Monday 09 May 2022 02:40 PM IST

കൊഞ്ചുകളിൽ കോളറ അണുക്കൾ, വൃത്തിയാക്കുന്ന സ്ത്രീകളെ സംശയിച്ചു, ഒടുവിൽ...: ഡോ. നരേന്ദ്ര നാഥൻ പറയുന്നു

Sruthy Sreekumar

Sub Editor, Manorama Arogyam

Dr-narendra-nathan

ഡോക്ടർ നരേന്ദ്രനാഥൻ മെഡിസിൻ പഠനം തിരഞ്ഞെടുക്കുന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു. പരീക്ഷയിൽ മികച്ച വിജയം നേടിയപ്പോൾ ഇഷ്ടമേഖലയായ കണക്കിനോടു വിട പറഞ്ഞ് മെഡിസിൻ തിരഞ്ഞെടുത്തു. അതുപോലെ തന്നെ കാർഡിയോളജിയിൽ ഡിഎം എടുക്കാൻ തീരുമാനിച്ച ഡോക്ടർ ഗ്യാസ്ട്രോഎന്ററോളജിയിലേക്കു വരുന്നതും അപ്രതീക്ഷിതമായിതന്നെയായിരുന്നു. സീനിയറായ ഡോക്ടറുെട പ്രവർത്തനത്തിൽ ആകൃഷ്ടനായി ഗ്യാസ്ട്രോഎന്ററോളജിയിൽ ഉപരിപഠനം നടത്താൻ തീരുമാനിക്കുമ്പോൾ നമ്മുെട നാട്ടിൽ ഈ ചികിത്സാ വിഭാഗം ഭൂരിഭാഗം പേർക്കും അപരിചിതമായിരുന്നു. പഠനശേഷം ഈ വിഭാഗത്തിന്റെ വളർച്ചയിൽ മുഖ്യ പങ്കു വഹിച്ച ഡോ. നരേന്ദ്രനാഥൻ ഇന്നും ഈ വിഭാഗത്തിന്റെ ആധികാരശബ്ദങ്ങളിൽ ഒരാളാണ്. .

തിരഞ്ഞെടുത്തതിനുശേഷം ഇഷ്ടം

കോഴിക്കോട് കടലുണ്ടിയിലാണ് ഞാൻ ജനിച്ചത്. അച്ഛനു മദ്രാസിലേക്കു ട്രാൻസ്ഫർ കിട്ടിയപ്പോൾ ‍ഞങ്ങൾ കുടുംബസമേതം അവിടേക്കു താമസം മാറ്റി. എന്റെ ആദ്യകാല സ്കൂളിങ് മദ്രാസിലായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് തിരിച്ചു കേരളത്തിലേക്കു വരുന്നത്. പിന്നീട് തിരുവനന്തപുരത്ത് താമസമാക്കി. ബാക്കി പഠനമൊക്കെ തിരുവനന്തപുരത്തായിരുന്നു.

