Friday 01 September 2023 06:00 PM IST : By ഡോ. ടി. സുരേഷ്‌കുമാർ

സ്തനങ്ങളുടെ പ്രശ്നമായതുകൊണ്ട് ഗൈനക്കോളജിസ്റ്റിനെ കാണിക്കാൻ പറഞ്ഞു: സ്പെഷാലിറ്റി പേരുകൾ പുലിവാലായ അനുഭവങ്ങൾ

dewewr34324jpg

മെഡിസിനു പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ചില നാട്ടുകാരുടെ ചോദ്യങ്ങള്‍ എന്നെ നന്നായി ചിരിപ്പിച്ചിട്ടുണ്ട്. 'ഇപ്പോള്‍ പനി, തലവേദനയൊക്കെ ചികിത്സിക്കാന്‍ പഠിച്ചുകാണും, അല്ലേ.'

എം.ബി.ബി.എസ് ഒന്നാം വര്‍ഷം പഠിക്കുമ്പോള്‍ നേരിട്ട ചോദ്യം.

എന്തായാലും അവസാനവര്‍ഷം പഠിക്കുമ്പോള്‍ കടുത്ത രോഗങ്ങളുടെ പേരറിയാത്തതു കൊണ്ടാണോയെന്നറിയില്ല പിന്നെ ഇത്തരം ചോദ്യങ്ങള്‍ ഉണ്ടായില്ല !

പക്ഷേ ചിലര്‍ മറ്റൊരു രീതിയിലാണ് മെഡിക്കല്‍ വിദ്യാഭ്യാസത്തെ സമീപിക്കുന്നത്.

'ഇപ്പോള്‍ പിള്ളേരെയൊക്കെ ചികിത്സിക്കാന്‍ പഠിച്ചുകാണും, അല്ലേ?'

അതായത് ഒന്നാം വര്‍ഷം നവജാതശിശുക്കള്‍, രണ്ടാം വര്‍ഷം കുറച്ചുകൂടി മുതിര്‍ന്ന പിള്ളേര്‍, അവസാന വര്‍ഷം പടുകിളവന്മാര്‍!

എം.ബി.ബി.എസ് കഴിഞ്ഞ് എം.ഡി.യും പിന്നെ ഡി.എമ്മും കൂടി കഴിഞ്ഞാലേ നവജാതശിശുക്കളെ ചികിത്സിക്കാന്‍ തക്ക യോഗ്യത നേടൂവെന്ന്, അവരുണ്ടോ അറിയുന്നു!

എം.ബി.ബി.എസ് കഴിഞ്ഞ് ശിശുരോഗ ചികിത്സയില്‍ ഡിഗ്രിയുമെടുത്ത് ശിശുരോഗചികിത്സ നടത്തികൊണ്ടിരിക്കുന്ന എന്നോട് ഈയിടെ ഒരു കക്ഷി പറഞ്ഞത് ഇങ്ങനെയാണ്.

'സാര്‍ കൊച്ചിന്റെ അതേ അസുഖം എനിക്കുമുണ്ട്. വലിയവരെ നോക്കാന്‍ സാറിന് അറിയാമോ എന്നു നിശ്ചയമില്ല. എങ്കിലും സാറൊന്നു വെറുതെ നോക്കി മരുന്നുതന്നാല്‍ കൊള്ളാം.'

അതായത് എം.ബി.ബി.എസ് ഉണ്ടെങ്കില്‍ വലിയവരെ ചികിത്സിക്കാന്‍ പറ്റും. പക്ഷേ അതിനുശേഷം ശിശുരോഗചികിത്സയില്‍ ഡിഗ്രി എടുത്തു പോയാല്‍ പിന്നെ വലിയവരെ ചികിത്സിക്കാന്‍ ചിലപ്പോഴേ പറ്റൂ എന്നാണ് വിവക്ഷ.

'ഞാനൊന്നു ശ്രമിച്ചുനോക്കാം.' എന്ന ഉത്തരമാണ് സാധാരണ കൊടുക്കാറ്.

എന്നാലും എന്റെ കാര്യത്തില്‍ ശിശുരോഗചികിത്സ മാത്രം നടത്തുന്ന, വലിയവരെ ചികിത്സിക്കാനറിയാത്ത ഒരു ഡോക്ടറായി പ്രാക്ടീസ് തുടരുവാനാണ് എനിക്കിഷ്ടം.

ഞാന്‍ വെറും ശിശുക്കളുടെ ചികിത്സകന്‍ എന്നെഴുതി തള്ളിയ അനുഭവങ്ങളുമുണ്ടായിട്ടുണ്ട്.

