കേരളത്തിനു വേണ്ടത് സോഷ്യൽ മെഡിസിൻ
മലയാളിയുടെ ഹൃദായാരോഗ്യ പരിസരങ്ങളെപറ്റി അന്തരിച്ച പ്രശസ്ത ഹൃദയരോഗ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ മനോരമ ആരോഗ്യം സീനിയർ എഡിറ്റോറിയൽ കോ ഓർഡിനേറ്റർ അനിൽ മംഗലത്തുമായി 2014 സെപ്റ്റംബറിൽ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗം.
ഉഡുപ്പിക്കടുത്ത് മണിപ്പാൽ ഇപ്പോൾ ഒരു ആതുരാലയ നഗരമാണ്. ആശുപത്രി കെട്ടിടങ്ങളും പതിനായിരക്കണക്കിന് വിദ്യാർഥി, രോഗീസഞ്ചയങ്ങളും കൊണ്ട് മുഖരിതമാണിവിടം. ആവരങ്ങൾക്കിടയിൽ മണിപ്പാൽ സ്കൂൾ ഓഫ് ലൈഫ് സയൻസിന്റെ ശീതികരിച്ച മുറിയിൽ എക്സിക്യൂട്ടീവ് സ്യൂട്ടണിഞ്ഞു താപസവര്യനെ പോലെ ഡോ. എം.എസ് വല്യത്താൻ 80 കഴിഞ്ഞിട്ടും ഓജസ്സാർന്ന വാക്കും നോക്കുമായി ആ വല്യ ഡോക്ടർ സംസാരിക്കുന്നു.
ശ്രീ ചിത്രയും ഹൃദയസർജറിയും
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വിട്ടു മണിപ്പാലിലേക്കു പോന്നതു വളരെ നല്ല നീക്കമായിരുന്നെന്ന് ഇപ്പോഴും കരുതുന്നു. ഒരു ഹൃദ്രോഗ സർജൻ മാത്രമായി അറിയപ്പെടാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. മാത്രമല്ല, ഒരു തൊഴിൽ മാത്രം സ്ഥിരമായി ചെയ്തു വന്നാൽ മടുപ്പു തോന്നുന്നയാളാണ്. സത്യത്തിൽ ശ്രീചിത്രയിലേക്കു വന്നതു തന്നെ അങ്ങനെയായിരുന്നു. മദ്രാസ് ഐഐറ്റിയിൽ അത്യാവശ്യം സംതൃപ്തനായിട്ടും അച്യുതമോനോന്റെയും ഡോ. പി.കെ. ഗോപാലകൃഷ്ണന്റെയും ക്ഷണമനുസരിച്ചു തിരുവനന്തപുരത്തേക്ക് 72ൽ വന്നത് അതുകൊണ്ടായിരുന്നു. 1994–ൽ ശ്രീചിത്ര വിടുന്നതും ഡോ. പൈയുടെ ക്ഷണമനുസരിച്ചു മണിപ്പാൽ സർവകലാശാലയിൽ ചേർന്നതിനു കാരണവുമതു തന്നെ. ശ്രീചിത്രയ്ക്കു വേണ്ടതു ചിലതൊക്കെ അതിനിടയിൽ ചെയ്തിട്ടുണ്ടായിരുന്നു. മഹാരാജാവ് തന്ന ഒരു കെട്ടിടവും കുറെ അസൗകര്യങ്ങളും മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. പക്ഷേ, ഒരാളുടെ മിടുക്കെന്നു ശ്രീചിത്രയെ പറയാനാകില്ല. നല്ല ആത്മാർഥതയുള്ള ഒരു ടീം അതിനു പിന്നിലുണ്ടായിരുന്നു. കാർഡിയാക് ശസ്ത്രക്രിയയ്ക്കു മാത്രമുള്ള കേന്ദ്രമായല്ല ഇലക്ട്രോണിക്സ്, അക്കാദമിക് ഉൾപ്പെടെയുള്ള ഗവേഷണങ്ങൾ ചേർന്ന ഒരു കമ്യൂൺ രൂപപ്പെടുത്തുകയായിരുന്നു എന്റെ ലക്ഷ്യം.
