ഇരുപത്തിയൊന്നു വർഷങ്ങൾക്കു ശേഷം സ്ത്രീ ഉടലിൽ നിന്നു മോചനം നേടിയ പ്രവീണിനു തന്റെ സ്വപ്നങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം ഉണ്ടായിരുന്നു. ബോഡി ബിൽഡിങ് രംഗത്തു സജീവമാവുക. ഇന്ത്യയിലെ തന്നെ ആദ്യ ട്രാൻസ്ജെൻഡർ ബോഡി ബിൽഡറായ ആര്യൻ പാഷയെപ്പോലെ ആവുക. സ്വന്തം അസ്തിത്വത്തെ തിരിച്ചറിഞ്ഞതിനെ ഉൾക്കൊള്ളാതെ പരിഹസിച്ചവരുെട മുന്നിൽ ലക്ഷ്യം നേടാനുള്ള പ്രധാന കടമ്പ പ്രവീൺ ഇപ്പോൾ വിജയകരമായി കടന്നുകഴിഞ്ഞിരിക്കുന്നു. മിസ്റ്റർ തൃശൂർ മത്സരത്തിൽ ട്രാൻസ്ജെൻഡർ കാറ്റഗറിയിൽ ജേതാവായിരിക്കുന്നു. കേരളത്തിൽ തന്നെ ആദ്യമായാണ് ട്രാൻസ്ജെൻഡർ കാറ്റഗറിയിൽ മത്സരം നടന്നത്. സ്വപ്നങ്ങൾക്കു ചിറക് ലഭിക്കാനായി പ്രവീൺ താണ്ടിയ വഴികൾ മനോരമ ആരോഗ്യത്തിന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു.
മനസ്സ് കൊണ്ട് പുരുഷൻ
പാലക്കാട് ജില്ലയിലെ നെന്മാറയിലെ എലവഞ്ചേരിയാണ് എന്റെ നാട്. അമ്മയും മൂന്നു ചേട്ടൻമാരും അടങ്ങിയ സാധാരണ കുടുംബമായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്റെ വ്യക്തിത്വം എന്താണെന്ന് ഞാൻ തിരിച്ചറിയാൻ തുടങ്ങിയത്. പെൺകുട്ടികൾ മാത്രമുള്ള സ്കൂളിലാണ് പഠിച്ചിരുന്നത്. പെൺകുട്ടികളോടാണ് എനിക്ക് ആകർഷണം തോന്നിയിരുന്നത്. ആ സമയത്ത് ട്രാൻസ്ജെൻഡർ, ലെസ്ബിയൻ തുടങ്ങിയ വിഭാഗങ്ങൾ ഉള്ളതായി പോലും എനിക്ക് അറിയില്ലായിരുന്നു. എനിക്കു മാത്രമുള്ള പ്രശ്നമായിട്ടാണ് കരുതിയിരുന്നത്.
എന്റെ ഉള്ളിലെ ആൺകുട്ടിയെ പുറംലോകത്തിനു മുന്നിൽ വെളിപ്പെടുത്താനും പ്രയാസമായിരുന്നു. കാരണം കുടുംബത്തിൽ അതൊരു ഷോക്ക് ആയിരിക്കും എന്ന് അറിയാമായിരുന്നു. അമ്മ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയിരുന്നത്. അതിനാൽ തന്നെ അമ്മയ്ക്കു കൂടുതൽ പ്രയാസങ്ങൾ ഉണ്ടാകരുതെന്ന് ആഗ്രഹിച്ചു. ഒടുവിൽ ക്ലാസ് ടീച്ചറോട് എല്ലാം തുറന്നു പറഞ്ഞു. അന്നാണ് ആദ്യമായി െലസ്ബിയൻ എന്ന വാക്ക് കേൾക്കുന്നത്. ഇത്തരമൊരു താൽപര്യം ഒരു രോഗമല്ലെന്നും, അതു സ്വാഭാവികമാണെന്നും പറഞ്ഞ് ടീച്ചർ എന്നെ ആശ്വസിപ്പിച്ചു, ആത്മവിശ്വാസം തന്നു. ടീച്ചർ അമ്മയെ വിവരം അറിയിച്ചു.
