Wednesday 25 October 2023 10:31 AM IST : By സ്വന്തം ലേഖകൻ

മുഖത്തു വെളിച്ചെണ്ണ പുരട്ടും; നാരങ്ങാനീരും തേനും ചേർത്തു കഴിക്കും: മേക്കപ്പില്ലാതെ സുന്ദരിയാകുന്ന ശാന്തി കൃഷ്ണ മാജിക്

santhi-krishna-7

വെണ്ണിലാവാണോ ചന്ദനമാണോ എന്നറിയില്ല, ശാന്തി കൃഷ്ണയുെട അഴകിൽ അലിഞ്ഞുചേർന്നിരിക്കുന്നത്. കാരണം നിദ്രയിലൂെട മലയാളികളുെട മുന്നിലേക്കെത്തിയ ആ സൗന്ദര്യത്തിനും പ്രസരിപ്പിനും നാൽപതുവർഷങ്ങൾക്കിപ്പുറവും ഒരു കോട്ടവും തട്ടിയിട്ടില്ല. ചകോരം എന്ന സിനിമയിലൂെട കേരള സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരവും സവിധത്തിലൂെട മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും നേടിയ ശാന്തി കൃഷ്ണയുെട അഭിനയമികവിന്റെ ആരാധകരാണ് ഇന്നും മലയാളികൾ. ശാലീനതയുെടയും അഭിനയമികവിന്റെയും പര്യായമായ ശാന്തി കൃഷ്ണ തന്റെ ആരോഗ്യജീവിതം വായനക്കാരുമായി പങ്കുവയ്ക്കുന്നു.

നൃത്തം എന്ന ധ്യാനം

പാലക്കാട് ആണ് സ്വദേശമെങ്കിലും ഞാൻ ജനിച്ചതും വളർന്നതും മുംബൈയിൽ ആണ്. ആറു വയസ്സു മുതൽ തന്നെ ശാസ്ത്രീയ നൃത്തം പഠിക്കാൻ തുടങ്ങി. വളരുന്ന പ്രായത്തിൽ പ്രത്യേകിച്ച് ടീനേജ് പ്രായത്തിൽ ആരോഗ്യം കാത്തു സൂക്ഷിക്കാനും ആക്ടീവ് ആയി ഇരിക്കാനും നൃത്തം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ശരീരത്തിനും മനസ്സിനും തെളിച്ചം ലഭിക്കാനുമെല്ലാം നൃത്തം നല്ലതാണ്. രണ്ടു മൂന്നു വർഷമായി വീട്ടിൽ പോലും നൃത്തം പരിശീലിക്കാൻ സാധിക്കുന്നില്ല. നൃത്തം ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിനു ലഭിക്കുന്ന ഒരു ബലമുണ്ട് - അതെനിക്ക് ഇന്ന് മിസ് ചെയ്യുന്നു. നൃത്തത്തിലെ ചെറിയ അടവുകൾ പരിശീലിക്കാറുണ്ട്. സ്ട്രെച്ചിങ് പോലെയുള്ളത്. പക്ഷേ അതു പോരാ എന്ന് എനിക്ക് തന്നെ അറിയാം.

യോഗ, ധ്യാനം എന്നിവയൊന്നും പരിശീലിച്ചിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം നൃത്തം തന്നെയാണ് എന്റെ ധ്യാനം. കാരണം നൃത്തം ചെയ്യുമ്പോൾ നമ്മൾ മറ്റൊരു ലോകത്താണ്... എല്ലാം മറന്ന്.. നൃത്തത്തിൽ മാത്രം ലയിച്ച്.... സിനിമയിൽ വന്നശേഷവും നൃത്തം ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു.

വെജിറ്റേറിയൻ ആണ്

ഞാൻ വെജിറ്റേറിയനാണ്. കുട്ടിയായിരിക്കുമ്പോൾ തന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു വളരെ കുറവായിരുന്നു. അതിനാൽ ആവാം നന്നേ മെലിഞ്ഞ കുട്ടിയായിരുന്നു. ടീനേജ് ആയപ്പോഴാണു നന്നായി ഭക്ഷണം കഴിക്കാൻ തുടങ്ങിയത്. കാരണം നൃത്തം പരിപാടികളിൽ പങ്കെടുക്കുമ്പോൾ നമുക്ക് ആരോഗ്യവും ശരീരബലവും വേണമല്ലോ... എനിക്കു കേരളത്തിലെ വെജിറ്റേറിയൻ രുചികളാണ് ഏറ്റവും ഇഷ്ടം. പ്രത്യേകിച്ച് ആവിയിൽ വേവിച്ചവ. പുട്ട്, ഇടിയപ്പം പോലെ... വെജിറ്റേറിയൻ ആയതു കൊണ്ടു പണ്ട് അമേരിക്കയിലൊക്കെ പോകുമ്പോൾ കുറച്ചു പ്രയാസമായിരുന്നു. അപ്പോൾ സുഹൃത്തുക്കളുെട വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കും. വല്ലപ്പോഴും മുട്ട കഴിക്കാറുണ്ട്.

