ADVERTISEMENT

പുലർച്ചെ ആറ് മണി....86 വയസ്സുകാരിയായ, നേർത്തു മെലിഞ്ഞ ആ സ്ത്രീ ഒരു ചെറിയ ഊന്നുവടി ഊന്നി മെല്ലെ പൂളിലേക്ക് നടന്നുവരുന്നു. പൂളിനു മുൻപിൽ എത്തി, ഊന്നുവടി കരയിൽ വച്ച് ഒരു നിമിഷം നിന്നു. പിന്നെ തിളങ്ങുന്ന ആ നീലജലത്തിലേക്കു കുതികുതിച്ചു. ഒരു ഡോൾഫിനെ പോലെ അനായാസം നീന്തിത്തുടങ്ങി....

ഇത് സിനിമയിലെ രംഗമൊന്നുമല്ല... എത്രയോ വർഷങ്ങളായി ഡോ. സാറ വർഗ്ഗീസ് തന്റെ ഒരു ദിവസം ആരംഭിക്കുന്നത് ഒരു മണിക്കൂർ നീന്തൽ പരിശീലനത്തോടെയാണ്. സിഎംസി വെല്ലൂർ, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ പതോളജിസ്റ്റായിരുന്ന, കോട്ടയം മെഡിക്കൽ കോളജിൽ നിന്നു റിട്ടയർ ചെയ്ത ഡോ. സാറ നീന്തലിന്റെ കൂട്ടുപിടിച്ചത് ശരീരവേദനയെ തോൽപ്പിക്കാനാണ്. വേദനയുടെ ആഴത്തെ തോൽപിക്കാൻ ജലത്തിന്റെ മൃദുസ്പർശത്തിലേക്ക് ഊളിയിട്ടിട്ട് ഏകദേശം 17 വർഷമായി. ഒാരോ തവണയും പരുക്കുകളുടെയും രോഗത്തിന്റെയുമൊക്കെ ആഘാതങ്ങളിൽ നിന്നും അതിവേഗം മുക്തമായി ജീവിതത്തിന്റെ ഒഴുക്കിലേക്ക് തെന്നിമാറാൻ നീന്തലാണ് തുണയായതെന്നു ഡോക്ടർ പറയുന്നു.

ADVERTISEMENT

അസഹ്യമായ കാൽമുട്ടുവേദനയാണ് ഡോ. സാറയെ നീന്തലിലേക്കടുപ്പിച്ചത്. മുട്ടുമാറ്റിവയ്ക്കുന്നത് നല്ലതായിരിക്കുമെന്നു ചില ഡോക്ടർമാർ സൂചിപ്പിച്ചെങ്കിലും ഡോക്ടർക്ക് അതത്ര താൽപര്യമില്ലായിരുന്നു. വ്യായാമം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമോ എന്നു നോക്കാമെന്നു കരുതിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. ശ്രീകലയെ കാണുന്നത്. ‘വേദനകളുള്ളവർക്ക് ഏറ്റവും മികച്ച വ്യായാമം നീന്തലാണ്, സാധിക്കുമെങ്കിൽ അതു ചെയ്തു നോക്കൂ’ എന്നു ഡോ. ശ്രീകല നിർദേശിച്ചു.

കോട്ടയം അയ്മനത്ത് മീനച്ചിലാറിന്റെ തീരത്തായിരുന്നു ഡോ. സാറയുടെ അമ്മവീട്. അവധിക്ക് അമ്മ വീട്ടിലെത്തുന്ന കൊച്ചുസാറ എവിടെ വെള്ളം കണ്ടാലും ചാടുമായിരുന്നു. അങ്ങനെ മീനച്ചിലാറ്റിൽ നീന്തിവളർന്ന കുട്ടിയോടു നീന്താൻ പറയുന്നതിൽപരം സന്തോഷം വേറെയുണ്ടോ?

ADVERTISEMENT

ഗുണങ്ങളേറെ

തിരുവനന്തപുരത്ത് വെള്ളയമ്പലത്തെ വാട്ടർ വർക്സ് പൂളിലാണ് ഡോക്ടർ നീന്തലാരംഭിച്ചത്. ആ പൂൾ അടച്ചപ്പോൾ കുമാരപുരത്തുനിന്നും അതിരാവിലെ തനിച്ച് കാർ ഒാടിച്ച് കാര്യവട്ടത്തെ ലക്ഷ്മിബായി നാഷനൽ കോളജ് ഫോർ ഫിസിക്കൽ എജ്യുക്കേഷന്റെ പൂളിലെത്തിത്തുടങ്ങി.