നിംഹാൻസിലേക്ക്
ടീച്ചർ തന്നെ മുൻകൈ എടുത്ത് എന്നെ തൃശൂർ മെഡിക്കൽ കോളജിൽ കൗൺസലിങ്ങിനു കൊണ്ടുപോയി. അവിെട നിന്ന് ബെംഗളൂരൂ നിംഹാൻസിൽ കൗൺസലിങ്ങിനു പോകാൻ നിർദേശം ലഭിച്ചു. എനിക്കും സമ്മതമായിരുന്നു.
ഞാനും അമ്മയും എട്ട് മാസത്തോളം ബെംഗളൂരുവിൽ താമസിച്ചു. എന്റെ ചിന്തകൾ തെറ്റല്ല, ഉള്ളിലെ പുരുഷനെ പുറംലോകത്തെ അറിയിക്കാൻ ശരിയായ പ്രായമല്ല, ഇപ്പോൾ പഠനത്തിനാണ് പ്രാധാന്യം നൽകേണ്ടത് എന്നായിരുന്നു ഡോക്ടർമാരുെട സമീപനം. ഇത്രയുമായപ്പോഴേക്കും മകൾ മകനാണ് എന്ന സത്യം അമ്മയും അംഗീകരിച്ചുകഴിഞ്ഞു. നല്ല രീതിയിൽ, തന്റെ കൺമുന്നിൽ ഞാ ൻ ജീവിക്കണം എന്ന ആഗ്രഹമെ അമ്മയ്ക്ക് ഉണ്ടായിരുന്നുള്ളൂ.
പത്താം ക്ലാസിനിടെയായിരുന്നു നിംഹാൻസിൽ പോയത്. പഠനം മുടങ്ങി. എന്നാലും പരീക്ഷയായപ്പോൾ ആശുപത്രിയിൽ നിന്നു തിരിച്ചുവന്നു, പരീക്ഷ എഴുതി. പ്രതീക്ഷിച്ച മാർക്ക് ലഭിച്ചില്ല. അതുകൊണ്ട് ഒരു വർഷം പ്രൈവറ്റായി പഠിച്ച് പരീക്ഷ എഴുതി.
പ്ലസ് ടു പഠനം വേറൊരു അന്തരീക്ഷമായിരുന്നു. മിക്സഡ് സ്കൂൾ ആയിരുന്നു. ആ സമയത്ത് അന്തർമുഖനായിരുന്നു. സുഹൃത്ബന്ധങ്ങൾ സൃഷ്ടിക്കാനും താൽപര്യപ്പെട്ടില്ല. പകരം പുതിയ ജീവിതത്തിൽ എനിക്ക് എന്തെല്ലാം െചയ്യാൻ കഴിയും , ഭാവി എങ്ങനെയായിരിക്കും തുടങ്ങിയ ചിന്തകളായിരുന്നു മനസ്സ് നിറയെ. ചില സഹപാഠികളോട് താൽപര്യം തോന്നുകയും അവരോട് തുറന്നു പറയുകയും െചയ്തിരുന്നു. അവരിൽ പലരും ടീച്ചറോട് എന്നെ കുറിച്ച് പരാതി പറയുകയും െചയ്തു.
ടീച്ചർ എന്നെ വിളിച്ചു സംസാരിച്ചു. ഒരു കൗൺസലറെ പരിചയപ്പെടുത്തി. പഠനത്തിൽ നിന്ന് എന്റെ ശ്രദ്ധ മാറാതിരിക്കാനാണ് അവർ ശ്രമിച്ചത്. അതു വിജയിക്കുകയും െചയ്തു. അങ്ങനെ 80 ശതമാനം മാർക്കോടെ പ്ലസ് ടു പാസ്സായി.
പഠനം താളം തെറ്റുന്നു
നാട്ടിലെ തന്നെ കോളജിൽ ബിഎ ഹിസ്റ്ററിക്ക് അഡ്മിഷൻ ലഭിച്ചു. പക്ഷേ അവിെട അഡ്ജസ്റ്റ് െചയ്യാൻ കഴിയാതെ വന്നു. ശരീരത്തിന്റെ വളർച്ചയോട് പൊരുത്തപ്പെടാൻ മനസ്സ് തയാറായിരുന്നില്ല. ആദ്യമായി ആർത്തവം വന്നശേഷം ഞാൻ വിഷാദത്തിലേക്കു വീണു പോയിരുന്നു. ഒാരോ മാസവും ആ ദിവസങ്ങൾ എനിക്കു കറുത്ത ദിനങ്ങളായിരുന്നു. സ്തനങ്ങൾ മുറിച്ചു കളഞ്ഞാലോ എന്നെല്ലാം തോന്നുമായിരുന്നു.
