Tuesday 11 June 2024 12:32 PM IST

സൈക്ലിങ്ങിലൂടെ ഫിറ്റ്നസ്സിലേക്ക് ഈ ഡോക്ടര്‍മാര്‍...

Asha Thomas

Senior Sub Editor, Manorama Arogyam

cycle324

പ്രഭാതത്തിന്റെ ആദ്യകിരണങ്ങൾ ഭൂമിയിലേക്ക് ഇറങ്ങുന്നതേ ഉള്ളു. തൃശൂർ റൗണ്ടും വടക്കുംനാഥന്റെ അമ്പലത്തിനു ചുറ്റുപാടുകളും മെല്ലെ സജീവമാകുന്നു. തൃശൂർ ടൗണിലൂടെയുള്ള പതിവു സൈക്കിൾ സവാരിയുടെ ആ വേശത്തിലും രസത്തിലുമാണ് അവർ എട്ടു പേരും. ദിവസവും 25-30 കിലോ മീറ്റർ സൈക്കിൾ സവാരി ഇവർക്കു ശീലമാണ്. ആരോഗ്യ പരിപാലനത്തിന്റെ പൊരുളറിയുന്ന ഈ ഡോക്ടർമാ ർ ട്രെൻഡിന്റെ ഭാഗമായി സൈക്കിൾ ചവിട്ടി തുടങ്ങിയവരല്ല; സൈക്കിൾ സവാരിയുടെ ആരോഗ്യ ഗുണങ്ങൾ വ്യക്തിപരമായി അനുഭവിച്ചറിഞ്ഞ വരാണ്. ചിലർ പതിവായി ആശുപത്രിയിലേക്കു പോകുന്നതു സൈക്കിളിലാണ്. ചിലർ ദീർഘദൂര സൈക്ലിങ് മത്സരങ്ങളിൽ വിജയികളാണ്.

ന്യൂറോസർജനായ ഡോ. എസ്. ദേവപ്രസാദ്, അസ്ഥിരോഗ വിദഗ്ധനായ ഡോ. സി. വി. കൃഷ്ണകുമാർ, ഒാറൽ & മാക്സിലോ ഫേഷ്യൽ സർജ ൻ ഡോ. വരുൺ മേനോൻ പി., മെഡിക്കൽ ഒാങ്കോളജിസ്റ്റ് ഡോ. മിഥുൻ ചാക്കോ ജോൺ, പീഡിയാട്രീഷൻ ഡോ. രാകീഷ്, ഫോറൻസിക് സർജ ൻ ഡോ. ഉന്മേഷ്, പീഡിയാട്രിക് സർജൻ ഡോ. ശശികുമാർ, എംബിബിഎസ് ആദ്യ വർഷ വിദ്യാർഥി കൃഷ്ണ എന്നിവരാണു ഫിറ്റ്നസ് വഴികളിലേക്ക് ഒന്നിച്ചു സൈക്കിൾ ചവിട്ടുന്നത്. ഇവർ തങ്ങളുടെ സൈക്ലിങ് ഹരത്തെക്കുറിച്ചും അതു നൽകുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ചും മനോരമ ആരോഗ്യത്തോടു സംസാരിക്കുന്നു.

