Monday 27 September 2021 05:14 PM IST

അഴകിന് അമ്മയുടെ സൗന്ദര്യക്കൂട്ട് ; ഫിറ്റ്നസിന് നൃത്തവും നടപ്പും : മിസ് കേരള കിരീടം ചൂടിയ മെഡിക്കൽ വിദ്യാർഥിനി എറിൻ ലിസിന്റെ സൗന്ദര്യ വഴികൾ

Asha Thomas

Senior Sub Editor, Manorama Arogyam

mskerala324

2020ലെ മിസ്സ് കേരള സൗന്ദര്യമത്സരത്തിന്റെ ഫലം വന്നപ്പോൾ അതൊരു അപൂർവതയായിരുന്നു. കാരണം, കിരീടം ചൂടിയത് ഡോക്ടർമാരായ അച്ഛനമ്മമാരുടെ മെഡിക്കൽ വിദ്യാർഥിനിയായ മകൾ. എറണാകുളം സ്വദേശിനിയും കോഴിക്കോട് മെഡി. കോളജിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയുമായ എറിൻ ലിസ് ജോണാണ് മിസ്സ് കേരള ആയി തിരഞ്ഞെടുക്കപ്പെട്ടത്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സംഘാടകരായ ഇംപ്രസാരിയോ ഇവന്റ്സ് ഒാൺലൈനായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. ഏതാണ്ട് 200 ഒാളം മത്സരാർഥികളിൽ നിന്നാണ് എറിൻ മിസ്സ് കേരള ആയി തിരഞ്ഞെടുക്കപ്പെട്ടത്.

മിസ്സ് കേരള മത്സരത്തിനായി നടത്തിയ ഒരുക്കങ്ങളെ കുറിച്ചും സൗന്ദര്യ–ഫിറ്റ്നസ് രഹസ്യങ്ങളെക്കുറിച്ചും എറിൻ മനോരമ ആരോഗ്യത്തോടു സംസാരിക്കുന്നു.

മത്സരം നടക്കുന്നതിന് ഒരാഴ്ച മുൻപ് ഗ്രൂമിങ് സെക്ഷൻ തുടങ്ങി. ഗൂഗിൾ മീറ്റും ഇൻസ്റ്റാ ലൈവും വഴിയായിരുന്നു ഗ്രൂമിങ്. ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരം പറയണം, പോസ്ചർ , പൊസിഷനിങ് ഒക്കെ എങ്ങനെ വേണം, മോഡലിങ് വാക് എങ്ങനെ എന്നിവയെല്ലാം പരിശീലിപ്പിച്ചു. ആത്മവിശ്വാസം വർധിപ്പിക്കാൻ ഈ പരിശീലനം സഹായിച്ചു. രാവിലെ യോഗ സെഷൻസും വൈകുന്നേരം വർക് ഔട്ട് സെഷൻസും ഉണ്ടായിരുന്നു.

ചർമത്തിന്റെ ആരോഗ്യത്തിനായി മത്സരത്തിനു മുൻപ് ക്ലേ മാസ്ക് ഉപയോഗിച്ചിരുന്നു. മുഖത്തിനൊരു തിളക്കം ലഭിക്കാൻ ഷീറ്റ് മാസ്കും സഹായിച്ചു. നന്നായി ഉറങ്ങാനും ശ്രദ്ധിച്ചിരുന്നു. ദിവസം 7 മണിക്കൂറെങ്കിലും സുഖമായി ഉറങ്ങിയിരുന്നു. നല്ല ഉറക്കത്തോടൊപ്പം പൊസിറ്റീവ് മനോഭാവവും ആത്മവിശ്വാസവും എല്ലാം മത്സരത്തിൽ ഒന്നാമതെത്താൻ സഹായിച്ചു.

പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണമായിരുന്നു കഴിച്ചിരുന്നത്. പതിവായി യോഗ ചെയ്യുമായിരുന്നു. കൊച്ചിയിലെ ദ ഫ്ളോർ സ്റ്റുഡിയോയിലെ അരുണിമ ഗുപ്ത എന്ന കോണ്ടംപററി ഡാൻസർ ഒരുപാട് സഹായിച്ചു. മാം ആണ് ഫൈനൽ റൗണ്ടിലേക്കു വേണ്ടുന്ന കോസ്റ്റ്യൂം സ്‌ൈറ്റൽ ചെയ്തു തന്നതും. .