ഇതിനിെട കോളജിലെ ഒരു പരിപാടിക്ക് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ശീതൾ ശ്യാം വന്നു. ചേച്ചിയോട് എന്റെ അവസ്ഥ പറഞ്ഞു. പുരുഷനായി ജീവിക്കാനാണ് താൽപര്യം എന്നും പറഞ്ഞു. ചേച്ചി തൃശൂരിലെ സഹയാത്രിക എന്ന സംഘടനയുെട നമ്പർ തന്നു. അവിെട വച്ചാണ് ആദ്യമായി ഒരു ട്രാൻസ്മാനിനെ പരിചയപ്പെടുന്നത്. വീട്ടിൽ നിന്ന് പുറത്ത് ഇതിനിടെ വീട്ടിൽ നിന്നു പുറത്തു പോകേണ്ടി വന്നു. സഹയാത്രികയുെട ഒാഫിസിലാണ് പിന്നീട് താമസിച്ചത്. ഹോർമോൺ തെറപ്പി തുടങ്ങി. അതുകഴിഞ്ഞ് കോളജിലേക്കു വീണ്ടും പോകാൻ തുടങ്ങി. പക്ഷേ ഹോർമോൺ തെറപ്പി തുടങ്ങിയതോടെ എനിക്കുണ്ടായിരുന്ന പല സുഹൃത് ബന്ധങ്ങളും അവസാനിച്ചിരുന്നു. ടീച്ചർമാർക്കു പോലും ദേഷ്യം. ഹോർമോൺ തെറപ്പി ചെയ്താൽ മരണം സംഭവിക്കും എന്നെല്ലാം പറഞ്ഞു.
ഒടുവിൽ ഞാൻ അവിെട നിന്ന് ടിസി വാങ്ങി എറണാകുളത്ത് വന്നു. മഹാരാജാസ് കോളജിൽ അഡ്മിഷൻ ലഭിച്ചു. എന്നോടൊപ്പം ഇേത പോലെ രണ്ട് പേർ ഉണ്ടായിരുന്നു. കോളജിന്റെ ചരിത്രത്തിലെ ആദ്യ ട്രാൻസ്ജെൻഡർ വിദ്യാർത്ഥികളായിരുന്നു ഞങ്ങൾ. എറണാകുളത്തെ ആശുപത്രിയിലായിരുന്നു ഹോർമോൺ തെറപ്പി ചെയ്തിരുന്നത്. പഠനത്തിന്റെയും ചികിത്സയുടെയുമെല്ലാം ചെലവ് താങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. വീട്ടിൽ നിന്നു സഹായമൊന്നും ലഭിച്ചിരുന്നില്ലല്ലോ. ഒടുവിൽ പഠനം തുടരാൻ കഴിയില്ല എന്ന് ടീച്ചറോട് പറഞ്ഞു. പക്ഷേ പഠനം ഉപേക്ഷിക്കാൻ ടീച്ചർ സമ്മതിച്ചില്ല. ടീച്ചർ തന്നെ പാർട്ട് ടൈം ജോലി ശരിയാക്കി. ഒരു ഷോപ്പിങ് മാളിലെ തീയറ്ററിലെ ടിക്കറ്റ് കൗണ്ടറിൽ. ക്ലാസ് കഴിഞ്ഞ് വൈകുന്നേരം ജോലിക്കു കയറിയാൽ അർധരാത്രി കഴിയും തിരികെ വീട്ടിലെത്താൻ. ഹോർമോൺ തെറപ്പി നടക്കുന്നതിനാൽ രാത്രി ഷിഫ്റ്റ് ജോലി എനിക്കു വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. രണ്ടാഴ്ചയോളം പിടിച്ചുനിന്നു. തുടർന്ന് ആ ജോലി ഉപേക്ഷിച്ചു. ഡിഗ്രി പഠനവും ഉപേക്ഷിച്ചു.
