ശരീരഭാരം അതിരുകടന്നതോടെ ചിമ്പു എന്ന സിലമ്പരസന്റെ സിനിമാ കരിയർ അവസാനിച്ചു എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് അതിശയിപ്പിക്കുന്ന ഈ മേക്ക്ഒാവർ. അതികഠിനമായ പരിശീലനത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമാണ് ചിമ്പുവിന്റെ ഈ പുത്തൻ ലുക്ക്.
വർഷം 2018. മണിരത്നം സംവിധാനം ചെയ്യുന്ന ചെക്ക ചിവന്ത വാനം എന്ന സിനിമയുെട ഷൂട്ടിങ്. അതിലെ നടനായ സിലമ്പരസ ൻ എന്ന ചിമ്പുവിന്റെ ഒരു ഒാട്ടമാണ് ചിത്രീകരിക്കുന്നത്. ആ ചിത്രീകരണത്തിനിെട ചിമ്പുവിനു മനസ്സിലായി– തനിക്കു വേഗത്തിൽ ഒാടാൻ കഴിയുന്നില്ല, തന്റെ ശരീരം ഫിറ്റ് അല്ല. ശരീരഭാരം കൂടിയതു തന്നെ കാരണം. അന്നു ചിമ്പു തീരുമാനിച്ചു. ഇനി വൈകിക്കൂടാ.. ഫിറ്റ്നസിലേക്കുള്ള യാത്ര തുടങ്ങുക തന്നെ വേണം. അങ്ങനെ രണ്ടു വർഷത്തെ കഠിനാധ്വാനത്തിനു ശേഷം 105 കിലോ ആയിരുന്ന ശരീരഭാരം ചിമ്പു കുറച്ചു, 72 ആക്കി.
ഈശ്വരൻ എന്ന സിനിമയുെട പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ ചിമ്പുവിന്റെ പുതിയ രൂപം എല്ലാവരിലും സംസാരവിഷയമായി.
എല്ലാവരെയും ഞെട്ടിച്ച ആ മാറ്റം കണ്ടിട്ടു ശസ്ത്രക്രിയ ചെയ്തതാണെന്ന ചില ഗോസിപ്പുകൾ വരെ വന്നിരുന്നു. എന്നാൽ സ്വന്തം യൂട്യൂബ് ചാനലിൽ തന്റെ ഫിറ്റ്നസിലേക്കുള്ള യാത്രയുെട ഒാരോ ഘട്ടവും ചിത്രീകരിച്ചു ജനങ്ങൾക്കു മുൻപിൽ എത്തിച്ചു ചിമ്പു.

വെജിറ്റേറിയൻ ആയി
ശരീരഭാരം കുറയ്ക്കാൻ വ്യായാമത്തോടൊപ്പം ഭക്ഷണരീതി ആരോഗ്യകരമാക്കുകയാണു ചിമ്പു െചയ്തത്. ജങ്ക് ഫൂഡ് പൂർണമായി ഒഴിവാക്കി. സസ്യേതര ഭക്ഷണം ഉപേക്ഷിച്ചു വെജിറ്റേറിയൻ ആയി. മിക്കവാറും സ്വന്തമായി പാചകം െചയ്താണു കഴിച്ചിരുന്നത്. എപ്പോഴും പോഷകസമൃദ്ധമായതും ക്ഷാരഗുണമുള്ള ഭക്ഷണപദാർഥങ്ങളാണു തിരഞ്ഞെടുക്കാറുള്ളത്. കാലറി വളരെ കുറഞ്ഞ ഡയറ്റായിരുന്നു ചിമ്പുവിന്റേത്. ദ്രാവകരൂപത്തിലുള്ള ഡയറ്റും എടുത്തിരുന്നു. ചില സാലഡുകൾ അദ്ദേഹത്തിന് ഇഷ്ടമല്ലെങ്കിലും അതു ജൂസ് രൂപത്തിലാക്കി കുടിക്കുമായിരുന്നു. പ്രോട്ടീൻ കൂടിയ, കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഡയറ്റാണു ചിമ്പു സ്വീകരിച്ചത്.
