Thursday 01 July 2021 11:49 AM IST : By സ്വന്തം ലേഖകൻ

‘‘മരണസർട്ടിഫിക്കറ്റ് എഴുതാനാണോ സർ ഇങ്ങോട്ട് വന്നത്?’’: മനസ്സ് മരവിപ്പിച്ച കോവിഡ് ചികിത്സാനുഭവങ്ങൾ പങ്കുവയ്ക്കുന്നു ഡോ. സന്തോഷ്

sqweqrwe

സർ , ഇങ്ങനെ മരണസർട്ടിഫിക്കറ്റുകൾ എഴുതാനാണോ നമ്മൾ അവിടുന്ന് ഇങ്ങോട്ട് കെട്ടിയെടുത്തത്?”

രാത്രി   മുഴുവൻ ഉറക്കമിളച്ച് രോഗികളെ പരിചരിച്ചിട്ട്, രാവിലെ അഞ്ചു മരണസർട്ടിഫിക്കറ്റ്  എഴുതിത്തീർക്കേണ്ടി വന്ന ഡോ. തേജസ്സിന്റെ മുഖത്തെ നിരാശ എനിക്കു പുതിയതല്ലായിരുന്നു.

2020 മേയ് മാസം അവസാനത്തിലാണ് ഞങ്ങൾ കോവിഡ് ദൗത്യത്തിന്റെ ഭാഗമായി മുംബൈയിലേക്ക് പോകുന്നത്, നൂറുകണക്കിനാളുകൾ കോവിഡ് ബാധിതരായി  മരിച്ചുവീണുകൊണ്ടിരുന്ന മഹാരാഷ്ട്രയുടെ തലസ്ഥാനത്തേക്ക്. ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഞങ്ങളുടെ സംഘം ഒരുമിച്ചുകൂടും.  അന്നൊക്കെ മരണത്തിനു നേരെ പിടിച്ച കണ്ണാടി പോലെയായിരുന്നു ദിവസങ്ങൾ.  മരണം എപ്പോഴും നിരാശയും ദൈന്യതയും നിസ്സഹായതയും ആയി ചുറ്റും ചൂഴ്ന്നു നിൽക്കുന്നു. അതുണ്ടാക്കുന്ന ഉണങ്ങാത്ത മുറിപ്പാടുകൾ ഓരോരുത്തരും ചർച്ചക്കിടയിൽ കോറിയിടും. അങ്ങനെ ഒരു ചർച്ചയിലാണ് ഡോ. തേജസ് ആ ചോദ്യം
ചോദിച്ചത്.

തേജസ്സിന്റെ നിരാശയുടേതിലും ഭീകരമായ മുഖമായിരുന്നു അന്നു ഞങ്ങൾ മുംബൈയിൽ കണ്ടത്. ആശുപത്രികളായ ആശുപത്രികളെല്ലാം നിറഞ്ഞ് കവിഞ്ഞിരിക്കുന്നു. പ്രൈവറ്റ് ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും ഒറ്റ  ഐസിയു ബെഡുകൾ ബാക്കിയില്ല. ദിവസവും 4000 ടെസ്റ്റുകൾ മുംബൈയിൽ ചെയ്യുന്നതിൽ 2000വും പോസിറ്റീവ് ആണ്.

കണ്ണൂരിൽ നിന്നുള്ള ഒരു യുവഡോക്ടർ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ ധിക്കരിച്ചാണ് അയാൾ മുംബൈയിലേക്ക് വണ്ടികയറിയത്. ആശുപത്രിയിലെത്തി ആദ്യത്തെ ഡ്യൂട്ടി മരണസർട്ടിഫിക്കറ്റ് എഴുതുകയായിരുന്നു. രോഗിയുടെ പേര് എഴുതി, പ്രായം കുറിക്കാൻ നോക്കിയപ്പോൾ ഡോക്ടർ ഷോക്കേറ്റതുപോലെയായി. വെറും  37 വയസ്സ്! കോവിഡിനെക്കുറിച്ച് അയാളുടെ മനസ്സിൽ ഉണ്ടായിരുന്ന ചിത്രം അങ്ങനെയേ ആയിരുന്നില്ല.  വൈകുന്നേരം  ഒത്തുകൂടി അനുഭവം പങ്കിട്ടപ്പോഴും അയാൾ ആ ഷോക്കിൽ നിന്നു വിമുക്തനായിരുന്നില്ല.