നാടകക്കളരിയിലേക്ക്
പഠനം ഉപേക്ഷിച്ചു കഴിഞ്ഞ് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിന്റെ ദയ എന്ന കലാസംഘടനയിൽ ചേർന്നു. സംഘടന നേതൃത്വം നൽകുന്ന നാടകത്തിൽ അഭിനയിക്കാൻ എന്നെ സംവിധായകനായ ശ്രീജിത്ത് സുന്ദരം വിളിക്കുകയായിരുന്നു. ഞാൻ വിഷാദത്തിൽ മുങ്ങിയിരിക്കുന്ന സമയത്താണ് ആ വിളി വരുന്നത്. രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. രഞ്ജു രഞ്ജിമാരിന്റെ വീട്ടിൽ വച്ചായിരുന്നു റിഹേഴ്സൽ. പറയാൻ മറന്ന കഥകൾ എന്നായിരുന്നു നാടകത്തിന്റെ പേര്. ട്രാൻസ്ജെൻഡറുകളുടെ അനുഭവങ്ങൾ തന്നെയായിരുന്നു നാടകം. 15ഒാളം സ്‌റ്റേജിൽ കളിച്ചു. വരുമാനം ഒക്കെ കിട്ടി തുടങ്ങിയിരുന്നു.
സെക്സ് റീഅസെയിൻമെന്റ് സർജറി ചെയ്യാൻ തീരുമാനിച്ചു. ശസ്ത്രക്രിയയ്ക്ക് അമ്മ കൂടെയുണ്ടായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസം വിശ്രമിച്ചു.
സ്വാതന്ത്ര്യം ലഭിച്ച നാളുകൾ
സത്യം പറഞ്ഞാൽ സ്വാതന്ത്ര്യം എന്താണെന്ന് ശസ്ത്രക്രിയ കഴിഞ്ഞപ്പോഴാണ് ഞാൻ അനുഭവിച്ചത്. എന്നാൽ പിന്നീടുള്ള ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കണമായിരുന്നു. പഠനത്തോടുള്ള എല്ലാ താൽപര്യവും നഷ്ടമായിരുന്നു. എങ്ങനെയെങ്കിലും പ്രശസ്തനാകണം എന്നായിരുന്നു അപ്പോഴത്തെ സ്വപ്നം. നാട്ടിലോ കേരളത്തിലെവിടെയെങ്കിലുമോ എന്റെ ഫ്ലെക്സ് കാണണം എന്നെല്ലാമായിരുന്നു മോഹം. ബോളീവുഡ് നടന്മാരായിരുന്നു റോൾ മോഡൽ. അങ്ങനെയാണ് ബോഡി ബിൽഡിങ്ങിനെ സീരിയസ് ആയി കാണാൻ തുടങ്ങിയത്.
ബോഡി ബിൽഡിങ്ങിലേക്ക്
ശസ്ത്രക്രിയ കഴിഞ്ഞ് നാട്ടിൽ തന്നെയുള്ള അക്ഷയ സെന്ററിൽ ജോലിക്കു കയറി. അവിടെ എന്റെ പഴയ സുഹൃത്ത് ജിം നടത്തിയിരുന്നു. എനിക്ക് ചേരണം എന്നു പറഞ്ഞപ്പോൾ അവൻ സന്തോഷത്തോടെ സമ്മതിച്ചു. പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ജിമ്മിൽ വരുന്ന മറ്റുള്ളവരിൽ നിന്ന് നെഗറ്റീവ് കമന്റുകൾ കേൾക്കാൻ തുടങ്ങി. ചിലർ ജിമ്മിൽ വരുന്നത് തന്നെ നിർത്തി. അതോടെ ഞാനും പ്രതിരോധത്തിലായി. ഒടുവിൽ ജിമ്മിൽ പോക്ക് നിർത്തി. ബോഡി ബിൽഡിങ് സ്വപ്നം അവിെട ഉപേക്ഷിച്ചു. അതു കഴിഞ്ഞ് ബെംഗളൂരുവിൽ ജോലി കിട്ടി. പക്ഷേ ശമ്പളം കുറവായതിനാൽ അവിെട പിടിച്ചുനിൽക്കാനായില്ല. അങ്ങനെ തിരികെ നാട്ടിലെത്തിയപ്പോഴാണ് തൃശൂർ സഹയാത്രികയിൽ ജോലി ലഭിക്കുന്നത്.