krishnakumar232 ഡോ. എസ്. ദേവപ്രസാദ്, ഡോ. സി. വി. കൃഷ്ണകുമാർ

ഡോ. സി. വി. കൃഷ്ണകുമാർ, അസ്ഥിരോഗ വിദഗ്ധൻ, മെഡി. കോളജ്, തൃശൂർ

ചെറുപ്പം മുതലേ സൈക്ലിങ് ഹരമാണ്. മുത്തച്ഛന്റെ ഇംഗ്ലിഷ് റാലി സൈക്കിളിൽ തുടങ്ങി സ്വന്തമായി നിർമിച്ച റീ കോംബിനന്റ് സൈക്കിൾ വരെയുള്ള സൈക്കിളുകളിലായിരുന്നു എംബിബിഎസ് പഠനകാലത്തും ജോലി കിട്ടിക്കഴിഞ്ഞ് പ്രാക്ടീസ് കാലത്തും യാത്രകൾ. ശാസ്ത്രീയമല്ലാത്ത സൈക്ലിങ് വഴി മുട്ടുചിരട്ടയ്ക്കു പ്രശ്നം വന്നു. സൈക്ലിങ്ങിനെക്കുറിച്ച് ആഴത്തിൽ പഠിച്ച്, മുട്ടിന്റെ ശസ്ത്രക്രിയയ്ക്കു ശേഷവും ഒട്ടേറെ ദീർഘദൂര സൈക്ലിങ് മത്സരങ്ങളിൽ പങ്കെടുത്തു. ആശുപത്രിയിലേക്കുമാത്രമല്ല ചില ദീർഘദൂര യാത്രകളും (തൃശൂർ–കോട്ടയം–കൊച്ചി) സൈക്കിളിലാണ്. തൃശൂർ പാട്ടുരായ്ക്കൽ വീടിനോടു ചേർന്ന് ക്രാങ്ക് എന്ന ഇംപോർട്ടഡ് സൈക്കിൾ സെയിൽ–സർവീസ് ഷോപ് ഉണ്ട്.

ഡോ. ദേവപ്രസാദ്, ന്യൂറോസർജൻ, സൺ മെഡി.& റിസർച്ച് സെന്റർ, മദർ ഹോസ്പിറ്റൽ, തൃശൂർ

തൃശൂരിലെ പ്രമുഖനായ സീനിയർ ന്യൂറോസർജനായ ഡോ. ദേവപ്രസാദിന് 60 വയസ്സു കഴിഞ്ഞു. പക്ഷേ, പ്രായം ഫിറ്റ്നസിനെ തൊട്ടിട്ടില്ല. ഡോക്ടർക്ക് ആരോഗ്യത്തിലേക്കുള്ള വഴിയാണ് സൈക്ലിങ്. വെളുപ്പിനെ രണ്ടു–മൂന്നു മണിയാകും ആശുപത്രിയിൽ നിന്നു വീടെത്താൻ. അതുകൊണ്ട് ആഴ്ചാവസാനങ്ങളിലാണു സൈക്ലിങ്. ശനിയാഴ്ച 10–12 കിലോമീറ്റർ ഒാടും. ഞായറാഴ്ച കുറഞ്ഞത് 50 കി.മീ സൈക്കിൾ ചവിട്ടും. ദേശീയ ലെവലിൽ ഫുട്ബോൾ കളിച്ചിരുന്നയാളാണ്. വലുതും ചെറുതുമായ ഒടിവുകളും കാൽവണ്ണയിലെ പേശികൾക്കു പരുക്കും വന്നതോടെ ഫുട്ബോൾ നിർത്തി സൈക്ലിങ് തുടങ്ങി. കോവിഡ് സമയത്ത് ആശുപത്രിയിലേക്കു പതിവായി സൈക്കിളിലാണു പോയിരുന്നത്. സ്വന്തമായി ആറേഴു സൈക്കിളുകളും വീട്ടിൽ തന്നെ സൈക്കിൾ വർക്ഷോപ്പും ഉണ്ട്. ‘ എന്റെ ഹൃദയം പറയുന്നതു പൂർണമായും സൈക്ലിങ്ങിലേക്കു തിരിയണമെന്നാണ്. പക്ഷേ, പലപ്പോഴും വെളുപ്പിനെ രണ്ടിനും മൂന്നിനുമൊക്കെ ഒപി കഴിഞ്ഞു സൈക്കിളിൽ വരുമ്പോൾ തെരുവുനായകളുടെ ശല്യം ഭയങ്കതരമാണ്. ആ ഒറ്റക്കാരണം കൊണ്ടു കാറിലെ യാത്ര തുടരുന്നു. ’ ഡോക്ടർ പറയുന്നു. ട്രക്കിങ്ങിലും സജീവമാണ് ഡോക്ടർ

drvarun4555 ഡോ. രാകീഷ്, ഡോ. മിഥുൻ ചാക്കോ ജോൺ, ഡോ. വരുൺ മേനോൻ പി

ഡോ. വരുൺ മേനോൻ പി. , ഒാറൽ & മാക്സിലോ ഫേഷ്യൽ സർജൻ, ജൂബിലി മിഷൻ ഹോസ്പിറ്റൽ & റിസർച് സെന്റർ , തൃശൂർ

