ജീവിതത്തിൽ അപൂർവ േരാഗം വന്ന് സഡൻ ബ്രേക്കിട്ടാൽ എന്തു െചയ്യും? സാധാരണക്കാർ ഡോക്ടറെ അഭയം പ്രാപിക്കും. എന്നാൽ ഒരു േഡാക്ടർക്ക് അത്തരം ഒരു സാഹചര്യത്തെ നേരിടേണ്ടിവന്നാലോ? അതും തീർത്തും അന്യനഗരത്തിൽ. ഡൽഹിയിൽ വച്ച് മരണത്തെ മുഖാമുഖം കാണേണ്ടി വന്നു എറണാകുളം ജനറൽഹോസ്പിറ്റലിലെ എആർഎംഒ ആയ ഡോ. എം.എം.ഹനീഷിന്. ഡൽഹിയിലേക്ക് ഊർജസ്വലനായി ട്രെയിനിങ് പ്രോഗ്രാമിനു പോയ േഡാ. ഹനീഷ് നാട്ടിലേക്കു സ്ട്രെച്ചറിലാണ് വന്നിറങ്ങിയത്. ആ സ്ട്രെച്ചറിൽ നിന്നു ജീവിതവും സർജൻ എന്ന കരിയറും തിരിച്ചുപിടിച്ച അനുഭവം ഡോക്ടർ പറയുന്നു.
രാജ്യതലസ്ഥാനത്തേക്ക്
കേന്ദ്രസർക്കാരിന്റെ ട്രോമ കെയർ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുക്കാനായി കേരളത്തിൽ നിന്നും ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള സംഘം ഡൽഹിയിലെത്തുന്നു. 2015 ഫെബ്രുവരി ആദ്യ വാരമാണ് ട്രെയിനിങ് തുടങ്ങിയത്. ജയപ്രകാശ് നാരായൺ അപെക്സ് ട്രോമാ സെന്ററിന്റെ പ്രവർത്തനം പഠിച്ച് കേരളത്തിൽ അത്തരം സെന്റർ തുടങ്ങുന്നതിന്റെ ഭാഗമായിട്ടായിരുന്നു ട്രെയിനിങ്. മുപ്പതോളം പേരുള്ള സംഘത്തിൽ ഡോ. ഹനീഷും ഉൾപ്പെട്ടിരുന്നു.
രണ്ടാഴ്ചയോളം നീണ്ടുനിന്ന ട്രെയിനിങ് അവസാനിച്ച ദിവസം. അടുത്ത ദിവസം ഉച്ചയ്ക്കുള്ള ഫ്ലൈറ്റിനു െകാച്ചിയിലേക്കു മടങ്ങാനിരിക്കുകയാണ് കേരളത്തിൽ നിന്നുള്ളവർ. രാത്രി നിസ്കരിക്കുന്നതിനു മുൻപായി കൈ കഴുകിയപ്പോൾ വിരലുകൾ വളയുന്നതായി ഡോ. ഹനീഷ് ശ്രദ്ധിച്ചിരുന്നു. നിസ്കരിച്ചശേഷം എഴുന്നേൽക്കാൻ പ്രയാസവും. കൂടെ വല്ലാത്ത ക്ഷീണവും തളർച്ചയും. അദ്ദേഹത്തിന്റെ കൂടെ മുറിയിൽ എറണാകുളത്തെ സഹപ്രവർത്തകനായ ഡോ. സിറിൽ ജി. ചെറിയാൻ (ഇപ്പോൾ ആലുവ ജില്ലാ ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ) ഉണ്ടായിരുന്നു. ഡോ. ഹനീഷ് തനിക്കുള്ള ബുദ്ധിമുട്ട് ഡോ. സിറിലിനെ അറിയിച്ചു. അപ്പോൾ തന്നെ ഡോ. സിറിലും പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോ. ടാജനും അദ്ദേഹത്തെ കൂട്ടി ട്രെയിനിങ് നടന്ന ട്രോമാ സെന്ററിൽ പോയി. ആദ്യം അവർ ഡോ. ഹനീഷിനെ പരിശോധിച്ചെങ്കിലും എയിംസിലേക്കു േപാകാനാണ് നിർദേശിച്ചത്. കാരണം അതൊരു ട്രോമാ സെന്റർ ആയതിനാൽ അപകടങ്ങൾ മാത്രമെ എടുക്കാൻ പാടുള്ളൂ. ഉടനെ തന്നെ ഡോ. ഹനീഷിനെയും െകാണ്ട് മറ്റുള്ളവർ എയിംസിലെ െമയിൻ ബ്ലോക്കിലേക്കു െചന്നു. അവിടെ ചെന്നതും ശരിക്കും അന്ധാളിച്ചുപോയി. പരിതാപകരമായ കാഷ്വാലിറ്റി. രോഗികൾ സ്വയം ഡ്രിപ് പിടിച്ചു കിടക്കുന്ന കാഴ്ച. നിന്നുതിരിയാൻ പോലും ഇടമില്ല.