റാങ്കോടെയാണ് പ്രീ യൂണിവേഴ്സിറ്റി പാസ്സായത്. നല്ല മാർക്ക് ലഭിച്ചതിനാൽ മെഡിസിനു പോകാൻ എല്ലാവരും ഉപദേശിച്ചു. എനിക്കു മെഡിസിനോടു താൽപര്യക്കുറവൊന്നും ഇല്ലായിരുന്നു. എങ്കിലും കണക്കിനോടായിരുന്നു ആഭിമുഖ്യം. എംബിബിഎസ്സിനു തിരുവനന്തപുരം മെഡിക്കൽ കോളജിൽ തന്നെ അഡ്മിഷൻ ലഭിച്ചു. പഠനം തുടങ്ങിയപ്പോൾ മെഡിസിനോട് ഇഷ്ടം തുടങ്ങി. എനിക്കു ചേരുന്ന മേഖലയാണ് എന്നു മനസ്സിലായി. അതിനു പ്രധാന കാരണം മെഡിക്കൽ കോളജിലെ അധ്യാപകരായിരുന്നു. എല്ലാ അധ്യാപകരും വളരെ നന്നായി പഠിപ്പിക്കുമായിരുന്നു. സർജറിയിൽ ഗോൾഡ് മെഡലോടെ 1970ൽ എംബിബിഎസ് പാസ്സായി. തുടർന്ന് മെഡിസിനിൽ എംഡിക്കു തിരുവനന്തപുരം മെഡിക്കൽ കോളജിൽ തന്നെ ചേർന്നു. 1974ൽ എംഡി പാസ്സായി. പഠനത്തിനിെട ഒതളങ്ങ കഴിച്ചവരിലെ ഹൃദയപ്രവർത്തനത്തിൽ വരുന്ന വ്യതിയാനത്തെക്കുറിച്ച് ഗവേഷണം നടത്തുകയുണ്ടായി. കാർഡിയോളജിസ്റ്റായ ഡോ. ചന്ദ്രശേഖറാണ് എന്നെ ഈ പഠനത്തിലേക്കു നയിച്ചത്. അന്ന് ഈ പഠനറിപ്പോർട്ട് അമേരിക്കയിലെ എഫ്ഡിഎയുെട ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു.

ഇഷ്ടമേഖല തിരിച്ചറിഞ്ഞ്

എംഡി കഴിഞ്ഞു കാർഡിയോളജിയിൽ ഉപരിപഠനം നടത്താനായിരുന്നു ആഗ്രഹം. ആ സമയത്താണ് ബാലകൃഷ്ണൻ എന്ന ഡോക്ടർ മെഡിക്കൽ കോളജിൽ ചേരുന്നത്. അദ്ദേഹം ചണ്ഡിഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഗ്യാസ്ട്രോഎന്ററോളജിയിൽ ഡിഎം എടുത്ത വ്യക്തിയായിരുന്നു. എനിക്ക് അദ്ദേഹത്തോട് വലിയ അടുപ്പം ഉണ്ടായി. വളരെ രസകരമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസുകൾ. 1972ൽ സർക്കാർ ഡോ. ബാലകൃഷ്ണനെ അസോസിയേറ്റ് പ്രഫസറാക്കി നിയമിച്ചു കേരളത്തിലെ തന്നെ ആദ്യ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആരംഭിച്ചു. അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ചതിനു ശേഷം എനിക്കു ഗ്യാസ്ട്രോഎന്ററോളജിയിൽ ഡിഎം െചയ്യാൻ താൽപര്യമായി. അങ്ങനെ 1975ൽ ഡൽഹി എയിംസിൽ ഗ്യാസ്ട്രോഎന്ററോളജിയിൽ ഡിഎം കോഴ്സിനു ചേർന്നു. 1977ൽ ഡിഎം പൂർത്തിയാക്കി.

എയിംസിലെ അനുഭവങ്ങൾ

എയിംസിൽ ഡോ. ബി.എൻ. ടെൻഡൻ ആയിരുന്നു ഗ്യാസ്ട്രോ വിഭാഗത്തിന്റെ തലവൻ. അദ്ദേഹം മുൻകൈ എടുത്തു ഞങ്ങളെ പല റിസർച്ചുകൾക്കും പല നാട്ടിലേക്കും അയ്ക്കുമായിരുന്നു. ഒരനുഭവം പറയാം. മധ്യപ്രദേശിൽ അരിയ്ക്കു പകരം ഗോണ്ട് ലി (Gondli) എന്ന ധാന്യം കഴിക്കുമായിരുന്നു. അതു കഴിച്ചവർക്കു വയറിനു അസ്വാസ്ഥ്യം ഉണ്ടായി. അതിന്റെ കാരണം കണ്ടെത്താൻ ഡോ. െടൻഡൻ എന്നെയും മറ്റൊരു ഡോക്ടറെയും അവിടേയ്ക്കു വിട്ടു. അവിെടയുള്ളവർക്ക് വീനോ ഒക്ലൂസീവ് ഡിസീസ് എന്ന രോഗമാണെന്നും അതു മേൽപ്പറഞ്ഞ ധാന്യത്തിൽ ഒരു വിഷച്ചെടിയായ ക്രോട്ടലേറിയ കലരുമ്പോൾ വിഷമയമാകുന്നതാണ് പ്രശ്നമെന്നും കണ്ടെത്തി. ഈ റിപ്പോർട്ട് ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ചിരുന്നു.