മരണമൂകതയുമായി മുംബൈ

മുംബൈ എനിക്കു ചിരപരിചിതമായ സ്ഥലമാണ്.  ഞാൻ ഭാരവാഹിയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടനയുടെ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ വർഷവും മുംബൈയിൽ പോകാറുണ്ട്. സംഘടനയുടെ ചില പ്രൊജക്ടുകള്‍ മുംബൈയിലുണ്ട്. മരുന്നുകളെ പ്രതിരോധിക്കുന്ന ക്ഷയരോഗം ബാധിച്ചവരുടേയും എയ്ഡ്സ് രോഗികളുടെയും പരിരക്ഷയുമായി ബന്ധപ്പെട്ട പ്രൊജക്ടുകളാണവ.

  മുംബൈയിൽ പോകുമ്പോൾ ഞാൻ ഏറ്റവും ആസ്വദിക്കാറുള്ളത് അവിടുത്തെ നൈറ്റ് ലൈഫായിരുന്നു. ഡ്യൂട്ടി എല്ലാം കഴിഞ്ഞ്  രാത്രി വൈകുംവരെ  വെറുതെ നടക്കാനിറങ്ങും.  ജൂഹുവിലും മറൈൻഡ്രൈവിലും കൊളാബയിലുമൊക്കെ രാത്രി ഏറെ സജീവമാണ്.  നേരം പാതിര കഴിഞ്ഞാലും റസ്റ്ററന്റുകളിലും റോഡിലുമൊക്കെ ആളുകൾ നിറഞ്ഞൊഴുകും. ഒരു മിഷൻ തുടങ്ങും മുൻപേ ആ സ്ഥലത്തുപോയി അതിന്റെ മുന്നൊരുക്കങ്ങൾക്കായും പ്രാദേശികമായി സഹായം തേടാവുന്ന ആളുകൾക്കുമായി അന്വേഷണങ്ങൾ നടത്താറുണ്ട്. പക്ഷേ, കോവിഡ് കാലത്ത്  നഗരങ്ങൾ ശബ്ദവും വെളിച്ചവും കെട്ട് തളർന്നുകിടന്നു. ഒരുകാലത്ത് രാത്രികളെ തെളിച്ചമുള്ളതാക്കി നിലനിറുത്തിയിരുന്ന ബീച്ചുകളൊക്കെ ആളൊഴിഞ്ഞു കിടക്കുന്നു.

വാഹനങ്ങൾ റോഡിലിറങ്ങുന്നത് ബെഡ് ഒഴിവുള്ള ആശുപത്രി തേടിയുള്ള പാച്ചിലിനായാണ്.  എന്റെ പുതിയ നമ്പർ തപ്പിപ്പിടിച്ച്,  ‘എന്റെ അച്ഛന്, എന്റെ അമ്മക്ക്, എന്റെ സുഹൃത്തിന് ഒരു ഐസിയു ബെഡ് കിട്ടുമോ’ എന്ന് അപേക്ഷിക്കുന്ന ഇരുപത്തിയഞ്ച് കോളുകൾ എങ്കിലും ദിവസവും ഫോണില്‍ വരാറുണ്ടായിരുന്നു.  ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റർമാർക്കാകട്ടെ ഇത്തരം നൂറുകണക്കിന് ഫോൺ വിളികളാണ് ലഭിച്ചിരുന്നത്. ഒരു കോവിഡ് രോഗി മരിച്ചാൽ ഒഴിവാകുന്ന ഐസിയു കിടക്കക്ക് വേണ്ടി മന്ത്രിമാരും എംഎൽഎ  മാരും കമ്മീഷണർമാരും ഐഎഎസ് ഉദ്യോഗസ്ഥരുംവരെ വിളിച്ച് സമ്മർദ്ദം ചെലുത്തിയ അവസ്ഥയിൽ എന്തു ചെയ്യണമെന്നറിയാതെ അവർ കഷ്ടപ്പെട്ടു.  