േഡാക്ടറെ കാണുന്നു
എയിംസിൽ ധാരാളം മലയാളി നഴ്സുമാരും ഡോക്ടർമാരും ഉണ്ട്. അവരിൽ ചിലരുടെ സഹായത്തോടെ ന്യൂറോയിലെ ഒരു സീനിയർ റെസിഡന്റിനെ വരുത്തി പരിശോധിപ്പിച്ചു. പുറമെ ഡോ. ഹനീഷിന് ഒരു കുഴപ്പവുമില്ല. സിടി സ്കാൻ എടുത്തു. അതും നോർമൽ. എന്തെങ്കിലും ഉണ്ടെങ്കിൽ അടുത്ത ദിവസം വരൂ എന്നു പറഞ്ഞ് അവർ അദ്ദേഹത്തെ തിരിച്ചയച്ചു. അടുത്ത ദിവസം ബുദ്ധിമുട്ട് കൂടി വന്നു. ഒരു കാലിലെ തളർച്ച അടുത്ത കാലിലേക്കു പടർന്നു. കയ്യിലെ വളവ് കൂടി. അങ്ങനെ വീണ്ടും ആശുപത്രിയിലേക്കു പോകാൻ തീരുമാനിച്ചു. അങ്ങനെ എയിംസിൽ എത്തി. ഇത്തവണ കുറച്ചുകൂടി സീനിയറായ ന്യൂറോളജിസ്റ്റിനെ കാണിച്ചു. അവിടുന്ന് എംആർഐ എടുത്തു.
റിസൽറ്റിനായി കാത്തിരിക്കുമ്പോൾ മലയാളികളായ നഴ്സുമാർ കാണാൻ വന്നു. അവർ ഉടൻ തന്നെ ചില ഡോക്ടർമാരെ വരുത്തി. ഇതിനിടയിൽ ഡോ. ടാജൻ പിജി എൻട്രൻസിനു പഠിപ്പിച്ച വിദ്യാർത്ഥികളൊക്കെ വിവരം അറിഞ്ഞ് അവിടെ എത്തി. അങ്ങനെ ഡോ. ഹനീഷിനുവേണ്ടി പതിയെ ഒരു ടീം രൂപപ്പെട്ടു. അതോെട കാര്യങ്ങൾ കുറച്ചുകൂടി വേഗത്തിലായി. എംആർഐയുടെ ഫലം പെട്ടെന്നു ലഭ്യമാക്കി. അതിൽ കുഴപ്പമൊന്നുമില്ല.
േരാഗം മാത്രം അറിയില്ല
സമയം 11 കഴിഞ്ഞിരുന്നു. ഇത്രയും ആയിട്ടും രോഗമ മാത്രം കണ്ടുപിടിച്ചില്ല. ഡോക്ടർമാർ പറയുന്നു അദ്ദേഹത്തിനു കുഴപ്പമൊന്നുമില്ലെന്ന്. പക്ഷേ ഡോ. ഹനീഷിനു ക്ഷീണവും തളർച്ചയും ഉണ്ട്. തലേദിവസം തന്നെ അവിടുത്തെ ഡോക്ടർമാരോട് ഡോ. ഹനീഷിന്റെ കൂെടയുള്ളവർ ഗില്ലൻബാരി സിൻഡ്രോം എന്ന രോഗമാണോ എന്നു ചോദിച്ചിരുന്നു. അവർ ആ സാധ്യത അപ്പോൾ തന്നെ തള്ളിക്കളഞ്ഞു. അപ്പോഴെക്കും ഡോ. ഹനീഷ് വീൽചെയറിലായി. ഒടുവിൽ അഡ്മിറ്റ് ചെയ്തു. അങ്ങനെ ഡോക്ടറോടൊപ്പം ഡോ. സിറിലും എറണാകുളം ജനറൽ ആശുപത്രിയിലെ നഴ്സ് ബേസിലും അവിടെ തങ്ങി .ഡോ. ഹനീഷിനു വാർഡിന്റെ ഒരറ്റത്ത് രോഗികളെ പരിശോധിക്കുന്ന സ്ഥലത്ത് ഇടം നൽകി. രാത്രി പത്ത് മണിക്ക് ബെഡ് ലഭിച്ചു. ചികിത്സയുെട കാര്യം ചോദിക്കുമ്പോൾ ഒബ് സർവ് െചയ്യുകയാണ്, എങ്ങനെ പ്രോഗ്രസ് ചെയ്യുമെന്നു നോക്കാം എന്നൊക്കെയാണ് മറുപടി.