തിരികെ കേരളത്തിൽ

ഡിഎം പൂർത്തിയായശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ തന്നെ ഗ്യാസ്ട്രോഎന്ററോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറായി ജോയിൻ െചയ്തു. തുടക്കകാലത്ത് ഈ സ്പെഷാലിറ്റിയെ കുറിച്ച് ജനങ്ങൾക്കിടയിൽ കാര്യമായ അറിവില്ലായിരുന്നു. കുറേ പേർക്ക് വയറിളക്കം വന്നപ്പോൾ നിങ്ങൾ ഒരു സ്പെഷാലിറ്റി തന്നെ ഉണ്ടാക്കിയല്ലേ എന്ന് ചോദിച്ചവരും ഉണ്ട്. ആദ്യം ഡോ. ബാലകൃഷ്ണനും ഞാനും മാത്രമായിരുന്നു ഡോക്ടർമാർ. കുറച്ചു വർഷങ്ങൾ കഴിഞ്ഞ് തിരുവനന്തപുരത്തു തന്നെ ഡിംഎം കോഴ്സ് ആരംഭിച്ചു. പിന്നീട് ധാരാളം പേർ ഈ സ്പെഷാലിറ്റി പഠിക്കുകയും ചികിത്സകരായി വിഭാഗത്തിൽ ചേരുകയും ചെയ്തു. ഉദരരോഗചികിത്സയെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഡോ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഡോക്ടർമാർക്കുൾപ്പെടെ ഒാറിയന്റേഷൻ ക്ലാസുകൾ എടുക്കുമായിരുന്നു.

പണ്ട് ആളുകൾക്കു വയറിൽ എന്തു പ്രശ്നം വന്നാലും അതിനു കാരണം അമീബ ആണെന്നാണ് പറയുക. ഗർഭം ഒഴിച്ചുള്ള എല്ലാ പ്രശ്നങ്ങളും അമീബ ഉണ്ടാക്കും എന്നു ചൊല്ല് തന്നെ ഉണ്ടായിരുന്നു. ജനങ്ങൾക്ക് ആമാശയത്തെക്കുറിച്ചോ അതിന്റെ പ്രവർത്തനത്തെക്കുറിച്ചോ അറിവില്ലായിരുന്നു. ഗ്യാസ്ട്രോഎന്ററോളജി വിഭാഗം വന്നതിനുശേഷമാണ് ആമാശയത്തെക്കുറിച്ചും ഇറിറ്റബിൾ ബവൽ സിൻഡ്രം, അൾസറേറ്റീവ് കൊളൈറ്റിസ് തുടങ്ങിയ രോഗങ്ങളെക്കുറിച്ചും എല്ലാവരും അറിയുന്നത്. മലത്തിൽ രക്തം കണ്ടാൽ അതു പൈൽസ് ആണെന്നാണ് ഭൂരിഭാഗം പേരും വിചാരിച്ചിരുന്നത്. അതിനാൽ തന്നെ കാൻസർ കൃത്യസമയത്തു തിരിച്ചറിയപ്പെടാതെ പോയിട്ടുണ്ട്. ഗ്യാസ്ട്രോ വിഭാഗത്തിന്റെ പ്രവർത്തനഫലമായിട്ടാണ് എല്ലാ രക്തസ്രാവവും പൈൽസ് അല്ല എന്നും കാൻസർ ആകാം എന്നും ജനങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയത്. നമ്മുെട വിഭാഗത്തിൽ ചികിത്സയ്ക്കായി വന്നു സുഖപ്പെട്ടുപോയവർ തന്നെയായിരുന്നു ഈ വിഭാഗത്തെ ജനകീയമാക്കിയത്. അങ്ങനെ കേട്ടറിഞ്ഞ് ധാരാളം േപർ ചികിത്സ തേടിയെത്താൻ തുടങ്ങി.

