Wednesday 13 July 2022 03:02 PM IST : By സ്വന്തം ലേഖകൻ

‘ശസ്ത്രക്രിയ നടക്കുന്നതിനിടെ ഭൂകമ്പം, മുന്നിൽ അബോധാവസ്ഥയിലുള്ള രോഗി’: നെഞ്ചിടിപ്പേറ്റുന്ന അനുഭവം പങ്കിട്ട് ഡോ. സന്തോഷ്

dr-santhosh-kumar-ss

ദുരന്തമുഖങ്ങളിലേക്കും സാംക്രമിക രോഗമേഖലകളിലേക്കും സധൈര്യം ഇറങ്ങി ച്ചെന്ന് സാന്ത്വനവും പരിചരണവും നൽകുന്ന ഒരു ഡോക്ടറുടെ അപൂർവ അനുഭവങ്ങൾ– ഡോ. സന്തോഷ്കുമാർ എസ്. എസ്. എഴുതുന്ന പംക്തി.

ഭൂകമ്പത്തെ തുടർന്നു നേപ്പാളിലെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടതോടെ, മറ്റു പോംവഴികളില്ലാത്തതിനാൽ, അൽപം ചെലവേറിയതെങ്കിലും, ഹെലികോപ്റ്റർ ആംബുലൻസ് ഏർപ്പെടുത്താൻ തീരുമാനിച്ചു. അമേരിക്കയിൽ സ്റ്റാൻഫഡ് സർവകലാശാലയിലെ മുപ്പതോളം വരുന്ന മെഡിക്കൽ സംഘവും, സെർച്ച് ആൻഡ് റസ്ക്യൂ സംഘവും ഹെലികോപ്റ്റർ ആംബുലൻസിൽ ജോലി തുടങ്ങി. നേപ്പാളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരും ഒപ്പം ചേർന്നു. മരുന്നുകൾക്കൊപ്പം നാട്ടുകാർക്ക് വേണ്ടിയുള്ള ധാന്യങ്ങളും ഭക്ഷണവും വെള്ളവും കരുതേണ്ടി വന്നു. വളരെ ചെലവു വന്ന ഏർപ്പാടായിരുന്നു അത്. സോഷ്യൽ മീഡിയ ശക്തമായതിനാൽ, ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് സഹായമെത്തിക്കാൻ വേഗം സാധിച്ചു. ഇന്റർനാഷണൽ മെഡിക്കൽ കോർപ്സിന് മാത്രം ഫെയ്സ്ബുക്ക് വഴി സമാഹരിക്കാനായത് 160 ലക്ഷം യൂറോ ആണ്, അതും വെറും 48 മണിക്കൂർ കൊണ്ട്.

ചെറിയ പരുക്കേറ്റവർക്ക് ടീമിലുള്ള ഡോക്ടർമാർ അതതു സ്ഥലങ്ങളിൽ വച്ചു തന്നെ ചികിത്സ നൽകി. ഗുരുതരമായി പരുക്കേറ്റവരെ കാഠ്മണ്ഡുവിലെ പഠാൻ ആശുപത്രിയിൽ കൊണ്ടുവന്നു. നേപ്പാളിലെ ഹെലികോപ്റ്ററുകളുടെ സ്ഥിതി പരിതാപകരമായിരുന്നു. പൈലറ്റുമാരാകട്ടെ അത്ര പരിചയസമ്പന്നരുമല്ല. പലതവണ ഹെലികോപ്റ്ററുകൾ അപകടത്തിൽ പെട്ടു. ഒരിക്കൽ ഹെലികോപ്റ്റർ തകർന്ന് എം എസ് എഫിലെ ഒരു ഡോക്ടറടക്കം മൂന്നുപേർ മരിച്ചു.

ഭൂകമ്പം നടന്ന സ്ഥലങ്ങളിൽ തുടർചലനങ്ങൾ ഉണ്ടാകുമെങ്കിലും, ഉടനടി മറ്റൊരു ഭീമൻ ഭൂകമ്പം ഉണ്ടാവുക സാധാരണമല്ല. നേപ്പാളിൽ മുഖ്യഭൂകമ്പത്തിനു ശേഷം ശക്തമായ രണ്ടു ഭൂകമ്പങ്ങളെങ്കിലും ഉണ്ടായി. അതു നടക്കുമ്പോൾ ഞാൻ കാഠ്മണ്ഡുവിലുണ്ടായിരുന്നു.

