Wednesday 31 August 2022 04:38 PM IST

കന്നിപ്പെണ്ണിനെ കണ്ണുവയ്ക്കല്ലേ! കല്യാണത്തിന് സുന്ദരിക്കുട്ടിയാകാൻ പത്ത് ടിപ്സ്

Lakshmi Premkumar

Sub Editor

wed

വെളിച്ചങ്ങൾ അണയാത്ത ഒരു രാത്രി. സന്തോഷങ്ങൾക്കും കുശലം പറച്ചിലുകൾക്കും കണ്ണുടക്കലുകൾക്കുമിടയിൽ അവൾ ഒരു രാജകുമാരിയെപ്പോലെ ഉദിച്ചുയരണം. പെൺകുട്ടിയുടെ വിവാഹ സങ്കൽപങ്ങൾക്ക് ഏഴഴകു വരുന്നത് അവൾ കാണുന്ന സ്വപ്നങ്ങളിലൂടെയാണ്.

വിവാഹത്തിന് ഇപ്പോൾ എല്ലാവർക്കും ഗ്രാൻഡ് ആൻഡ് എലഗന്റ് ലുക് മതി. പക്ഷേ, അത്ര എളുപ്പമൊന്നും ഈ ലുക്ക് സ്വന്തമാക്കാൻ കഴിയില്ല. അതുകൊണ്ട് ‘കോംപ്രമൈസ്’ ‘അഡ്ജസ്റ്റ്മെന്റ്’ ഈ ര ണ്ടു വാക്കുകളും തൽക്കാലം പെട്ടിയിൽ വച്ച് പൂട്ടാം.

ശരീരത്തിനും മുഖത്തിനുമൊപ്പം മനസ്സിനും സൗന്ദര്യം പകർന്ന് ആരെയും ആകർഷിക്കുന്ന സുന്ദരിക്കുട്ടിയാകാനുള്ള കൗണ്ട്ഡൗൺ ഇതാ, തുടങ്ങിക്കോളൂ...

നിശ്ചയം കഴിഞ്ഞാൽ ശ്രദ്ധ വേണം

പെട്ടെന്നൊരു ദിവസമങ്ങ് സുന്ദരിയായി മാറുന്നത് സ്വപ്നത്തിൽ മാത്രമാണ്. കല്യാണത്തിന് ഒരു മാസം മുൻപെങ്കിലും ഭക്ഷണത്തിലും ആരോഗ്യത്തിലും കൃത്യമായ ചിട്ടയോടെയുള്ള ഒരുക്കങ്ങൾ തുടങ്ങണം.

പലരും തിരക്കിലും പൊടിയിലും സ്ഥിരമായി യാത്ര ചെയ്ത് ജോലിക്കു പോകുന്നവരാണ്. വിവാഹം തീരുമാനിച്ചാൽ ദിവസം അരമണിക്കൂർ എങ്കിലുംസുന്ദരിയാകാൻ നീക്കി വച്ചേ പറ്റൂ. ജീവിത ശൈ ലി മാറ്റാം. ഭക്ഷണ രീതി കൂടുതൽ ആരോഗ്യകരമാക്കാം. അവഗണിച്ചു കിടന്ന സൗന്ദര്യ പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം കണ്ടെത്താം. ആവശ്യമെങ്കിൽ ഡോക്ടറുടെ സഹായം തേടാം.

മൈലാഞ്ചി കല്യാണത്തിന് കണ്ണുകൾക്ക് ഹൈലൈറ്റ്

പണ്ടൊക്കെ ചില സമുദായങ്ങളിൽ മാത്രമേ മൈലാഞ്ചി കല്യാണമുണ്ടായിരുന്നുള്ളൂ എങ്കിൽ ഇന്ന് അ ങ്ങനെയല്ല. മിക്ക വീടുകളിലും തലേ ദിവസത്തെ പ്രധാന പരിപാടിയാണ് മൈലാഞ്ചി കല്യാണം. സാരിയും സെറ്റുമുണ്ടും ഉപേക്ഷിച്ച് വസ്ത്രധാരണം വ ധുവിന്റെ കംഫർട് സോണിലേക്ക് മാറി.