ദീർഘദൂര സൈക്ലിങ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ട്രയാത്തലോണിൽ സജീവമാണ്. ഒാട്ടം, നീന്തൽ, സൈക്ലിങ് ഇവ മൂന്നും ചേരുന്നതാണ് ട്രയാത്തലോൺ. 2023 ൽ അന്താരാഷ്ട്രതലത്തിൽ കസാഖിസ്ഥാനിൽ നടന്ന ട്രയാത്തലോൺ മത്സരത്തിൽ അയൺമാൻ പട്ടം ലഭിച്ചിട്ടുണ്ട്. 180 കി.മീ സൈക്ലിങ്, 3.8 കി.മീ നീന്തൽ, 42.2 കി.മീ ഒാട്ടം ഇവ ചേർന്നതായിരുന്നു കസാഖിസ്ഥാനിലെ ട്രയാത്തലോൺ. ഫിറ്റ്നസിനു മാത്രമല്ല വെൽ ബിയിങ്ങിനും സൈക്ലിങ് ഉത്തമമാണെന്നു ഡോക്ടർ പറയുന്നു

ഡോ. മിഥുൻ ചാക്കോ ജോൺ, മെഡിക്കൽ ഒാങ്കോളജിസ്റ്റ്, ജൂബിലി ഹോസ്പിറ്റൽ & റിസർച് സെന്റർ, തൃശൂർ

സ്കൂളിന്റെ അലുമിനി മീറ്റിൽ ഒരു സൈക്കിൾ സമ്മാനമായി ലഭിച്ചതാണ് സൈക്ലിങ്ങിലേക്കു തിരിയാൻ കാരണം എന്നുമില്ലെങ്കിലും സമയം കിട്ടുമ്പോഴേല്ലാം 25 കിലോമീറ്ററോളം സൈക്കിൾ ചവിട്ടും. രാവിലെ അഞ്ച്–അഞ്ചര മണിയാണ് സൈക്കിൾ ചവിട്ടാൻ ഏറ്റവും സുഖമുള്ള സമയം. പക്ഷേ, പട്ടികളുടെ ശല്യവും ലോറികളുടെ മരണപ്പാച്ചിലും വലിയ പ്രശ്നമാണ്. ദീർഘദൂരം സൈക്ലിങ് ചെയ്യുമ്പോഴാണ് ശരിക്കും സൈക്ലിങ്ങിന്റെ ത്രില്ല് തിരിച്ചറിയുക. തൃശൂരിലുള്ള മിക്കവാറും വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം പോയതു സൈക്കിളിലാണ്. ജൂബിലിയിൽ സൈക്ലിങ് ക്ലബ് തുടങ്ങിയെങ്കിലും കോവിഡ് വന്നതോടെ അതിന്റെ പ്രവർത്തനം നിലച്ചു.

2021 കൊച്ചിയിലെ വിആർഎം സൈക്ലിങ് മത്സരത്തിൽ പങ്കെടുത്തു. സൈക്ലിങ്ങിൽ മറ്റു വ്യായാമങ്ങളെ അപേക്ഷിച്ചു മുട്ടുവേദനയും പരുക്കുകളും കുറവാണെന്നും ശ്വാസകോശക്ഷമതയ്ക്കു മികച്ചതാണെന്നും ഡോക്ടറുടെ സാക്ഷ്യം

ഡോ. രാകീഷ് പി., പീഡിയാട്രീഷൻ, ദയ ഹോസ്പിറ്റൽ, തൃശൂർ

ഒാട്ടമായിരുന്നു ഡോ. രാകീ ഷിന്റെ പ്രിയ വ്യായാമം. ഡോ. കൃഷ്ണകുമാർ വഴിയാണു സൈക്ലിങ്ങിലേക്കെത്തുന്നത്. ഇപ്പോൾ വൈകിട്ട് അഞ്ചരയ്ക്ക് സൈക്കിളിലാണു ടൗണിലുള്ള സ്വന്തം ക്ലിനിക്കിലേക്ക് പോകുന്നത്. സൈക്ലിങ് നോൺ വെയിറ്റ് ബിയറിങ് എക്സർസൈസായതുകൊണ്ടു മുട്ടിനൊക്കെ സേഫാണെന്നു ഡോക്ടർ പറയുന്നു. 25–35 കിലോമീറ്റർ സൈക്ലിങ് ചെയ്യാറുണ്ട്. സൈക്ലിങ് ചെയ്യുന്ന ദിവസം കൂടുതൽ പൊസിറ്റീവ് ആകുമെന്നു ഡോക്ടറുടെ ഉറപ്പ്.