മെയ് 12 ന് ഉച്ചയ്ക്ക് പന്ത്രണ്ടര... ശസ്ത്രക്രിയ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ. കാലുകളിലൂടെ ഒരു വിറയൽ മുകളിലോട്ടു കയറുന്ന പ്രതീതി. ഞാൻ കാലുകളിലേക്ക് നോക്കുന്ന നേരം കൊണ്ട് എല്ലാം വിറയ്ക്കാൻ തുടങ്ങി. ഓപ്പറേഷൻ തിയേറ്ററിൽ എല്ലാവരും ഒച്ചവെച്ച് ഓടുന്നു. താഴെ വീഴാതിരിക്കാൻ ഞാൻ ഓപ്പറേഷൻ ടേബിളിൽ പിടിച്ചു. അപ്പോഴാണ് അതൊരു ഭൂകമ്പമാണെന്നു മനസ്സിലായത്. തിയറ്ററിൽ ഞാനും രോഗിയും അനസ്തറ്റിസ്റ്റ് ഡോ. ശ്രീവാസ്തവയും മാത്രം. അബോധാവസ്ഥയിൽ ഭൂകമ്പത്തിന്റെ കുലുക്കമറിയാതെ കിടക്കുന്ന രോഗിയുടെ ജീവൻ നിലനിർത്താൻ ഡോ. ശ്രീവാസ്തവ നിർവികാരനായി നിരന്തരം ആംബുബാഗ് പീച്ചുന്നുണ്ടായിരുന്നു.

പെട്ടെന്ന്, ഭയം എന്നിലേക്കരിച്ചു കയറി. ഇളകിയാടുന്ന ഓപ്പറേഷൻ തിയറ്ററിനകത്ത് ഞാൻ മരവിച്ചു നിന്നു. രണ്ട് മിനിറ്റോളം നീണ്ട വലിയ കുലുക്കം ക്രമേണ കുറഞ്ഞു. ഞാൻ ഡോ. ശ്രീവാസ്തവയെ നോക്കി. പതിയെ അദ്ദേഹത്തിന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു. ‘നമുക്കിതു പെട്ടെന്നു തീർക്കാം’, ഞാനും അറിയാതെ ചിരിച്ചു. തുടർ ചലനങ്ങൾക്കിടയിൽ വേഗം ശസ്ത്രക്രിയ പൂർത്തിയാക്കി.

ഡോ. ശ്രീവാസ്തവ ആദ്യത്തെ ഭൂകമ്പസമയത്തും തിയറ്ററിനകത്തായിരുന്നു. ഞാൻ ബാക്കി ശസ്ത്രക്രിയ പൂർത്തിയാക്കുന്ന നേരത്ത് അദ്ദേഹം ആദ്യത്തെ ഭൂകമ്പത്തിന്റെ കഥ പറഞ്ഞു. അന്ന് ഒരു തൈറോയ്ഡ് ശസ്ത്രക്രിയക്ക് അനസ്തീസിയ കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. അന്നത്തെ കുലുക്കം കൂടുതൽ രൂക്ഷമായിരുന്നു. അന്നും പക്ഷേ, സർജനും അനസ്തറ്റിസ്റ്റും രോഗിയും തിയറ്ററിൽ തന്നെ അവശേഷിച്ചു.