ലെഹങ്കയോ ഗൗണോ ആണ് ഇന്ന് കൂടുതലും ട്രെൻഡിലുള്ളത്. രാത്രിയിലെ ആഘോഷമായതുകൊണ്ട് ബ്രൈറ്റ് നിറങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സ്കിൻ കോംപ്ലക്‌ഷൻ ഏതുതന്നെയായാലും രാത്രിയിലെ ഫംങ്ഷന് ഏറ്റവും ഇണങ്ങുന്നത് ബ്രൈറ്റ് നിറങ്ങളിൽ ഗോള്‍ഡനോ സിൽവറോ വർക്ക് ചെയ്തവയായിരിക്കും. ബ്രൈറ്റ് നിറങ്ങളിൽ ഷിമ്മർ മിക്സ് ചെയ്ത വസ്ത്രങ്ങളും വധുവിനെ രാജകുമാരിയാക്കും. കണ്ണുകൾക്കും മുടിക്കുമാണ് രാത്രി ആഘോഷങ്ങളിൽ പ്രാധാന്യം നൽകേണ്ടത്. ഐഷാഡോ നൽകുമ്പോൾ ഡ്രസ്സിന്റെ നിറത്തിനൊപ്പം ഗോൾഡൻ ഷേഡ് കൂടി നൽകാം. സ്മോക്കി ഐസ് മേക്കപ്പ് പൂർണമായി ഒഴിവാക്കാം. കണ്ണുകൾക്ക് മുകളിലും താഴെയും മനോഹരമായി കാജൽ എഴുതാം.

വാങ്ങാം, പേസ്റ്റൽ കളർ സാരിയിൽ ഡീപ് ഷേഡ് ബോർഡർ

കാഞ്ചീപുരം സാരി വാങ്ങുമ്പോൾ ഒാർത്തോളൂ, പ്ലെയിൻ നിറങ്ങൾക്കു പകരം ബ്രൊക്കേഡ് പ്ലെയിൻ വിത് ബോർഡറാണ് ഇപ്പോൾ ഇൻ. സാരിയേക്കാൾ കൂടുതൽ ബ്ലൗസുകൾക്കാണ് പ്രാധാന്യം. കോൺട്രാസ്റ്റ് ത്രീ ഫോർത് സ്ലീവിൽ ഹെവി വർക്കോടു കൂടിയ ബ്ലൗസ് ട്രെൻഡിങ്ങിൽ ഒന്നാമത്.

സാരിയിൽ ആധിപത്യം ഉണ്ടായിരുന്ന റെഡ്, മെറൂൺ, വയലറ്റ്, മജന്ത എന്നീ നിറങ്ങൾക്ക് പകരം പേസ്റ്റൽ നിറങ്ങളിൽ കടും നിറത്തോടു കൂടിയ ബ്രൊക്കേഡ് ബോർഡറുകൾ ഇൻ ആയി. ലൈറ്റ്‌ വെയിറ്റ് സാരികളാണ് ഇന്ന് ഏറെ പ്രിയം. ബ്രൈഡൽ സാരികളിൽ ഫെദർ വെയിറ്റ് സാരികൾ പ്രത്യേകം തിരഞ്ഞെടുക്കാം.

കാഞ്ചീപുരം സാരിയുടെ നൂലുകൾ എളുപ്പത്തിൽ നഖങ്ങളിലോ, ചെരിപ്പിലോ തട്ടി വലിയാൻ സാധ്യതയെറെയാണ്. അതുകൊണ്ട് സാരിഫോൾ പിടിപ്പിക്കാൻ മറക്കേണ്ട. ഫിഷ്കട്ട് സ്കർട്ട് വിവാഹ സാരിക്കൊപ്പം മസ്റ്റ്. മെലി ഞ്ഞവർക്കും തടിച്ചവർക്കും ഇത് രൂപഭംഗി നൽകും.

മിനിമൽ മേക്കപ് ഏറ്റവും പുതിയ ട്രെൻഡ്

makeup_kit

വിവാഹ ദിവസം ഒരുങ്ങുമ്പോൾ ഏറ്റവും പ്രധാനം തലേദിവസം ചെയ്ത മേക്കപ്പ് പൂർണമായി തുടച്ചു നീക്കുകയെന്നതാണ്. കണ്ണിന്റെ കോണുകളിൽ, ചെവിയുടെ അരികുകളിലെല്ലാം പഴയ മേക്കപ്പിന്റെ അംശങ്ങൾ അവശേഷിക്കും. ഇത് പുതിയ മേക്കപ്പുമായി ചേർന്ന് ഒലിച്ചിറങ്ങാൻ സാധ്യതയേറെയാണ്. അതുകൊണ്ട് മേക്കപ്പ് റിമൂവറും തണുത്ത വെള്ളവുമുപയോഗിച്ച് കണ്ണുകളും മുഖവും വൃത്തിയാക്കിയെന്ന് ഉറപ്പാക്കാം.