ഒരു ശിശുവിന്റെ അമ്മയ്ക്ക് ഒരു കുഞ്ഞുപനി. ചികിത്സ നടത്തിയതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എഴുതേണ്ടിവന്നു. സ്വകാര്യ കമ്പനി മാനേജര്‍ എന്റെ ആ സര്‍ട്ടിഫിക്കറ്റ് കണ്ടപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞൂവത്രേ, കുഞ്ഞുങ്ങളുടെ ഡോക്ടര്‍ക്ക് വലിയവരുടെ കാര്യം എന്തറിയാം. ഓ! ദോസ് പൂവര്‍ പീഡിയാട്രീഷ്യന്‍സ് (Oh! those poor Pediatricians!). അവരുടെ സര്‍ട്ടിഫിക്കറ്റ് ഞാന്‍ അംഗീകരിക്കുകയില്ല!

അവര്‍ മടക്കിയ സര്‍ട്ടിഫിക്കറ്റുമായി എന്റെ മുന്നില്‍ വന്നു. ആ സര്‍ട്ടിഫിക്കറ്റില്‍ പതിച്ച എന്റെ സീലിലെ എം.ബി.ബി.എസ് എന്ന ഭാഗം അടിവരയിട്ട് ഞാനതു തിരിച്ചയച്ചു. സംഗതി ഒ.കെ. ആയി!

തെറ്റിദ്ധാരണയേറെയുള്ള മറ്റൊരു മേഖലയാണ് ഇ.എന്‍.ടി.  ചെവി, മൂക്ക്, തൊണ്ട - ഇതാണ് ഇ.എന്‍.ടിക്കാരുടെ വിഹാരരംഗം.

പക്ഷേ നാട്ടുകാര്‍ അവര്‍ക്ക് ഒരു അവയവം കൂടി പതിച്ചു കൊടുത്തിട്ടുണ്ട് - കണ്ണുകള്‍!

ഇയറി (Ear) ന്റെയും ഐ  (Eye) യുടെയും ഇ (E) ഒന്നാണല്ലോ.

പാവം, കണ്ണുഡോക്ടര്‍മാര്‍! അപരന്‍, പരകായ പ്രവേശം..... ഇതിലേതോയൊക്കെ ബാധിച്ച് ജനം അവരെ കാണാതെ ഇ.എന്‍.ടിക്കാരെ തേടി പോകുന്നു!

അങ്ങനെ നാട്ടുകാരുടെ ഭാവനാവിലാസങ്ങളിലെ മെഡിക്കല്‍ പഠനവും വിദഗ്ദ്ധ ചികിത്സയും ധാരാളം അനുഭവങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.

പക്ഷേ എന്റെ സ്‌നേഹിതന്റെ ഡോക്ടറായ ഭാര്യയ്ക്കുണ്ടായ ഒരനുഭവമാണ് ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നത്.

ഗൈനക്കോളജിസ്റ്റായ അവരെ കാണാന്‍ ഒരു ദിവസം ഒരു പുരുഷകേസരി ഒ.പി ടിക്കറ്റുമെടുത്ത് വന്നിരിക്കുകയാണ്. 

ഭാര്യയുടെ കാര്യം പറയാനാണെങ്കില്‍ എന്തിനാണ് ഒ.പി ടിക്കറ്റ്?

അയാളുടെ ഊഴം വന്നു. പരിശോധനാ മുറിയിൽ കയറിയ ഉടൻ , ആ ആജാനബാഹുവിനോട് ലേഡി ഡോക്ടര്‍ ചോദിച്ചു.

ആര്‍ക്കാണ് പ്രശ്‌നം?

'എനിക്കാണ്.'

ങ്ങേ? എന്തു പ്രശ്‌നം?

'എന്റെ സ്തനങ്ങള്‍ വളരുകയാണ് ഡോക്ടര്‍. അതു വല്ലാതെ വലുതായപ്പോള്‍ ഞാന്‍ മെഡിക്കല്‍ സ്റ്റോറില്‍ പരിചയമുള്ള പയ്യനോട് തിരക്കി. അയാളാണ് പറഞ്ഞത് സ്തനമായതുകൊണ്ട് ഗൈനക്കോളജിസ്റ്റിനെ കാണിക്കുകയാണ് നല്ലതെന്ന്.' ഡോക്ടര്‍ പരിസരം മറന്ന് പൊട്ടിച്ചിരിച്ചു.

കാര്യമറിയാതെ പുരുഷകേസരി മീശ പിരിച്ചുകൊണ്ടിരുന്നു!.

ഡോക്ടറുടെ ചിരി അടങ്ങിയതു വരെ.

Tags:
  • Manorama Arogyam