santhi-krishana

നാരങ്ങാവെള്ളം കുടിച്ച്

ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ അര നാരങ്ങയുെട നീരും ഒരു സ്പൂൺ തേനും ചേർത്തതു കുടിച്ചുകൊണ്ടാണ് എന്റെ ദിവസം ആരംഭിക്കുന്നത്. വളരെ നാളായി ഉള്ള ശീലമാണ്. ലൊക്കേഷനിൽ നാരങ്ങയും തേനും കിട്ടാൻ പ്രയാസമാണെങ്കിൽ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം മാത്രം കുടിക്കും. അതു കഴിഞ്ഞ് അരമണിക്കൂറിനകത്ത് ഒരു ചെറുപഴം കഴിക്കും. അരമണിക്കൂർ കഴിഞ്ഞാൽ ചായ കുടിക്കും. ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണം പോഹ (അവൽ) ആണ്. എണ്ണ കൂടുതലുപയോഗിക്കുന്ന പൂരി പോലുള്ളവ താൽപര്യമില്ല. ഉച്ചഭക്ഷണത്തിനു ചിലപ്പോൾ മോരോ കരിക്കിൻ വെള്ളമോ കുടിക്കും. ഉച്ചയ്ക്കു ഹെൽതി പ്ലേറ്റ് മാതൃകയാണ്. ചോറ് വളരെ കുറച്ചും കറികൾ കൂടുതലും. മോര് ഉറപ്പായും ഉണ്ടാകും. മോരിൽ മസാലപ്പൊടി, കായം ഒക്കെ ഇട്ടും കുടിക്കും. ചപ്പാത്തിയാണെങ്കിൽ ഒരെണ്ണം മാത്രം. വൈകുന്നേരത്തെ ചായയും കടിയും നിർബന്ധമല്ല. ലൊക്കേഷനിൽ ഇലയട പോലുള്ളവ കിട്ടിയാൽ കഴിക്കും. വൈകുന്നേരം ഫ്ലേവറുകൾ ചേർന്ന ഗ്രീൻ ടീയും കുടിക്കാറുണ്ട്. ചായയിലൊന്നും ഞാൻ പഞ്ചസാര ഉപയോഗിക്കാറില്ല. കോക്കനട്ട് ഷുഗറാണ് ഉപയോഗിക്കുന്നത്. രാത്രി ഭക്ഷണം 8.30 മണിക്കു മുൻപു കഴിച്ചിരിക്കും. ദോശയോ ഉപ്പുമാവോ ഒക്കെയാണ് അത്താഴം. ദോശമാവിൽ പച്ചക്കറികളും സവാളയും അരിഞ്ഞിട്ടു ഊത്തപ്പം പോലെ ഉണ്ടാക്കാറുണ്ട്. പണ്ടുമുതലേ ചോറ് രാത്രി കഴിക്കുന്ന ശീലമില്ല.

പ്രത്യേക വ്യായാമ ശീലങ്ങൾ ഒന്നുമില്ല. രാവിലെ അരമണിക്കൂർ നടക്കും. വീട്ടിലാണെങ്കിൽ ടിവി ഒാണാക്കി വച്ചു അതു കേട്ടുകൊണ്ടു നടക്കും. അപ്പോൾ ഒറ്റയ്ക്കു നടക്കുന്നതിന്റെ മടുപ്പ് അനുഭവപ്പെടില്ല. ഫ്ലെക്സിബിലിറ്റി കിട്ടാൻ ചില സ്ട്രെച്ചിങ് വ്യായാമങ്ങളും ചെയ്യാറുണ്ട്.

santhi6566

മുഖത്തു വെളിച്ചെണ്ണ

നല്ല കട്ടിയുള്ള, ചുരുണ്ട മുടിയായിരുന്നു എനിക്ക്. പതിയെ അതെല്ലാം നഷ്ടമായി. ഇന്നു മുടിക്കു മാത്രമായി ഒന്നും ചെയ്യാറില്ല. മുടി വല്ലാതെ വരണ്ടതായി തോന്നിയാൽ സീറം അല്ലെങ്കിൽ കുറച്ചു വെളിച്ചെണ്ണ ഉപയോഗിക്കും. അത്രമാത്രം. ചർമത്തിന്റെ സംരക്ഷണത്തിനായും പ്രത്യേകിച്ചു ഒന്നും െചയ്യാറില്ല. എന്റെ അമ്മയുെട ചർമം ഇന്നും മനോഹരമാണ്. എനിക്കും ആ പാരമ്പര്യം ലഭിച്ചിട്ടുണ്ട്. പണ്ടും കാര്യമായി മേക്കപ്പ് െചയ്യാറില്ല. ഡാൻസിനൊഴികെ. ഇന്നു സിനിമയിൽ ചെറിയ രീതിയിൽ മേക്കപ്പ് ചെയ്യാറുണ്ട്. എന്നും രാത്രി കിടക്കുന്നതിനു മുൻപു മുഖം നന്നായി കഴുകിയശേഷം വിർജിൻ കോക്കനട്ട് ഒായിൽ മുഖത്തു പുരട്ടും. എന്റെ ചർനം സെൻസിറ്റീവ് ആണ്. അതിനാൽ നല്ല മേക്കപ്പ് ഉൽപന്നങ്ങൾ അല്ല എങ്കിൽ പ്രശ്നമാണ്.

എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ പരിശോധനകൾ നടത്താറുണ്ട്. ബിപി ഉണ്ടെങ്കിലും നിയന്ത്രണവിധേയമാണ്. ഗുളിക കഴിക്കുന്നുണ്ട്. എന്റെ സ്ട്രെസ് ബസ്റ്റർ സംഗീതമാണ്. ഞാൻ സംഗീതം അഭ്യസിച്ചിട്ടുണ്ട്. റിലാക്സ് ആകാൻ മെലഡി പാട്ടുകൾ കേൾക്കാനാണു താൽപര്യം. എന്നാലും എല്ലാ തരം പാട്ടുകളും കേൾക്കാൻ ഇഷ്ടമാണ്.

എന്റെ മനസ്സിന്റെയും ശരീരത്തിന്റെയും സൗന്ദര്യത്തിന്റെ ക്രെഡിറ്റ് നൃത്തത്തിനാണ്, എന്നും അത് അങ്ങനെയായിരിക്കും...

  </p>