Wednesday 18 August 2021 12:22 PM IST

‘എന്റെ കുഞ്ഞ് എന്റെ വയറിൽ സേഫ് ആണ്’: നിറവയറിൽ ഡാൻസ്, കുഞ്ഞിനെ വേണ്ടേ എന്ന് ചോദിച്ചവർക്ക് പാർവതിയുടെ മറുപടി

Sruthy Sreekumar

Sub Editor, Manorama Arogyam

parvathy

ഗർഭകാലത്തെ ആഘോഷമാക്കാൻ കൊതിക്കുന്ന സ്ത്രീകൾക്ക് പാർവതിയെ കണ്ടുപഠിക്കാം. നടിയും മോഡലും ആങ്കറുമെല്ലാമായി തിളങ്ങിയ പാർവതി തന്റെ ഗർഭകാലത്തിലും അതേ തിളക്കത്തോടെ തന്നെ മുന്നോട്ട് പോയി. കോവിഡ് കാലമായതിനാൽ വീടിനുള്ളിലെ സുരക്ഷിതത്വത്തിൽ നിന്നു കൊണ്ടു പാർവതി ഒമ്പത് മാസങ്ങളിലെ ഒാരോ ദിവസവും ആസ്വദിച്ചു. കോന്നിയാണ് സ്വദേശമെങ്കിലും ഗർഭകാലം മുഴുവൻ ഭർത്താവ് ബാലഗോപാലിനും കുടുംബത്തിനും ഒപ്പം തിരുവനന്തപുരത്തായിരുന്നു പാർവതി.

ഗർഭകാലത്തെ അവസാന മാസത്തിൽ നിറവയറുമായി ഡാൻസ് െചയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് െചയ്തതോടെ പാർവതി അക്ഷരാർത്ഥത്തിൽ വൈറലായി. പാർവതിയെ അനുകൂലിച്ചു വിമർശിച്ചും നിരവധി പേർ രംഗത്തു വന്നു. വിമർശനങ്ങളൊന്നും പാർവതിയെ അലട്ടിയതേയില്ല. ഹോസ്പിറ്റലിലേക്കു പോകുന്നതിനു 24 മണിക്കൂർ മുൻപ് ഡാൻസ് െചയ്ത വീഡിയോ ആയിരുന്നു വിമർശകർക്കുള്ള പാർവതിയുെട മറുപടി. മകനായ അവ്യുക്ത്തിനെ മാറോടണച്ചുപിടിച്ച്, ഗർഭകാലത്തിന്റെ അവസാനനാളുകളെ വായനക്കാർക്കു വേണ്ടി പാർവതി ഒാർമിക്കുന്നു.

നൃത്തം എന്നും പാഷൻ

‘‘പ്രസവത്തിനു ഒരാഴ്ച മുൻപും 24 മണിക്കൂറു മുൻപും ഒക്കെ ഞാൻ ഡാൻസ് ചെയ്തിരുന്നു. ഗർഭകാലം മുഴുവൻ ഞാൻ ഡാൻസും മറ്റും െചയ്തു വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇട്ടിരുന്നു. പക്ഷേ അതെല്ലാം വയറിനു മുകളിലേക്കു മാത്രമെ ഷൂട്ടു െചയ്തുള്ളൂ. കൺസ്ട്രക്ഷൻ മേഖലയിലാണ് ഞാൻ ജോലി നോക്കുന്നത്.കൂടാതെ സ്വന്തമായി ഇൻറ്റീരിയർ ഡിസൈനിങ് കമ്പനിയും ഉണ്ട്. കോവിഡ് ആയതിനാൽ ജോലിക്കു പോകാൻ പറ്റുന്നുണ്ടായിരുന്നില്ല. ശരിക്കും പറഞ്ഞാൽ ജോലിയും അഭിനയവും മറ്റുമായി 24 മണിക്കൂറും ആക്ടീവ് ആയിരുന്നു.

