Thursday 30 September 2021 04:15 PM IST

‘പ്രസവം കഴിഞ്ഞതോടെ 90 കിലോയിലെത്തി’: ഫുഡ് അടിച്ച് 67ൽ തിരികെയെത്തി മോണിക്ക ലാൽ: ഫിറ്റ്നസ് കഥ

V.G. Nakul

Sub- Editor

monicka-lal

ഭക്ഷണം വീക്നെസാണ്. വ്യത്യസ്തമായ, രുചികരമായ ഫൂഡ് ഐറ്റംസ് കണ്ടാൽ വിടില്ല. പഠനത്തിനായി യു.കെയിൽ പോയപ്പോൾ ‘ഫൂഡിങ്’ ടോപ്ഗിയറിലായി. മാസ്റ്റേഴ്സ് പഠനം കഴിഞ്ഞു നാട്ടിലെത്തിയപ്പോൾ ഭാരം 85 കിലോ. ഒരുവർഷം കൊണ്ട് 32 കിലോ കുറച്ച് 53 ൽ എത്തിയ കഥ പറയുന്നു സംവിധായകൻ ലാലിന്റെയും നാൻസിയുടെയും മകൾ മോണിക്ക ലാൽ. സഹോദരൻ സംവിധായകൻ ജീൻ പോൾ, ഭർത്താവ് അലൻ നിർമാതാവ്. അങ്ങനെ ഇടവും വലവും സിനിമ നിറയുന്ന വീടിന്റെ നിറഞ്ഞ പിന്തുണയോടെയായിരുന്നു മോണിക്കയുടെ പരീക്ഷണം.

‘‘85 കിലോയുടെ ഹെവിവെയ്റ്റ് ലുക്കുമായി നാട്ടിലെത്തിയപ്പോൾ ആത്മവിശ്വാസത്തിന് അൽപം ഇളക്കം തുടങ്ങി. കുട്ടിക്കാലം തൊട്ടേ നല്ല വണ്ണമുണ്ട്. ബ്രിട്ടനിൽ എ ത്തിയപ്പോൾ കുറച്ചു കൂടി എന്നു മാത്രം.

എന്റെ കസിനും ഞാനും ഒന്നിച്ച് കളിച്ചു വളർന്നവരാണ്. അവൾ മെലിഞ്ഞപ്രകൃതമാണ്. ബന്ധുക്കളൊക്കെ അവളെ ‘നല്ല സുന്ദരിയാണല്ലോ’ എന്നൊക്കെ പറയുമ്പോൾ എന്നെക്കുറിച്ച് പറയാത്തതിൽ ഉള്ളിൽ ചെറിയ വിഷമം വരും. അങ്ങനെ കുറേ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ മുറിവുകളിലേക്കാണ് പുതിയ കമന്റ്സ് വന്നു വീഴുന്നത്. ‘എന്തൊരു വണ്ണമാ, എന്തു ഭാവിച്ചാണ്’. അത് അത്ര കാര്യമാക്കിയില്ലെങ്കിലും അമിതവണ്ണം കുറയ്ക്കാൻ തന്നെ തീരുമാനിച്ചു.

ഫ്രണ്ട്‍ലി മൂഡ് ഉള്ള വീട്

വണ്ണം ഞങ്ങളുടെ വീട്ടിൽ ഒരു പ്രശ്നമേയല്ല. ചേട്ടൻ ജീൻ ഇപ്പോൾ വണ്ണം കുറച്ചതാണ്. ഭർത്താവ് അലൻ സെഞ്ചുറിയിലെത്തിയിരുന്നു. നൂറു കിലോയിൽ നിന്നാണ് ഇപ്പോഴുള്ള ലുക്കിൽ എത്തിയത്. അലൻ പൈലറ്റാണ്. സിനിമാ നിർമാണ രംഗത്തും സജീവമാണ്. എനിക്ക് സിനിമയിലേക്ക് വരണമെന്ന് ആഗ്രഹമില്ല. ഹാപ്പിയായി ജീവിക്കണമെന്നേയുള്ളൂ. വലിയ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഇല്ല.