ഡ്രൈ സ്കിനുള്ളവർ ആദ്യം മോയ്സ്ചറൈസർ ക്രീം പുരട്ടണം. ഓയിൽ സ്കിന്നുള്ളവർക്ക് ജൽ മോയ്സ്ചറൈസർ പു രട്ടാം. അതിനു ശേഷം പ്രൈമർ ഇടാം. മേക്കപ്പിലെ പ്രധാന കാര്യമാണ് പ്രൈമർ. മേക്കപ്പ് കൂടുതൽ സമയം നിലനിൽക്കാൻ പ്രൈമർ സഹായിക്കും. പ്രൈമർ ഇട്ട് രണ്ടോ മൂന്നോ മിനിറ്റി നു ശേഷം കൺസീലറും ഫൗണ്ടേഷനും നൽകാം.

അടുത്ത സ്റ്റെപ്പ് കോൻട്യൂർ ചെയ്യണം. ചതുരമോ നീളമോ മുഖത്തിന് ഏതു രൂപമാണെങ്കിലും വിവാഹ മേക്കപ്പിൽ കോൻട്യൂർ അത്യാവശ്യമാണ്. മൂക്കിന് നീളം തോന്നിക്കാനും താടിക്ക് ഒതുങ്ങിയ ഫീൽ കിട്ടാനും ഇതു സഹായിക്കും. ഇനി കോംപാക്ട് ഇടാം. ഇത്രയുമാണ് ബേസിക് മേക്കപ്പ്. ബാക്കിയുള്ള കാര്യങ്ങളിൽ ഓരോരുത്തർക്കും ഇഷ്ടത്തിനനുസരിച്ച് യുനീക് സ്റ്റൈൽ തിരഞ്ഞെടുക്കാം. ബ്ലഷ്, ഐ മേക്കപ്്, ലിപ്സ്, ഹെയർ എന്നിവയെല്ലാം ബേസിക് മേക്കപ്പിന് ശേഷം ശ്രദ്ധിക്കേണ്ടവയാണ്.

ചെറിയ കണ്ണുള്ളവർ വെള്ളനിറം കൊണ്ട് കണ്ണെഴുതിയ ശേഷം പുറമേ ബ്ലാക് കാജൽ നൽകിയാൽ കണ്ണുകൾക്ക് വലുപ്പം തോന്നിക്കും. കാഞ്ചീപുരം സാരികൾ ഉടുക്കുന്നവർക്ക് സാരിക്ക് ഇണങ്ങുന്ന ബ്രൈറ്റ് നിറങ്ങളാണ് ചുണ്ടുകളിൽ ഇണങ്ങുക. വൈറ്റ്, ഒാഫ് വൈറ്റ് സാരിയുടുക്കുമ്പോൾ പേസ്റ്റൽ, ലൈറ്റ് ഷേഡുകളേ ചുണ്ടുകളിൽ അണിയാവൂ.

പുട്ട്അപ് ഹെയർ സ്റ്റൈൽ സൂപ്പർ ഹിറ്റ്

കല്യാണ ദിവസം ഇപ്പോള്‍ കൂടുതൽ പേരും ഇഷ്ടപ്പെടുന്നത് പുട്ട്അപ് ഹെയർ സ്റ്റൈലാണ്. താലി കെട്ടാനുള്ള എളുപ്പത്തിനും ഒരു ഭാരം കൂടി ഒഴിവാക്കാമല്ലോ എന്ന സന്തോഷം കൊണ്ടും നീളത്തിൽ മുടി പിന്നിയിടുന്ന രീതി പതുക്കെ അപ്രത്യക്ഷമാവുകയാണ്. പുട്ട്അപ് ചെയ്ത മുടിയിൽ പൂ വയ്ക്കുന്ന രീതികളിലാണ് പരീക്ഷണങ്ങളത്രയും. വട്ടത്തി ൽ പൂ വച്ച് കെട്ടിന്റെ നടുവിലായി സ്വർണ നെക്‌ലേസോ ലോക്കറ്റോ വയ്ക്കാം. പൂമാല ഉപയോഗിച്ച് ജാലകം പോലെ കള്ളികൾ പിൻ ചെയ്യാം. ചുറ്റും മുല്ലപ്പൂവും റോസ പ്പൂവും പിച്ചകവും മിക്സ് ചെയ്തു വയ്ക്കാം. മുടിക്കെട്ടിനെ ക്രോസ് ചെയ്ത് ഒരു പൂമാല ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് നൽകാം.