എന്റെ അടുത്ത സുഹൃത്തായ ഡോക്ടർ ഹേമന്ത്, ശ്വാസംമുട്ടി ഗുരുതരമായ അവസ്ഥയിലുള്ള അച്ഛനെ ആംബുലസിൽ കയറ്റി, രാവിലെ മുതൽ ആറ് ആശുപത്രികൾ കയറിയിറങ്ങി, അവസാനം എങ്ങനെയോ സെവൻ ഹിൽസ് ആശുപത്രിയിൽ ഒരു ഐസിയു ബെഡ് ഒപ്പിച്ച് എത്തുമ്പോഴേക്കും രോഗം തിരിച്ചുവരവില്ലാത്ത രീതിയിൽ മൂർച്ഛിച്ചു കഴിഞ്ഞിരുന്നു. ഒരു പക്ഷെ,  രോഗം മൂർച്ഛിച്ച് തുടങ്ങുമ്പോൾ തന്നെ ഐസിയു പരിചരണം ലഭിച്ചിരുന്നെങ്കിൽ ആ അവസ്ഥ ഒഴിവാക്കാനാകുമായിരുന്നു. ഇങ്ങനെ ഒരു ഐസിയു ബെഡ് കിട്ടാതെ ശ്വാസം മുട്ടി മരിച്ച എത്രയെത്ര ആളുകൾ...

എന്തുകൊണ്ട് ഇതു സംഭവിച്ചു? ഒട്ടേറെ വൻകിട ആശുപത്രികളുള്ള നഗരമാണ് മുംബൈ. ഞങ്ങൾ പ്രവർത്തിച്ച സെവൻ ഹിൽസ് ആശുപത്രിയിൽ പോലും 300  ഐസിയു കിടക്കകളുണ്ടായിരുന്നു.  എന്നാൽ 150ൽ താഴെ എണ്ണം മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ബാക്കിയുള്ളവ പ്രവർത്തിപ്പിക്കുവാനുള്ള ഡോക്ടർമാർ, നഴ്സുമാർ, ഇന്റെൻസിവിസ്റ്റുകൾ തുടങ്ങിയവർ ഇല്ലായിരുന്നു. താനെയിലും കല്യാണിലും നവി മുംബൈയിലും  ഒക്കെ ഞങ്ങൾ പോയിരുന്നു. അവിടെ പുതിയതായി ഐസിയു സംവിധാനങ്ങളുള്ള നിരവധി ആശുപത്രികൾ പണിതീർത്തുവെങ്കിലും അവയൊന്നും പ്രവർത്തിപ്പിക്കുവാനുള്ള മനുഷ്യവിഭവശേഷി ഇല്ലായിരുന്നു.

മുംബൈയിൽ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് നഴ്സുമാർ കൂട്ടമായി കേരളത്തിലേക്ക് തിരികെപോയതും തിരിച്ചടിയായി.  മാർച്ചിൽ കോവിഡ് രോഗം തുടങ്ങിയ അവസ്ഥയിൽ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന നഴ്‌സുമാർക്ക് രോഗം ബാധിച്ചപ്പോൾ അവരെ നല്ല രീതിയിൽ ശുശ്രൂഷിക്കുവാനോ മെച്ചപ്പെട്ട ക്വാറന്റീൻ സംവിധാനങ്ങൾ ലഭ്യമാക്കുവാനോ എന്തിനു ഭക്ഷണവും വെള്ളവും പോലും കൃത്യസമയത്ത് ലഭ്യമാക്കുവാനോ സ്വകാര്യ ആശുപത്രിയുടമകൾ മെനക്കെട്ടില്ല.

സിയറ ലിയോണിലെ എബോളകാലം

കാസര്‍കോട്ടേയും മുംബൈയിലേയും കോവിഡ്കാല അനുഭവങ്ങളെപ്പറ്റി ഓര്‍ക്കുമ്പോഴൊക്കെ 2014ൽ പടിഞ്ഞാറൻ ആഫ്രിക്കയിലെ സിയറ ലിയോണിലെ ന്യൂടൗണിൽ വിമാനമിറങ്ങിയ കാലത്തെ ഓർമകള്‍ എന്നെ പിടികൂടാറുണ്ട്. അന്ന് എബോള പടർന്നുപിടിക്കുന്ന സമയമായിരുന്നു. കോവിഡിന്റെ മരണനിരക്ക്  മൂന്നു ശതമാനം വരെ മാത്രമാണെങ്കില്‍ എബോളയുടേത് 60 മുതൽ 80 ശതമാനം വരെയാണെന്നോര്‍ക്കണം. ഗിനിയ, ലൈബീരിയ, സിയറ ലിയോൺ തുടങ്ങിയ രാജ്യങ്ങളിലെല്ലാം മനുഷ്യർ കന്നുകാലികളെ പോലെ ചത്തൊടുങ്ങുകയായിരുന്നു. എംഎസ്എഫ് പോലെ ചില സന്നദ്ധസംഘടനകൾ സഹായവുമായി പോയതൊഴിച്ചാൽ ആദ്യമൊന്നും ആരും ആഫ്രിക്കയിലേക്ക് തിരിഞ്ഞുനോക്കിയില്ല. ഒടുവിൽ എബോള ആഫ്രിക്കൻ അതിർത്തികൾ കടന്നു തങ്ങളെക്കൂടി കീഴ്പെടുത്തുമെന്ന ഘട്ടം വന്നപ്പോഴാണ് വികസിതരാജ്യങ്ങൾ സഹായവാഗ്ദാനവുമായി എത്തുന്നത്.