മറ്റെന്തിലും വലുത് എന്റെ കുടുംബമാണ്. ഭർത്താവ്, മകൻ, ഞങ്ങളുടെ രണ്ടാളുടെയും കുടുംബം. ഫ്രണ്ട്സിനൊപ്പം പുറത്തു പോണോ വീട്ടിൽ ഫാമിലിക്കൊപ്പം ഇരിക്കണോ എന്നു ചോദിച്ചാൽ, വീട് മതി എന്നേ ഞാൻ പറയൂ. അങ്ങനെയൊരു ഫ്രണ്ട്‌ലി മൂഡാണ് വീട്ടിൽ. എപ്പോഴും ഹാപ്പി.

ഇടിച്ച് കുറച്ച ഭാരം

‘‘ഭക്ഷണം കുറച്ചിട്ടുള്ള ഒരു പരിപാടിക്കും ഇല്ല. ജിമ്മിൽ പല തവണ പോയിട്ടുള്ളതാണ്. പക്ഷേ, ‘ത്രിൽ’ തോന്നിയില്ല. പലപ്പോഴായി എറണാകുളത്തെ സകല ജിമ്മുകളിലും അംഗത്വമെടുത്ത്, രണ്ടു ദിവസം കൊണ്ട് വർക്കൗട്ട് അവസാനിപ്പിച്ച്, ഇതു നമുക്ക് പറ്റിയ പണിയല്ല എന്ന പലകുറി തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഇടി ഇഷ്ടമാണ്. അങ്ങനെ കിക്ക് ബോക്സിങ് എന്ന മാർഷൽ ആർട് പഠിക്കാനിറങ്ങി. ചറപറാ ഇടി തുടങ്ങി. ഭാരം ഒരു വർഷം കൊണ്ട് 53 ലേക്ക് ഇടിച്ചിറങ്ങി.

നമ്മളൊരു വിദ്യ പഠിച്ച സ്ഥിതിക്ക് അത് കൂടുതൽ പേരിൽ എത്തിക്കണമല്ലോ. അതിനായി കിക്ക് ബോക്സിങ് പരിശീലന സെന്ററും തുടങ്ങി. ചേട്ടന്റെ സുഹ‍‌ൃത്ത് ജോഫിൽ ചേട്ടനാണ് കിക്ക് ബോക്സിങ്ങിലേക്ക് നയിച്ചത്. അവർ ആ സമയത്ത് ഒരു സെന്റർ തുടങ്ങിയിരുന്നു.

കിക് ബോക്സിങ് തുടങ്ങിയ അദ്യ ദിവസങ്ങളിൽ എനിക്കൊന്നും ചെയ്യാൻ പറ്റിയില്ല. പ്രാക്ടീസ് തുടങ്ങി അഞ്ചു മിനിറ്റ് കഴിയുമ്പോഴേക്കും തളരും. പക്ഷേ, വിട്ടില്ല. കട്ടയ്ക്ക് പ്രാക്ടീസ് തുടർന്നു. കരാട്ടെയും തായ്കൊണ്ടയും സ്കൂൾ കാലത്ത് പഠിച്ചിട്ടുണ്ട്. ഒരേ തരം വ്യായാമം ഉ ണ്ടാക്കുന്ന മടുപ്പ് മാർഷൽ ആർട്സിൽ ഉണ്ടാകില്ല. പുതിയ അഭ്യാസം പഠിക്കാം. അതായിരുന്നു കിക്ക് ബോക്സിങ്ങിന്റെ പ്ലസ്. വണ്ണം കുറഞ്ഞെങ്കിലും കിക്ക് ബോക്സിനോടുള്ള ഇഷ്ടം തുടർന്നു. വിവാഹശേഷവും പരിശീലനം തുടർന്നു.

