Friday 17 June 2022 04:31 PM IST

ചർമം പൂവിതളാകാൻ ഫാറ്റിഫിഷ്, മുടിക്ക് പാലക്ക് ചീര: മണവാട്ടിപ്പെണ്ണേ... അഴകിനായി കഴിക്കാം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

bride-diet

വധുവാകാൻ ഒരുങ്ങുമ്പോൾ മനസ്സു നിറയെ വിവാഹദിനത്തിലെ മെയ്ക്ക് അപ്പും വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെയാണ്. എ ന്നാൽ ആവശ്യമായ പോഷകാഹാരങ്ങൾ കഴിക്കാനാണു പ്രധാനമായും ശ്രദ്ധിക്കേണ്ടത്.  അങ്ങനെ വിവാഹദിനമെത്തുമ്പോൾ കൂടുതൽ ആ രോഗ്യവും അഴകും നേടാം.

വധുവാകാൻ കാത്തിരിക്കുകയാണോ? മുടിക്കും ചർമത്തിനും നഖങ്ങൾക്കും കൂടുതൽ തിളക്കവും മ നോഹാരിതയുമേകാൻ കഴിക്കേണ്ടത് എന്തൊക്കെയെന്നറിയാം.

മുടിയഴകിൽ മിന്നിത്തിളങ്ങും

മുടിയുടെ നീളത്തിലല്ല കാര്യം, ആ രോഗ്യത്തിലാണ്. ഉണങ്ങി വരണ്ട മുടിക്കു പകരം തിളക്കവും കരുത്തുമുള്ള മുടിയ്ക്കായി മുട്ട കഴിക്കാം. മുട്ടയിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി7 ആണ് ബയോട്ടിൻ. മുടി നിർമിതമായിരിക്കുന്നത് കെരാറ്റിൻ എന്ന പ്രോട്ടീനാലാണ്. ഈ കെരാറ്റിന്റെ ഉൽപാദനത്തിനു ബയോട്ടിൻ നല്ലതാണ്. മുട്ടയിലെ സിങ്ക്, സെലിനിയം എന്നീ സൂക്ഷ്മപോഷകങ്ങളും മുടിവളർച്ചയ്ക്കു നല്ലതാണ്. മാംസം, ഷെൽഫിഷ്, പയറു വർഗങ്ങൾ, സീഡ്സ്, നട്സ് ഇവയിലെല്ലാം സിങ്ക് ഉണ്ട്.

വൈറ്റമിൻ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും മുടിവളർച്ചയ്ക്ക് ഉത്തമമാണ്. ഇവയിലെ ആന്റി ഒാക്സിഡന്റുകൾ ഹെയർ ഫോളിക്കിളുകളെ സംരക്ഷിക്കും. നെല്ലിക്ക, നാരകവർഗത്തിലെ പഴങ്ങൾ, സ്വീറ്റ് മെലൻ, ബെറി പഴങ്ങൾ ഇവയിലും വൈറ്റമിൻ സി ധാരാളമുണ്ട്. ഇരുമ്പു ധാരാളമടങ്ങിയ ആഹാരം കഴിക്കുമ്പോൾ ഇരുമ്പിനെ ആഗിരണം ചെയ്യുന്നതിനു വൈറ്റമിൻ സി ആവശ്യമാണ്. ഇരുമ്പിന്റെ അഭാവം മുടിവളർച്ചയെ പ്രതികൂലമായി ബാധിക്കും. വൈറ്റമിൻ സി കൊളാജന്റെ ഉൽപാദനത്തെ സഹായിക്കും. കൊളാജൻ അമിനോആസിഡുകളാൽ സമന്വയിക്കപ്പെട്ട ഒരു പ്രോട്ടീനാണ്.

മുടിക്കാവശ്യമായ എല്ലാ പോഷകങ്ങളും സ്പിനച്ചിലുണ്ട്. സ്പിനച്ച് (പാലക്ക് ചീര) പോലുള്ള ഇലക്കറികളിൽ വൈറ്റമിൻ എ, സി, ഫോളേറ്റ് , ഇരുമ്പ് എന്നിവയുണ്ട്. വൈറ്റമിൻ എ ചർമഭംഗിക്കും നല്ലതാണ്.സേബത്തിന്റെ ഉത്പാദനത്തെ ഇതു സഹായിക്കും. സേബം തലയിൽ പ്രകൃതിദത്ത മോയിസ്ചറൈസിങ്ങും നൽകുന്നു.

ആരോഗ്യകൊഴുപ്പടങ്ങിയ മീനുകൾ മുടിക്ക് ആവശ്യമാണ്. നമുക്കു സാൽമൺ ലഭ്യമല്ലാത്തതിനാൽ അയല, മത്തി, ചൂര ഇവ കഴിക്കാം. ഇവയിൽ പ്രോട്ടീനും സെലിനിയവും വൈറ്റമിൻ ഡി3യും മറ്റു പോഷകങ്ങളും ഒമേഗാ 3 ഫാറ്റി ആസിഡും ഉണ്ട്.

