ADVERTISEMENT

ഡോക്ടർ കെ. എന്‍. പൈ ആയിരുന്നു ഒരു കാലത്ത് തിരുവിതാംകൂര്‍ ഭാഗത്തെ കണ്‍കണ്ട വൈദ്യദൈവം. അങ്ങനെയുള്ള പരിവേഷം അദ്ദേഹത്തിനു കിട്ടിയത് രോഗികളോടുള്ള ആത്മാര്‍ത്ഥമായ സഹതാപവും എംപതിയും, അവരെ പരിചരിക്കുന്നതിന് അദ്ദേഹം എടുത്ത നിസ്വാര്‍ത്ഥ സമീപനവും കൊണ്ടാണ്. ‘പൂന്താനത്തിന്‍റെ ഭക്തിയാണ് ജ്ഞാനികളുടെ വിഭക്തിയെക്കാള്‍ കണ്ണനിഷ്ടം’ എന്നപോലെ ആയിരുന്നു ജനം പണ്ഡിതഭിഷക്കുകളായ അദ്ദേഹത്തിന്‍റെ സമകാലീനക്കാരെക്കാളും പൈ സാറിനെ ഇഷ്ടപ്പെട്ടത്.

ഓരോ രോഗിയും അദ്ദേഹത്തെ കാത്തുകിടക്കും. ഒരു ധൃതിയും കാട്ടാതെ അദ്ദേഹം അവര്‍ പറയുന്നതു മുഴുവന്‍ കേള്‍ക്കും. വെറും നാടന്‍ വാക്കുകളില്‍ വേപഥുവും, വെപ്രാളവുമായി പറയുന്ന അവരുടെ കഥകളില്‍ മിക്കതും ഭയത്തിന്‍റേയും ആകാംക്ഷകളുടേയും അതിപ്രസരമാകും. അതിനിടയിലായിരിക്കും മണിമുത്തുകള്‍ പോലെ അവര്‍ പോലുമറിയാതെ വീഴുന്ന ചില വാക്കുകള്‍. അവയാവും കൃത്യമായ രോഗനിര്‍ണ്ണയത്തിനു ഉതകുന്ന ഘടകങ്ങള്‍.

ADVERTISEMENT

മരുന്നല്ല, ഒരു കുപ്പി വിശ്വാസം

ഇന്നു പറഞ്ഞാല്‍ വിശ്വസിക്കാനാത്ത വേറൊരു കഥ കൂടി ആകാം. സാറിനു സാറിന്‍റേതു മാത്രമായ ചില ചികിത്സകളുണ്ടായിരുന്നു. അവയൊക്കെ അന്നു തന്നെ കാലഹരണപ്പെട്ടുപോയെന്നു വിശ്വസിച്ചിരുന്നവരായിരുന്നു ഞങ്ങളൊക്കെ. പക്ഷെ സാറി നും അദ്ദേഹത്തിന്‍റെ രോഗികള്‍ക്കുംഅവ അമൃതായിരുന്നു. റൗണ്ട്സിനു പോകുന്ന വേളയില്‍ അസിസ്റ്റന്‍റസി
നും, പി.ജി വിദ്യാര്‍ത്ഥികള്‍ക്കും പുറമെ സാറിനെ പിന്‍തുടരുന്ന രോഗികള്‍ ഒട്ടേറെയുണ്ടാവും. ഓരോരുത്തര്‍ക്ക് ഓരോരോ പ്രശ്നങ്ങള്‍. ചുമ, ‘തേളയിടിപ്പ്’ (Palpitation), വയറുവേദന, ‘പൊയം വേദന’ (shoulder pain) എന്നിങ്ങനെ പലതും. ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന മലബാറുകാര്‍ക്ക് ‘തിരോന്തരം’ ഭാഷയായ ‘തേളയിടിപ്പും’ ‘പൊയംവേദന’യുമൊക്കെ അപരിചിതവും ഹാസ്യവുമായ വാക്കുകളും.

ADVERTISEMENT

സാറ് നടക്കുമ്പോള്‍ തന്നെ തിരിഞ്ഞുനോക്കാതെ അവര്‍ക്കു കൊടുക്കേണ്ട പ്രിസ്ക്രിപ്ക്ഷന്‍ പറഞ്ഞു തരും. പലതും മിക്സചറുകളാണ്. ഞങ്ങള്‍ക്കൊക്കെ അവയെ കുറിച്ച് ലേശം പുച്ഛമായിരുന്നതു കൊണ്ട് അവ എഴുതിക്കൊടുക്കാന്‍ ഒരു മടി.

ഞങ്ങളോടൊപ്പം നടന്ന ഡോ. കിനിയാണ് ഒരിക്കല്‍ സാറ് കേള്‍ക്കാതെ ഞങ്ങളെ മാറ്റി നിറുത്തി പറഞ്ഞത്: ‘‘Give those prescriptions right now. It is not bottles of medicine he prescribed; they are bottles of belief. പരിഹസിച്ച പാര്‍ട്ടിയോട് കിനി തുടര്‍ന്നു. Wipe out that stupid grin from your face. The patients are the most important people for us. Don’t ever have that egregious grin on your face when you see them next’’. ശരിയാണ് ഓരോ രോഗിക്കും സാറ് കൊടുത്തിരുന്നത് ഒാരോ കുപ്പി വിശ്വാസമായിരുന്നു.

ADVERTISEMENT

കേരളത്തിലെ വൈദ്യശാസ്ത്ര മേഖലയിൽ നിർണായകമായ പരിവർത്തനങ്ങൾക്ക് തുടക്കമിട്ട, ഇതിഹാസപരിവേഷമുള്ള ഭിഷഗ്വരൻ ഡോ. കെ. എൻ. പൈയെക്കുറിച്ച് ശിഷ്യനും ന്യൂറോളജി എമിരിറ്റസ് പ്രഫസറുമായ ഡോ. കെ. രാജശേഖരൻ നായർ എഴുതുന്നു. വിശദമായ വായനയ്ക്ക് മനോരമ ആരോഗ്യം 2022 മാർച്ച് ലക്കം കാണുക. 

 

 

ADVERTISEMENT