Monday 25 April 2022 04:56 PM IST : By മനോരമ ആരോഗ്യം ആർകൈവ്

കോങ്കണ്ണിന് സർജറി അനിവാര്യമെന്ന ധാരണ തെറ്റ്; മുതിർന്നവരിലെ കോങ്കണ്ണും പരിഹരിക്കാൻ വഴിയുണ്ട്: വിദഗ്ധ അഭിപ്രായം അറിയാം

ewr435

ആത്മാവിലേക്കുള്ള കിളിവാതിലുകളാണ് ക ണ്ണുകൾ. സൗന്ദര്യസങ്കൽപങ്ങളിൽ വിടർന്ന കണ്ണുകൾക്ക് പ്രത്യേക സ്ഥാനം തന്നെയുണ്ട്. കണ്ണുകളിലെ ചെറിയ തകരാറുകൾ മുഖസൗന്ദര്യത്തിനു കോട്ടം വരുത്താം. അത്തരമൊരു പ്രശ്നമാണ് കോങ്കണ്ണ് (Squint Eye).

രണ്ടു കണ്ണുകളും ഒരേ ബിന്ദുവിലോ ദിശയിലോ കേന്ദ്രീകരിക്കാനാവാത്ത രോഗാവസ്ഥയാണിത്. അ‍ഞ്ചു ശതമാനം വരെ കുട്ടികൾക്ക് ചെറിയ രീതിയിൽ കോങ്കണ്ണ് കണ്ടുവരുന്നു. ശൈശവത്തിലോ കുട്ടിക്കാലത്തോ കൗമാരത്തിലോ മുതിർന്നതിനുശേഷമോ കോങ്കണ്ണു വരാം. ചില കുട്ടികൾക്ക് ജന്മനാ തന്നെ കോങ്കണ്ണുണ്ടായിരിക്കും. ഷോർട്ട് സൈറ്റ് അഥവാ മയോപ്പിയ, ചിലതരം കാഴ്ചപ്രശ്നങ്ങൾ ഇവയുടെ പാർശ്വഫലമായി കോങ്കണ്ണ് രൂപപ്പെടാം. ചിലരിൽ പ്രത്യേക കാരണങ്ങൾ കൂടാതെ സ്വാഭാവിക രീതിയിൽത്തന്നെ കോങ്കണ്ണ് രൂപപ്പെടാറുണ്ട്.

കോങ്കണ്ണു മൂലം ആംബ്ലിയോപ്പിയ എന്ന വൈകല്യം ഉണ്ടാകും. ഇതിന് ‘Lazy eye’ എന്നും പറയും. കോങ്കണ്ണിന്റെ ആരംഭത്തിനു മുൻ പ് കുട്ടി കാഴ്ച വ്യക്തമാകാൻ തല ചെരിച്ചു നോക്കിത്തുടങ്ങും. വൈകല്യമുള്ള കണ്ണിന്റെ പരിമിതി പരിഹരിക്കാനായിരിക്കും. കുട്ടി തല ചരിക്കുന്നത്. കൂടാതെ തലവേദനയോ കണ്ണിനുവേദനയോ ഉണ്ടായി എന്നും വരാം. കണ്ണിന്റെയും തലച്ചോറിന്റെയുമൊ ക്കെ വികാസം ഏകദേശം എട്ടു വയസ്സുകൊണ്ടവസാനിക്കുന്നതിനാൽ ഈ പ്രായത്തിനുള്ളിൽ വൈകല്യം പരിഹരിക്കണം.

വൈകല്യം പൂർണമായി ബാധിച്ചു കഴിഞ്ഞാൽ ചികിത്സയോ ഓപ്പറേഷനോ കൊണ്ട് കാര്യമായ ഫലം ലഭിക്കണമെന്നില്ല. ഈ അവസ്ഥയിൽ കോങ്കണ്ണ് സ്ഥായിയായ കാഴ്ച വൈകല്യത്തിനു കാരണമായിത്തീരും. കാഴ്ചയ്ക്കുള്ള അഭംഗി കാരണം വ്യക്തിയിൽ അപർഷതാബോധം രൂപപ്പെടാം. കോങ്കണ്ണുള്ള കുട്ടികളെ മറ്റുള്ളവർ പരിഹസിക്കും എന്ന ധാരണ കുട്ടിയുടെ ആത്മാഭിമാനത്തിനു ക്ഷതമേൽപിക്കുന്നു.

