Tuesday 21 December 2021 02:26 PM IST

‘എന്തുകൊണ്ട് എനിക്കുമാത്രം ഇങ്ങനെ സംഭവിച്ചു?’: നാലുതവണ കോവി‍ഡ് ബാധിച്ച ഡോക്ടർ: ഞെട്ടിച്ച് വെളിപ്പെടുത്തൽ

Sruthy Sreekumar

Sub Editor, Manorama Arogyam

covid-doc

ലോകം 2020–ൽ തുടങ്ങിയ പോരാട്ടം ഇന്നും അവസാനിച്ചിട്ടില്ല– കോവിഡിനെതിരെ. ഈ പോരാട്ടമുഖത്ത് മുൻനിരയിൽ പ്രവർത്തിക്കുന്നവരാണ് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന ആരോഗ്യപ്രവർത്തകർ. രോഗം വരാൻ ഏറ്റവും കൂടുതൽ സാധ്യതയുളളവർ. രോഗികൾക്കായി തങ്ങളുെട സമയവും ആരോഗ്യവും എല്ലാം മാറ്റിവയ്ക്കുന്ന ആരോഗ്യപ്രവർത്തകരിൽ കോവിഡ് ബാധിച്ചവർ ധാരാളമുണ്ട്. എന്നാൽ ഒന്നും രണ്ടും തവണയല്ല, നാലു തവണ കോവിഡ് ബാധിച്ച ഒരു ഡോക്ടർ നമ്മുെട നാട്ടിലുണ്ട്. മഞ്ചേരി മെഡിക്കൽ കോളജിലെ സർജറി വിഭാഗം ഡോക്ടറായ അബ്ദുൽ ഗഫൂർ. കോവിഡിന്റെ ആരംഭകാലം മുതൽ തന്നെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. ഗഫൂറിന് നാലും ആറും മാസത്തെ ഇടവേളകളിലാണ് രോഗം ബാധിച്ചത്. ആ അനുഭവം അദ്ദേഹം പങ്കുവയ്ക്കുന്നു.

ആദ്യമായി മേയ് മാസത്തിൽ

രണ്ടര വർഷമായി മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിൽ സേവനമുഷ്ഠിക്കുകയാണ്. കോവി‍ഡ് ചികിത്സാ ടീം രൂപീകരിച്ചപ്പോൾ ഞാനും അതിൽ ഉൾപ്പെട്ടിരുന്നു. മാർച്ച് മാസത്തോടെയാണ് രോഗികൾ കൂടുതലായി വരാൻ തുടങ്ങിയത്. പനിയും ചുമയുമായി ധാരാളം പേർ വരുമായിരുന്നു. എല്ലാ സുരക്ഷാഉപകരണങ്ങളും ധരിച്ചുതന്നെയായിരുന്നു രോഗികളുമായി ഇടപഴകിയിരുന്നത്. ആ സമയത്ത് സുരക്ഷയെ കരുതി വീട്ടുകാരിൽ നിന്ന് മാറി ആശുപത്രിയ്ക്കടുത്ത് ഒരു ഹോട്ടലിലായിരുന്നു താമസം. ആശുപത്രിയിലെ ഒരു സഹപ്രവർത്തകനായിരുന്നു എന്റെ റൂംമേറ്റ്. മേയ് മാസം അവസാനത്തോടെ സഹപ്രവർത്തകനു തൊണ്ടയ്ക്കു ചെറിയ അസ്വാസ്ഥ്യം അനുഭവപ്പെടാൻ തുടങ്ങി. അദ്ദേഹം ആർടിപിസിആർ ടെസ്റ്റ് എടുത്തു. ഫലം പോസിറ്റീവ്. ഞങ്ങൾ ഒരേ മുറിയിലായിരുന്നതിനാൽ ഞാനും ടെസ്റ്റ് െചയ്തു. രണ്ട് ദിവസം കഴിഞ്ഞാണ് ഫലം വന്നത്. പോസിറ്റീവ് തന്നെ. ലക്ഷണമൊന്നുമില്ലായിരുന്നു. എനിക്കു ശരീരഭാരം കൂടുതലാണ്. അതുകാരണം എന്തെങ്കിലും സങ്കീർണത വന്നാലോ എന്ന് കരുതി ആശുപത്രിയിൽ അഡ്മിറ്റ് ആയി. ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിലും ലക്ഷണങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് പരിശോധിച്ചപ്പോൾ െനഗറ്റീവ് ആയി. തുടർന്ന് വീട്ടിലേക്കു പോന്നു. കുറച്ചു ദിവസം കഴിഞ്ഞ് വീണ്ടും ഡ്യൂട്ടിക്കു കയറി.