ആദ്യത്തെ മൂന്നുമാസം മിക്ക ഗർഭിണികൾക്കും ഉള്ള പോലെ മനംപുരട്ടലും മറ്റും ഉണ്ടായിരുന്നു. പക്ഷേ ഞാൻ മനപൂർവം അതിൽ നിന്നെല്ലാം ശ്രദ്ധ തിരിച്ചു ആക്ടീവ് ആകാൻ ശ്രമിച്ചു. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴെ ഒൻപതാം മാസത്തിൽ മാത്രമേ ആ വിവരം എല്ലാവരെയും അറിയിക്കുകയുള്ളൂവെന്ന് തീരുമാനിച്ചിരുന്നു. ശരിക്കും പറഞ്ഞാൽ കുഞ്ഞ് ജനിച്ചശേഷം അറിയിക്കാം എന്നായിരുന്നു ആദ്യം മനസ്സിൽ. പക്ഷേ ഞാൻ ധാരാളം ഉൽപന്നങ്ങളുെട പരസ്യങ്ങൾ െചയ്യുന്നുണ്ടായിരുന്നു, വീട്ടിൽ വച്ചുതന്നെ. അതിൽ വസ്ത്രങ്ങളും ഉൾപ്പെടും. വസ്ത്രത്തിന്റെ പരസ്യം െചയ്യുമ്പോൾ വയറ് മറയ്ക്കാൻ പ്രയാസമാണ്. അപ്പോഴാണ് അവസാന മാസത്തിൽ ഒരു മെറ്റേണിറ്റി വെയറിന്റെ ആൾക്കാർ എന്നെ സമീപിക്കുന്നത്. അതു ഞാൻ സമ്മതിച്ചു.

ആ ഷൂട്ടിലൂെടയാണ് ഗർഭിണിയാണെന്ന് എല്ലാവരെയും അറിയിക്കുന്നത്. ഞങ്ങളുെട വിവാഹവാർഷികദിനത്തിലായിരുന്നു അത്. അന്നു ഒരു ഡാൻസ് െചയ്തു വീഡിയോ ഇട്ടു. അതിനാണ് ഒരുപാട് വിമർശനം നേരിടേണ്ടിവന്നത്. അതിനു മറുപടി പോസ്റ്റും ഇട്ടും. എന്റെ കുഞ്ഞ് എന്റെ വയറിൽ സേഫ് ആണ് എന്ന ബോധ്യം ഉള്ളതു കൊണ്ടാണ് ഡാൻസ് െചയ്തത്. സന്തോഷം തരുന്ന ഒരു കാര്യം െചയ്തു, അത്രേയുള്ളൂ. നെഗറ്റീവ് കമന്റുകൾ വായിക്കുമ്പോൾ ഭയങ്കര വിഷമമാണ്. കുഞ്ഞിനെ കളയാൻ വേണ്ടിയാണ് ‍ഡാൻസ് െചയ്തത് എന്ന തരത്തിലുള്ള കമന്റുകളാണ് ഏറെ വേദനിപ്പിച്ചത്. ഒന്നു രണ്ടു ദിവസം സങ്കടത്തിലായിരിക്കും. പിന്നെ അതു വിട്ടുകളയും.

ഡോക്ടറുടെ അനുവാദം

മൂന്നാം മാസം തൊട്ടുതന്നെ ഞാൻ ഫോട്ടോഷൂട്ടുകൾ െചയ്യുന്നുണ്ടായിരുന്നു. അതെല്ലാം ഒരു സീരീസ് ആക്കി പ്രസിദ്ധീകരിക്കാൻ ആയിരുന്നു പ്ലാൻ. അതിനു മുൻപ് തന്നെ ഡാൻസ് വീഡിയോ വൈറലായി. ഡാൻസ് െചയ്യുന്നതിനു മുൻപ് തലേ ദിവസം സ്റ്റെപ്പും മറ്റും പ്ലാൻ െചയ്യും. ഇതെല്ലാം െചയ്യുന്നതിനു മുൻപ് ഗൈനക്കോളജിസ്റ്റിനോട് അനുവാദം വാങ്ങിയിരുന്നു. ഞങ്ങളുെട കുടുംബസുഹൃത്തുകൂടിയായ ജിജി ഹോസ്പിറ്റലിലെ ഡോ. മഞ്ജുഷ വിശ്വനാഥൻ ആയിരുന്നു ഡോക്ടർ. അമ്മ എന്ന നിലയിലുള്ള കെയർ ആണ് ഡോക്ടറുെട അടുത്തു നിന്നു കിട്ടിയത്. ഹോസ്പിറ്റലിലെ നഴ്സുമാരും അങ്ങനെ തന്നെ.

