ആയുർവേദചികിത്സാരംഗത്ത് ഏറെ തിളക്കമാർന്ന പേരാണ് ഡോ. ബി. ശ്യാമളയുടേത്. ഗവേഷകയും പുസ്തകരചയിതാവും അധ്യാപികയുമായി എത്രയോ ജീവിതങ്ങളിലേക്ക് അവർ വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നു. വന്ധ്യതാ ചികിത്സയിലും സ്ത്രീരോഗ ചികിത്സയിലും എത്രയോ പേരാണ് ആ കൈപ്പുണ്യം അനുഭവിച്ചറിഞ്ഞത്? രോഗവിമുക്തിയുടെ സ്വാസ്ഥ്യത്തിലേക്ക് നിറഞ്ഞ മനസ്സോടെ തിരികെ പോയവരാരും ശ്യാമള എന്ന ഡോക്ടറെ മറന്നിട്ടില്ല. അർബുദം ക്ഷണിക്കാത്ത അതിഥിയായി ജീവിതത്തിലേക്കു വന്നപ്പോളും ഡോ. ശ്യാമള നിശബ്ദമായി തന്റെ ജീവിത പോരാട്ടം തുടരുകയായിരുന്നു. ഒടുവിൽ ഫെബ്രുവരി നാലാം തീയതി ആ സ്നേഹദീപം മിഴിയണച്ചു. പ്രഫഷനിൽ ആത്മാർപ്പണം ചെയ്ത , വ്യക്തി ജീവിതത്തിൽ സ്നേഹമയിയായ ശ്യാമള എന്ന തന്റെ ജ്യേഷ്ഠ സഹോദരിയെ അനുസ്മരിക്കുകയാണ് അനുജത്തി ഗീതാ രഞ്ജിത്. ഗീത മുംബൈയിലാണ് താമസിക്കുന്നത്.
നഷ്ടപ്പെട്ടാല്‍ തിരിച്ചുകിട്ടില്ല എന്നതുകൊണ്ടാവാം ജീവിതം സുന്ദരമാകുന്നത്. ജീവിതത്തിന്റെ െെദര്‍ഘ്യമല്ല ആഴമാണു പരിഗണിക്കേണ്ടത് എന്നു തത്വചിന്തകര്‍ പറയുന്നതും വെറുംവാക്കല്ല. ജീവിതത്തിന്റെ അഗാധത തിരിച്ചറിഞ്ഞു ജീവിച്ച ഡോ. ശ്യാമളയെപ്പോലുള്ളവര്‍ക്ക് മരണത്തെ ഭയപ്പെടേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍ ആ മരണം അവരുടെ നഷ്ടമല്ല, മറ്റുള്ളവരുടേതാണ്.
സഹസ്രാബ്ദങ്ങളുടെ പൂര്‍വപാരമ്പര്യസ്വത്താര്‍ജിച്ച ആയുര്‍വേദമെന്ന മഹാശാസ്ത്രശാഖയ്ക്ക് സമീപകാലത്ത് ഏറ്റവുമധികം സംഭാവനകള്‍ നല്‍കിയ വ്യക്തികളില്‍ ഒരാളായിരുന്നു ഡോ. ബി. ശ്യാമള. വന്ധ്യതാപരിഹാര ചികിത്സയില്‍ വിലപ്പെട്ട സംഭാവന നല്‍കിയ അവരുടെ വിയോഗം ആ ചികിത്സ ആഗ്രഹിക്കുന്നവരും അര്‍ഹിക്കുന്നവരുമായ അനേകം ദമ്പതിമാര്‍ക്ക് ഒരു തീരാനഷ്ടം തന്നെയാണ്.
കുഞ്ഞിന്റെ ജനനം ദാമ്പത്യത്തിലെ അത്യന്തം ആഹ്ലാദകരമായ നിമിഷമാണ്. പാശ്ചാത്യചികിത്സാപദ്ധതികളുടെ നീരാളിപ്പിടുത്തത്തിലമര്‍ന്ന് പണവും സമയവും നഷ്ടമായ എത്രയോ ദമ്പതിമാര്‍ക്ക് അവര്‍ പ്രത്യാശാനാളമായിത്തീര്‍ന്നു. മൃദുഭാഷിയും ദയാഭരിതയുമായിരുന്ന അവര്‍ ചികിത്സ തേടിയെത്തിയവര്‍ക്ക് എന്നും സമാശ്വാസത്തിന്റെ ഹരിതശാദ്വലമായിരുന്നു.