1977ലാണ് ആദ്യമായി എൻ‍ഡോസ്കോപ്പി െചയ്യുന്നത്. തിരുവനന്തപുരത്തുതന്നെയുള്ള ഡോ. ശിവകുമാർ ഞങ്ങൾക്കു നൽകിയ എൻഡോസ്കോപ്പ് ഉപയോഗിച്ചായിരുന്നു ഡോ. ബാലകൃഷ്ണൻ എൻഡോസ്കോപ്പി െചയ്തത്. പിന്നീട് സ്വന്തമായി ഉപകരണം വാങ്ങിച്ചു. ഈ സമയമായപ്പോഴേക്കും ഗ്യാസ്ട്രോഎന്ററോളജി വിഭാഗം കേരളത്തിലെ മറ്റ് ആശുപത്രികളിലും പ്രവർത്തനം തുടങ്ങി.1975ൽ തന്നെ സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജിയും പ്രവർത്തനം ആരംഭിച്ചിരുന്നു.

വിദേശത്തു പരിശീലനം

തിരുവനന്തപുരത്തെ പ്രവർത്തനത്തിനിെട പല റിസർച്ചുകളും െചയ്തിട്ടുണ്ട്. അതിലൊന്നു പറയാം. ഒരിക്കൽ കൊഞ്ച് കയറ്റുമതി ചെയ്യുന്ന കമ്പനിയുെട പ്രതിനിധികൾ ഞങ്ങളെ വന്നു കണ്ടു. അവർ വിദേശത്തേക്ക് അയ്ക്കുന്ന കൊഞ്ചുകളിൽ എല്ലാം കോളറയുെട അണുക്കൾ ഉണ്ടെന്നു പറഞ്ഞ് തിരസ്കരിക്കപ്പെടുകയാണത്രേ. കൊഞ്ച് വൃത്തിയാക്കുന്ന സ്ത്രീകളിൽ നിന്നാവാം രോഗം പകരുന്നത് എന്ന് അവർ സംശയം പറഞ്ഞു. ഞങ്ങളോട് അവിെട വന്നു പരിശോധന നടത്തണമെന്നും അഭ്യർത്ഥിച്ചു. അങ്ങനെ ഞാനും മെഡിസിൻ വിഭാഗത്തിലെ ഒരു ഡോക്ടറും കൂടി കമ്പനിയിൽ െചന്നു. തൊഴിലാളികളെ പരിശോധിച്ചതിൽ നിന്ന് അവർക്കാർക്കും രോഗം ബാധിച്ചിട്ടില്ല എന്നു മനസ്സിലായി. പരിശോധനകൾക്കൊടുവിൽ യഥാർഥ വില്ലനെ തിരിച്ചറിഞ്ഞു. മത്സ്യം ചീഞ്ഞുപോകാതിരിക്കാൻ ഉപയോഗിക്കുന്ന ഐസിലാണ് പ്രശ്നം. വൃത്തിഹീനമായ വെള്ളം കൊണ്ടാണ് ഐസ് ഉണ്ടാക്കിയിരിക്കുന്നത്. ആ വെള്ളത്തിലൂെടയാണ് അണുക്കൾ വന്നിരുന്നത്.

