കും സാധ്യതയുണ്ട്. തലയിൽ തേയ്ക്കാനുള്ള എണ്ണ നേരിട്ടു ചൂടാക്കേണ്ട. ഒരു സ്പൂൺ തീയുടെ മുകളിൽ വച്ചു ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ചാൽ മതി. ചൂടായ എണ്ണ ആറിയശേഷമേ തലയിൽ പുരട്ടാവൂ. അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ എണ്ണ പുരട്ടി വയ്ക്കാം. അലർജിയോ നീർവീഴ്ചയോ ഉള്ളവരാണെങ്കിൽ 10 മിനിറ്റു വച്ചാലും മതി.
എന്നിട്ടു കടലമാവോ ചെറുപയർപൊടിയോ താളിയോ കൊണ്ട് കഴുകാം. ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും തലയിൽ എണ്ണ പുരട്ടാൻ ശ്രദ്ധിക്കണം. വീട്ടിൽ തന്നെ എണ്ണ കാച്ചുമ്പോ ൾ ഒരൽപം ശ്രദ്ധ വേണം. എണ്ണ ചെറുതീയിൽ ഇളക്കി ചൂടാക്കി അതിലേക്ക് ഔഷധങ്ങളിട്ട്, വെള്ളം പൊട്ടിക്കഴിയുമ്പോഴേ വാങ്ങിവയ്ക്കണം. എണ്ണ മൂത്താൽ ഗുണം ലഭിക്കില്ല. കുളി കഴിഞ്ഞു മുടി തനിയെ കാറ്റേറ്റ് ഉണങ്ങുന്നതാണു നല്ലത്. തോർത്ത് ഉപയോഗിച്ച് അമർത്തി തുവർത്തരുത്. മൃദുവായ തുണി കൊണ്ടു വെള്ളം ഒപ്പി മാറ്റാം. ഡ്രയർ ഉപയോഗിച്ച് ഉണക്കുന്നതു മുടിയുടെ സ്വാഭാവിക പ്രകൃതം നഷ്ടമാകാനും വരണ്ടുപോകാനും ഇടയാക്കാം. കുന്തിരിക്കമോ അകിലോ അങ്ങാടിക്കടകളിൽ വാങ്ങാൻ കിട്ടും. ഇത്തരം ഔഷധ പുകയേൽപിച്ചു മുടി ഉണക്കുന്നത് അണുനാശത്തിനു നല്ലതാണ്.
മുടികൊഴിച്ചിലിനു പുരട്ടാം
വൈറൽ പനികൾ പോലുള്ളവ കഴിഞ്ഞു ശരീരത്തിന്റെ പൊതുവായ ആരോഗ്യം കുറഞ്ഞിരിക്കുന്ന അവസ്ഥയിലും പ്രസവാനന്തരവും മുടി ക്രമാതീതമായി കൊഴിയാം. ഇതിൽ ഭയക്കാനൊന്നുമില്ല. ഭക്ഷണക്രമീകരണം കൊണ്ടു തന്നെ ഇതു പരിഹരിക്കാവുന്നതേയുള്ളു. പ്രസവശേഷം ഇലക്കറികളും പാലും, മുട്ടയും, പയറുവർഗങ്ങളും ചേർന്ന സമീകൃതമായ ഭക്ഷണം കഴിക്കണം. രക്തവർധക ഔഷധങ്ങളായ നെല്ലിക്ക സിറപ്പ്, ച്യവനപ്രാശം, ദ്രാക്ഷാദിലേഹ്യം എന്നിവയൊക്കെ ഈ സമയത്തു നൽകാം. അമിതമായ മസാല ഒഴിവാക്കണം. അതു കണ്ണിനും മുടിക്കും ഒട്ടും നല്ലതല്ല. തൈറോയ്ഡ് ഹോർമോൺ പ്രശ്നങ്ങൾ കാരണവും മുടി കൊഴിച്ചിൽ വരാം. വൈദ്യ നിർദേശപ്രകാരമുള്ള ചികിത്സകളും ഔഷധങ്ങളും വഴി രോഗം പരിഹരിക്കണം. ഒപ്പം എണ്ണകളും ഉപയോഗിക്കാം.
