Friday 28 July 2023 05:12 PM IST : By ഡോ. ടി. സുരേഷ്‌കുമാർ

‘‘നിങ്ങൾ മടമടാന്നു കുടിച്ച ജൂസിൽ ഈ വിഷമൊക്കെ അടങ്ങിയിരിക്കുന്നു’’: ഒരു ജൈവഭക്ഷണത്തിന്റെ കഥ വായിക്കാം

chiri57658

ചില വാക്കുകള്‍ ചില കാലങ്ങളില്‍ ഹിറ്റാവുന്നത് ചരിത്രത്തിന്റെ തമാശയാണ്. ഉദാഹരണത്തിന്, ന്യൂജനറേഷന്‍.

ഇത് പണ്ട് ജാംബവാന്റെ കാലം മുതല്‍ പുതിയ തലമുറ, ഇപ്പോഴത്തെ ചെറുപ്പക്കാര്‍ എന്നൊക്കെ അര്‍ത്ഥം വരുന്ന നിലയില്‍ പ്രയോഗിച്ചിട്ടുണ്ടായിരുന്നുവെങ്കിലും എതോ പുതിയ സംഭവം പോലെയാണ് ഇപ്പോള്‍ ന്യൂജനറേഷന്‍ എന്ന പദം അവരുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ 'വൈറല്‍' ആകുന്നത്.

ആ ശ്രേണിയില്‍ പെട്ട ഒന്നാണ് ജൈവം. ജൈവ വളം, ജൈവ കൃഷി, ജൈവ പച്ചക്കറി, ജൈവ മാലിന്യം. അവസാനം ഒന്നുകൂടി കേട്ടു, ജൈവ പാമ്പ്!

ജൈവ കൃഷി നടത്തുന്ന ഒരു സ്ഥലത്ത് കണ്ട പാമ്പിനെ അടിക്കാന്‍ ചെന്ന ജൈവ കര്‍ഷകനോട് ജൈവ സഹായി പറഞ്ഞു. ''ചേട്ടാ അടിക്കരുത്... അത് ജൈവ പാമ്പാണ്!.''

വിഷലിപ്തമായ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന നമുക്ക് ഒരു ആശ്വാസമായി തീര്‍ന്നിരിക്കുന്നു ജൈവഭക്ഷണം. ഇതുമായി ബന്ധപ്പെട്ട ഒരു സംഭവം ഓർമ വരുന്നു .

എന്റെ വളരെ അടുത്ത ഒരു സുഹൃത്താണ് കഥാനായകന്‍, സച്ചിദാനന്ദന്‍. കക്ഷി ആരോഗ്യകാര്യങ്ങളില്‍ വളരെ തല്‍പ്പരനാണ്. വളരെ കൂടുതല്‍ സ്വാതന്ത്ര്യമെടുത്താണ് എന്നോട് പെരുമാറാറുള്ളത്. ഒരു ദിവസം ഉച്ചസമയത്ത് തിരുവനന്തപുരത്ത് പാളയം മാര്‍ക്കറ്റിനു സമീപം വെച്ചു ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുന്നു.

സംസാരത്തിനിടയില്‍ പെട്ടെന്ന് സച്ചിക്കൊരു ആശയം. ''ഡോക്ടര്‍ പ്രകൃതി ഭക്ഷണം കഴിച്ചിട്ടുണ്ടോ?''

ഇല്ലെന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഭാവം മാറി. നിങ്ങള്‍ ഡോക്ടര്‍മാര്‍ക്കൊരു വിചാരമുണ്ട് എല്ലാം അറിയാം. പക്ഷേ ഒന്നും അറിഞ്ഞുകൂടാ. പിന്നെ കുറേ ശകാരവര്‍ഷങ്ങള്‍, പ്രകൃതി ഭക്ഷണം ഇതുവരെ ട്രൈ ചെയ്യാത്തതിന്!