അനസ്തീസിയയിൽ നിന്നുരോഗിയെ ഉണർത്തി ഞങ്ങൾ തന്നെ സ്ട്രെച്ചറിൽ കയറ്റി ആശുപത്രിക്ക് പുറത്തെത്തിച്ചു. ഞാനും ഡോ. ശ്രീവാസ്തവയും പുറത്തിറങ്ങി ചായകുടിക്കാനിരുന്നു. എന്തുകൊണ്ടാണ് ഓടി രക്ഷപ്പെടാത്തത് എന്ന കാര്യമാണു ഞങ്ങൾ ചർച്ച ചെയ്തത്. മാത്രമല്ല, രണ്ടു പ്രാവശ്യവും സർജന്മാരും, അനസ്തറ്റിസ്റ്റും തിയറ്ററിൽ അവശേഷിച്ചു എന്നുള്ളത് വളരെ അത്ഭുതകരമായി തോന്നി. അതിന്റെ കാരണം മനസ്സിലാക്കാൻ പക്ഷേ, അടുത്ത ഭൂകമ്പം വരെ കാത്തിരിക്കേണ്ടി വന്നു.

മേയ് 15–ന് വൈകുന്നേരം ആറുമണിയോടെയായിരുന്നു അടുത്ത ഭൂകമ്പം. റിക്ടർ സ്കെയിലിൽ അത് 7.2 രേഖപ്പെടുത്തി. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിലെ റസ്‌റ്ററന്റിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. കെട്ടിടമാകെ കുലുങ്ങി തുടങ്ങിയപ്പോൾ മനസ്സിലായി ഭൂകമ്പമാണെന്ന്. എല്ലാവരും എണീറ്റോടി. ഇത്തവണ ഞാനും ഒപ്പം കൂടി. അടുത്തുള്ള തുറസ്സായ പാർക്കിങ് ഏരിയയിലേക്കാണ് ഓടിയത്. കുറേനേരം പതിവുപോലെ ആശയക്കുഴപ്പവും ബഹളവുമായിരുന്നു.

പെട്ടെന്ന് എനിക്കു ഡോ. ശ്രീവാസ്തവയെ ഓർമ വന്നു. അദ്ദേഹത്തെ ഫോണിൽ വിളിച്ചു. അദ്ദേഹം സ്വന്തം വീടിനടുത്തുള്ള മൈതാനത്തു കുടുംബത്തോടൊപ്പം ആയിരുന്നു. പൊട്ടിച്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘ഞാൻ വീട്ടിലായിരുന്നെടോ. കുലുങ്ങി തുടങ്ങിയപ്പോഴേക്കും കുട്ടികളേയും വാരിയെടുത്ത് ഭാര്യയേയും കൊണ്ട് ഓടി, അടുത്തുളള മൈതാനത്തേക്ക്’. ഓടിയ കാര്യം ഞാനും പറഞ്ഞു. ഞങ്ങൾ പൊട്ടിപ്പൊട്ടി ചിരിച്ചു.

ചിരിയിലൂടെ ഞങ്ങൾക്ക് അതു മനസ്സിലാവുകയായിരുന്നു. തിയറ്ററിൽ വച്ച് ഭൂകമ്പമുണ്ടായപ്പോൾ ഞങ്ങൾ ഓടാത്തതെന്താണെന്നും, പിന്നീടു ഹോട്ടലിൽ വച്ച് ഭൂകമ്പമുണ്ടായപ്പോൾ ഓടിയതെന്തിനെന്നും. രണ്ടാം സംഭവത്തിൽ ഓടാതിരിക്കാൻ ഞങ്ങൾക്ക് മുൻപിൽ അബോധാവസ്ഥയിൽ നിസ്സഹായനായ രോഗി ഇല്ലായിരുന്നു.

സർജറി തുടങ്ങിയാൽ അവസാനിക്കാതെ സാധാരണ ഞങ്ങൾ ഇറങ്ങാറില്ല. അതുപോലെ തന്നെ അനസ്തീസിയ ഡോക്ടർമാരും അബോധാവസ്ഥയിലുള്ള രോഗിയുടെ ജീവൻ കയ്യിലിരിക്കുമ്പോൾ രോഗിയുടെ അടുത്തു നിന്നു മാറാറില്ല. വർഷങ്ങളായുള്ള ശീലങ്ങൾ ദുരന്തം വരുമ്പോഴും ജീവൻ അപകടത്തിലാകുമ്പോൾ പോലും പെട്ടെന്നു മാറ്റാനാകില്ലെന്നു തിരിച്ചറിയുകയായിരുന്നു ഞങ്ങൾ. (തുടരും)