നീലഭൃംഗാദി എണ്ണ, കയ്യന്യാദി എണ്ണ എന്നിവ പുരട്ടാം. താരൻ, മുടിക്കായ തുടങ്ങിയവയെല്ലാം മുടികൊഴിച്ചിൽ ഉണ്ടാക്കാം. മുടി വട്ടത്തിൽ കൊഴിയുന്ന ഇന്ദ്രലുപ്തം (അലോപേഷ്യ)എന്ന രോഗാവസ്ഥയ്ക്കും ആയുർവേദത്തിൽ ചികിത്സകളുണ്ട്. താരന് ഉലുവയും വേപ്പിലയും ∙ ചെമ്പരത്തിപ്പൂവ്, കറുകപ്പുല്ല്, ആര്യവേപ്പില ചതച്ചു പിഴിഞ്ഞ നീര് ചേർത്തു വെളിച്ചെണ്ണ മുറുക്കി തേയ്ക്കാം. ∙ ഉലുവ അരച്ചു ചേർത്തു വെളിച്ചെണ്ണ മുറുക്കി തേയ്ക്കാം. ∙ ഉമ്മത്തില ചതച്ചു പിഴിഞ്ഞനീര്, ഉമ്മത്തിൻ കായ പുഴുങ്ങി അരച്ചു കൽക്കം ചേർത്തു വെളിച്ചെണ്ണ മുറുക്കി തേയ്ക്കുക. ∙ ഉഴിഞ്ഞ, കയ്യന്യം, പച്ച നെല്ലിക്ക, ഇരട്ടിമധുരം, രാമച്ചം, ചന്ദനം, മുത്തങ്ങ, ജഡാമാഞ്ചി, അമൃത്, കുറുന്തോട്ടി വേര് ഇവയിൽ ഏതെങ്കിലും ലഭ്യതയ്ക്കനുസരിച്ചു ചേർത്ത് എണ്ണ കാച്ചി അഞ്ജനക്കല്ലു പൊടിച്ചു ചേർത്തു തലയിൽ പുരട്ടി കുളിക്കുക.
നര, മുടികൊഴിച്ചിൽ, ഇന്ദ്രലുപ്തം ഇവയ്ക്കു നല്ലത്. ∙ കറ്റാർവാഴ പൾപ്പ് ചെറുനാരങ്ങാ നീരിൽ ചാലിച്ചു മുടിയിൽ പുരട്ടാം. മുടിക്കായയ്ക്ക് പുകയ്ക്കൽ മുടിയിൽ നനവും ഈർപ്പവും സ്ഥിരമായി നിൽക്കുന്നതാണു മുടിക്കായയ്ക്കു കാരണം. ∙ പാവ്, ഗുൽഗുലു, കുന്തിരിക്കം എന്നിവയിലേതെങ്കിലും ഇട്ടു പുകയേൽപ്പിക്കാം. ∙ കറുക, കയ്യന്യം, ആര്യവേപ്പ്, ചെത്തിപ്പൂവ് എന്നിവ ഇട്ടു വെളിച്ചെണ്ണ കാച്ചി തേയ്ക്കുക. ∙ പാമാന്തക തൈലം, ദുർവ്വാദി തൈലം, മാലത്യാദി തൈലം ഇവ താരനും മുടി പൊട്ടിപ്പോകുന്നതിനും നല്ലതാണ്.
ഡോ. റോസ്മേരി വിൽസൺ
ചീഫ് ഫിസിഷൻ
കെ. പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി ആയുർവേദ ഹോസ്പിറ്റൽസ്, മാള