തീവ്രമായ ട്രെയിനിങ്
2019 നവംബറിലാണു ചിമ്പു ശാരീരികപരിശീലനം ആരംഭിച്ചത്. ശരീരഭാരം കുറയ്ക്കാൻ അതികഠിനമായ ശാരീരികപ്രവർത്തനങ്ങളാണു ചിമ്പു സ്വീകരിച്ചത്. സന്ദീപ് രാജ് ആയിരുന്നു ചിമ്പുവിന്റെ ഫിറ്റ്നസ് ട്രെയിനർ. ചിമ്പുവിന്റെ അടുത്ത സുഹൃത്ത് സന്ദീപിന്റെ പക്കൽ ട്രെയിനിങ്ങിനു പോവുകയും സിക്സ് പായ്ക്ക് വരെ നേടുകയും െചയ്തതു നേരിൽ കണ്ടാണു ചിമ്പു സന്ദീപിനെ സമീപിക്കുന്നത്.
ശരീരഭാരം കൂട്ടുന്നതിനെ കുറിച്ച് ഒരിക്കലും ചിന്തിക്കരുതെന്നും അഥവാ കൂടിയാൽ അതു കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുകയോ െചയ്യരുതെന്നും ട്രെയിനിങ്ങിന്റെ തുടക്കത്തിൽ ചിമ്പു പറയുന്നുണ്ട്. ഭാരം കുറയ്ക്കുക എന്നത് അത്രയ്ക്കു കഠിനമാണെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. അതിരാവിലെ 4.30നു ചിമ്പുവിന്റെ ദിവസം ആരംഭിക്കും. തുടർന്നു കുറച്ചു ദൂരം നടത്തം. നടത്തം കഴിഞ്ഞു ജിമ്മിലെ പരിശീലനം. ശരീരത്തിന്റെ ഒാരോ ഭാഗത്തിനു വേണ്ടിയും ചിമ്പു പരിശീലനം നടത്തും. ആഴ്ചയി ൽ നാലോ അഞ്ചോ ദിവസം ജിമ്മിൽ വർക്കൗട്ട് ഉണ്ടാകും. 2020 ഫെബ്രുവരിയോടെ ചിമ്പുവിന്റെ ഭാരം 87 കിലോ ആയി കുറഞ്ഞു. എന്നാൽ കോവിഡ് വന്ന് എല്ലാം അടഞ്ഞതോടെ വീണ്ടും ശരീരഭാരം കൂടി തുടങ്ങി. പിന്നീടു ജൂണിലാണു കൃത്യമായ വർക്കൗട്ടുകൾ വീണ്ടും ആരംഭിച്ചത്. ഒടുവിൽ ചിമ്പു ശരീരഭാരം 72 കിലോയിലെത്തിച്ചു.
ബോക്സിങ് മുതൽ കളരിപ്പയറ്റു വരെ
വലിയ സ്പോർട്സ് പ്രേമിയാണു ചിമ്പു. ആ ഇഷ്ടം ശരീരഭാരം കുറയ്ക്കാനും അദ്ദേഹം ഉപയോഗപ്പെടുത്തി. സമയം ലഭിക്കുമ്പോൾ നീന്തൽ, കിക്ക് ബോക് സിങ്, ക്രിക്കറ്റ്, ടെന്നിസ്, കുതിരയോട്ടം, ഫുട് ബോ ൾ എന്നിവയും പരിശീലിച്ചു. വെയ്‌റ്റ് ലോസ് യാത്രയുെട അവസാനഘട്ടത്തിൽ ചിമ്പു കേരളത്തിലും എത്തിയിരുന്നു. കളരിപ്പയറ്റിൽ പരിശീലനം നേടി. നടി ശരണ്യാ മോഹനിൽ നിന്നു ശാസ്ത്രീയ നൃത്തവും അഭ്യസിച്ചു.
എല്ലാവരും തള്ളിക്കളഞ്ഞ അവസ്ഥയിലും തനിക്കൊപ്പം നിന്ന ആരാധകർക്കും തന്നെ സ്നേഹിക്കുന്നവർക്കും വേണ്ടിയാണു ചിമ്പു ഈ മേക്ക്ഒാവർ നടത്തിയത്. അവരുെട പ്രതീക്ഷകൾ വെറുതെയായില്ല എന്നു ചിമ്പു തെളിയിച്ചു.