ആയിടയ്ക്കാണ് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഒാഫ് നോർത്ത് കരോലിനയിൽ നിന്ന് എപ്പിഡമോളജിയിൽ പരിശീലനം നൽകാനായി കുറച്ചു ഡോക്ടർമാർ കേരളത്തിൽ വരുന്നത്. അവരുെട മുൻപിൽ ഈ കമ്പനിയിൽ നടത്തിയ പഠനറിപ്പോർട്ട് അവതരിപ്പിച്ചു. അവരിൽ അതു മതിപ്പുളവാക്കി. എന്നെ എപ്പിഡമോളജിയിൽ ഉപരിപഠനം നടത്താൻ അമേരിക്കയിലേക്കു തിരഞ്ഞെടുത്തു. അങ്ങനെ 1987–88 കാലഘട്ടത്തിൽ നോർത്ത് കരോലിന യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ഒാഫ് പബ്ലിക് ഹെൽത് സ്വന്തമാക്കി. കൂടാതെ ഇംഗ്ലണ്ടിലെ ന്യൂകാസിലിൽ നിന്ന് എൻഡോസ്കോപ്പിയിലും പരിശീലനം നേടി.

രോഗങ്ങൾ – അന്നും ഇന്നും

പണ്ട് നമ്മുെട നാട്ടിൽ കരളിനെ ബാധിക്കുന്ന െഹപ്പറ്റൈറ്റിസ് വളരെ കൂടുതലായിരുന്നു. പ്രത്യേകിച്ച് ഹെപ്പറ്റൈറ്റിസ് ബി. അതിനെക്കുറിച്ചു പഠനങ്ങളും നടത്തിയിരുന്നു. ഈ രോഗത്തിനെതിരെയുള്ള വാക്സിനേഷനെ കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താനൊക്കെ ഞങ്ങളുെട വിഭാഗം നന്നായി പ്രവർത്തിച്ചു. ക്രോണിക് പാൻക്രിയാറ്റൈറ്റിസ് എന്ന രോഗം ബാധിക്കുന്നവരുെട എണ്ണവും കൂടുതലായിരുന്നു. പാൻക്രിയാസിൽ കല്ല് രൂപപ്പെടുന്ന അവസ്ഥയാണ് ഇത്. ഈ രോഗം ബാധിക്കുന്നവരിൽ ബഹുഭൂരിപക്ഷവും െചറുപ്പക്കാരായിരുന്നു. ഡോ. പി.ജെ. ഗീവർഗീസ് എന്ന മെഡിസിൻ ഡോക്ടറാണ് ആദ്യമായി ഈ രോഗത്തെക്കുറിച്ചു ലോകത്തെ അറിയിച്ചത്. കേരള പാൻക്രിയാറ്റൈറ്റിസ് എന്നു വരെ ഈ രോഗത്തിന് അപരനാമം ഉണ്ടായിരുന്നു. കേരളത്തിനു പുറത്ത് ഏതെങ്കിലും മലയാളി വയറുവേദനയുമായി ആശുപത്രിയിൽ ചെന്നാൽ അതു പാൻക്രിയാറ്റൈറ്റിസ് ആയിരിക്കും എന്നു പറയുമായിരുന്നു. കപ്പ കഴിക്കുന്നതാണു രോഗത്തിനു കാരണം എന്നു പ്രചാരണം ഉണ്ടായിരുന്നു. ഇതിൽ സത്യമില്ലെന്നു ഞങ്ങൾ പഠനത്തിലൂെട തെളിയിച്ചു. ഇപ്പോൾ ഈ രോഗം അത്ര വ്യാപകമല്ല. പെപ്റ്റിക് അൾസറും സാധാരണമായിരുന്നു. ഒട്ടേറെ പേർക്കു ശസ്ത്രക്രിയ വേണ്ടിവരുമായിരുന്നു. ഒമിപ്രസോൾ എന്ന മരുന്ന് വന്നതോടെയാണ് പെപ്റ്റിക് അൾസർ കാരണമുള്ള സങ്കീർണതകൾക്കു കുറവ് വന്നത്. ശസ്ത്രക്രിയകളും കുറവാണ്. കരൾ, കോളൻ കാൻസറുകൾ എന്നിവയും ധാരാളമായി കാണുമായിരുന്നു.