തൃശൂരിൽ എത്തിയശേഷം വീണ്ടും ബോഡി ബിൽഡിങ് സ്വപ്നം പൊടിതട്ടിയെടുത്തു. താമസസ്ഥലത്തിനു സമീപം ജിം ഉണ്ടോ എന്ന അന്വേഷണം തുടങ്ങി. ആര്യൻ പാഷയെ പോലെ ആകണം എന്നായിരുന്നു മനസ്സിൽ. ഒടുവിൽ ഒരു ജിം കണ്ടെത്തി. അതിന്റെ ഉടമസ്ഥൻ പ്രസാദിനും ട്രെയിനർ വിനു മോഹനും ഞാൻ ട്രാൻസ്മെൻ ആണെന്നു മനസ്സിലായില്ല. പേഴ്സനൽ ട്രെയിനിങ് വേണമെന്നു പറഞ്ഞു. വിനു ചേട്ടനോട് എന്റെ വ്യക്തിത്വത്തെ കുറിച്ചും പറഞ്ഞു. അദ്ദേഹം ശരിക്കും ഷോക്ക് ആയി. കുഴപ്പമില്ല, ജിമ്മിൽ വന്നോളൂ എന്ന് അദ്ദേഹം പറഞ്ഞു. വെറുതെ ജിമ്മിൽ വന്നു വർക്കൗട്ട് ചെയ്തിട്ടു പോകാൻ അല്ല, ആര്യൻ പാഷയെ പോലെ ആവുക എന്നതാണ് ലക്ഷ്യം എന്നു ഞാൻ പറഞ്ഞു.
കഠിന പരിശീലനം തുടങ്ങുന്നു
അന്ന് 60 കിലോ ആയിരുന്നു ശരീരഭാരം. ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുതലായിരുന്നു. വയറൊക്കെ ചാടിയ, പെർഫക്റ്റ് അല്ലാത്ത ശരീരം. വിനു ചേട്ടൻ ഡോക്ടർമാരോടും സീനിയർ ട്രെയിനർമാരോടും സംസാരിച്ചശേഷമാണ് എനിക്കുള്ള വ്യായാമപദ്ധതി രൂപപ്പെടുത്തിയത്. കാരണം ശസ്ത്രക്രിയ കഴിഞ്ഞ് അധികം ആയിട്ടില്ല. മാത്രമല്ല ഹോർമോൺ തെറപ്പി തുടരുകയും െചയ്യുന്നുണ്ടായിരുന്നല്ലോ. ഒടുവിൽ ട്രെയിനിങ് ആരംഭിച്ചു. ആദ്യത്തെ ഒരു മാസം ഡയറ്റിൽ മാറ്റമൊന്നും വരുത്തിയില്ല. ഒരു മാസം കഴിഞ്ഞപ്പോൾ ഡയറ്റ് പ്ലാൻ തന്നു. ചോറ് ഒഴിവാക്കി. രാവിലെ ഒാട്സ്, ഉച്ചയ്ക്ക് ചപ്പാത്തി. ഒപ്പം ചിക്കൻ കറി അല്ലെങ്കിൽ വെജിറ്റബിൾ കറി. പ്രീ ലഞ്ചായി ഏത്തപ്പഴം പുഴുങ്ങിയത്. നാല് മണിക്ക് മധുരം ചേർക്കാത്ത കാപ്പി. രാത്രി ചപ്പാത്തിയും അൽഫാം ചിക്കനും. മധുരവും വറുത്തതും ബേക്കറി പലഹാരങ്ങളും പൂർണമായി ഒഴിവാക്കി. ഇപ്പോഴും ഈ ഡയറ്റ് തന്നെയാണ്.