ന്യൂടൗണിന്റെ പ്രാന്തപ്രദേശത്ത് വിജനമായ ഒരിടത്തായിരുന്നു ആശുപത്രി. എബോള കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴും അവിടെ ഗോത്രകലാപങ്ങൾക്ക് ഒഴിവില്ലായിരുന്നു. അങ്ങനെയുണ്ടായ ലഹളയിൽ അസ്ഥി ഒടിവുവന്നവരെ ചികിത്സിക്കുകയായിരുന്നു ഓർത്തോപീഡിക് സർജനായ എന്റെ ദൗത്യം. അവിടെയും മിടുക്കന്മാരായ സർജന്മാരൊക്കെയുണ്ടായിരുന്നു. പക്ഷേ, എബോള  രോഗികളെ നോക്കാൻ  അവരൊന്നും ധൈര്യപ്പെട്ടിരുന്നില്ല. കാരണം ശസ്ത്രക്രിയ ചെയ്യുമ്പോൾ എല്ലു തുളയ്ക്കേണ്ടിയും മറ്റും വരും. ആ സമയത്ത് ഉണ്ടാകുന്ന എയറോസോളുകൾ വഴി കോടിക്കണക്കിന് വൈറസുകൾ പുറത്തേക്കുവരാം.  ഡോക്ടർക്ക് രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

എന്തായാലും 10 ദിവസം കൊണ്ട് ശസ്ത്രക്രിയകളൊക്കെ പൂർത്തിയാക്കി.  തുടർന്ന് 21 ദിവസം ക്വാറന്റീൻ ആയിരുന്നു. മിണ്ടാനാളില്ലാതെ, ഒന്നും ചെയ്യാനില്ലാതെ മുറിയിൽ അടച്ചിരിക്കുന്ന ആ അവസ്ഥയായിരുന്നു എബോള രോഗികളെ ചികിത്സിക്കുന്നതിനേക്കാൾ ദുഷ്കരം. അതിനുശേഷം ഒരാഴ്ച  ആ പ്രൊജക്ടിന്റെ മെഡിക്കൽ ഡയറക്ടർ ആയി ജോലിചെയ്തു. മഹാമാരി ബാധിച്ച  രാജ്യത്തിന്റെ ചികിത്സാകേന്ദ്രത്തിന്റെ സംഘാടനവും അതിന്റെ നൂലമാലകളും അടുത്തു പരിചയപ്പെടാനുള്ള അവസരമായി അത്.

( ലേഖകൻ  സൊമാലിയ, സുഡാൻ, നൈജീരിയ, സിയറ ലിയോൺ, ഇറാഖ്, ഇന്തൊനീഷ്യ, അഫ്ഗാനിസ്ഥാൻ, തുർക്കി, ശ്രീലങ്ക, പാക്കിസ്ഥാൻ എന്നിങ്ങനെ മുപ്പതിലധികം 
രാജ്യങ്ങളിലെ  ദുരന്തമുഖങ്ങളിൽ സന്നദ്ധസേവനം നടത്തിയിട്ടുണ്ട്.  മൂന്നു ദശകങ്ങളിലേറെയായി ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്, ഇന്റർനാഷനൽ മെഡിക്കൽ കോർപ്സ്,  ഇന്റർനാഷനൽ കമ്മറ്റി ഒാഫ് റെഡ് ക്രോസ്സ്, സേവ് ദ ചിൽഡ്രൻ എന്നിങ്ങനെ ഒട്ടേറെ രാജ്യാന്തര സന്നദ്ധസംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (MSF) സംഘടനയുടെ സൗത്ത് ഏഷ്യൻ മേഖല വൈസ് പ്രസിഡന്റാണ്. ഇപ്പോൾ തിരുവനന്തപുരം മെഡി. കോളജ്  ഡെപ്യൂട്ടി സൂപ്രണ്ടാണ്.)

Tags:
  • Manorama Arogyam
  • Health Tips