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ കാവല്‍ക്കാരനായ ഒരു പൊലീസുദ്യോഗസ്ഥൻ കൃതജ്ഞതാഭരിതമായ മന്ദഹാസത്തോടെ ഇങ്ങനെ ഒാര്‍മിക്കുന്നു: ‘‘വെറും ആറു മാസത്തെ ചികിത്സ കൊണ്ടാണ് ഞങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമായത്. അതുപോലെ എത്രയോ പേരെ എനിക്കറിയാം.’’

ഡോ. ശ്യാമളയ്ക്ക് പെട്ടെന്നുണ്ടായ അനാരോഗ്യം മൂലം ആ കുട്ടിയുമായി ഡോ. ശ്യാമളയെ സന്ദര്‍ശിക്കാൻ കഴിയാതിരുന്നതില്‍ അയാള്‍ അതീവ ദുഃഖിതനാണ്. അതുപോലെ തന്നെ ക്യാന്‍സര്‍ ബാധിച്ചു ഡോ. ശ്യാമള ഒാര്‍മയായിത്തീര്‍ന്ന് ഫെബ്രുവരി 4ന്റെ പിറ്റേന്ന് കോട്ടയത്തു നിന്നു കാറോടിച്ചെത്തി കുരുന്നിനെ കയ്യിലേന്തിവന്ന ദമ്പതിമാരുടെ ദുഃഖവും വര്‍ണനാതീതമായിരുന്നു. അങ്ങനെ എത്രയെത്ര കഥകൾ.
ആയുര്‍വേദ ചികിത്സയ്ക്ക് നവകാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തി നല്‍കിയ ചികിത്സകയും ഗവേഷകയുമായിരുന്നു ഡോ. ശ്യാമള. ആയുര്‍വേദവിധിപ്രകാരമുള്ള ‘ഉത്തരവസ്തി’ ചികിത്സയിലൂടെ ഫലോപ്യന്‍ ട്യൂബിലെ ബ്ലോക്കുകള്‍ നീക്കം ചെയ്യുന്ന ചികിത്സാരീതിയിലൂടെ ഡോ. ശ്യാമള അലോപ്പതി ഡോക്ടര്‍മാരെപ്പോലും അമ്പരപ്പിച്ചുകളഞ്ഞു. ഇന്‍ഡ്യയിലാകമാനമുള്ള അനേകര്‍ക്കും നിരവധി വിദേശികള്‍ക്കും ഫലപ്രദമായിത്തീര്‍ന്നു ആ ചികിത്സാരീതി.
പിന്നെയോ? പാര്‍ശ്വഫലങ്ങളോ, സങ്കീര്‍ണതകളോ ഇല്ലാതെ വേദനാരഹിതമായി ശിശുവിനു ജന്മം നല്‍കാമെന്നും ഡോ. ശ്യാമള അനേകം അമ്മമാരെ ബോധ്യപ്പെടുത്തി. മാത്രമല്ല അലോപ്പതിക്കാരുടെ കുത്തകയായ ആന്റിനേറ്റൽ, നേറ്റൽ, പോസ്റ്റ്, നേറ്റല്‍ ചികിത്സകളെല്ലാം തന്നെ തുല്യസുരക്ഷിതത്വത്തോടെ ആയുര്‍വേദത്തിലും ആവാം എന്നവര്‍ തെളിയിച്ചു. ഇത് പിന്നീട് അനേകം യൂണിവേഴ്സിറ്റികള്‍ക്കും ഹോസ്പിറ്റലുകള്‍ക്കും മാതൃകയായിത്തീര്‍ന്നു.
അധ്യാപനത്തോട് അവര്‍ എന്നും അങ്ങേയറ്റത്തെ മമത പുലര്‍ത്തി. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലംമുതലേ പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും സമര്‍ഥയായിരുന്നു അവർ. കൊല്ലം ജില്ലയിലെ ചെങ്കുളം ഗ്രാമത്തിന്റെ ശാലീനതയിൽ ജനിച്ചുവളര്‍ന്ന ശ്യാമളയുടെ പിതാവ് ഡോ. എന്‍. ഭാസ്കരന്‍ ഹോമിയോ ഡോക്ടറും അമ്മ കെ. കമലമ്മ അധ്യാപികുമായിരുന്നു. ഒരു സാധാരണ ഗവണ്‍മെന്റ് സ്കൂളിന്റെ പരിമിതിയില്‍ നിന്നും പഠിച്ചുയുര്‍ന്ന ശ്യാമള 1981ല്‍ തിരുവനന്തപുരം ആയുര്‍വേദകോളജില്‍ നിന്നും ബി.എ.എം. പരീക്ഷ ഒന്നാമതായി പാസ്സായി. 1990ല്‍ ബനാറസ് ഹിന്ദു യൂണിേവഴ്സിറ്റിയില്‍ നിന്നും എം.ഡി.യും 1990ല്‍ അവിടെനിന്നുതന്നെ ഡോക്ടറേറ്റും നേടി.