പഴങ്ങൾ ഇഷ്ടം, ഫിറ്റ്നസ്സിന് നൃത്തവും നടപ്പും

ഞാൻ നല്ല ഫൂഡി ആണ്. എല്ലാ ഭക്ഷണവും ഇഷ്ടമാണ്. പ്രത്യേകിച്ച് പഴങ്ങൾ ഏറെ ഇഷ്ടമാണ്. ചില ഭക്ഷണം കഴിച്ചാൽ മുഖക്കുരുവിനു സാധ്യതയുണ്ട്. അത്തരം എണ്ണയും കൊഴുപ്പുമേറിയ ഭക്ഷണം ഒഴിച്ച് ബാക്കിയെല്ലാം കഴിക്കും.

സൗന്ദര്യകാര്യങ്ങളൊക്കെ ശ്രദ്ധിക്കാറുണ്ട്. ചർമവും മുടിയുമൊക്കെ ഭംഗിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കും. ദിവസവും രണ്ടു തവണയെങ്കിലും മുഖം ശുദ്ധജലം കൊണ്ട് കഴുകി വൃത്തിയാക്കും. മോയിസ്ചറൈസറും ലിപ് ബാമും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കും. പുറത്തുപോകുമ്പോൾ സൺസ്ക്രീൻ പുരട്ടാൻ ശ്രദ്ധിക്കാറുണ്ട്. രാത്രയിൽ കിടക്കും മുൻപ് മുഖം കഴുകി വൃത്തിയാക്കി ഏതെങ്കിലുമൊരു നല്ല ബ്രാൻഡ് മോയിസ്ചറൈസർ പുരട്ടും.

സ്ഥിരമായി വ്യായാമം ചെയ്യാറില്ലെങ്കിലും സമയം കിട്ടുമ്പോഴൊക്കെ നടക്കാൻ പോകും. എട്ടു വർഷത്തോളം ഭരതനാട്യം അഭ്യസിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് നൃത്ത മത്സരങ്ങളിലൊക്കെ സജീവമായി പങ്കെടുക്കുമായിരുന്നു. വ്യായാമം എന്ന നിലയിലും നൃത്തം ഗുണം ചെയ്യാറുണ്ട്.

makerala1232

അമ്മാസ് ബ്യൂട്ടി സീക്രട്ട്സ്

വളരെ സെൻസിറ്റീവായ ചർമമാണ് എന്റേത്. അതുകൊണ്ട് ഒരുപാട് മേക്ക് അപ് ഉൽപന്നങ്ങളൊന്നും ഉപയോഗിക്കാറില്ല. സൗന്ദര്യസംരക്ഷണത്തിനായാലും വീട്ടിലുണ്ടാക്കുന്ന സൗന്ദര്യക്കൂട്ടുകളാണ് ഉപയോഗിക്കാറ്. അമ്മയാണ് അതെല്ലാം പറഞ്ഞുതന്നിട്ടുള്ളത്. ചർമം വരളാതിരിക്കാനും കരിവാളിപ്പ് മാറ്റാനും അരിപ്പൊടിയും തൈരും നാരങ്ങാനീരും തേനും കലർത്തിയുള്ള ഒരു പായ്ക്ക് ഇടും. ഇടയ്ക്ക് അലോവെര നീരും പപ്പായയുമൊക്കെ മുഖത്തു പുരട്ടാറുണ്ട്. രണ്ടാഴ്ചയിൽ ഒരിക്കൽ മുടി മിനുസമുള്ളതാകാൻ മുട്ട തേയ്ക്കും.

ഡോക്ടർ കുടുംബത്തിലാണ് ജീവിച്ചതെങ്കിലും മെഡിക്കൽ പഠനം സ്വന്തം തിരഞ്ഞെടുപ്പായിരുന്നെന്ന് എറിൻ പറയുന്നു.