ഇന്ന് ഏറ്റവും കൂടുതൽ കാണപ്പെടുന്ന രോഗം ഫാറ്റി ലിവറാണ്. കരളിൽ കൊഴുപ്പടിയുന്ന അവസ്ഥ. കേരളത്തിലെ 35 ശതമാനം പേർക്കെങ്കിലും ഈ അവസ്ഥ ഉണ്ടാകും. നമ്മുെട ജീവിതശൈലി തന്നെയാണ് ഇതിനു കാരണം. ചെറുപ്പക്കാരിലും ഇതു കാണുന്നുണ്ട്. സിറോസിസ്, എച്ച്പൈലോറി ബാക്ടീരിയ കാരണമുള്ള പെപ്റ്റിക് അൾസർ പോലുള്ള രോഗങ്ങൾ എന്നിവയും ഇന്നു ധാരാളമാണ്. പണ്ടത്തെ അപേക്ഷിച്ച് ആമാശയത്തിലെ കാൻസർ ബാധിക്കുന്നവരുെട എണ്ണം ഇന്നു കുറവാണ്. എങ്കിലും വൻകുടലിൽ കാൻസർ ബാധിക്കുന്നവരുെട എണ്ണം വർധിക്കുന്നതായാണ് കാണുന്നത്.

dr-narendra-1 ഇന്ത്യൻ ക്ലിനിക്കൽ എപിഡെമോളജി നെറ്റ്‌വർക്കിന്റെ പ്രസിഡന്റായിരിക്കെ, കാർഡിയോളജിസ്റ്റ് ഡോ. ശ്രീനാഥ് െറ‍ഡ്ഡി, ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ എന്നിവരോടൊപ്പം

അൾട്രാ സൗണ്ട് സ്കാനും ഫൈബ്രോ സ്കാനും എല്ലാം മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജിയുെട വളർച്ചയിലെ പ്രധാന നാഴികക്കല്ലുകളാണ്. എൻഡോസ്കോപ്പി ഉപയോഗിച്ചു സങ്കീർണമായ ശസ്ത്രക്രിയകൾ ഇന്നു വരെ െചയ്യാനാകും. പുതിയ പരിശോധനകളും രംഗത്തുവന്നിട്ടുണ്ട്. ലിവർ കാൻസർ ആണെങ്കിലും ഏതു മരുന്നാണ് പ്രയോജനം െചയ്യുന്നത് എന്നുവരെ പരിശോധനയിലൂെട ഇന്നു കണ്ടെത്താനാകും.

എന്റെ കൺമുൻപിലൂെടയാണ് ഗ്യാസ്ട്രോഎന്ററോളജി വിഭാഗം വളർന്നത്. ഇന്ന് ഈ വിഭാഗത്തിന്റെ തന്നെ പല ഉപവിഭാഗങ്ങളും ഉണ്ട്. ഇതെല്ലാം കാണുമ്പോൾ ഈ വളർച്ചയുെട ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്... അഭിമാനമുണ്ട്...

ഡോ. നരേന്ദ്രനാഥൻ എം.