ADVERTISEMENT

‘‘രാവിലെ ഏതാണ്ട് ഒരു മണിക്കൂറോളം ഞാൻ പൂളിൽ ചെലവഴിക്കും. നീന്തലാകുമ്പോൾ എത്ര പ്രായമുള്ളവർക്കും ധൈര്യമായി ചെയ്യാം. മറ്റു വ്യായാമങ്ങളിലേതുപോലെ പരുക്കുകൾക്കു സാധ്യത കുറവാണ്. നടക്കുമ്പോഴുള്ളതിലുമധികം കാലറി എരിയും അര മണിക്കൂർ നീന്തിയാൽ. നമ്മുടെ തലച്ചോറ് ഉത്തേജിതമാകും. ഇടതു–വലതു തലച്ചോർ പ്രവർത്തനങ്ങൾ കൂടുതൽ മികച്ച രീതിയിൽ ഏകോപിക്കപ്പെടും. പേശികൾക്കെല്ലാം വ്യായാമം ലഭിക്കും, വേദന കുറയും. പ്രതിരോധശേഷി മെച്ചപ്പെടും. വെള്ളത്തിന്റെ ബോയൻസി മൂലം ശരീരത്തിനു കനക്കുറവു തോന്നുന്നതുകൊണ്ട് വെള്ളത്തിൽ കിടന്ന് ഏതു വ്യായാമവും ചെയ്യാം, വേദന അനുഭവപ്പെടില്ല’’ ഡോക്ടർ നീന്തലിന്റെ ഗുണങ്ങളേക്കുറിച്ച് വാചാലയാകുന്നു.

അക്വാ യോഗ

മുൻപ് പഠിച്ച യോഗയും മൈൻഡ്ഫുൾനെസ്സുമൊക്കെ ഇടകലർത്തി സ്വന്തമായ ഒരു നീന്തൽ പദ്ധതി തന്നെ ഡോക്ടർ രൂപപ്പെടുത്തി. പൂളിൽ കിടന്ന് മുട്ടിനും കാലിനും കൈക്കും ഇടുപ്പിനും പുറത്തിനുമൊക്കെയുള്ള സ്ട്രെച്ചിങ്ങുകളും യോഗാസനങ്ങളും ചെയ്യും. വിദേശങ്ങളിൽ അക്വാ യോഗ എന്ന പേരിൽ ഇതു വ്യാപകമാണ്. ധാരാളമാളുകൾക്ക് നീന്തുവാനുള്ള പ്രോത്സാഹനം നൽകിയ ഡോക്ടർ, നീന്തൽ ഒട്ടേറെ ജീവിതങ്ങളിൽ സൗഖ്യാനുഭവമാകുന്നതിനും സാക്ഷിയായിട്ടുണ്ട്. സ്ട്രോക്ക് വന്നവർ, ഒന്നിലധികം സങ്കീർണമായ ഒടിവുകൾ സംഭവിച്ചവർ, കൃത്രിമകാൽ ഉപയോഗിക്കുന്നവർ, മാനസികവും ബൗദ്ധീകവുമായ വെല്ലുവിളിയുള്ളവർ എന്നിവരിലെല്ലാം നീന്തൽ അതിശയകരമായ ഫലങ്ങൾ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടെന്നു ഡോക്ടർ പറയുന്നു.

വേദനയുടെ ആഴം കുറയ്ക്കാനാണ് നീന്തിത്തുടങ്ങിയതെങ്കിലും നീന്തലിന്റെ ആഴങ്ങളിലേക്ക് അത് ഡോക്ടറെ കൊണ്ടുപോയി. എന്തിനെയും ഇഴകീറിമുറിച്ചു പഠിക്കുന്ന പതോളജിസ്റ്റിന്റെ മുൻപിൽ നീന്തലിന്റെ രഹസ്യങ്ങളെല്ലാം വെളിവാക്കപ്പെട്ടില്ലെങ്കിലല്ലേ അദ്ഭുതം? കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ ബാക്ക് സ്ട്രോക്ക്, ബ്രെസ്റ്റ് സ്ട്രോക്ക്, ഡോൾഫിൻ സ്ട്രോക്ക് എന്നിങ്ങനെ പലതരം സ്ട്രോക്കുകൾ പരിചയിച്ചു. 2006ൽ മുതിർന്ന പൗരന്മാർക്കുള്ള മൂന്നാമത് നാഷനൽ മാസ്േറ്റഴ്സ് അക്വാട്ടിക് ചാംപ്യൻഷിപ്പിൽ ചാംപ്യനുമായി.

സ്വന്തം വ്യായാമപദ്ധതിയും  ഡയറ്റും

ഏതാനും വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ചുപോയതിനെ തുടർന്നു തനിയെയാണ് താമസം. മക്കൾ മൂന്നുപേരും വിദേശത്താണ്. പക്ഷേ, വാർധക്യത്തിന്റെ ഏകാന്തതയൊന്നും തന്നെ അലട്ടാൻ ഡോക്ടർ സമ്മതിക്കാറില്ല. നീന്തൽക്കുളത്തിൽ പരിചയപ്പെട്ട സുഹൃത്തുക്കളുമായി ഒത്തുകൂടൽ, സാമൂഹിക മാധ്യമങ്ങൾ വഴി ആരോഗ്യത്തേക്കുറിച്ചും ശുദ്ധഭക്ഷണത്തേക്കുറിച്ചും കൃഷിയെക്കുറിച്ചുമുള്ള ചർച്ചകളിൽ പങ്കെടുക്കൽ എന്നിങ്ങനെ സദാസജീവമാണ് ഡോക്ടറുടെ ദിവസങ്ങൾ.

