Tuesday 16 May 2023 12:37 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

മധുരം ചുളിവുകളും വരകളും വീഴ്ത്തും, ചോറു കഴിച്ചാലും വരും മുഖക്കുരു: ഈ ഭക്ഷണങ്ങൾ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ

skin6546r55

പാടുകളും കുത്തുകളും മുഖക്കുരുവുമൊന്നുമില്ലാത്ത തിളങ്ങുന്ന ചർമം സൗന്ദര്യത്തിനു മാറ്റു കൂട്ടുമെന്നതിൽ തർക്കമില്ല. അതുകൊണ്ടാണല്ലൊ ചർമസംരക്ഷണത്തിനായെന്ന പേരിൽ ദിവസവും പുതിയ പുതിയ ഉൽപന്നങ്ങൾ വിപണിയിലെത്തുന്നത്. പക്ഷേ, ചർമാരോഗ്യം വെറും സൗന്ദര്യകാര്യം മാത്രമല്ല. പൊതുവായ നമ്മുടെ ആരോഗ്യം പ്രതിഫലിക്കുന്നത് ചർമത്തിലൂടെയാണെന്നു പറയാം.

നമ്മൾ നല്ല പോഷകഗുണമുള്ള, പ്രകൃതിദത്തമായ ഭക്ഷണം കഴിക്കുന്നുണ്ട്. വിയർക്കുന്നതുവരെ വ്യായാമം ചെയ്യുന്നുണ്ട്, ശരീരത്തിനു ദോഷം ചെയ്യുന്ന ശീലങ്ങളൊന്നുമില്ല എങ്കിൽ ചർമത്തിലും അതു പ്രതിഫലിക്കും. ഇവയിൽ ഏറ്റവും പ്രധാനം നാം കഴിക്കുന്ന ഭക്ഷണം ചർമത്തിലുണ്ടാക്കുന്ന മാറ്റമാണ്. ഒാരോ തരം ഭക്ഷണവും ചർമത്തെ എങ്ങനെയാണു സ്വാധീനിക്കുന്നതെന്നും എന്തൊക്കെ ഭക്ഷണം ഒഴിവാക്കണമെന്നും ഏതൊക്കെ കഴിക്കണമെന്നും നോക്കാം.

മധുരവും ചുളിവുകളും

ഒരുപാടു മധുരം കഴിച്ചാൽ ചർമത്തിൽ ചുളിവുകളും വരകളും വീഴാം. സംസ്കരിച്ച ഭക്ഷണങ്ങളിൽ നിന്നുള്ള കൃത്രിമമധുരമാണ് ദോഷകരം. പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നുള്ള സ്വാഭാവിക മധുരത്തെ പേടിക്കേണ്ട. മാത്രമല്ല, ഇവയിൽ ചർമത്തിന് ആരോഗ്യവും തിളക്കവും നൽകുന്ന ആന്റിഒാക്സിഡന്റുകൾ ധാരാളമുണ്ട്.

സ്നിദ്ധതയ്ക്ക് വെള്ളം മാത്രം പോരാ

ചർമം ഭംഗിയായി ഇരിക്കണമെങ്കിൽ ഈർപ്പം വേണം. വരണ്ട ചർമത്തിൽ എളുപ്പം തന്നെ വാർധക്യം പാടുകൾ വീഴ്ത്താം. ചർമം വരളാതിരിക്കണമെങ്കിലും ചർമത്തിലെ സുഷിരങ്ങൾ പുറമേ പ്രകടമാകാതിരിക്കണമെങ്കിലും ആവശ്യത്തിനു വെള്ളം കുടിക്കണം. പക്ഷേ, ചർമം സ്നിഗ്ധതയോടെയിരിക്കാൻ വെള്ളം കുടിച്ചാൽ മാത്രം പോരാ. ചർമത്തെ പതിവായി മോയിസ്ചറൈസ് ചെയ്യുകയും വേണം. കുളിച്ചയുടനെ മോയിസ്ചറൈസർ പുരട്ടുന്നതു നല്ലതാണ്.

മുഖക്കുരു വരുത്തും സിംപിൾ ഷുഗർ

എണ്ണയുള്ള ഭക്ഷണം കഴിക്കുന്നതേ വീട്ടിലെ മുതിർന്നവർ പറയും, സൂക്ഷിക്കണേ മുഖക്കുരു വരും എന്ന്. എന്നാൽ നാം ദിവസവും കഴിക്കുന്ന വെള്ളച്ചോറു മതി മുഖക്കുരു വരുത്താൻ എന്നറിയാമോ? എളുപ്പം ദഹിക്കുന്ന കാർബോഹൈഡ്രേറ്റുകൾ രക്തത്തിൽ പഞ്ചസാരയുടെ അളവു വർധിപ്പിക്കും. ഇതു കാരണം ഇൻസുലിൻ കൂടുതൽ ഉൽപാദിപ്പിക്കപ്പെടുകയും ഇത് ചർമത്തിലെ എണ്ണയുടെ ഉൽപാദനം കൂട്ടുകയും ചെയ്യുന്നു. ഇത് മുഖക്കുരുവിലേക്കു നയിക്കാം.