ശ്രീചിത്ര നൽകിയ പ്രായോഗിക പാഠങ്ങൾ
വിദേശ രാജ്യങ്ങളിൽ മെഡിക്കൽ സയൻസും ടെക്നോളജിയും ഒന്നിച്ചു കൊണ്ടു പോകുന്നുണ്ടായിരുന്നു. എന്നാൽ നമ്മുടെ നാട്ടിൽ ഹാർട്ട് വാൽവിനെക്കുറിച്ചു പഠിപ്പിക്കും. പക്ഷേ, അതുണ്ടാക്കാൻ പറ്റുന്നില്ല. ഇതിനായി ചെന്നൈയിൽ ഒരു ആശുപത്രി തുടങ്ങാൻ പോലും ഞാൻ ആലോചിച്ചിരുന്നു. അപ്പോഴാണു കേരളത്തിലേക്ക് ക്ഷണം വരുന്നത്. ഹൃദ്രോഗവിദഗ്ധനായ ഡോ. ചെറിയാൻ കയ്യൊഴിഞ്ഞതിനാൽ ഡയറക്ടറും കാർഡിയാക് സർജനും കൂടയായാണു ഞാൻ വന്നത്. ‘കേരളം ഒരു പാമ്പിൻ കുഴിയാണ്. അവിടെ ഒന്നും നടക്കില്ല’ എന്ന ഡോക്ടർ ചെറിയാന്റെ പ്രതികരണം എന്നെ സംഭ്രമിപ്പിച്ചിരുന്നു. വരുന്നതിനു മുൻപു മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു. രണ്ടു കാര്യങ്ങളാണു ഞാൻ ചോദിച്ചത്. ഒന്ന്, ഇപ്പോൾ അനുവദിച്ചിരിക്കുന്ന 30 ലക്ഷം രൂപ ഒന്നിനും തികയില്ല. അതിന്റെ മൂന്നിരട്ടിയെങ്കിലും വേണം ഒരു മൾട്ടി സ്പെഷ്യാലിറ്റി ചികിത്സാ ഗവേഷണകേന്ദ്രം തുടങ്ങാൻ. അതു തരാമോ? രണ്ട്, കേരളത്തിൽ വിദഗ്ധ ഡോക്ടർമാർക്കു ക്ഷാമമായതിനാൽ നേരിട്ട് (പി.എസ്.സി വഴിയല്ലാതെ) ഡോക്ടർമാരെ പെട്ടെന്നു നിയമിക്കേണ്ടി വരും. സമ്മതമാണോ? ഒന്നു മൂളിയശേഷം അച്യുതമേനോൻ പറഞ്ഞു: “നല്ല ഔട്ട്പുട്ട് കിട്ടിയാൽ പണവും നിയമനവും പ്രശ്നമല്ല.. സാധാരണക്കാരനു നല്ല ഹൃദയ, സ്ട്രോക്ക് ചികിത്സ കിട്ടണം. അതുമാത്രം കാര്യമാക്കിയാൽ മതി.” ഈ ഒറ്റമൂളൽ കൊണ്ടുണ്ടായ മാറ്റം പിന്നെ ചരിത്രമാണല്ലോ. ഞാനത് പറയേണ്ട കാര്യമില്ല.
ഹൃദയചികിത്സ അന്ന്
74–ൽ കേരളത്തിൽ വരുമ്പോൾ ഒപ്പൺ ഹാർട്ട് ശസ്ത്രക്രിയ പരിമിതമായിരുന്നു. ഇന്ന് ഓരോ താലൂക്കിലും ശസ്ത്രക്രിയാ സൗകര്യം ഉണ്ട്. ചിക്കനെ പച്ചക്കറിയായാണു മലയാളി കാണുന്നതെന്നു താങ്കൾ പറഞ്ഞതുപോലെ ബൈപാസിനെ വെറുമൊരു തുന്നിക്കെട്ടലായി മാത്രം മലയാളി കണ്ടു തുടങ്ങിയോയെന്നു സംശയിക്കാം. ഇത് ആരോഗ്യമുന്നേറ്റമാണോയെന്ന് ചോദിച്ചാൽ ആണെന്നും അല്ലെന്നും പറയാം.
