Wednesday 19 July 2023 02:07 PM IST : By ഡോ. ടി. സുരേഷ് കുമാർ‍

‘ഇംഗ്ലീഷ് മരുന്ത് സാപ്പിട്ടാ ഗ്യാസ് പോകാത്’ തമിഴൻ മുനിയാണ്ടി പകരം നൽകിയത്: പൊല്ലാപ്പായി വടിവേൽ ഗ്യാസ് വട്ടുകൾ

chiri8 വര: ഹക്കു

കുട്ടികളെ മാത്രം ചികിത്സിച്ച്, അവരെക്കുറിച്ച് മാത്രം ചിന്തിച്ച്, അവരുമായി കുട്ടിക്കളികള്‍ കളിച്ച്, ആര്‍ത്തുല്ലസിച്ചു കഴിഞ്ഞുവരുന്ന അവസരത്തിങ്കലാണ് ഞാന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയുടെ മാനേജരുടെ ചങ്കുപറിക്കുന്ന ഉത്തരവ് വന്നത്.

താങ്കളെ ആശുപത്രിയുടെ സൂപ്രണ്ടായി നിയമിച്ചിരിക്കുന്നു! പ്രശ്‌നങ്ങള്‍ പഠിച്ച് ഓരോന്നായി പരിഹരിച്ചുകഴിയുമ്പോള്‍ അടുത്തദിവസം മറ്റൊരു പ്രശ്‌നമുണ്ടാകും. അതാണ് ആശുപത്രി ഭരണം! ചാർജെടുത്ത ദിവസം തന്നെ വന്ന പ്രശ്‌നം ഇതായിരുന്നു. ഗ്യാസ് മുട്ടായി! കേട്ടാല്‍ നിസാരമെന്നു തോന്നാം.

ആശുപത്രിയുടെ വരാന്തയില്‍വെച്ച് ഗ്യാസ് മുട്ടായി വില്ക്കുന്നതുതന്നെ, ഏതൊരു ആശുപത്രിക്കും അപമാനമാണ് ! എല്ലാ അത്യന്താധുനിക സ്പെഷ്യാലിറ്റികളുമുള്ള ആശുപത്രിയില്‍ കിടക്കുന്ന രോഗികള്‍ ഗ്യാസ്ട്രബിളിന് കേവലം 10 പൈസയ്ക്കു കിട്ടുന്ന ഗ്യാസ് മുട്ടായി കഴിക്കുന്ന അവസ്ഥ തികച്ചും അരോചകമാണ്! ഗ്യാസ് മുട്ടായി വിറ്റുകൊണ്ടിരുന്ന തമിഴന്‍ മുനിയാണ്ടിയുടെ പരസ്യവാചകങ്ങള്‍ അതുക്കും മേലെയായിരുന്നു.

''ഇംഗ്ലീഷ് മരുന്തു ശാപ്പിട്ടാ ഉങ്കളുടെയ ഗ്യാസ് പോകാത്. 50 പച്ചിള മരുന്തു പോട്ട് തയ്യാര്‍ പണ്ണിയ വടിവേല്‍ ഗ്യാസ് വട്ടുകള്‍ ശാപ്പിട്ടു പാരുങ്കള്‍. വടിവേല്‍ ഗ്യാസ് വട്ടുകള്‍!''

റോഡരികിലിരുന്നു വിറ്റു കൊണ്ടിരുന്ന അവന്‍ ആശുപത്രിയിലെ വാര്‍ഡിലും മുറികളിലും കയറിവരെ അതു വില്‍ക്കാന്‍ തുടങ്ങിയതായിരുന്നു പുതിയ പ്രശ്‌നം.

ഇതൊക്കെ ബുദ്ധിപരമായി നേരിടേണ്ട കാര്യമല്ല എന്ന താത്വിക അവലോകനത്തിന്റെയും അടവു നയത്തിന്റെയും ഭാഗമായി മുനിയാണ്ടിയെ കായികപരമായി നേരിടാന്‍ സെക്യൂരിറ്റിക്കാരെ ചുമതലപ്പെടുത്തി. പക്ഷേ സെക്ക്യൂരിറ്റിക്കാര്‍ ബുദ്ധിപരമായും കായികപരമായും ഒരു പരാജയമാണെന്ന് തുടർന്നു നടത്തിയ അവലോകനത്തിൽ എനിക്കു ബോദ്ധ്യമായി ! വടിവേല്‍ ഗ്യാസ്‌വട്ടുകളുടെ പ്രചാരണം അനുദിനം വര്‍ദ്ധിച്ചതേയുള്ളൂ.