വട്ടത്തിൽ കെട്ടിയ മുടി കാണാതെ പൂവു ചുറ്റി പൂക്കൂട സ്റ്റൈലും ഏറെ പ്രിയപ്പെട്ടതാണ്. ആഭരണങ്ങൾ മിനിമലാക്കുന്നതു കൊണ്ടു തന്നെ ഒരു സൈഡിൽ പൂ വച്ച് ഏറ്റവും പ്രിയപ്പെട്ട സ്വർണ നെക്‌ലേസ് മുടിയുടെ സൈഡിൽ നൽകുന്നതും വെറൈറ്റിയാണ്. കഴുത്തിന് മുകളിലേക്കുള്ള പുട്ട് അപുകളാണ് വിവാഹ ദിവസം കൂടുതൽ ഇണങ്ങുന്നത്. മെസി ബൺ ചെയ്ത് ചുറ്റും പൂക്കൾ വയ്ക്കുന്ന രീതിയും പെൺകുട്ടികളുെട ഫേവറിറ്റ്.

റിസപ്ഷന് ലൈറ്റ് ആൻഡ് സ്റ്റൈലിഷ്

stock-photo-portrait-of-pretty-young-indian-woman-with-long-hair-isolated-over-colored-background-284216390

വിവാഹ ശേഷമുള്ള റിസപ്ഷൻ രാത്രിയിലായാലും പകലായാലും കോൻട്യൂർ മേക്കപ്പ് തന്നെ മതി. മുഖത്തെ കുറവുക ൾ മറയ്ക്കാൻ മാത്രമല്ല, ഭംഗി ഹൈലൈറ്റ് ചെയ്യാൻ കൂടിയുള്ള കഴിവ് കോൻട്യൂറിങ്ങിനുണ്ട്.

വസ്ത്രങ്ങൾ പേസ്റ്റൽ ഷേഡുകൾ ആണെങ്കിൽ ആഭരണങ്ങളിൽ സിംപിൾ ഡയമണ്ടോ പ്രഷ്യസ് സ്‌റ്റോൺസോ തിരഞ്ഞെടുക്കാം. ന്യൂഡ് പീച്ച്, പിങ്ക്, ലാവണ്ടർ ഷേഡുകളാണ് ചുണ്ടുകളിൽ നല്ലത്. കടും നിറങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് കോമൺ ആയി അണിയാൻ കഴിയുന്ന ഷേഡാണ് ഫ്ലഷ് കളർ.

മുടി സ്ട്രെയ്റ്റ്നിങ്, സ്മൂതിങ് ഇവ ചെയ്ത് അലസമായി അഴിച്ചിടുന്നത് പാടെ ഔട്ടായി. വൺ സൈഡ് കേളും, വൺ സൈഡ് പുട്ട് അപ്പും ട്രെൻഡിയാണ്.

ഹാൽദിക്ക് ഒരുങ്ങുമ്പോൾ

വിവാഹ ഒരുക്കങ്ങളിൽ ഏറ്റവും കൂടുതൽ കാണുന്ന ആ ഘോഷമാണ് ഹാൽദി. വിവാഹത്തിന് തലേന്നാളോ, ഒരു ദിവസം മുൻപോ ഉള്ള ഹാൽദി ഡേയിൽ പെൺകുട്ടിയെ മഞ്ഞളിൽ കുളിപ്പിക്കുകയാണ് ചെയ്യുക. നോർത്ത് ഇന്ത്യയിൽ ഇത് ആചാരത്തിന്റെ ഭാഗമാണ്. ഇങ്ങ് സൗത്തിൽ ആ ഘോഷത്തിന്റെ ദിനവും.