ഗില്ലൻബാരിയാണ് രോഗമെന്ന് ഡോ. ഹനീഷിനും ഡോ. സിറിലിനും ഏകദേശം മനസ്സിലായി. ‘‘മരിക്കുന്നതുെകാണ്ട് എനിക്കു കുഴപ്പമില്ല. പക്ഷേ എന്റെ കുട്ടികളുടെ കൂടെ കളിച്ചു മതിയായില്ല’’ എന്ന്ഡോ. ഹനീഷ് സിറിലിനോടു പറഞ്ഞു. വിവാഹം കഴിഞ്ഞ് ആറ് വർഷങ്ങൾക്കു ശേഷം ചികിത്സ കഴിഞ്ഞാണ് ഡോ. ഹനീഷിനു മൂന്നു കുട്ടികളുണ്ടാകുന്നത്, അതും ഒറ്റപ്രസവത്തിൽ. അന്നവർക്ക് രണ്ടരവയസ്സ്.
നിർണായക സംശയം
‘‘ ഹനീഷിന്റെ ലക്ഷണങ്ങൾ കണ്ടിട്ട് ഗില്ലൻബാരിയാണ് എന്ന് എനിക്കു സംശയം തോന്നി. അതു സ്ഥിരീകരിക്കാനായി ഞാൻ സുഹൃത്തായ ന്യൂറോളജിസ്റ്റിനെ വിളിച്ചു. ലക്ഷണങ്ങൾ കേട്ടപ്പോൾ അദ്ദേഹവും ആ രോഗമാകാം എന്നു പറഞ്ഞു. ഇമ്യൂണോഗ്ലോബുലിൻ ആണ് ചികിത്സ എന്നും പറഞ്ഞു. എന്തുകൊണ്ടോ ആ നേരത്ത് ആ മരുന്ന് പുറത്തുനിന്നു വാങ്ങിവയ്ക്കാൻ എനിക്കു തോന്നി. ഫോർട്ടിസ് ഹോസ്പിറ്റലിലുള്ള സുഹൃത്തായ ഡോക്ടറുടെ സഹായത്തോടെ ഞാൻ ഇമ്യൂണോഗ്ലോബുലിൻ വരുത്തി, ആശുപത്രിയിൽ സൂക്ഷിച്ചു. കാരണം ചികിത്സ തുടങ്ങാൻ പറഞ്ഞാൽ മരുന്ന് ലഭിക്കാൻ വൈകരുതല്ലോ. പക്ഷേ രാത്രി 2 മണി കഴിഞ്ഞിട്ടും ഒരു ചികിത്സയും തുടങ്ങുന്നില്ല. ഹനീഷിന്റെ ശരീരം പകുതിയോളം നിശ്ചലമായിക്കഴിഞ്ഞിരുന്നു. രോഗം ഡയഫ്രത്തെ ബാധിച്ചാൽ ശ്വാസംവലിക്കാനുള്ള കഴിവ് നഷ്ടപ്പെടും. ഈ സമയത്താണ് ഹനീഷ് മക്കളെ കുറിച്ച് പറഞ്ഞത്. അതു കേട്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടു. രാത്രി ഡ്യൂട്ടിയിലുള്ള ന്യൂറോളജി സീനിയർ റെസിഡന്റിന്റെ മുറിയിൽ എത്തി. പക്ഷേ അവരുെട പ്രോട്ടോക്കോൾ പ്രകാരം രോഗം സ്ഥിരീകരിക്കാതെ മരുന്ന് നൽകാനാവില്ലെന്നു പറഞ്ഞു വാതിൽ അടച്ചു. ഞാൻ വാതിൽ ചവിട്ടിത്തുറന്നു. േരാഗിയെ നിങ്ങൾ വന്നു കണ്ടേ പറ്റൂ എന്നു പറഞ്ഞ് ആ ഡോക്ടറെ നിർബന്ധിച്ച് ഹനീഷിന്റെ പക്കൽ എത്തിച്ചു. ഹനീഷിനെ കണ്ടപ്പോൾ േഡാക്ടർക്കു സ്ഥിതി ഗുരുതരമാണെന്നു മനസ്സിലായി. അദ്ദേഹം ഉടൻ തന്നെ മേധാവിയെ ഫോണിൽ വിളിച്ച് മരുന്ന് നൽകാനുള്ള അനുമതി വാങ്ങി. അങ്ങനെ പുലർച്ചെ മൂന്നരയോെട മരുന്ന് നൽകാൻ തുടങ്ങി. ഏകദേശം രണ്ടര മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തന്നെ ഹനീഷിൽ നല്ല മാറ്റങ്ങൾ കാണാൻ തുടങ്ങി. ചികിത്സ വൈകിയതിന് ആശുപത്രിയെ കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം സാധാരണ ഗില്ലൻബാരി സിൻഡ്രോം ലക്ഷണങ്ങളായിരുന്നില്ല ഹനീഷ് പ്രകടിപ്പിച്ചത്. ’’– േഡാ. സിറിലിനു ആ രാത്രി ഇപ്പോഴും പകൽ പോലെ വ്യക്തമാണ്.