ഞാൻ മൂന്നു മാസം ഗർഭിണിയായിരുന്ന സമയത്താണ് പുതിയ സെന്റർ തുടങ്ങുന്ന ആലോചന വരുന്നത്. അങ്ങനെ അതിനൊപ്പം ചേർന്ന് ഞാനും സംരംഭകയായി. അതിലൂടെയാണ് കിക്ക് ബോക്സിങ് ട്രെയിനർ ആയി മാറുന്നത്. എറണാകുളം പാടിവട്ടത്താണ് ഞങ്ങളുടെ സെന്റർ. ഇ പ്പോള്‍ രണ്ടു വർഷമായി സെന്റർ തുടങ്ങിയിട്ട്.

പ്രസവം കഴിഞ്ഞതോടെ ഞാൻ വീണ്ടും 90 കിലോയിലെത്തി. അവിടെ നിന്നു വർക്കൗട്ടിലൂടെ ഇപ്പോൾ 67 ല്‍ എ ത്തി നിൽക്കുന്നു. ഇപ്പോൾ അഞ്ചു വർഷമാകുന്നു കിക് ബോക്സിങ് തുടങ്ങിയിട്ട്.’’ മകൻ ഈപ്പനെ ചേർത്തു പിടിച്ച് മോണിക്ക പറയുന്നു.

‘‘കിക് ബോക്സിങ് എന്നു കേൾക്കുമ്പോൾ എല്ലാവർക്കും ആദ്യം മടിയാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. ഇത് ശ രിയാകുമോ എന്നൊരു ആശങ്ക. എനിക്ക് പറയാനുള്ളത്, ഒരു പ്രാവശ്യമെങ്കിലും ശ്രമിച്ചു നോക്കിയാൽ നിർത്താൻ തോന്നില്ല എന്നാണ്. ആസിഫ് അലി, അപർണ ബാലമുരളി, അരുൺ കുര്യൻ, ബാലു വർഗീസ്, ജീൻ പോള്‍ ലാൽ എന്നിവരൊക്കെ ഞങ്ങൾക്കൊപ്പം ജോയിൻ ചെയ്തവരാണ്. സുപ്രിയ മേനോന് എന്റെ ഹെഡ് കോച്ച് ജോഫിൽ ചേട്ടൻ‌ വീട്ടില്‍ പോയി ട്രെയിനിങ് കൊടുക്കുന്നുണ്ടായിരുന്നു.

monicka-1

നൃത്തം രക്തത്തിലുണ്ട്

‘‘അപ്പയ്ക്ക് വണ്ണമൊന്നും പ്രശ്നമേയല്ല. വർക്ഒൗട്ട് ചെയ്യാൻ മടിയുമുണ്ട്. എന്റെ എല്ലാ ഇഷ്ടങ്ങൾക്കും അപ്പയാണ് കട്ട സപ്പോർട്ട്. ഒന്നിനും നോ പറയാറില്ല. ഞാൻ എൽകെജി മുതൽ 10 വർഷം ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുണ്ട്. ഡാൻസ് വീട്ടിലെല്ലാവർക്കും ഒരുപോലെയിഷ്ടമാ ണ്. ദൈവം സഹായിച്ച് നൃത്തത്തിലുള്ള അപ്പയുടെ ഗ്രെയ്സും കഴിവും ഇത്തിരി എനിക്കും കിട്ടിയിട്ടുണ്ട്.

അപ്പ ഡാൻസൊന്നും പഠിച്ചിട്ടില്ല. പക്ഷേ, താളം ശരീരത്തിൽ സ്വാഭാവികമായുണ്ട്. ചെറിയ സ്റ്റെപ്പിട്ടു ഡാൻസ് ചെയ്താലും കാണാൻ നല്ല ഭംഗിയല്ലേ. ഞാൻ ഇപ്പോൾ വെസ്റ്റേൺ ഡാൻസ് പഠിക്കുന്നുണ്ട്. ഡാൻസ് കളിക്കുമ്പോ ൾ വണ്ണമുണ്ടെങ്കിലും ഇല്ലെങ്കിലും അതെക്കുറിച്ചൊന്നും ചിന്തിക്കാറേയില്ല. മറ്റൊരു ലോകത്താകും അപ്പോൾ.’’