അമിത മസാല മുഖം ചുവപ്പിക്കും

ചുവന്നു തുടുത്തു ചെന്താമര പോലുള്ള മുഖവുമായി നടി സായ് പല്ലവി വന്നപ്പോഴാണ് റൊസേയ്ക എന്ന പേര് നാം ശ്രദ്ധിച്ചിട്ടുണ്ടാവുക.മസാല അമിതമായ അളവിലുള്ള ഭക്ഷണം റൊസെയ്ക എന്ന ചർമപ്രശ്നത്തിനു കാരണമാകാം. മദ്യം, പാൽ ഉൽപന്നങ്ങൾ എന്നിവയും ചർമത്തിനു ചുവപ്പും വീക്കവും വരുത്താം.

മീനുകളിൽ നിന്നും ഒമേഗ–3

സസ്യഭക്ഷണം സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപൊടിക്കു നല്ലതാണെന്നൊരു ചിന്തയുണ്ട് നമുക്ക്. എന്നാൽ ചർമത്തെ സംബന്ധിച്ച് മാംസഭക്ഷണം കൂടുതൽ ചില ഗുണങ്ങൾ നൽകുന്നുണ്ട്. ഒമേഗ 3 പോലുള്ള ഫാറ്റി ആസിഡുകളാണ് കോശസ്തര നിർമാണത്തിന്റെ അടിസ്ഥാനഘടകങ്ങൾ. ചർമത്തെ മയമുള്ളതും മൃദുവുമാക്കി നിർത്തുന്ന എണ്ണ കൊണ്ടുള്ള ഒരു പാട നിർമിക്കുന്നത് ഇവയാണ്. സാൽമൺ, മത്തി പോലുള്ള മീനുകളിലും കടൽ വിഭവങ്ങളിലുമാണ് ഈ ഒമേഗ 3 കൂടുതലായി ഉള്ളത്. സസ്യഎണ്ണകളിലും അണ്ടിപ്പരിപ്പുകളിലും സോയയിലുമൊക്കെ ഇതുണ്ടെങ്കിലും കുറഞ്ഞ അളവിലേ ലഭിക്കൂ. ഒമേഗ 3 അളവു കുറയുന്നതനുസരിച്ച് ചർമം വരണ്ടുപോകും. ഒമേഗ 3 ചർമത്തിന്റെ വീക്കവും ചുവപ്പും മുഖക്കുരു വരുന്നതും കുറയ്ക്കും. ചർമത്തിന് ഏറെ ഉപകാരിയായ വൈറ്റമിൻ ഇയുടെ നല്ലൊരു ഉറവിടമാണ് കൊഴുപ്പുള്ള മീനുകൾ. ഫ്ലാക്സ് സീഡ്സ് ആണ് ഒമേഗ 3 കൊഴുപ്പിന്റെ മറ്റൊരു ഉറവിടം.

പ്രായം തടയാൻ വൈറ്റമിൻ സിയും ഇയും

ചർമത്തെ ചുളിവുകളില്ലാതെ സൂക്ഷിക്കണമെങ്കിൽ വൈറ്റമിൻ സി കൂടുതലുള്ള ഭക്ഷണം കഴിക്കണം. ഒാറഞ്ച്, നാരങ്ങ, ബ്രോക്ക്‌ലി, സ്ട്രോബെറീസ്, കിവി എന്നിവയെല്ലാം വൈറ്റമിൻ സി അടങ്ങിയവയാണ്. വൈറ്റമിൻ സിയോടൊപ്പം വൈറ്റമിൻ ഇ കൂടി കഴിക്കുന്നത് ചർമത്തിന് ഇരട്ടി സംരക്ഷണമേകും. കാരണം വൈറ്റമിൻ ഇ കോശനാശം തടയുന്നു. ബദാം, സൺഫ്ളവർ വിത്തുകൾ എന്നിവയിൽ നിന്നും സ്വാഭാവികമായ വൈറ്റമിൻ ഇ ലഭിക്കും.

വെയിലേറ്റു വാടാതിരിക്കാൻ ഡാർക് ചോക്‌ലെറ്റ്

ഇവയിലെ ഫ്ളവനോൾ എന്ന ഘടകം ചർമത്തെ സൂര്യന്റെ രശ്മികളേറ്റുള്ള നാശത്തിൽ നിന്നും ഒരുപരിധിവരെ സംരക്ഷിക്കും. ചർമത്തിന്റെ പരുപരുപ്പു മാറാനും ഗുണകരമാണ്.

കടപ്പാട്: മനോരമ ആരോഗ്യം ആർകൈവ്, വിവിധ ഹെൽത് വെബ്‌സൈറ്റുകൾ

Tags:
  • Manorama Arogyam
  • Diet Tips