drunmesh435 കൃഷ്ണ, ഡോ. ശശികുമാർ, ഡോ. ഉന്മേഷ്

ഡോ. ഉന്മേഷ് എ. കെ. പ്രഫ& ഹെഡ്, ഫോറൻസിക് മെഡിസിൻ, മെഡി. കോളജ്, തൃശൂർ

ഏകദേശം 12 വർഷമായി പതിവായി നടക്കുന്നയാളാണ് ഡോ. ഉന്മേഷ്. 6–7 കിലോമീറ്റർ ദിവസവും നടക്കുമായിരുന്നു. ഒരു വർഷമേ ആയുള്ളു സൈക്കിൾ വാങ്ങി ഒാടിച്ചുതുടങ്ങിയിട്ട്. ആഴ്ചയിൽ മൂന്നു ദിവസം സൈക്ലിങ് ചെയ്യും. ബാക്കി ദിവസം നടക്കും. മെയിൻറോഡിൽ വണ്ടികളുടെ മത്സരയോട്ടം പ്രശ്നമായതുകൊണ്ട് പതിവായി നടക്കാറുള്ള വഴിയിൽ തന്നെയാണു സൈക്കിൾ ചവിട്ടുന്നതും. ഇടയ്ക്ക് പുതിയ വഴികളിലൂടെ സൈക്കിൾ ചവിട്ടാറുണ്ട്. ആസ്വദിച്ചു ചെയ്യുന്നതുകൊണ്ടുതന്നെ സൈക്കിൾ സവാരിക്കു വ്യായാമത്തിന്റെ മടുപ്പില്ല എന്നു ഡോക്ടർ പറയുന്നു.

ഡോ. ശശികുമാർ, പീഡിയാട്രിക് സർജൻ, മെഡി. കോളജ്, തൃശൂർ

ഒാട്ടമാണ് ഡോ. ശശികുമാറിന്റെ സ്പെഷാലിറ്റി. സൈക്കിൾ ചവിട്ടി തുടങ്ങിയിട്ട് അധികമായില്ല. ഒാട്ടവുമായി താരതമ്യം ചെയ്യുമ്പോൾ സൈക്ലിങ്ങിൽ മടുപ്പും പരുക്കുകളും കുറവാണെന്നു ഡോക്ടറുടെ സാക്ഷ്യം.

കൃഷ്ണ യദുവൻഷി, എംബിബിഎസ് വിദ്യാർഥി, മെഡി. കോളജ്, തൃശൂർ

ഡൽഹി സ്വദേശിയായ കൃഷ്ണ തൃശൂർ മെഡി. കോളജിൽ വൈദ്യവിദ്യാർഥിയാണ്. വൈദ്യപഠനത്തിനിടയിലാണു സൈക്ലിങ്ങിലേക്കു തിരിയുന്നത്. സൈക്ലിങ് മത്സരമായ ബ്രവേയിൽ (Brevet) പങ്കെടുത്തു. ബ്രവേയിൽ നാലു വ്യത്യസ്ത ദൂരം സൈക്കിൾ ചവിട്ടണം. 200 കി. മീ, 300 കി.മീ, 400 കി.മീ, 600 കി.മീ. ഒരു വർഷം കൊണ്ട് ഈ ദൂരങ്ങൾ പൂർത്തിയാക്കണം. 2024 ൽ ബ്രവേയുടെ ആദ്യഘട്ടം പൂർത്തിയാക്കി. അതായത് 200 കി.മീ. ഫിറ്റ്നസിന്റെ കാര്യത്തിൽ മികച്ചതാണ് സൈക്ലിങ് എന്നു കൃഷ്ണ പറയുന്നു.

Tags:
  • Manorama Arogyam