ഞാന്‍ ആശുപത്രിയില്‍ നിന്നും വീട്ടില്‍ പോകുന്ന സമയം നോക്കിയാണ് മുനിയാണ്ടി ഗ്യാസ് മുട്ടായി വാർഡുകളിൽ ഗംഭീരമായി വില്‍ക്കുന്നതെന്ന കാര്യം വ്യക്തമായി മനസ്സിലാക്കിയ ഞാന്‍, ആരും പ്രതീക്ഷിക്കാതെ ഒരു ദിവസം ആ സമയത്തുതന്നെ ആശുപത്രിയുടെ മുന്നിലെത്തി. ഡ്യൂട്ടിയിലായിരുന്ന സെക്ക്യൂരിറ്റി പതുങ്ങുന്നതുകണ്ട് ഞാന്‍ ചോദ്യം ചെയ്തപ്പോഴാണ് ആ ദയനീയ കാഴ്ച കാണേണ്ടി വന്നത്. സെക്യുരിറ്റിയുടെ വായിലും വടിവേല്‍ ഗ്യാസ്‌വട്ട്! എന്നെ കണ്ടുപേടിച്ച് അവന്‍ അതു തുപ്പി.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും ! തല്‍ക്കാലം ഞാന്‍ പിന്‍വാങ്ങി. അങ്ങനെയിരിക്കെ, അപ്രതീക്ഷിതമായി ഒരു ദിവസം മുനിയാണ്ടി എന്റെ മുന്നില്‍ വന്നുപെട്ടു. സാക്ഷാല്‍ രോഗിയായി തന്നെ. കാലിലും കൈയ്യിലും മുറിവ്. ആശുപത്രിയുടെ മുമ്പില്‍വെച്ച് സ്‌കൂട്ടര്‍ ഇടിച്ചിട്ടതാണ്. ഞാന്‍ മറ്റൊന്നും ആലോചിക്കാതെ മുനിയാണ്ടിയെ അഡ്മിറ്റു ചെയ്തു.

ഇവനെ ഓരോ ദിവസവും രാവിലെയും വൈകുന്നേരവും ഗ്യാസ്മുട്ടായിയുടെ പേരില്‍ ഉപദേശിക്കാനും വേണ്ടിവന്നാല്‍ വിരട്ടാനും പറ്റുമല്ലോ. ഞാന്‍ മനസ്സിലുറച്ചു. മുനിയാണ്ടീ... ഉന്നെ നാന്‍ വിട മാട്ടേന്‍!

പിറ്റേ ദിവസം അവനെ എങ്ങനെ ബുദ്ധിപരമായി ഉപദേശിക്കാമെന്നും വേണ്ടിവന്നാല്‍ വിരട്ടാമെന്നും ആലോചിച്ച് ആശുപത്രിയിലെത്തിയപ്പോള്‍ അതാ വരുന്നു കിതച്ചുകൊണ്ട് നേഴ്‌സിംഗ് സൂപ്രണ്ട് അന്നമ്മ! എന്താ സിസ്റ്റര്‍?

''ഡോക്ടറേ... വാർഡിൽ കിടക്കുന്ന മുനിയാണ്ടിക്ക് ഇന്നലെ റെക്കോര്‍ഡ് വില്പനയായിരുന്നു. വാർഡിലെ രോഗികളും കൂട്ടിരിപ്പുകാരും വിസിറ്റേഴ്‌സും എല്ലാവരും മുനിയാണ്ടിയെ കാണാൻ തിരക്കായിരുന്നു. അവനെ എല്ലാവരും സമാധാനിപ്പിച്ച്, അവന്റെ കൈയ്യില്‍ നിന്നും ഗ്യാസ് മുട്ടായിയും വാങ്ങിയാണ് പോയത്. ഇന്നലെ വില്പന പ്രമാദമായിരുന്നെന്നാ മുനിയാണ്ടി പറഞ്ഞത്.''

ഞാന്‍ കോപാകുലനായി ആജ്ഞാപിച്ചു. സിസ്റ്റര്‍, ഡിസ്ചാര്‍ജ് മുനിയാണ്ടി ഇമ്മീഡിയറ്റ്‌ലി .

''യേസ് സാര്‍.''എന്ന് ഉറക്കെ സിസ്റ്റര്‍ അന്നമ്മ പറഞ്ഞതും അവരുടെ വായില്‍നിന്നും വടിവേല്‍ ഗ്യാസ്‌വട്ട് തെറിച്ചു വീണതും ഒന്നിച്ചായിരുന്നു!

Tags:
  • Manorama Arogyam