ആറു മാസം കഴിഞ്ഞ്

ആറു മാസം കഴിഞ്ഞ് ഡിസംബറിൽ വീണ്ടും കോവി‍ഡ് ബാധിതനായി. ഇത്തവണ നല്ല പനിയും ക്ഷീണവും ഉണ്ടായിരുന്നു. രോഗികളിൽ നിന്നാവാം രോഗം പകർന്നത്. ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ ആന്റിജൻ ടെസ്റ്റ് െചയ്തു. പോസിറ്റീവ് ആയി. പനിയും മറ്റും ഉള്ളതിനാൽ ഇത്തവണയും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. എക്സ്റേ, രക്തപരിശോധന എല്ലാം നടത്തി. അതിലൊന്നും കാര്യമായി പ്രശ്നമുണ്ടായിരുന്നില്ല. നാലഞ്ചു ദിവസം പനി ഉണ്ടായിരുന്നു. ചെറിയ കഫക്കെട്ടും. ഒരാഴ്ചയോളം ആശുപത്രിയിൽ ഉണ്ടായിരുന്നു.

രോഗം ഭേദമായി രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ ഡ്യൂട്ടിക്കു കയറി. ഈ സമയമായപ്പോഴെക്കും കോവിഡ് രോഗികളുെട എണ്ണവും കൂടുതലായിരുന്നു. രണ്ടു തവണ കോവിഡ് വന്നെങ്കിലും ഡ്യൂട്ടി െചയ്യുമ്പോൾ ക്ഷീണമൊന്നും അനുഭവപ്പെടുന്നുണ്ടായിരുന്നില്ല.

മൂന്നാമത് രോഗം ബാധിക്കുന്നത് ഏപ്രിലിലാണ്. ഇത്തവണ മണം, രുചി എന്നിവ നഷ്ടമായി. പനിയും ക്ഷീണവും ഉണ്ടായിരുന്നില്ല. അതിനാ ൽ ആർടിപിസിആർ ആണ് നടത്തിയത്. ഇത്തവണ ഹോസ്പിറ്റലിൽ കിടന്നില്ല. വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിഞ്ഞു. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കാൻ തോന്നുമായിരുന്നില്ല. പക്ഷേ രുചിയും മറ്റും നോക്കാതെ നന്നായി കഴിച്ചു. അല്ലെങ്കിൽ നമ്മൾ ക്ഷീണിച്ചുപോകും. ഒരാഴ്ചയോളം കഴിഞ്ഞപ്പോൾ ഡ്യൂട്ടിക്കു കയറി.

നാലാമതും...

2021 ആഗസ്റ്റിലാണ് നാലാമതു കോവിഡ് പിടികൂടുന്നത്. നല്ല പനിയുണ്ടായിരുന്നു. കൂടാതെ ഒരു മാസമായി കടുത്ത ക്ഷീണവും അനുഭവപ്പെടുന്നുണ്ടായിരുന്നു. ആദ്യമൊന്നും ക്ഷീണം കാര്യമാക്കിയെടുത്തില്ല. ക്ഷീണം കൂടിവന്നപ്പോഴാണ് പരിശോധിക്കുന്നത്. പോസിറ്റീവ് ആവുകയും െചയ്തു. ആശുപത്രിയിൽ അഡ്മിറ്റ് ആയി. ഒരാഴ്ചയോളം ആശുപത്രിയിൽ കിടന്നു. ഇത്തവണ പോസിറ്റീവ് ആയപ്പോൾ ആശുപത്രി സൂപ്രണ്ടും കോവിഡ് നോഡൽ ഒാഫിസറും എനിക്കു കൂടുതൽ പരിശോധനകൾ നടത്തണമെന്നു പറ‍ഞ്ഞു. എന്റെ കേസിനെ കുറിച്ച് ആശുപത്രിയിൽ നിന്ന് ഡിഎംഒയ്ക്കു റിപ്പോർട്ടും അയച്ചു.

എന്തുകൊണ്ടാണ് ഇത്രയധികം തവണ കോവിഡ് വന്നത് എന്നറിയാൻ ആന്റിജൻ പരിശോധിക്കാൻ പറഞ്ഞിരുന്നു. അതു െചയ്തിട്ടുണ്ട്. ഫലം വന്നിട്ടില്ല. കൂടാതെ ഡൽഹി ഐസിഎംആറിലേക്കു സാമ്പിൾ അയച്ചിട്ടുണ്ട്. ഇവിടങ്ങളിൽ നിന്നുള്ള ഫലം വന്നാലേ ഇത്രയും തവണ കോവിഡ് ബാധിക്കുന്നതിന്റെ ശാസ്ത്രീയ കാരണം അറിയാനാകൂ.

