Thursday 30 January 2025 03:09 PM IST

‘വണ്ണം കുറയ്ക്കാൻ കൊതിച്ചു, വില്ലനായത് പിസിഒഡി’: കൊഴുപ്പിനു പകരം നീർക്കെട്ട് കുറച്ച് വിദ്യയുടെ സൂപ്പർ ഡയറ്റ്

Sruthy Sreekumar

Sub Editor, Manorama Arogyam

vidya-balan-414

അഭിനയശേഷി കൊണ്ട് ഇന്ത്യയൊട്ടുക്കുള്ള സിനിമാപ്രേമികളെ വിസ്മയിപ്പിച്ച അഭിനേത്രിയാണു മലയാളിയായ വിദ്യാ ബാലൻ. വിദ്യ ഇന്നു തന്റെ മേക്ക്ഒാവർ കൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. സിൽക് സ്മിതയുെട കഥ ‘ഡേർട്ടി പിക്ചർ’ എന്ന പേരിൽ അഭ്രപാളികളിൽ എത്തിയപ്പോൾ സിൽക്കായി വേഷമിട്ട വിദ്യ, ആ കഥാപാത്രത്തിനു വേണ്ടി ശരീരഭാരം കൂട്ടിയിരുന്നു. തന്റെ കരിയറിൽ ഉടനീളം വണ്ണമുള്ള പെൺകുട്ടി എന്ന പേര് താൻ കേൾക്കേണ്ടി വന്നിട്ടുണ്ട് എന്നു വിദ്യ പറഞ്ഞിട്ടുണ്ട്. സൈസ് സീറോ ഫിഗർ ഉള്ള നടിമാരെ കൊണ്ടു സമ്പന്നമായ ബോളിവുഡിൽ ശരീരവണ്ണത്തിന്റെ പേരിൽ ഒരുപാട് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടുണ്ടു വിദ്യയ്ക്ക്.

താൻ ജീവിതത്തിലുടനീളം മെലിഞ്ഞിരിക്കാൻ കഠിനമായി പരിശ്രമിച്ചുണ്ടെന്നും ഭ്രാന്തമായ രീതിയിൽ ഡയറ്റും വ്യായാമവും െചയ്തിട്ടുണ്ടെന്നും അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വിദ്യ പറഞ്ഞു.

‘‘ ഒാരോ തവണ ശരീരഭാരം കുറയ്ക്കുമ്പോഴും കുറച്ചുനാളുകൾ കഴിഞ്ഞു കുറഞ്ഞ ഭാരം അതുപോലെ തിരികെ വരും. അങ്ങനെയിരിക്കെയാണ് ചെന്നൈയിൽ ഉള്ള ഒരു ന്യൂട്രിഷനൽ ഗ്രൂപ്പായ അമൂറയെ കുറിച്ച് അ റിയുന്നത്. അവരാണു പറഞ്ഞത് എന്റെ ശരീരത്തിലേതു കൊഴുപ്പല്ല മറിച്ചു നീർക്കെട്ട് അഥവാ ഇൻഫ്ലമേഷൻ ആണെന്ന്. ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കുന്ന ഡയറ്റാണ് അവർ എനിക്കു നിർദേശിച്ചത്. അതു ഫലം കാണുകയും എന്റെ ശരീരഭാരം നന്നായി കുറയുകയും െചയ്തു. ’’ വിദ്യ പറയുന്നു.

നീർക്കെട്ട് കുറയ്ക്കാൻ

വിദ്യയുെട ശരീരത്തിനു യോജിച്ച ഭക്ഷണം നിർദേശിച്ചും യോജിക്കാത്തവ ഒഴിവാക്കിയുമുള്ള ഡയറ്റാണ് അമൂറ നി ർദേശിച്ചത്. വെജിറ്റേറിയൻ ആയ വിദ്യയ്ക്കു പാലക്കിലയും ചുരക്കയും തനിക്കു യോജിച്ച പച്ചക്കറികൾ അ ല്ല എന്നുള്ള കാര്യം അറിവുണ്ടായില്ല. പുതിയ ഡയറ്റിൽ ഇവ ഒഴിവാക്കി.

‘‘നമ്മൾ വിചാരിക്കില്ലേ എല്ലാ പച്ചക്കറികളും നമുക്കു നല്ലതാണെന്ന്. എന്നാൽ അതങ്ങനെയല്ല. നമുക്ക് എന്താണ് നല്ലത് എന്നു കണ്ടുപിടിക്കണം. ഒരാൾക്കു ഗുണമുള്ളതു മറ്റൊരാൾക്കു ന ല്ലതായിരിക്കണമെന്നില്ല.’’ വിദ്യ പറയുന്നു.

വ്യായാമം ഇല്ല !