മഞ്ഞയോ, ഓറഞ്ചോ നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് ഹാൽദി ആഘോഷങ്ങളിലെ ട്രെൻഡ്. സിൽക്, കാഞ്ചീപുരം, ഷിമ്മർ എന്നിവയ്ക്കു പകരം ലിനൻ, സാറ്റിൻ മെറ്റീരിയലുകൾ വസ്ത്രങ്ങളായി തിരഞ്ഞെടുക്കാം. മഞ്ഞളും, മഞ്ഞൾ വെള്ളവുമെല്ലാം ചേർന്ന് ഈ വസ്ത്രം പിന്നീട് ഉ പയോഗശൂന്യമായി മാറാം എന്ന കാര്യം മറക്കരുത്.

അണിഞ്ഞൊരുങ്ങി നിൽക്കുന്ന ദിനമല്ല ആഘോഷത്തിന്റെ വേളയാണ് ഹാൽദി. അതുകൊണ്ടുതന്നെ ആഭരണങ്ങൾ മിനിമം മതി.

മഞ്ഞൾ ചർമത്തിന് അലർജി ഉണ്ടാക്കുന്നവരും എളു പ്പത്തിൽ ജലദോഷമുണ്ടാകുന്നവരും ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കണം. ചെറിയ ആഘോഷങ്ങളേക്കാൾ വ രാൻ പോകുന്ന വലിയ ദിവസത്തിനായിരിക്കണം പ്രാധാന്യം നൽകേണ്ടത്.

പുതുപരീക്ഷണങ്ങളും വെയിലും വേണ്ടേ വേണ്ട

സൺസ്ക്രീൻ പുരട്ടിയിട്ടുണ്ടല്ലോ അതുകൊണ്ടു ധൈര്യമായി വെയിലു കൊള്ളാം എന്നാണ് ചിന്തയെങ്കിൽ‌ അതു മാറ്റേണ്ട സമയമാണ് ബ്രൈഡ് ടു ബി ഡേയ്സ്. വെയിലേൽക്കാതിരിക്കാനാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു മണിവരെയുള്ള സമയം നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രമിക്കുക.

സ്ഥിരമായി ഉപയോഗിക്കുന്ന മോയ്സ്ചറൈസർ, ഹെയർ ഓയിൽ, സോപ്പ്, മേക്കപ്പ് സാധനങ്ങൾ എന്നിവയ്ക്കു പ കരം പുതിയവ പരീക്ഷിക്കരുത്. വിവാഹ ദിവസം കൂടുതൽ വെളുത്തിരിക്കാം, കണ്ണിന് താഴത്തെ കറുപ്പകറ്റാം എന്നീ ചിന്തകളോടെ പുതിയ സൗന്ദര്യ വർധകങ്ങള്‍ ഉപയോഗിച്ചാൽ റിയാക്‌ഷനുകള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

മഴക്കാലത്തെക്കാളും പ്രാധാന്യം നൽകേണ്ടത് വേനൽക്കാലത്തെ ഒരുക്കത്തിനാണ്. ഏതുകാലാവസ്ഥയിലും വാട്ടർപ്രൂഫ് മേക്കപ്പ് വേണം തിരഞ്ഞെടുക്കാന്‍.

മേക്കപ്പിന് ശേഷം സോഫ്റ്റ് ടിഷ്യു ഉപയോഗിച്ച് മുഖം ടച്ച് ചെയ്യുക മാത്രമേ ചെയ്യാവൂ. വാട്ടർപ്രൂഫ് മേക്കപ്പ് ഓരോ തവണയും ടച്ച് ചെയ്യുന്നതിന് അനുസരിച്ച് തിളക്കവും ഫ്രഷ്നസും കൂടും.

ഒരുമാസം മുൻപേ തന്നെ സൺടാൻ അകറ്റാനുള്ള ഫേ ഷ്യൽ ചെയ്തു തുടങ്ങണം. വിവാഹത്തിന് മൂന്നു ദിവസം മു ൻപ് പ്രധാന ഫേഷ്യലും വാക്സിങും പെഡിക്യൂറും മാനിക്യൂറും ചെയ്യാം.