ചികിത്സകൾ പലതരം

‘ആംബ്ലിയോപ്പിയാ’ പ്രശ്നത്തിന് ഒരു പരിധിവരെ കണ്ണട ഗുണം ചെയ്യും. എട്ടു വയസ്സിനു മുൻപ് ശസ്ത്രക്രിയയിലൂടെ ആംബ്ലിയോപ്പിയ രൂക്ഷമാകാനുള്ള സാധ്യതകൾ ഒഴിവാക്കുന്നതാണ് നല്ലത്. ചില കേസുകളിൽ ഒാപ്പറേഷനുശേഷവും ഇതു മാറിയില്ലെന്നു വരാം.എങ്കിൽ ഡോക്ടർ നിർദേശിക്കുന്ന ചികിത്സകൾ തുടരണം. രണ്ടാമതായി കണ്ണട വയ്ക്കുകയും ആറു മാസത്തിൽ ഒരിക്കലെങ്കിലും കൃത്യമായ പരിശോധനകൾ നടത്തുകയും വേണം.

ഓപ്പറേഷൻ ആവശ്യമാണെന്നു ഡോക്ടർ നിർദേശിച്ചു കഴിഞ്ഞാൽ ഒട്ടും വൈകാതെ ശസ്ത്രക്രിയ ചെയ്യണം. ശസ്ത്രക്രിയ വൈകിയാൽ അതിനുശേഷവും ത്രിമാന കാഴ്ച ലഭിച്ചില്ലെന്നു വരാം. കണ്ണിനെ ചലിപ്പിക്കുന്ന പേശികളുടെ പ്രവർത്തന സാധ്യത കൂട്ടിയോ കുറച്ചോ കണ്ണിന്റെ ബാലൻസ് നിലനിർത്തുകയാണ് ഓപ്പറേഷനിലൂടെ ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്ക് സാധാരണ അഡ്മിറ്റ് ചെയ്യേണ്ടിവരില്ല. രാവിലെ ആശുപത്രിയിലെത്തിയാൽ വൈകുന്നേരത്തോടെ ശസ്ത്രക്രിയയ്ക്കുശേഷം മടങ്ങാം.

കോങ്കണ്ണ് ഓപ്പറേഷൻ അതിസങ്കീർണവും കണ്ണുകൾക്ക് അഭംഗിയുണ്ടാക്കുന്നതുമാണ് എന്ന ധാരണ ശരിയല്ല. ഓപ്പറേഷൻ താരതമ്യേന ലളിതമാണ്. കണ്ണുകൾക്ക് അഭംഗിയോ നിറഭേദമോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാക്കാറില്ല. കോങ്കണ്ണിന് സർജറി അനിവാര്യമാണ് എന്ന ധാരണയും ശരിയല്ല. ചിലതരം കോങ്കണ്ണ്, കണ്ണടകളുടെ ഉപയോഗം കൊണ്ടോ നേത്രവ്യായാമങ്ങൾ കൊണ്ടോ ഭേദപ്പെടുത്താനാവും.

മുതിർന്നാൽ കോങ്കണ്ണ് ഓപ്പറേഷൻ ചെയ്തു മാറ്റാനാവില്ല എന്നു കരുതുന്നവരുണ്ട്. ഓപ്പറേഷൻ മുതിർന്നവരിലും ഫലപ്രദമാണ്. രണ്ടു കണ്ണുകളും നേരേ ആവുകയും ചെയ്യും. എന്നാൽ കുട്ടിക്കാലത്തു ചെയ്യുന്ന ഓപ്പറേഷനാണ് കൂടുതൽ ഫലപ്രദം എന്നു മാത്രം. സങ്കീർണതകളും പരിമിതമായിരിക്കും.

കുത്തിവയ്പും ഉണ്ട് കണ്ണിനെ ചലിപ്പിക്കുന്ന പേശികളിൽ കുത്തിവയ്പു നൽകി അതിന്റെ അധിക പ്രവർത്തനം പരിമിതപ്പെടുത്തുന്ന രീതിയാണ് ബോട്ടുലിനം ടോക്സിൻ ഇൻജക്‌ഷൻ. മിക്കവാറും ഒറ്റ കുത്തിവയ്പ് െകാണ്ടുതന്നെ അ നുകൂല ഫലം ലഭിക്കും. മറ്റുപല ചികിത്സകൾക്കും ബോട്ടുലിനം ഇൻജക്‌ഷൻ ആവർത്തിക്കാറുണ്ടെങ്കിലും നേത്രചികിത്സയിൽ അപൂർവമാണ്. കുട്ടികൾക്ക് ഈ കുത്തിവയ്പു നൽകാറില്ല.

Tags:
  • Daily Life
  • Manorama Arogyam