രണ്ടാം ദിവസമായപ്പോൾ ഡോ. ഹനീഷിന്റെ സഹോദരനായ ഷിയാസും സുഹൃത്തായ േഡാ. ഷാഫിയും സഹോദരിയുടെ ഭർത്താവായ സിറാജും വന്നു. ഡോ. സിറിലും ബേസിലും തിരികെപോയി.
‘‘ ഞാൻ കാണുമ്പോൾ ഹനീഷിന്റെ കൈവിരലുകൾ അനങ്ങും. കാൽപാദങ്ങൾ ഇടത്തേക്കും വലത്തേക്കും ചലിപ്പിക്കും. അത്രമാത്രം. അഡ്മിറ്റ് ആയി അഞ്ചാമത്തെയോ ആറാമത്തെയോ ദിവസം അവിടെ നിന്ന് അവനെ െകാച്ചിയിലേക്കു കൊണ്ടുവന്നു.’’, ഷിയാസ് ഓർത്തെടുക്കുന്നു. കൊച്ചി എയർപോർട്ടിൽ ഡോക്ടറെ കാത്ത് ഒരു യുദ്ധത്തിനുള്ള ആളുകൾ ഉണ്ടായിരുന്നു.
ഇത്രയും ദിവസം ഭർത്താവിന്റെ പക്കൽ എത്താനാകാതെ, ഒന്നും നേരിട്ട് അറിയാതെ, ദിവസങ്ങൾ തള്ളി നീക്കുകയായിരുന്നു ഡോ. ഹനീഷിന്റെ ഭാര്യ ഡോ. ആഷ്ന. ‘‘ കുട്ടികൾ ചെറുതായതിനാൽ അവരെ വിട്ടിട്ട് എനിക്കു ഡൽഹിയിലേക്കു പോകാൻ കഴിയില്ലായിരുന്നു. കൊച്ചിയിലെത്തിയപ്പോൾ വീൽച്ചെയറിലായിരുന്നു അദ്ദേഹം. മക്കൾ അങ്ങോട്ട് ഒാടിച്ചെന്നു. അവരെ എടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. എന്നും വീട്ടിൽ കയറിവരുമ്പോൾ അവരെ വാരിപ്പുണരുന്ന അച്ഛൻ അവരെ എടുക്കാതെ...നിസ്സഹായനായി..’’, ഡോ. ആഷ്ന പറയുന്നു.
അമൃതയിൽ എത്തിയതിനുശേഷം ചികിത്സ തുടർന്നു. ഇതിനിടെ േഡാക്ടറുടെ മുഖം ഒരുവശത്തേക്കു കോടി. കാരണം രോഗവളർച്ച നിലച്ചിരുന്നില്ല. കുറച്ചു വൈകി എന്നു മാത്രം. പിന്നീട് ചികിത്സയിലൂടെ രോഗവളർച്ചയ്ക്കു തടയിട്ടു. ഒരാഴ്ച കഴിഞ്ഞ് ഫിസിയോതെറപ്പി തുടങ്ങി. ഒന്നര ആഴ്ചയ്ക്കു ശേഷം ആശുപത്രി വിട്ടു. ഡോക്ടറുെട നാടായ തൃശൂരിലേക്കു കൊണ്ടുപോയി. ഫിസിയോതെറപ്പി തുടർന്നു. സ്വന്തം മക്കൾ നടക്കുന്നതു പോലെ മുട്ടിലിഴഞ്ഞാണ് േഡാക്ടർ നടക്കാൻ പഠിച്ചത്. ഒരുവിധം നടക്കാറായപ്പോൾ ഡോക്ടർ തിരികെ െകാച്ചിയിൽ വന്നു. ആശുപത്രിയിലും എത്തി. അപ്പോഴെക്കും ഏകദേശം ഒന്നരമാസം കഴിഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിയെങ്കിലും അദ്ദേഹത്തിനൊന്നും െചയ്യാനാകുമായിരുന്നില്ല. നടപ്പൊക്കെ വല്ലാത്ത രീതിയിലായിരുന്നു. ആ േരാഗാവസ്ഥയിൽ കളിയാക്കിയ സഹപ്രവർത്തകരും ഉണ്ട് എന്നു േഡാക്ടർ ഒാർക്കുന്നു.