വിദ്യ പങ്കുവച്ച മറ്റൊരു വിസ്മയകരമായ കാര്യമെന്തെന്നാൽ അവർ വർക്കൗട്ട് ചെയ്യുന്നതു നിർത്തിയിരുന്നു എന്നാണ്. അമൂറയിലെ വിദഗ്ധരുെട നിർദേശപ്രകാരമായിരുന്നു അത്. ഒരു വർഷത്തോളം വർക്കൗട്ട് ഒന്നും െചയ്തില്ല എന്നുവിദ്യ പറയുന്നുണ്ട്.

തനിക്ക് പിസിഒഡി ഉൾ‌പ്പെടെയുള്ള ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വിദ്യ പറയുന്നു. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കുക പ്രയാസമായിരുന്നുവെന്നും. ഡെർട്ടി പിക്ചർ സിനിമ ഉൾപ്പെടെ അഞ്ചു തുടരെയുള്ള ഹിറ്റ് സിനിമകൾക്കു ശേഷം ഇറങ്ങിയ ഒരു സിനിമ ഫ്ലോപ് ആയത് വിദ്യയെ വല്ലാതെ ഉലച്ചു. ഡേർട്ടി പിക്ചർ സിനിമയ്ക്കു ശേഷവും വിദ്യയുെട ശരീരഭാരം വർധിച്ചിരുന്നു. സിനിമകളുെട തോൽവിക്കു കാരണം തന്റെ ശരീരമാണെന്ന ചിന്ത ഉടലെടുത്തതായി വിദ്യ മറ്റൊരു അഭിമുഖത്തിൽ പറയുന്നുണ്ട്.

എന്തുകൊണ്ടു വണ്ണം കൂടുന്നു എന്നു കൃത്യമായി തിരിച്ചറിയുന്നതാണ് വെയ്റ്റ്‌ലോസിന്റെ ആദ്യ പടി. തന്റെ വണ്ണത്തിന്റെ കാരണം മനസ്സിലാക്കിയതിലായിരുന്നു വിദ്യയുെട വിജയം. ഇത് എല്ലാവർക്കും മാതൃകയാക്കാവുന്നതാണ്...

ഇൻഫ്ലമേഷൻ തടയും ഭക്ഷണം

നമ്മുെട ശരീരത്തിൽ വരുന്ന പല രോഗങ്ങളുെടയും പരുക്കുകളുെടയും ഭാഗമായി വരുന്ന വേദനകൾ, നീർവീക്കം, നിറവ്യത്യാസം എന്നിവയെ ആണ് ഇൻഫ്ലമേഷൻ എന്നു പറയുന്നത്. ഇതു ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ്. ഇ ൻഫ്ലമേഷനെ രണ്ടു രീതിയിൽ തരംതിരിക്കാം. അ ക്യൂട്ട് ഇൻഫ്ലമേഷനും ക്രോണിക് ഇൻഫ്ലമേഷനും. അതായത് പെട്ടെന്നുണ്ടാകുന്ന ഇൻഫ്ലമേഷനും വിട്ടുമാറാതെ നിൽക്കുന്ന ഇൻഫ്ലമേഷനും. ഒാട്ടോ ഇമ്യൂൺ രോഗങ്ങൾ കാരണം ഇൻഫ്ലമേഷൻ വിട്ടുമാറാതെ നിൽക്കും.

ഇൻഫ്ലമേഷൻ കൊണ്ടു ശരീരഭാരം വർധിക്കാം. ഈ സാഹചര്യത്തിൽ ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ് അവലംബിക്കാം. ആന്റി ഒാക്സിഡന്റുകൾ നന്നായി അടങ്ങിയ ഭക്ഷണപദാർഥങ്ങൾ, ശരീരത്തിനാവശ്യമായ നല്ല കൊഴുപ്പ് അടങ്ങിയ ഭക്ഷണം എന്നിവ കഴിക്കാം. സംസ്കരിച്ച ഭക്ഷണം ഒഴിവാക്കണം. ഇലക്കറികൾ, പലതരം ബെറികൾ (സ്ട്രോബെറി, ബ്ലൂബെറി പോലുള്ളവ), നല്ല കൊഴുപ്പ് അടങ്ങിയ മത്സ്യം, നട്സ്, വിത്തുകൾ എന്നിവ ഉൾപ്പെടുത്താം. കറികളിൽ മണവും രുചിയും വർധിപ്പിക്കാൻ ചേർക്കുന്ന മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി എന്നിവയിൽ ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ ഉണ്ട്.

ആന്റി ഇൻഫ്ലമേറ്ററി ഡയറ്റ്  എപ്പോഴും വ്യക്തിഗതമായിരിക്കും.  ഒാരോ  വ്യക്തിയുെടയും ആ രോഗ്യസ്ഥിതിക്ക്  അനുസരിച്ചാണ്  ഇൻഫ്ലമേഷ ൻ കുറയ്ക്കുന്ന ഭക്ഷണം തീരുമാനിക്കേണ്ടത്.

മറ്റു വിവരങ്ങൾക്കു കടപ്പാട്

രജിതാ ജഗേഷ്

ഡയറ്റീഷൻ,

തിരുവനന്തപുരം