പണ്ട് ഹാർട്ട് അറ്റാക്ക് വന്നാൽ വീട്ടിൽ തന്നെ കിടന്നുമരിക്കുകയാണ്. 50–ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പഠിക്കുമ്പോൾ ഹാർട്ട് അറ്റാക്കിന്റെ Q വേവ് കാണാൻ അന്നു ക്യൂ നിൽക്കുമായിരുന്നു. ഇന്നോ ഹൃദ്രോഗികൾ ആശുപത്രിയിൽ ക്യൂ നിൽക്കുകയാണ്.
തകർന്ന ജീവിതശൈലി
നമ്മുടെ ശരാശരി ആയുർദൈർഘ്യം വൻതോതിൽ കൂടിയിട്ടുണ്ട്. 50–കളിൽ അത് 40 വയസ്സായിരുന്നു. ഇപ്പോൾ 70 കഴിഞ്ഞു. പ്രായമായവരിലാണല്ലോ ഹൃദയാഘാതം കൂടുതലുണ്ടാകുന്നത്. എന്നാൽ കേളത്തിൽ ചെറുപ്പക്കാരുടെയിടയിൽ ഇതു കൂടാൻ കാരണം തെറ്റായ ജീവിതശൈലിയാണ്. ഞങ്ങൾ മെഡി.കോളജിൽ പഠിക്കുമ്പോൾ ഉള്ളൂരിൽ നിന്നു തമ്പാനൂർ വരെ നടന്നു പോകുമായിരുന്നു. ഇന്ന് ആശുപത്രി ഗേറ്റിൽ നിന്നു കോളജ് വരെ പോകണമെങ്കിലും വാഹനം വേണം. ജീവിതശൈലിയോടൊപ്പം മാംസഭക്ഷണം, മദ്യപാനം, വ്യായാമമില്ലായ്മ എന്നിവ പെരുകിയതോടെയാണു മലയാളിയുടെ ഹൃദയം പിണങ്ങിയത്. ഓരോ മലയാളിയും ദിവസത്തിന്റെ അവസാനം അന്നു ചെയ്ത കാര്യങ്ങൾ ലിസ്റ്റ് ചെയ്തു നോക്കൂ. നാം ഞെട്ടും. അത്ര അനാരോഗ്യകരമാണ് ദൈനംദിനജീവിതം.
ക്ഷയം പോലെ ഹൃദ്രോഗം
അമേരിക്കയുടെ മൊത്തം ആരോഗ്യ ചെലവ് ജിഡിപിയുടെ 70 ശതമാനത്തിൽ അധികമായപ്പോഴാണ് അവിടെ ഗൗരവമായി ജീവിതശൈലീ പരിഷ്കാരം വന്നത്. ന്യൂയോർക്കിലെ മേയറായിരന്ന ബ്ലൂബെർക്ക് ചെറുപ്പക്കാർക്കു റസ്റ്ററന്റുകളിൽ ഭക്ഷണം നൽകരുതെന്നു വരെ ഉത്തരവിട്ടിരുന്നു. കേരളത്തിലും ഇത്തരം സോഷ്യൽ മെഡിസിനാണു വേണ്ടത്. ഇതു ഡോക്ടർമാർ മാത്രം ചെയ്യേണ്ട കാര്യമല്ല.
ഒാപ്പറേഷനും ആൻജിയോപ്ലാസ്റ്റിയും മരുന്നു ചികിത്സയുമൊക്കെ വ്യക്തിക്കോ കുറച്ചു വ്യക്തികൾക്കോ മാത്രമുള്ളതാണ്. വൻജനസംഖ്യയെ ബാധിക്കുമ്പോൾ വലിയ വലിയ സർജറികളല്ല വേണ്ടത്. മറിച്ചു സാമൂഹ്യമായ ചികിത്സയാണ്. ക്ഷയം പോലെ സമൂഹത്തെ ബാധിക്കുന്ന രോഗമായി കേരളത്തിൽ ഹൃദ്രോഗത്തെ കരുതണം. വീട്ടിലെയും പരിസരങ്ങളിലെയും പരിസ്ഥിതി മാറണം, നല്ല വെള്ളം, വായു, പോഷണം എന്നിവയ്ക്കൊപ്പം മികച്ച ശാരീരികാധ്വാനവും ചെയ്യാൻ സാഹചര്യമുണ്ടാകണം. അതോടൊപ്പം സ്ട്രെസ്സും കുറയണം.
