ഗ്രീക്ക്–റോമൻ കാലത്തെ ഏറ്റവും വലിയ സൗന്ദര്യ ദേവത വീനസ് ആയിരുന്നു. ചരിത്രത്തിലെ ഏറ്റവും സുന്ദരി ഈജിപ്തിലെ ക്ലിയോപാട്ര ആണ്. ഗ്രീസിൽ സൗന്ദര്യത്തിന്റെ ഇതിഹാസരൂപമായി അപ്പോളോദേവനെയാണ് കണ്ടിരുന്നത്. ഇങ്ങനെ ഓരോ ദേശത്തും സൗന്ദര്യത്തിനു ചില പ്രതിരൂപങ്ങളുണ്ട്. അവരുടെയൊക്കെ സൗന്ദര്യ രഹസ്യങ്ങൾ അന്വേഷിക്കുന്നവരുമുണ്ട്. സൗന്ദര്യദേവതയായ വീനസിന്റെ മുടിയഴകിന്റെ രഹസ്യം ഒലിവ് എണ്ണയും മുഖകാന്തിയുടെ രഹസ്യം തണുത്തവെള്ളത്തിൽ മുഖം കഴുകുന്നതും ആണെന്ന് റോമൻ പൗരാണിക ശാസ്ത്രങ്ങൾ പറയുന്നു.
ചൈനക്കാരുെട ചർമം
ചൈനക്കാരുടെ ചർമത്തിന് പ്രായം തോന്നില്ല. മുഖചർമത്തിന് യൗവനഭംഗി നിലനിൽക്കാനും ചുളിവ് വീഴാതിരിക്കാനും ചൈനക്കാരുടെ കയ്യിൽ ഒരു പൊടിക്കൈ ഉണ്ട്.
∙ ഇതുപതുമിനിറ്റ് നേരം അരികുതിർത്തുവെച്ച വെള്ളം (തവിടുള്ള അരി ആയാൽ ഉത്തമം) ഉപയോഗിച്ചു മുഖം കഴുകുകയും ആ വെള്ളത്തിൽ കുതിർത്ത തുണി 10–15 മിനിറ്റ് നേരം മുഖത്ത് വയ്ക്കുകയും ചെയ്യുക.

ബ്രസീലിലെ സൂര്യൻ
കഴിഞ്ഞ ലോകകപ്പ് നടന്നപ്പോൾ ഫുട്ബോളിനൊപ്പം ശ്രദ്ധിക്കപ്പെട്ടതായിരുന്നു ഗാലറിയിലെ ബ്രസീലിയൻ സുന്ദരിമാരുടെ പ്രകടനം. മാദക സുന്ദരികളുെട നാട് എന്നാണ് ബ്രസീൽ അറിയപ്പെടുന്നത്. ഇവിടുത്തെ ഏറ്റവും വലിയ സൗന്ദര്യ പ്രശ്നം സൂര്യപ്രകാശമേൽക്കുന്നതാണ്. തീഷ്ണമായ സൂര്യ രശ്മികളേറ്റുണ്ടാകുന്ന ചർമത്തിലെ കരിവാളിപ്പും സൺബേണും അകറ്റാൻ അവർ ഉപയോഗിക്കുന്ന ഒറ്റമൂലിയാണ് ഓട്സ്.
∙ ഓട്സ് കുതിർത്ത് കരിവാളിപ്പോ പൊള്ളലോ ഉണ്ടായഭാഗത്ത് പായ്ക്കുപോലെ പുരട്ടിവച്ചാൽ സൂര്യപ്രകാശമേറ്റാൽ ചർമത്തിലുണ്ടായ പ്രശ്നങ്ങൾ മാറും.