ഇപ്പോൾ എന്നെ അത്യാഹിത വിഭാഗത്തിൽ കോവിഡ് ഡ്യൂട്ടിയിൽ നിന്നു മാറ്റി. സർജറിയിലേക്കു പോസ്റ്റിങ് നൽകി. നാലു തവണ വന്നെങ്കിലും ആരോഗ്യപരമായി ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിച്ചത് നാലാമതു വന്നപ്പോഴാണ്. കടുത്ത ക്ഷീണം കാരണം ഒരു കാര്യവും െചയ്യാൻ കഴിയുമായിരുന്നില്ല. ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥ.

കോവിഡിന്റെ പരിണിതഫലമായി പ്രമേഹം ബാധിച്ചു. നാലാം തവണ കോവിഡ് വന്നപ്പോഴാണ് പ്രമേഹം ഉണ്ടെന്നു കണ്ടെത്തിയത്. കോവിഡ് ചികിത്സയ്ക്കിടെ സ്റ്റിറോയ്ഡ് ഉപയോഗിച്ചിരുന്നു. അതിനാലാവാം പ്രമേഹം വന്നത് എന്നാണ് കരുതിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞും പ്രമേഹം സാധാരണ നിലയിലേക്കു വന്നില്ല. മരുന്നു കഴിക്കാൻ തുടങ്ങി. ഭക്ഷണനിയന്ത്രണവും ഉണ്ട്.

എന്നെക്കുറിച്ച് വാർത്ത വന്നപ്പോൾ ധാരാളം രോഗികൾ വിളിച്ചിരുന്നു. അവരുടെ സംശയങ്ങൾക്ക് എല്ലാം മറുപടി കൊടുത്തു. എന്തുകൊണ്ട് എനിക്കു മാത്രം ഇങ്ങനെ തുടർച്ചയായി കോവിഡ് പിടിപെടുന്നു എന്നു കരുതി വീട്ടുകാർക്ക് ആദ്യമെല്ലാം വിഷമമായിരുന്നു. പിന്നെ അവരും സാഹചര്യവുമായി പൊരുത്തപ്പെട്ടു.

എനിക്കു കോവിഡ് വന്നതിലും പ്രയാസം ക്വാറന്റീനിൽ പോവുക എന്നതായിരുന്നു. ഒന്നും െചയ്യാൻ കഴിയാതെ വെറുതെഇരിക്കുക വലിയ ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ ഒാരോ തവണ കോവിഡ് വരുമ്പോഴും നെഗറ്റീവ് ആകുമ്പോൾ തന്നെ ക്ഷീണമെല്ലാം മറന്ന് ഡ്യൂട്ടിക്കു കയറും. കാരണം നൂറുകണക്കിന് രോഗികളാണ് ഞങ്ങൾ ഡോക്ടർമാരെ കാത്ത് ആശുപത്രിയിൽ വരുന്നത്. അതോർക്കുമ്പോൾ സ്വന്തം വയ്യായ്കയെ വാതിലിനു പുറത്തു നിർത്തും.

കാരണങ്ങൾ പലത്

ഒന്നിൽ കൂടുതൽ തവണ കോവിഡ് പിടിപെടാൻ പല കാരണങ്ങളുണ്ട്. ഡോ. ഗഫൂറിനെ നാലു തവണ രോഗം ബാധിച്ചു. ഇത്രയധികം തവണ രോഗം വരാനുള്ള ഒരു സാധ്യത രോഗപ്രതിരോധശേഷിക്കുറവ് ആകാം. ഡോ. ഗഫൂറിനെ നാലാം തവണ ബാധിച്ചത് കൊറോണ വൈറസിന്റെ ഡെൽറ്റാ വകഭേദം ആയിരുന്നു. രോഗികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന സാഹചര്യത്തിലും രോഗം ബാധിക്കാനുള്ള സാധ്യത കൂടും. ലോങ് കോവിഡ് എന്ന അവസ്ഥയുണ്ട്. കോവിഡ് വൈറസിന്റെ സാന്നിധ്യം നീണ്ടു നിൽക്കുന്ന സാഹചര്യം. ഇതും രോഗം വീണ്ടും വരാൻ ഇടയാക്കാം.

ഡോ. ഷിനാസ് ബാബു

കൺസൽറ്റന്റ് ഫിസിഷൻ, ഗവ. മെഡി. കോളജ്, മഞ്ചേരി, നോഡൽ ഒാഫിസർ– കോവിഡ് 19