ഒരിക്കൽ മുന്‍ രാഷ്ട്രപതി കെ.ആർ. നാരായണൻ എന്നോടു ചോദിച്ചു. ഈ സ്ട്രെസ്സ് വലിയ ദോഷം ചെയ്യുമോ? ഞാൻ പറഞ്ഞു: “സർ, രണ്ടു തരം സ്ട്രെസ്സ് ഉണ്ട്. പോസിറ്റീവും നെഗറ്റീവും. രോഗിയുടെ അസുഖം മാറ്റണമെന്ന ആഗ്രഹത്തോടെ സർജറി ചെയ്യുന്ന ഡോക്ടറുടേത് പോസിറ്റീവ് സ്ട്രെസ്സ് ആണ്. എന്നാൽ ഓരോ ദിവസം പ്രാക്ടീസ് ചെയ്തു കിട്ടുന്ന വൻതുകകൾ ബാങ്കിൽ പോലും ഇടാനാകാതെ വിഷമിക്കുന്ന ഡോക്ടറുടേത് നെഗറ്റീവ് സ്ട്രെസ്സാണ്. ഇത് ആളിനെ കൊല്ലും.” അതുകേട്ടു രാഷ്ട്രപതി പൊട്ടിച്ചിരിച്ചുപോയി.
അനാവശ്യ ചികിത്സ
കേരളത്തിൽ അനാവശ്യ ഹൃദ്രോഗ ചികിത്സയും ബൈപാസ്സും നടത്തുന്നുണ്ടെന്ന ആരോപണം വ്യാപകമാണ്. എന്നാൽ ഡൽഹി, ബാംഗ്ലൂർ പോലുള്ള സ്ഥലങ്ങളിലും ഈ ആക്ഷേപം കേൾക്കുന്നുണ്ട്. ഇതിലെല്ലാം കുറച്ചു സത്യമുണ്ട്. സ്വകാര്യ ആശുപത്രികൾ വൻ സാമ്പത്തിക നിക്ഷേപത്തിലും ബാങ്ക് വായ്പയിലും തുടങ്ങുന്നവയാണ്. അവർക്കു നിക്ഷേപം തിരിച്ചു കിട്ടിയാലും പോരാ, ലാഭവും വേണം.
സ്കാനിങ് സെന്ററുകളിൽ കൂടുതൽ സ്കാനിങ് നടത്തിയാലേ ലാഭം കൂടു. ഡോക്ടർമാർക്കും കമ്മീഷൻ കൂടും. ആൻജിയോപ്ലാസ്റ്റിയുടെയും ബൈപാസ്സിന്റെയും കാര്യത്തിൽ ഈ ആക്ഷേപം ഉണ്ട്. പക്ഷേ, തെളിയിക്കാൻ വസ്തുതാകകണക്കുകൾ (ഡേറ്റാസ്) ഇല്ല. ഇത്തരം കാര്യങ്ങൾ പൊതുമേഖലയിൽ നടത്തുകയാണുചിതം.
ചികിത്സയ്ക്ക് പ്രോട്ടോകോൾ
അമേരിക്കയിലും ഇത്തരം മാൽപ്രാക്ടീസുകൾ നടക്കുന്നുണ്ട്. പക്ഷേ, അവർ അതിനെ തടുക്കാൻ കൃത്യമായ പ്രോട്ടോക്കോൾ നടപ്പാക്കിക്കഴിഞ്ഞു. വിശദമായ ജനസംഖ്യാ ക്ലിനിക്കൽ പഠനത്തിന്റെ അടിസ്ഥാനത്തിൽ അമേരിക്കന്‍ കോളജ് ഓഫ് കാർഡിയോളജിയാണ് ഇതു ചെയ്യുന്നത്. ഇന്ത്യയിലും സർജറിയുടെ സംഘടന മുൻകൈ എടുത്ത് ഒരു പ്രോട്ടോക്കോൾ കൊണ്ടു വരണം. മറ്റു രോഗങ്ങളുണ്ടെങ്കിലോ, 80 വയസ്സു കഴിഞ്ഞവരിലോ എന്തൊക്കെ ചെയ്യാം എന്നു രോഗികളുടെ ചരിത്രം പരിശോധിച്ചു വ്യവസ്്ഥ ചെയ്യണം. ധാരാളം സമയവും പണവും വേണ്ടതാണീ പഠനം. സർക്കാരും സഹായിക്കണം. അങ്ങനെ വന്നാൽ ഉപഭോക്തൃ കോടതി കയറിയിറങ്ങേണ്ടിവരില്ല.