ഹെയർ ഫോളിക്കിൾ നാശം മൂലം മുടിവളർച്ച കുറഞ്ഞവർക്ക് ഫിഷ് ഒായിൽ സപ്ലിമെന്റുകൾ ഡോക്ടറുടെ നിർദേശത്തോടെ കഴിക്കാം.

മധുരക്കിഴങ്ങു പോലെ വൈറ്റമിൻ എ അടങ്ങിയ ആഹാരങ്ങളും സേബം ഉൽപാദനത്തിനു സഹായിക്കും. അവക്കാഡോയിൽ വൈറ്റമിൻ സിയും ഇയും ആന്റി ഒാക്സിഡന്റുകളും ഉണ്ട്. ഇതും ഹെയർ ഫോളിക്കിളുകൾ നശിക്കാതെ സംരക്ഷിക്കും. നട്സിൽ ബി, ഇ വൈറ്റമിനുകൾ ഉണ്ട്. നട്സ് കഴിക്കുന്നതിലൂടെ സിങ്കും ലഭിക്കും. നട്‌സിൽ എസൻഷ്യൽ ഫാറ്റി ആസിഡുകൾ ഉണ്ട്.

ഇതേ രീതിയിലുള്ള പോഷണമാണു വിത്തുകളും നൽകുന്നത്. ഇ പ്പോൾ പലതരം വിത്തുകൾ വിപണിയിലുണ്ട്.

കാപ്സിക്കത്തിന്റെ വകഭേദങ്ങളായ യെല്ലോ, ഒാറഞ്ച്, ഗ്രീൻ പെപ്പേഴ്സിൽ ധാരാളം വൈറ്റമിൻ സി ഉണ്ട്. ഇവയിലെ സിങ്ക് മുടി വളർച്ചയ്ക്കു നല്ലതാണ്. കക്കയിലും സിങ്ക് ഉണ്ട്. കൊഞ്ചിൽ സിങ്കും ബി വൈറ്റമിനുകളും വൈറ്റമിൻ ഡിയും ഉണ്ട്. സസ്യഭക്ഷണം മാത്രം കഴിക്കുന്നവർക്ക് മുടിയുടെ ആരോഗ്യത്തിന് ഉൾപ്പെടുത്താവുന്ന മികച്ച വിഭവമാണ് ബീൻസ്.

വൈറ്റമിൻ എ, സി, ഡി, ഇ, സിങ്ക്, ബി വൈറ്റമിനുകൾ, ഇരുമ്പ്, ബയോട്ടിൻ, പ്രോട്ടീൻ എന്നിവയാണ് മുടിക്ക് അഴകും ആരോഗ്യവുമേകുന്ന പ്രധാന പോഷകങ്ങൾ.

പൂവിതൾ പോലെ ചർമം

ചർമഭംഗിക്കായി കഴിക്കേണ്ടതിൽ പ്രധാനം ഫാറ്റി ഫിഷും വൈറ്റമിൻ ഇയും ആണ്. വൈറ്റമിൻ ഇയിലൂടെ ആന്റി ഒാക്സിഡന്റുകൾ ലഭിക്കുന്നു. പ്രധാനമായും വേണ്ട പോഷകങ്ങൾ പ്രോട്ടീൻ, വൈറ്റമിൻ ഇ, സിങ്ക് എന്നിവയാണ്. അവക്കാഡോയിൽ വൈറ്റമിൻ ഇയും എസൻഷ്യൽ ഫാറ്റി ആസിഡുകളും വൈറ്റമിൻ സിയും ഉണ്ട്. ആരോഗ്യമുള്ള ചർമത്തിനും കൊളാജൻ നിർമാണത്തിനും വൈറ്റമിൻ സി ആവശ്യമാണ്.

വാൽനട്ടിൽ ഒമേഗാ3 ഫാറ്റി ആ സിഡുകൾ ഉയർന്ന അളവിലുണ്ട്. വാൽനട്ടിലെ സിങ്ക്, വൈറ്റമിൻ സി, സെലിനിയം, പ്രോട്ടീൻ ഇതെല്ലാം ചർമാരോഗ്യത്തിനു ഗുണകരമാണ്. സൺഫ്ലവർ സീഡ്സ് കഴിക്കാം. റെ ഡ് യെല്ലോ പെപ്പേഴ്സിലും ബ്രോക്ക്‌ലിയിലും വൈറ്റമിൻ സി സമൃദ്ധമായുണ്ട്.