അന്നാമൃതമെന്നോ ദേവാമൃതമെന്നോ പേരുള്ള ഒരു ഹോട്ടലില്‍ ലഭിക്കുന്ന പ്രകൃതി ഭക്ഷണത്തെക്കുറിച്ച് വാചാലനാവുകയും പാളയത്തുള്ള ആ സ്ഥാപനത്തിലേക്ക് എന്നെ കൂട്ടികൊണ്ടുപോകുകയും ചെയ്തത് ഒറ്റയടിക്കായിരുന്നു. സച്ചിയെ കണ്ടയുടന്‍ ഹോട്ടലുടമയും സപ്ലെയറും ചിരപരിചിത ഭാവത്തില്‍ വെളുക്കെ ചിരിച്ചു. സപ്ലെയര്‍ ആദ്യം കൊണ്ടുവന്നത് പാവയ്ക്ക ജൂസാണ്. അതിന്റെ ഗുണഗണങ്ങള്‍ വിവരിച്ച് വിശദമായി തന്നെ സപ്ലെയര്‍ സംസാരിച്ചു.

സച്ചി ഒറ്റയടിക്ക് പാവയ്ക്ക അകത്താക്കി. മദ്യം ഒറ്റയടിക്കു കുടിച്ചിട്ട് കയ്പ്പിന്റെ രസഭാവം മുഖത്ത് പ്രകടമാക്കുന്നതുപോലെ. ഞാന്‍ പാവയ്ക്കാ ജൂസിന്റെ ഗ്ലാസ് തൊട്ടില്ല. എനിയ്ക്കു ഇഷ്ടമല്ലെന്നു പറഞ്ഞു. സച്ചി വീണ്ടും ശകാരവര്‍ഷം നടത്തി. നിങ്ങള്‍ ഡോക്ടര്‍മാര്‍ക്കൊരു വിചാരമുണ്ട് എല്ലാം അറിയാം. എന്നാല്‍ ഒന്നുമറിയില്ല. എന്നിട്ട് എന്റെ പാവയ്ക്കാ ജൂസും അദ്ദേഹം ഒറ്റവലിയ്ക്കു കുടിച്ചു. ടച്ചിംഗ്‌സായി ഉപ്പേരി എടുത്തു കൊറിച്ചു !

മത്തങ്ങ, കുമ്പളങ്ങ, പപ്പയ്ക്ക, നെല്ലിക്ക, വാഴപ്പിണ്ടി, വാഴക്കൂമ്പ് എന്നിങ്ങനെ വിവിധതരത്തിലുള്ള നീരുകള്‍ വിവിധ വര്‍ണ്ണങ്ങളില്‍ വന്നുകൊണ്ടിരുന്നു. അകമ്പടിയായി സപ്ലെയറുടെ സുവിശേഷ പ്രസംഗവും. സച്ചി, സച്ചിയുടെയും എന്റെയും ഗ്ലാസ്സുകള്‍ കാലിയാക്കി കൊണ്ടിരുന്നു.

ഓരോ ഗ്ലാസ്സ് കുടിക്കുമ്പോഴും സച്ചി ആവര്‍ത്തിച്ചു. നിങ്ങള്‍ ഡോക്ടര്‍മാര്‍ക്കൊരു വിചാരമുണ്ട് എല്ലാം അറിയാം. എന്നാല്‍ ഒന്നുമറിയില്ല. അനന്തരം ചോറും കറികളും വരവായി.

സാദാ സദ്യ. ഞാനതുമാത്രം കഴിച്ചു. അവസാനം ഡെസേര്‍ട്ട് വന്നു. മത്തങ്ങാ പായസം !

എന്തോ മഹത്തായ സേവനം അനുഷ്ഠിച്ചു എന്ന മട്ടില്‍ സപ്ലെയര്‍ വന്നു ചോദിച്ചു. എങ്ങനെയുണ്ടായിരുന്നു സാര്‍?ചോദ്യം എന്നോടായിരുന്നു.

അനിയാ, ചില കാര്യങ്ങള്‍ അറിയാനുണ്ട്. അതുകഴിഞ്ഞു പറയാം, കൊള്ളാമോ ഇല്ലയോയെന്ന്. ആദ്യത്തെ ചോദ്യം - ഈ പച്ചക്കറികള്‍ എവിടെ നിന്നാണ് വാങ്ങുന്നത്?