അഞ്ചാം മാസത്തിൽ ഒരു ദിവസം കുടുംബാംഗങ്ങൾ എല്ലാവരും ക്രിക്കറ്റ് കളിക്കുകയായിരുന്നു. ആ സമയം ഞാൻ ഡോക്ടറുമായി ഫോണിൽ സംസാരിച്ചപ്പോൾ എല്ലാവരും ക്രിക്കറ്റ് കളിക്കുന്ന കാര്യം പറഞ്ഞു. എന്നാൽ നിനക്കും പോയി കളിച്ചൂടേ എന്നായിരുന്നു ഡോക്ടർ ചോദിച്ചത്. ഞാൻ കളിക്കുകയും െചയ്തു. വലുതായി ഒാടുകയും മറ്റും െചയ്തില്ല. എന്നോട് വീട്ടിൽ സാധാരണ െചയ്തിരുന്ന എല്ലാ ജോലികളും െചയ്തു ആക്ടീവ് ആയിരിക്കാനാണ് ഡോക്ടർ പറഞ്ഞത്. അങ്ങനെ ആയാൽ നമ്മുെട കുഞ്ഞും നല്ല ആക്ടീവ് ആയിരിക്കുമല്ലോ. ഡാൻസ് െചയ്യുമ്പോഴെല്ലാം വയറ്റിൽ കിടന്നു കുഞ്ഞ് നന്നായി അനങ്ങുന്നുണ്ടായിരുന്നു.

തിരക്കിൽ ഗർഭകാലം

അവസാന മാസങ്ങളിലും ധാരാളം ഷൂട്ടുകൾ െചയ്തിരുന്നു. പക്ഷേ പുറത്തു പോയുള്ള ഷൂട്ടുകൾ ഒഴിവാക്കി. എന്നാൽ മെറ്റേണിറ്റി ഡ്രസ്സിന്റെ ഷൂട്ട് പുറത്തായിരുന്നു. നല്ല കരുതൽ എടുത്താണ് ഷൂട്ട് െചയ്തത്. ഫോട്ടോ എടുക്കുമ്പോൾ എനിക്കു മാസ്ക് ഇടാൻ പറ്റില്ലല്ലോ. അതുകൊണ്ടുതന്നെ ഫോട്ടോഗ്രാഫർമാരോട് നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് പറഞ്ഞിരുന്നു. പിന്നെ ഒാരോ ഫോട്ടോ എടുത്തു കഴിഞ്ഞും ഫോട്ടോഗ്രാഫറുെട അടുത്തു പോയി ഫോട്ടോ എങ്ങനെയുണ്ടെന്ന് നോക്കുന്ന ശീലമുണ്ടായിരുന്നു. അതെല്ലാം ഒഴിവാക്കി. ഷൂട്ടിനു മുൻപ് ഡോക്ടറോട് സംസാരിച്ചിരുന്നു. പേടിച്ച് ഒതുങ്ങികൂടേണ്ട കാര്യമില്ല എന്നായിരുന്നു ഡോക്ടർ പറഞ്ഞത്. കാരണം ഇങ്ങനെ പേടിച്ചാൽ ജീവിക്കാൻ പ്രയാസമാകും. സോഷ്യൽ ലൈഫ് ഇല്ലാതെ മുന്നോട്ടു പോകാൻ സാധിക്കുമോ?