കേരളത്തില്‍ തിരിച്ചെത്തിയ അവര്‍ തിരുവനന്തപുരം ആയുര്‍വേദ കോളജിലടക്കം നിരവധി ചികിത്സാനിലയങ്ങളിൽ പ്രസൂതിതന്ത്ര, സ്ത്രീരോഗ വിഭാഗങ്ങള്‍ ആരംഭിച്ചു. അലോപ്പതിയിലെ െെഗനക്കോളജിക്കു തുല്യമാണത്. ഒരു ഗവേഷക എന്ന നിലയില്‍ സ്വന്തമാക്കിയ അറിവുകൾ മുഴുവന്‍ തന്നെ ജൂനിയര്‍മാരും സീനിയര്‍മാരുമായ മറ്റു ഡോക്ടര്‍മാരിലേക്കു പകര്‍ന്നു നല്‍കി എന്നത് ഡോ. ശ്യാമളയുടെ ആര്‍ജവത്തെ സൂചിപ്പിക്കുന്നു.
സ്വന്തം വിദ്യാര്‍ഥികള്‍ക്കും ജൂനിയര്‍മാര്‍ക്കും ഒരു റോള്‍മോഡല്‍ കൂടിയായിരുന്നു ഡോ. ശ്യാമള. അനേകം പോസ്റ്റ് ഗ്രാജ്വേറ്റുകള്‍ക്കും റിസര്‍ച്ചര്‍മാര്‍ക്കും പ്രൈമറി ഗൈഡായി അവർ പ്രവര്‍ത്തിക്കുകയുണ്ടായി. അവരുടെ ആദ്യകാല വിദ്യാര്‍ഥികളില്‍ പലരും സുപ്രസിദ്ധ ചികിത്സാലയങ്ങളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ അദ്ഭുതപ്പെടേണ്ടതില്ല.
കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ ആയുര്‍വേദ ബി.എസ്.സി. കോഴ്സിന്റെ സിലബസ് ഡോ. ശ്യാമളയുടെ മേല്‍നോട്ടത്തിലാണു രൂപപ്പെടുത്തിയത്. അമൃത സ്കൂള്‍ ഒാഫ് ആയുര്‍വേദയ്ക്കു നാഷണല്‍ അസസ്മെന്റ് & അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ എ ഗ്രേഡ് ലഭിക്കത്തക്കവിധം രൂപഭാവങ്ങള്‍ നല്‍കിയതും അവര്‍തന്നെ. 19 തീസിസ് പേപ്പറുകള്‍ക്കു മേല്‍നോട്ടം വഹിക്കുകയും ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ നൂറ്റമ്പതോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്ത ആ ബഹുമുഖപ്രതിഭ 14 ഗ്രന്ഥങ്ങളുടെ രചയിതാവും യോഗ, വീണാവാദനം ഇവയിൽ ഡിപ്ലോമഹോള്‍ഡറുമായിരുന്നു.

സകലരും സ്വര്‍ഗം ആഗ്രഹിക്കുന്നു. പക്ഷേ, മരിക്കാന്‍ ആര്‍ക്കാണിഷ്ടം? ഒടുവില്‍ ഡോ. ശ്യാമളയും സ്വര്‍ഗീയപഥത്തിലൂടെ യാത്രയായി. അപ്പോള്‍ മിഴിനിറഞ്ഞു നിന്നവരില്‍ ഭര്‍ത്താവു ചന്ദ്രമോഹനും മകന്‍ വിവേക് മോഹനും ബന്ധുക്കളുമുണ്ടാവും. എന്നാല്‍ അവര്‍ക്കൊപ്പം പിന്നെയുമുണ്ടായിരുന്നു. ആറല്ല. ആയിരങ്ങൾ. മക്കളെ മാേറാടു ചേര്‍ത്ത ദമ്പതിമാർ, മക്കളില്ലാത്ത ദമ്പതിമാർ, പിന്നെ രോഗവിമുക്തി നേടിയ അനേകം പേർ.