ബോഡി സ്പായും ബോഡി പോളിഷിങ്ങും ഇപ്പോൾ പെ ൺകുട്ടികൾ കൂടുതലായി തിരഞ്ഞെടുക്കുന്ന സംരക്ഷണങ്ങളാണ്. മസാജിങ്ങും സ്റ്റീം ബാത്തും ശരീരത്തിന് മാത്രമല്ല മനസ്സിനും ഏറെ ഉൻമേഷം നൽകും.

ശരീരം സുന്ദരമായിരുന്നാൽ സ്വാഭാവികമായും മനസ്സിലും ആ സന്തോഷം പ്രതിഫലിപ്പിക്കും. വിവാഹ ദിവസം കോൺഫിഡൻസ് വർധിപ്പിക്കാൻ ഇതു വഴി കഴിയും.

wed_1

കംഫർട്ട് ആയിരിക്കാൻ ചില ടെക്നിക്സ്

ആഭരണം: ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ വേണം കല്യാ ണത്തിനായി തിരഞ്ഞെടുക്കാൻ. മൂന്നോ നാലോ മാലയാണ് ഇപ്പോഴത്തെ ട്രെൻഡ്. അരപ്പട്ട മൂടുന്ന വിധം മാലകൾ അണിയരുത്.

കറുപ്പ് ഷേഡ് കൂടുതലുള്ള ആന്റിക് ആഭരണങ്ങളേക്കാൾ ഹിറ്റ് ഗോൾഡൻ മാറ്റ് ഫിനിഷിങ്ങോടു കൂടിയ ആഭരണങ്ങളാണ്.

ചെരിപ്പ് : പതിവായി ധരിക്കുന്ന ചെരിപ്പിന്റെ ഡിസൈനർ വേർഷൻ വേണം വിവാഹനാളിൽ അണിയാൻ. ചെറിയ രീതിയൽ പോലുമുണ്ടാകുന്ന ഷൂ ബൈറ്റ് മുഖത്തെ സന്തോഷത്തെ അപ്രത്യക്ഷമാക്കും. സ്ഥിരമായി ഫ്ലാറ്റ് ചെരിപ്പുക ൾ ഇടുന്നവർ വിവാഹത്തിന് ഹൈഹീൽസ് ഉപയോഗിക്കരുത്. എല്ലാ ദിവസത്തേക്കാളും നൂറുമടങ്ങ് കൂടുതൽ കംഫർട്ടബിൾ ആയിരിക്കണം വിവാഹദിനത്തിൽ.

നഖങ്ങൾ : വിവാഹ ദിവസം നെയിൽ ആർട് പോലെയുള്ളവ പൂർണമായി ഒഴിവാക്കാം. നെയിൽ ആർട് എളുപ്പത്തിൽ നശിച്ചു പോകാനുള്ള സാധ്യതയേറെയാണ്. വിവാഹ ദിവസം സാരിയുടെ അതേ കളറിനൊപ്പം ഗോൾഡൻ ടച്ച് കൂടിയുള്ള നെയിൽ പോളിഷ് തിരഞ്ഞെടുക്കാം.

ലിപ്സ്റ്റിക്: ഏറ്റവും കംഫർട്ട് ആയ നിറങ്ങൾ വേണം വിവാഹ ദിവസം ലിപ്സ്റ്റിക്കിനായി തിരഞ്ഞെടുക്കാൻ. അതുവരെ പരിചിതമല്ലാത്ത കളറുകൾ ചിലപ്പോൾ കോണ്‍ഫിഡൻസ് കുറയ്ക്കും.

സന്തോഷമുള്ള മനസ്സിലേ സന്തോഷത്തോടെയുള്ള ചി രി വിരിയൂ. വിവാഹം നിശ്ചയിക്കുന്നതു മുതൽ മനസ്സിനെ എപ്പോഴും സന്തോഷത്തോടെ നിലനിർത്തണം.

വിവരങ്ങൾക്കു കടപ്പാട്:

ശോഭാ കുഞ്ചൻ,

ലിവ് ഇൻ സ്റ്റുഡിയോ, പനമ്പള്ളി നഗർ, കൊച്ചി

രഞ്ജു രഞ്ജിമാർ

സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റ്

മോഡൽസ്: മീനാക്ഷി കാർത്തിക്, അതുല്യ

ഫോട്ടോ: കോക്കനട്ട് വെഡ്ഡിങ്, നിയാസ് മരിക്കാർ