‘‘ മോഡലിങും ഫാഷനുമൊക്കെ ഇഷ്ടമായിരുന്നു. അക്കാദമിക് രംഗത്ത് നിൽക്കുന്നവർ സൗന്ദര്യമത്സരം പോലുള്ളൊരു വേദിയിലേക്ക് എത്തുമ്പോൾ ഒട്ടേറെ ചോദ്യങ്ങളുണ്ടാകാം. അത്തരം ചിന്തകൾ വന്നപ്പോഴൊക്കെ ‘എറിൻ നീ തീർച്ചയായും പങ്കെടുക്കണം, കാരണം നിനക്ക് ഇതു ചെയ്യാനുള്ള കഴിവുണ്ട്,’ എന്ന് അമ്മയായിരുന്നു ധൈര്യം പകർന്നിരുന്നത്. ഇങ്ങനെയൊരു മത്സരത്തിൽ പങ്കെടുക്കാനായി ഏറ്റവുമാദ്യം മോട്ടിവേറ്റ് ചെയ്തതും അമ്മയാണ്.

ക്ലാസ്സുകൾ മിസ്സായാലും അസൈൻമെന്റ് ചെയ്യാനും മറ്റും പ്രഫസർമാരും സുഹൃത്തുക്കളുമൊക്കെ ഒരുപാട് സഹായിച്ചിരുന്നു. അച്ഛനും അമ്മയും ഡോക്ടർമാരാണ്. ആർമി ഒാഫിസർമാരുമാണ്.

എറിന്റെ അമ്മ മേജർ ഡോ. രേഖ സക്കറിയാസ് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ പീഡിയാട്രീഷനാണ്. അച്ഛൻ റിട്ട കേണൽ ഡോ. ടി.ആർ. ജോൺ ആസ്റ്റർ മെഡിസിറ്റിയിലെ മെഡിക്കൽ സർവീസസ് തലവൻ ആണ്.

അവരും എന്നെ ശക്തിയായി പിന്തുണച്ച് കൂടെനിന്നു. സൗന്ദര്യമത്സരത്തിന്റെ സെഷനുകളും മെഡിസിൻ ക്ലാസ്സുകളും എല്ലാം ബാലൻസ് ചെയ്തുകൊണ്ടുപോകാൻ സാധിച്ചത് അവരുടെ സഹായം കൊണ്ടുകൂടിയാണ്. പിന്നെ, ഒരു കാര്യം ചെയ്യാൻ എത്രമാത്രം നമ്മൾ ആഗ്രഹിക്കുന്നു, അതിനുവേണ്ടി എത്രകണ്ട് പ്രയത്നിക്കുന്നു, എന്നതും പ്രധാനമാണ്. ഞാൻ ഇത്തിരി ഡൗൺ ആയാൽ പിന്തുണയ്ക്കാനും തിരക്കുകളിൽ സഹായമാകാനും കുറേപേരുണ്ടായിരുന്നതുകൊണ്ടു മാത്രമാണ് മെഡിസിൻ പഠനത്തിന്റെ തിരക്കിലും മത്സരത്തിൽ വിജയിക്കാനായത്.

ഒരു സെലിബ്രിറ്റി ആകുന്നതിനല്ല ഞാൻ ഈ മത്സരത്തിൽ പങ്കെടുത്തത്. മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വം ആവുക എന്നതായിരുന്നു മനസ്സിൽ. ഞാൻ വൈദ്യമേഖലയിലാണ് പ്രവർത്തിക്കുന്നത്. നമ്മുടെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് ഒരുപാട് വിഷയങ്ങളിൽ ബോധവൽകരണം ആവശ്യമുണ്ട്. എന്റെ ഈ കിരീടം അതിനു നിമിത്തമായാൽ ഏറെ സന്തോഷം.

ഫാഷൻ, മോഡലിങ്, അഭിനയം ഇതെല്ലാം എനിക്ക് താൽപര്യമുള്ള കാര്യങ്ങളാണ്. പക്ഷേ, എല്ലാറ്റിലും ഉപരിയായി ഒരു നല്ല ഡോക്ടർ ആകണമെന്നാണ് എന്റെ ആഗ്രഹം. ഡോക്ടർ പ്രഫഷനോടൊപ്പം മോഡലിങ് പോലുള്ള കാര്യങ്ങളും കൊണ്ടുപോകണമെന്നാണ് മനസ്സിൽ. ’’

എറിന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ തിളക്കമുള്ള ചിരി വിടരുന്നു.

Tags:
  • Manorama Arogyam
  • Beauty Tips