കേരളത്തിലെ ആദ്യകാല മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജിസ്റ്റ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ്സും മെഡിസിനിൽ എംഡിയും. ഡൽഹി ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ നിന്ന് ഗ്യാസ്ട്രോഎന്ററോളജിയിൽ ഡിഎം നേടി. ഇക്കാലയളവിൽ തന്നെ ഡോ. നരേന്ദ്രനാഥൻ നടത്തിയ പഠനറിപ്പോർട്ടുകൾ ലാൻസെറ്റ് പോലുള്ള രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിച്ചു. അമേരിക്കയിലെ നോർത്ത് കരോലിന യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് െഹൽത്തിൽ മാസ്റ്റർ ഡിഗ്രി സ്വന്തമാക്കി. ഇംഗ്ലണ്ടിലെ ന്യൂകാസിലിൽ നിന്ന് എൻഡോസ്കോപ്പിയിൽ പരിശീലനവും നേടിയിട്ടുണ്ട്. ഐസിഎംആർ പ്രോജക്റ്റ് റിവ്യൂ കമ്മിറ്റിയിലെ ഗ്യാസ്ട്രോഎന്ററോളജിയുെട െചയർമാൻ ആണ്. റീജനൽ കാൻസർ സെന്ററിന്റെയും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബയോടെക്നോളജിയുെടയും എത്തിക്സ് കമ്മിറ്റി െചയർമാനും. 2003ൽ തിരു വനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് റിട്ടയർ െചയ്ത ഡോക്ടർ നിലവിൽ തിരുവനന്തപുരം കോസ്മോപൊളിറ്റൻ ഹോസ്പിറ്റലിലും ജിജി ഹോസ്പിറ്റലിലും

സേവനമനുഷ്ഠിക്കുന്നു.

ഭാര്യ : ഇന്ദിരാ റാണി മകൾ: ഡോ. റോഷ്നി നരേന്ദ്രൻ (ഒാസ്ട്രേലിയയിലെ ടാസ്മാനിയ യൂണിവേഴ്സിറ്റിയിൽ അധ്യാപിക).

ഇമെയിൽ: drnarendran@gmail.com

dr-narendra അമേരിക്കയിലെ നോർത്ത് കരോലിന യൂണിവേഴ്സിറ്റിയിൽ (നിൽക്കുന്നവരിൽ വലത് നിന്ന് രണ്ടാമത് ഡോ. നരേന്ദ്രനാഥൻ

Doctor’s Verdict

∙ അമിതവണ്ണം കുറയ്ക്കുന്നതു കരളിന് വളരെ ഗുണം െചയ്യും. രണ്ടാഴ്ചയിൽ ഒരു കിലോ എന്ന തോതിൽ ഭാരം കുറയ്ക്കുന്നതാണു നല്ലത്. പെട്ടെന്നു ഭാരം കുറച്ചാൽ കരളിനു കേട് കൂടുതലാകാൻ സാധ്യതയുണ്ട്.

∙ 40 വയസ്സിനു മുകളിൽ ഉള്ളവർ നെഞ്ചെരിച്ചിൽ വന്നാൽ, പ്രത്യേകിച്ച് പടി കയറുമ്പോഴോ അധ്വാനിക്കുമ്പോഴോ ആണെങ്കിൽ ഗ്യാസ് എന്നു കരുതി നിസ്സാരമാക്കരുത്. ഉടൻ ഒരു ഡോക്ടറെ കാണണം.

∙ അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും വൻകുടലിൽ കാൻസർ ഉണ്ടായിരുന്നെങ്കിൽ, ഡോക്ടറെ കണ്ട് കാൻസർ സ്ക്രീനിങ് ആവശ്യമുണ്ടോ എന്നറിയണം.

∙ രക്തം കലർന്ന മലം പോവുകയാണെങ്കിൽ പൈൽസ് ആണെന്ന് കരുതി ഡോക്ടറെ കാണാതെ ഇരിക്കരുത്. പ്രത്യേകിച്ച് 50 വയസ്സിനു മുകളിലുള്ളവർ.

∙ സിറോസിസ് രോഗമുള്ളവർ എല്ലാ ആറു മാസവും കരളിന്റെ സ്കാൻ െചയ്യേണ്ടതാണ്.

∙ ചിലതരം കരളിലെ കൊഴുപ്പിനു മദ്യം കഴിക്കാത്തവരുെട ഫാറ്റി ലിവർ എന്ന് പറയുമെങ്കിലും ഇവരിൽ മദ്യം കരളിനു ദോഷം െചയ്യും.