തക്കാളിയിൽ ഉയർന്ന അളവിൽ വൈറ്റമിൻ സിയും ലൈക്കോപീൻ എന്ന കരോട്ടിനോയിഡും ഉണ്ട്. ഈ പോഷകങ്ങളെല്ലാം സൂര്യപ്രകാശമേറ്റുള്ള പ്രശ്നങ്ങളിൽ നിന്നു ചർമത്തെ സംരക്ഷിക്കും. സോയയും ഡാർക് ചോക്‌ലറ്റും ചർമത്തിനു മികച്ച ആഹാരമാണ്. കൊക്കോ പൗഡറിന് ആന്റി ഒാക്സിഡന്റ് സ്വഭാവവും അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിർത്തുന്നതിനുള്ള കഴിവും ഉണ്ട് എന്നു ചില പഠനങ്ങൾ കാണിക്കുന്നു. ഗ്രീൻ ടീയിലെ കാറ്റക്കീൻ എന്ന ആന്റി ഒാക്‌സിഡന്റ് ചർമത്തെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുന്നു. കറുത്ത മുന്തിരിയിലെ റെസ്‌വെരാട്രോൾ എന്ന ആന്റി ഒാക്‌സിഡന്റ് ചർമത്തിനു ഭംഗിയും ആരോഗ്യവും നൽകും.

ചാരുതയോടെ നഖങ്ങൾ

നഖങ്ങൾക്ക് അഴകു ലഭിക്കുന്നതിനുള്ള ആദ്യ പോഷകം ബയോട്ടിൻ ആണ്. ബി കോംപ്ലക്സ് വൈറ്റമിനുകളിലാണ് ബയോട്ടിൻ ഉൾപ്പെടുന്നത്. ബയോട്ടിൻ കൂടുതലായും അടങ്ങിയിരിക്കുന്നത് കരൾ, മുട്ടയുടെ മഞ്ഞ, പാൽ ഉൽപന്നങ്ങൾ എന്നിവയിലാണ്.

സാൽമൺ, അവക്കാഡോ, മധുരക്കിഴങ്ങ്, നട്സ്, സീഡ്സ് , കോളിഫ്ലവർ ഇവയിലെല്ലാം ബയോട്ടിൻ ഉണ്ട്. വൈറ്റമിൻ ബി12 നല്ല നഖം ഉണ്ടാകുന്നതിനു സഹായിക്കുന്നു. മൃഗങ്ങളുടെ കരൾ , കിഡ്നി ഇവയിലും മത്തി, ബീഫ്, ഫോർട്ടിഫൈഡ് സീറിയലുകൾ എന്നിവയിലും വൈറ്റമിൻ ബി12 സമൃദ്ധമായുണ്ട്.

വൈറ്റമിൻ ബി12 ആണ് നഖങ്ങൾക്കു നീലിമയും പിങ്കുനിറവും നൽകുന്നത്. ഫോളേറ്റ് അഥവാ വൈറ്റമിൻ ബി9ന്റെ അഭാവത്തിൽ നഖത്തിന്റെ വളർച്ച ശരിയാകില്ല. ഇരുമ്പ് കൂടുതലുള്ള ബീഫ്, ചിക്കൻ, മുട്ട, മീൻ എന്നിവയും ഇരുണ്ട പച്ച നിറത്തിലുള്ള പച്ചക്കറികളും ഇലക്കറികളും നിലക്കടല, വിത്തുകൾ ഇവയും കഴിക്കാം. ‍നഖങ്ങളുടെ ആരോഗ്യത്തിനും ഭംഗിക്കും മഗ്നീഷ്യം നല്ലതാണ്. മുഴുധാന്യങ്ങളിലെല്ലാം മഗ്നീഷ്യം ഉണ്ട്. കീൻവ, ബദാം, നിലക്കടല ഇവയിലും ഉണ്ട്. പ്രോട്ടീൻ അടങ്ങിയ എല്ലാ ആഹാരവും അതു സസ്യഭക്ഷണമോ മാംസഭക്ഷണമോ ആകട്ടെ നഖങ്ങൾക്ക് ഉത്തമമാണ്.

വിവാഹദിനത്തിൽ മാത്രമല്ല പിന്നീടങ്ങോട്ടും അഴകോടെയും ആ രോഗ്യത്തോടെയും ഇരിക്കുക പ്രധാനമാണല്ലോ. അതിന് ആഹാരം കഴിക്കുന്നതിനൊപ്പം നന്നായി ഉറങ്ങണം, വെള്ളം കുടിക്കണം, സമ്മർദങ്ങൾ അകറ്റി മനസ്സു ശാന്തമാക്കണം.

ലിസ്മി എലിസബത്ത് ആന്റണി

വിവരങ്ങൾക്കു കടപ്പാട്

സോളി ജെയിംസ്

ന്യൂട്രിഷനിസ്‌റ്റ്, കൊച്ചി