ആശുപത്രിയിൽ എത്തിയ േഡാ. ഹനീഷ് അഡ്മിനിസ്ട്രേഷനിലേക്കു മാറ്റം ആവശ്യപ്പെട്ടു സർക്കാരിനു കത്ത് നൽകി. അങ്ങനെ അദ്ദേഹം എറണാകുളം ജനറൽ ആശുപത്രിയിെല ആർഎംഒ ആയി. ‘‘ ഞാൻ ശരിക്കും ഒരു മെയിൽ ഷോവനിസ്റ്റ് ആയിരുന്നു. ഭാര്യ ആഷ്ന ഡെന്റൽ ഡോക്ടറാണ്. ഈ സംഭവത്തിനുശേഷം അവളെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിച്ചു. കാരണം നമ്മൾ എത്ര മിടുക്കനാണെങ്കിലും അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന് അറിയില്ല. അത്തരമൊരു സന്ദർഭം നേരിടാൻ നമ്മുെട പങ്കാളി തയാറായിരിക്കണം. ആർഎംഒ ആയതിനുശേഷമാണ് ഞാൻ ഇൻഎൻടി കരിയറിലേക്ക് ആക്ടീവായി വീണ്ടും വന്നത്. രണ്ട് തവണ ഐഎംഎ െകാച്ചിയുെട സെക്രട്ടറിയായി. ഇപ്പോൾ വൈസ് പ്രസിഡന്റാണ്. ഏഞ്ചൽസ് എന്ന 102 ആംബുലൻസിന്റെ മെഡിക്കൽ ഡയറക്ടറാണ്. 2016ൽ ആർഎംഒ ആയിരിക്കെ എറണാകുളം ജില്ലയിലെ ബെസ്റ്റ് േഡാക്ടർ അവാർഡ് ഡോ. ഹനീഷിന് ജില്ലാ കളക്ടറിൽ നിന്ന് ലഭിച്ചു. ഒരു ചികിത്സയും കൂടാതെ എനിക്കു നാലാമത്തെ കുഞ്ഞ് ഉണ്ടായി’– േഡാ. ഹനീഷ് പറയുന്നു.
‘‘പലപ്പോഴും കൈ വിറയ്ക്കും. ചിലപ്പോൾ കൈ വളഞ്ഞുപോകും. കുെറ നേരം നിൽക്കുന്നതുെകാണ്ടുള്ള ശരീരവേദന, േകാച്ചിപിടുത്തം... അങ്ങനെ ബുദ്ധിമുട്ടുകൾ ഒരുപാട്. അതെല്ലാം ഞാൻ മറികടന്നു. പിന്തുണയുമായി സഹപ്രവർത്തകർ ഉണ്ടായിരുന്നു’’, േരാഗശേഷമുള്ള ശസ്ത്രക്രിയകളെ കുറിച്ചുള്ള അനുഭവവും േഡാ. ഹനീഷ് പങ്കുവച്ചു. േരാഗമുക്തിക്കുശേഷം തന്റെ ഇഷ്ടങ്ങളിലേക്കും േഡാക്ടർ മടങ്ങി വന്നു. നാല് സിനിമകളിൽ അഭിനയിച്ചു. െകാച്ചിയിലെ േലാകധർമി എന്ന നാടകഗ്രൂപ്പിന്റെ ഡയറക്ടർ േബാർഡിൽ ഒരാളായി. കരിയറിൽ എല്ലാ വളർച്ചയും ഉണ്ടായത് േരാഗശേഷമുള്ള ‘ഫൈറ്റിങ് മെന്റാലിറ്റി’ കാരണമാണെന്നു േഡാ. ഹനീഷ് ഉറച്ചുവിശ്വസിക്കുന്നു. ‘‘േരാഗത്തെ ഒരു കാരണമായിട്ട് എടുക്കണം, ഒരു പുതിയ േലാകം സൃഷ്ടിക്കാനുള്ള കാരണം’’ േഡാ. ഹനീഷ് ആ േലാകം വ്യാപിപ്പിച്ചു കഴിഞ്ഞു.