കോവിഡിനെ തുടർന്നുള്ള ലോക്‌ഡൗൺ മൂലം പൂൾ അടച്ചതുകൊണ്ട് ഏതാനും നാളുകളായി നീന്താൻ പറ്റുന്നില്ല എന്ന സങ്കടമുണ്ടെങ്കിലും അതിനെ മറികടക്കാൻ ഒരു ഹോളിസ്റ്റിക് ആരോഗ്യ പദ്ധതി തന്നെ ഡോക്ടർ സ്വന്തമായി രൂപീകരിച്ചിട്ടുണ്ട്. ശാരീരികവും മാനസികവും ആത്മീയവുമായ ഉണർവിനുള്ള ഈ ആരോഗ്യപദ്ധതി ഒരു ദിവസം പോലും മുടക്കാറില്ല. ദിവസവും 5000 ചുവട് നടത്തം, യോഗ, മൈൻഡ്ഫുൾനെസ്സ് ധ്യാനം എന്നിവ ചേർന്നതാണ് വ്യായാമം. ശ്വസനവ്യായാമങ്ങളും പതിവായി ചെയ്യും. ഈ കോവിഡ് കാലത്ത് അത് അത്യാവശ്യമാണെന്നാണ് ഡോക്ടറുടെ അഭിപ്രായം. കസേരയിൽ ഇരുന്നുള്ള സൂര്യനമസ്കാരം പരിശീലിച്ചിരുന്നു. അതും ദിവസവും ചെയ്യും. ധ്യാനവും പ്രാർഥനയുമൊക്കെയായി ആത്മീയമായും കുറച്ചു സമയം ചെലവിടും. എല്ലാം കഴിയുമ്പോഴേക്കും രണ്ടു മൂന്നു മണിക്കൂറാകും.

സൂപ്പർ ഫൂഡുകളുടെ കൂട്ടുപിടിച്ച്

വീടിനു ചുറ്റുവട്ടത്തായി ഇത്തിരി പച്ചക്കറി കൃഷിയുമുണ്ട് ഡോക്ടർക്ക്. അതുകൊണ്ട് വിഷരഹിത പച്ചക്കറികൾക്ക് വേറെ വഴി നോക്കണ്ട. അരി ഭക്ഷണത്തേക്കാൾ കൂടുതൽ കീൻവ പോലുള്ള മില്ലറ്റും റാഗിയുമൊക്കെയാണ് ഉപയോഗിക്കാറ്. കാൽസ്യം, ബി കോംപ്ലക്സ്, നിയാസിൻ പോലുള്ള ചില ന്യൂട്രാസ്യൂട്ടിക്കൽസ് കഴിക്കാറുണ്ട്.

രണ്ടുവർഷം മുൻപ് ഹൃദയാഘാതം വന്നതിനെ തുടർന്നു രണ്ട് മരുന്നുകൾ കഴിക്കുന്നുണ്ട്. അതല്ലാതെ ഈ പ്രായത്തിലും ഒരു രോഗവും ഡോക്ടറെ തേടിവന്നിട്ടില്ല. അറ്റാക്ക് വന്നപ്പോൾ പോലും നീന്തലിൽ നിന്നു മാറിനിൽക്കാൻ ഡോക്ടർ തയാറായില്ല. രണ്ടു മൂന്നു മാസം വീട്ടിൽ അടങ്ങിയിരുന്നു. മൂന്നു മാസം കഴിഞ്ഞതേ രാവിലെയുള്ള പതിവു നീന്തൽ വീണ്ടും ആരംഭിച്ചു ഡോ. സാറ.

‘‘എന്തുകൊണ്ടാണ് തണുപ്പും മഴയും മഞ്ഞും വകവയ്ക്കാതെ ഈ പ്രായത്തിലും നീന്താൻ പോകുന്നതെന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ’’ എന്നു കൗതുകം പൂണ്ടപ്പോൾ ഡോക്ടർ ചിരിച്ചു. ‘‘ഞാൻ സ്ഥിരമായി പോകുന്നത് ഒരു ഒാപ്പൺ എയർ പൂളിലാണ്. പൂളിലിറങ്ങി കുറച്ചു നീന്തിയ ശേഷം അൽപനേരം വെറുതെ മലർന്നു കിടക്കും. മുകളിൽ ആകാശത്തിന്റെ നീലിമ, അങ്ങുമിങ്ങും പറക്കുന്ന പക്ഷികൾ, പൂളിന്റെ നീലജലത്തിലേക്ക് ചിതറിപ്പരക്കുന്ന സൂര്യവെളിച്ചം....ആ നിമിഷം നൽകുന്ന ആത്മീയവും മാനസികവുമായ നിറവിനേക്കാൾ വലിയ ആനന്ദവും സന്തോഷവും വേറെയില്ല. ഇറ്റ്സ് ജസ്റ്റ് ഗ്രേറ്റ്’’ എത്ര മനോഹരവും ലളിതവുമായാണ് തന്റെ ജീവിതദർശനം ഡോക്ടർ പറഞ്ഞുവച്ചത്....

ADVERTISEMENT