കേരളത്തിൽ 80 വയസ്സൊക്കെ കഴിഞ്ഞവരിൽ ബൈപ്പാസ് ഡോക്ടർമാർ നിരുത്സാഹപ്പെടുത്തിയാലും ബന്ധുക്കൾ നിർബന്ധിക്കുന്നതായി കേൾക്കുന്നു. സ്വന്തം പണം കൊണ്ടു ചെയ്യുന്നവരിൽ നമുക്കൊന്നും പറയാനാകില്ല. പഞ്ചനക്ഷത്ര ഹോട്ടലിൽ പോകുന്നതു പോലെയാണു പലരും ഓപ്പൺഹാർട്ട് സർജറിക്കു വരുന്നത്. എന്നാൽ പൊതു ജനത്തിന്റെ പണമെടുത്തു ചെയ്യുമ്പോൾ കർശനവ്യവസ്ഥ വേണം. ഇല്ലെങ്കിൽ നമ്മുടെ ആരോഗ്യ സംവിധാനം മുഴുവൻ തകർന്നു വീഴും.
വളരെ പ്രായം ചെന്നവർക്ക് സ്വാഭാവികമായും രോഗങ്ങൾ കൂടും. പക്ഷേ, കുട്ടികളുടെ അസുഖങ്ങൾ ധാരാളം ചികിത്സിക്കാനുള്ളപ്പോൾ പ്രായമായവർക്കു മുൻഗണന നൽകാനാകില്ല. ഇതിനാണ് ബ്രിട്ടനിൽ ‘നൈസ്’ എന്ന സംവിധാനം വന്നത്. സാങ്കേതികമായും സാമ്പത്തികമായും സാമൂഹ്യപരമായും ശരിയാണെങ്കിലേ പൊതുപണം കൊണ്ടുള്ള ചികിത്സ അവിടെ ലഭിക്കൂ. ഇന്ത്യയിലും ചില നീക്കങ്ങൾ ഉണ്ട്. സെൻട്രൽ ഹെൽത്ത് റിസർച്ച് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഇപ്പോൾ നാഷണൽ ബോർഡ് ഓഫ് മെഡിക്കൽ ടെക്നോളജിക്കൽ അസസെസ്മെന്റ് ഉണ്ട്. ഞാൻ ആ കമ്മിറ്റിയുടെ ചെയർമാനാണ്.
കേരളത്തിലെ ഹൃദ്രോഗം
കേരളത്തിലെ പ്രായം ചെന്നവരുടെ എണ്ണം, സാമൂഹ്യസാമ്പത്തിക സാചര്യങ്ങൾ, ആയുർദൈർഘ്യം എന്നിവ വച്ചു നോക്കുമ്പോൾ ഹൃദ്രോഗികൾ കൂടുതലാണ്. പൊതുവേ ദക്ഷിണ ഏഷ്യക്കാരിൽ ജനിതകമായി മറ്റു സ്ഥലക്കാരെക്കാൾ ഹൃദയരോഗങ്ങൾ കൂടുതലാണ്. എന്നാൽ മലയാളികളിൽ പ്രത്യേകിച്ചു വ്യത്യാസം പറയാനില്ല. അറുപതുകളിൽ ‘എൻഡോമയോ കാർഡിയൽ ഫൈബ്രോസിസ്’ എന്ന ആഫ്രിക്കൽ രോഗം നമ്മുടെ നാട്ടിലും കൂടുതലായിരുന്നു. പോഷണ ദാരിദ്ര്യം മാറിയതോടെ അതില്ലാതായി. നമുക്ക് അമിതവണ്ണവും മദ്യപാനവും കൂടുതലാണ്. ഒരു ദിവസം മൊത്തം വേണ്ട കാലറിയുടെ 20 ശതമാനം മാത്രമേ മലയാളിക്ക് കൊഴുപ്പിൽ നിന്നും കിട്ടാവൂ. ഇപ്പോൾ 25 ശതമാനത്തിൽ കൂടുതലാണ്.