ആദ്യമൊന്നും വെയിറ്റ് ട്രെയിനിങ്ങ് വ്യായാമങ്ങൾ പരിശീലിപ്പിച്ചില്ല. വാംഅപ് വ്യായാമങ്ങളായിരുന്നു. റണ്ണിങ്, സ്ക്വാട്ട്, ജംപിങ് ജാക്ക്സ്, പുഷ്അപ്പ് തുടങ്ങിയവ. ഒരു മാസം കഴിഞ്ഞപ്പോൾ വെയ്റ്റ് ട്രെയിനിങ്ങും ആരംഭിച്ചു. ആദ്യ ദിവസങ്ങളിൽ നല്ല ശരീരവേദന ഉണ്ടായിരുന്നു. പനിയൊക്കെ വന്നു. രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് ഒാടാൻ പോകും. 7 മണി തൊട്ടു 9 മണിവരെ ജിമ്മിൽ വർക്കൗട്ട് െചയ്യും. അതു കഴിഞ്ഞ് ഒാഫിസിൽ പോകും. ജോലി കഴിഞ്ഞ് വൈകുന്നേരം അഞ്ച് മണിക്കു വീണ്ടും ജിമ്മിൽ പോകും.
മത്സരരംഗത്ത്
രണ്ടു മാസം കഴിഞ്ഞപ്പോഴാണ് മിസ്റ്റർ തൃശൂർ മത്സരത്തിന്റെ വിളംബരം വരുന്നത്. എന്നോട് മത്സരത്തിന് ഇറങ്ങാമോ എന്ന് വിനു ചേട്ടൻ ചോദിച്ചു. ട്രാൻസ്ജെൻഡർ കാറ്റഗറിയിൽ മത്സരം ഇല്ലായിരുന്നു. വിനു ചേട്ടൻ സംഘാടകരോട് നിരന്തരം സംസാരിച്ചശേഷമാണ് അങ്ങനെ ഒരു വിഭാഗം ഉൾപ്പെടുത്താൻ തീരുമാനിച്ചത്. മത്സരത്തിനുള്ള തയാറെടുപ്പു തുടങ്ങി. ഡയറ്റിലൊക്കെ മാറ്റം വരുത്തി. കൂടുതൽ വെയ്റ്റ് ട്രെയിനിങ് ഒക്കെ നടത്തി.
ലോക്ഡൗൺ പ്രശ്നം ഉള്ളതിനാൽ കാണികൾ ഇല്ലായിരുന്നു. ട്രാൻസ്ജെൻഡർ കാറ്റഗറിയിൽ എതിരാളികൾ ഉണ്ടായിരുന്നില്ല. ഞാൻ തന്നെയായിരുന്നു വിജയി. അവിെട വച്ചു തന്നെ മിസ്റ്റർ കേരള മത്സരത്തിലേക്ക് യോഗ്യത നേടിയവരുെട പേരും പ്രഖ്യാപിച്ചു. അതിൽ ഞാനും ഉണ്ടായിരുന്നു. മേയ് മാസത്തിൽ കോട്ടയത്തു വച്ചായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്. എന്നാൽ ലോക്ഡൗൺ കാരണം അതു നടന്നില്ല. അതിനുള്ള എല്ലാ തയാറെടുപ്പും നടത്തിയിരുന്നു. ജനറൽ കാറ്റഗറിയിലാണ് മത്സരിക്കുന്നത്. മത്സരത്തിന്റെ തീയതി പറഞ്ഞിട്ടില്ല. പക്ഷേ വർക്കൗട്ട് ഒന്നും മുടക്കിയിട്ടില്ല. രണ്ടു േനരവും ജിമ്മിൽ പോകുന്നുണ്ട്. വെയ്റ്റ് ട്രെയിനിങ്, ഫ്ലോർ, കാർഡിയോ വ്യായാമങ്ങളും പരിശീലിക്കുന്നുണ്ട്.
ജീവിതം മുന്നോട്ട് പോകാൻ ഒരു ലക്ഷ്യം വേണം എന്നാണ് അനുഭവങ്ങൾ എന്നെ പഠിപ്പിച്ചത്. കാരണം ആ ലക്ഷ്യത്തിലേക്ക് കണ്ണും മനസ്സും ഉറപ്പിച്ചു കഴിഞ്ഞാൽ മാർഗങ്ങളിലെ തടസ്സങ്ങൾ അപ്രസക്തമാകും...