സപ്ലെയര്‍-സാര്‍, ഇതെല്ലാം ജൈവ പച്ചക്കറികളാണ്. പാറശ്ശാലയില്‍ നിന്നാണ് വാങ്ങുന്നത്. ശരി. ഇപ്പോഴും അവിടെ നിന്നാണോ വാങ്ങുന്നത്?

ഇപ്പോള്‍ 25 ശതമാനം പാളയത്തുനിന്നും 75 ശതമാനം പാറശ്ശാലയില്‍ നിന്നും. സപ്ലെയര്‍ ഒന്നു പരുങ്ങാന്‍ തുടങ്ങി.

ശരി. എല്ലാ ദിവസവും 30 കിലോമീറ്റര്‍ താണ്ടി പാറശ്ശാലയില്‍ പോയി വാങ്ങുമോ?

ആഴ്ചയില്‍ രണ്ട് തവണ.

അപ്പോള്‍ ബാക്കിയുള്ള 5 ദിവസം, പാളയത്തു നിന്ന് വരവു പച്ചക്കറി ?

അതെ.

പാറശ്ശാലയിലുള്ള ജൈവ പച്ചക്കറി കിട്ടുന്ന സ്ഥാപനത്തിന്റെ പേരു പറയാമോ?

സപ്ലെയര്‍ പരുങ്ങി.

എന്റെ സി.ബി.ഐ മോഡല്‍ ചോദ്യങ്ങള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെ, ഇതു വലിയ ശല്യമായല്ലോ എന്ന ഭാവേന സപ്ലെയര്‍ തുറന്നു പറഞ്ഞു. സാറേ, ഇപ്പോള്‍ എല്ലാ പച്ചക്കറിയും പാളയത്തുനിന്നാണ് വാങ്ങുന്നത്. ഞാന്‍ സച്ചിയെ ഒന്നു നോക്കി. ഗര്‍വ്വും പത്രാസും ചോര്‍ന്ന് വിളറി വെളുത്ത മുഖഭാവം!. സപ്ലെയര്‍ രംഗത്തു നിന്നും വിടവാങ്ങി.

വളം, കീടനാശിനി, കേടു വരാതിരിക്കാനുള്ള മറ്റു രാസപദാര്‍ത്ഥങ്ങള്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പച്ചക്കറി വേവിച്ചു കഴിച്ചാല്‍ പകുതിയെങ്കിലും വിഷം നമുക്ക് ഒഴിവാക്കാം. എന്നാല്‍ ജൈവമെന്ന പേരിൽ നിങ്ങള്‍ മടമടാ കുടിച്ച ജൂസില്‍ ഇതൊക്കെ നൂറുക്ക് നൂറു ശതമാനം അടങ്ങിയിരുന്നു. ശരിയല്ലേ?

ഒരു നാടകീയത വരുത്തി , രോഗിയുടെ ബന്ധുക്കളോടു പറയുന്ന ശൈലിയിൽ ഞാനിങ്ങനെ പറഞ്ഞു. 'സച്ചീ... നിങ്ങളുടെ കിഡ്‌നിയും ലിവറും ഒന്നു പരിശോധിക്കുന്നതു നന്നായിരിക്കും.'

സച്ചി ഒന്നു ഞെട്ടി. ഹോട്ടലില്‍ നിന്നിറങ്ങി. അപ്പോള്‍ സച്ചി ആകെ അസ്വസ്ഥനായിരുന്നു. ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

സച്ചീ, എന്താ ആലോചിക്കുന്നത്?

" ഇക്കാലമത്രയും എന്റെ ഉള്ളില്‍ പോയ കീടനാശിനികളെ നിര്‍വീര്യമാക്കാന്‍ മരുന്നു വല്ലതുമുണ്ടോ ഡോക്ടര്‍? "

Tags:
  • Daily Life
  • Manorama Arogyam