വെളിച്ചെണ്ണ: തെളിവില്ല
കൊഴുപ്പിന്റെ കാര്യം പറയുമ്പോൾ നാമെപ്പോഴും വെളിച്ചെണ്ണയെ കുറിച്ചു പറയും. സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് തുടങ്ങിയ സാങ്കേതിക പദങ്ങൾ കൊണ്ടു ബയോകെമിസ്ട്രിയുടെ അടിസ്ഥാനത്തിൽ നമ്മുടെ ന്യൂട്രീഷനിസ്റ്റുകൾ വെളിച്ചെണ്ണയെ അപകടകാരിയാക്കി മാറ്റിക്കളയും. സത്യത്തിൽ പലതിന്റെയം കൃത്യമായ ബയോകെമിക്കൽ ഘടകങ്ങൾ നമുക്കറിയില്ല. വലിയ തോതിലുള്ള ജനസംഖ്യാ പഠനങ്ങൾ നടത്തി ഡേറ്റകൾ കണ്ടെത്തിയാലേ വെളിച്ചെണ്ണയുടെ കാര്യത്തിൽ എന്തെങ്കിലും പറയാനാകൂ. വെളിച്ചെണ്ണ കഴിക്കുന്നവരും അല്ലാത്തവരും തമമ്മിലുള്ള വിശദമായ പഠനങ്ങൾ നടത്തേണ്ടതുണ്ട്. ഇതിന് ഐസി എംആർ പോലുള്ള ദേശീയ ഏജൻസികൾ മുന്നോട്ടു വരണം. വാദം മാത്രം പോരാ. നമ്മളിപ്പോഴും വെളിച്ചെണ്ണയുടെ പേരിൽ തർക്കിച്ചുകൊണ്ടിരിക്കുകയാണ്.
ആയുർവേദം നല്ലത്
ചരകൻ പറയുന്ന ഹൃദ്രോഗമല്ല ഇന്നത്തെ ഹൃദ്രോഗം. പെട്ടെന്ന് ആൻജൈനയോ, കൊറോണറി ആർട്ടറിയില്‍ തടസ്സമോ വന്നാൽ ആയുർവേദത്തിന് ഒന്നും ചെയ്യാനാകില്ല. പക്ഷേ, ഹൃദ്രോഗം തടയാനും ജീവിതശൈലി മാറ്റാനും ആയുർവേദം മികച്ചതാണ്. പ്രത്യേകിച്ച് സ്വസ്ഥവൃത്തം. പ്രതിരോധം ചികിത്സയായ സ്വസ്ഥവൃത്തത്തിനാണ് ആയുർവേദം പ്രാധാന്യം നൽകുന്നത്. രോഗചികിത്സയായ ആതുരവ്യത്തത്തിനല്ല. പക്ഷേ, പുതിയ ആയുർവേദ ഡോക്ടർമാർക്ക് മരുന്നും രോഗചികിത്സയുമാണിഷ്ടം.
അലോപ്പതിയിൽ ഇപ്പോൾ പ്രതിരോധപഠനം വളരെ കുറഞ്ഞു. ആർക്കും കമ്യൂണിറ്റി മെഡിസിൻ പഠിക്കേണ്ട പണവും ഗ്ലാമറും ഒന്നുമില്ലാത്തതിനാൽ ഒരു ശതമാനം മാത്രമേ പതോളജിയും കമ്യൂണിറ്റി മെഡിസിനും പഠിക്കുന്നുള്ളൂ. ഗ്രീക്ക് ആരോഗ്യദേവതയായ ഇസ്ക്വലിസിന്റെ ആദ്യ മകളാണു ഹൈജീൻ. പക്ഷേ, ഇപ്പോൾ ഇവളെ ആർക്കും വേണ്ട. രണ്ടാമത്തെ മകളായ പനാകയെ (remedy) മതി എല്ലാവർക്കും. നമ്മുടെ മെഡിക്കൽ പഠനത്തിന്റെ ദിശ തന്നെ മാറിയാലോ ഈ ദുരവസ്ഥ മാറ്റാനാകൂ.