ക്ലേ മോഡലിങ്, മ്യൂറൽ പെയിന്റിങ്, ഫോട്ടോഗ്രഫി പോലുള്ള എന്റെ ഹോബികൾ എല്ലാം ഈ ഗർഭകാലത്ത് പൊടിതട്ടിയെടുത്തു. വീടിന്റെ ഇന്റീരിയർ ശരിയാക്കി. ഭർത്താവിനു വേണ്ടി വീഡിയോ ഷൂട്ട് െചയ്തു കൊടുക്കുമായിരുന്നു. ഗർഭത്തിന്റെ അവസാന ദിവസങ്ങളിലും എല്ലാ വീട്ടുജോലികളും െചയ്യുമായിരുന്നു. വ്യായാമം എന്ന നിലയിൽ സ്ക്വാട്ട് െചയ്യുന്നുണ്ടായിരുന്നു.

പ്രസവത്തിനു തലേ ദിവസം പീത്‌‌സ വരെ ഉണ്ടാക്കി ഞാൻ. ഇങ്ങനെയൊക്കെ പറയുമ്പോൾ ഞാൻ ഭയങ്കര സ്റ്റാമിന ഉള്ള വ്യക്തിയാണെന്നു കരുതരുത്. നടുവേദന പോലുള്ളവ എനിക്കുണ്ടായിരുന്നു. ബുദ്ധിമുട്ടു തോന്നുമ്പോൾ ഞാൻ വിശ്രമിക്കും.

ഡിസംബർ ഏഴ് ആണ് പ്രസവതീയതി പറഞ്ഞിരുന്നത്. അഞ്ചാം തീയതി വൈകുന്നേരം ആശുപത്രിയിൽ അഡ്മിറ്റ് ആയി. അന്ന് ഹോസ്പിറ്റലിലേക്കു പോകുംമുൻപും ഡാൻസ് െചയ്തു. പ്രസവിക്കാൻ പോകുന്നത് നല്ല സന്തോഷത്തോടെ വേണ്ടേ?

പ്രസവത്തെ കുറിച്ച് എന്റെ അടുത്ത സുഹൃത്തുക്കൾ അവരുെട അനുഭവം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ എത്ര വേദന ഉണ്ടാകും എന്നൊക്കെ മനസ്സിൽ കണക്കുകൂട്ടിയിരുന്നു. പിന്നെ അത്യാവശ്യം നല്ല വേദനയൊക്കെ സഹിക്കുന്ന ആളാണ് ഞാൻ. ലേബർ റൂമിലേക്ക് മാറ്റി, ആദ്യത്തെ പരിശോധനയിൽ തന്നെ സെർവിക്സ് 50 ശതമാനത്തോളം വികസിച്ചിരുന്നതായി കണ്ടു. ഡാൻസ്, സ്ക്വാട്ട് പോലുള്ളവ ആയതുകൊണ്ടാവാം സെർവിക്സ് വളരെ വേഗത്തിൽ വികസിച്ചത്. പക്ഷേ അമ്നിയോട്ടിക് ദ്രാവകം െപാട്ടിച്ചതിനുശേഷമാണ് നല്ല പെയിൻ തുടങ്ങിയത്. ലേബർ റൂമിനുള്ളിൽ കൂടെയുണ്ടായിരുന്നത് അമ്മായിയമ്മയാണ്. ആഗ്രഹമുണ്ടെങ്കിൽ ഡാൻസ് െചയ്തോള്ളൂ എന്നാണ് ലേബർ റൂമിനകത്തു വച്ച് നഴ്സുമാരും ഡോക്ടറും പറഞ്ഞത്.

കേവിഡ് കാരണം വീട്ടുകാരുെട മുഴുവൻ സമയം പരിചരണം ലഭിച്ചിരുന്നു. മാത്രമല്ല വീട്ടിലെ പൊസിറ്റീവ് അന്തരീക്ഷവും. ഇതെല്ലാം ആവാം പ്രസവം അടുക്കറായപ്പോൾ പോലും ഒാരോ നിമിഷവും ആസ്വദിക്കാൻ സഹായിച്ചത്’’.