Thursday 16 September 2021 05:57 PM IST

14 സെക്കൻഡ് സ്ത്രീയെ തുറിച്ചുനോക്കിയാൽ? നോട്ടം ലൈംഗികാതിക്രമം ആകുന്നതിങ്ങനെ...

Asha Thomas

Senior Sub Editor, Manorama Arogyam

womanstarr435

കരളിൽ പുളകമുണർത്താനും കവിളിൽ നാണച്ചോപ്പു തെളിയിക്കാനും നൂറുനൂറായിരം സ്വപ്നങ്ങളുടെ തേരേറ്റാനും ഒരു നോട്ടം മതി...ഒരേ ഒരു നോട്ടം...

ആത്മാവിൽ തൊടുന്ന നോട്ടമെന്നോ ഹൃദയത്തിൻ അടിത്തട്ടിലേക്കിറങ്ങിച്ചെല്ലുന്ന നോട്ടമെന്നോ കാതരമായ നോട്ടമെന്നോ നാമതിനെ ഒാമനിച്ചു വിളിക്കും.

കാലിൽ ദർഭമുന കൊണ്ടെന്ന മട്ടിൽ തിരിഞ്ഞുനിന്ന് ഒരു പാവം ആശ്രമകന്യക നോക്കിയ നോട്ടം.

നീയിന്നു സുന്ദരിയാണല്ലോ എന്ന് പ്രിയപ്പെട്ടവൻ പറയാതെ പറയുന്ന നോട്ടം.

എന്നാൽ നോക്കിക്കൊല്ലാനും കഴിയും...

വായ്നോട്ടമെന്നോ തുറിച്ചുള്ള നോട്ടമെന്നോ ചോരയീമ്പിക്കുടിക്കുന്ന നോട്ടമെന്നോ ഒക്കെ പറയുന്ന നോട്ടം.

പഴയ മലയാള സിനിമയിൽ ബാലൻ. കെ.നായരെ ഒാർമിപ്പിക്കുന്ന, ഒരു കൈക കൊണ്ട് മീശയൽപം പിരിച്ചുവച്ച് കാമത്തിന്റെ എരിവു പടർന്ന ഉരുണ്ട കണ്ണുകൊണ്ടുള്ള ചൂണ്ടക്കൊളുത്തു പോലുള്ള നോട്ടം.

ഏതാനും വർഷം മുൻപ് പൊതുചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് നോട്ടത്തേക്കുറിച്ച് ഒരു കാര്യം പറഞ്ഞു. 14 സെക്കൻഡിൽ കൂടുതൽ ഒരു പെൺകുട്ടിയെ തുറിച്ചുനോക്കിയാൽ അയാളെ ജയിലിലിടാൻ പോലും നിയമമമുള്ള നാടാണിതെന്നാണ് മി. സിങ് പറഞ്ഞത്.

സ്ത്രീകൾക്ക് ഇതുകേട്ട് ഒരു സന്തോഷമൊക്കെ തോന്നിയെങ്കിലും നമ്മുടെ നാട്ടിലെ പുരുഷന്മാർക്ക് ഈ പ്രസ്താവന ശരിക്കും കൊണ്ടു. കാരണം ഇതിലെ പ്രതിസ്ഥാനത്ത് പുരുഷനാണല്ലൊ. നോട്ടത്തെ ക്രിമിനൽ കുറ്റമാക്കിയതാണ് പുരുഷന്മാരെ ചൊടിപ്പിച്ചതെന്നു സാരം. പിന്നെയങ്ങോട്ട് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പൊങ്കാലയായിരുന്നു. ഇനി സ്ത്രീകളെ നോക്കുംമുമ്പ് സ്േറ്റാപ് വാച്ച് വാങ്ങണമല്ലൊ എന്നൊരു കൂട്ടർ. 14 മിനിറ്റു നോക്കിയാലല്ലേ പ്രശ്നമുള്ളു, 13 സെക്കൻഡ് നോക്കി ഒരു മിനിറ്റ് പുറത്തേക്കു നോക്കിയാൽ പ്രശ്നം ഇല്ലല്ലൊ എന്നൊരു വഴി കണ്ടുപിടിച്ചു മറ്റുചിലർ.

ചിലരൊക്കെ 14 സെക്കൻഡ് നിയമത്തേക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തി, അങ്ങനെയൊരു നിയമമേ ഇല്ലയെന്നു കണ്ടുപിടിച്ചു. കേരളത്തിലെ ഈ 14 മിനിറ്റ് പുകിലിനെ ബിബിസി പോലും എറ്റെടുത്ത് വാർത്തയാക്കി.

നിയമമില്ല

.ഥാർഥത്തിൽ, 14 സെക്കൻഡ് സ്ത്രീയെ തുറിച്ചുനോക്കിയാൽ ജയിലിലിടാം എന്നൊരു നിയമമില്ല കേരളത്തിൽ. തുറിച്ചുനോട്ടത്തെ വിദേശങ്ങളിലൊന്നും ലൈംഗിക അതിക്രമനിയമങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടില്ല. എന്നാൽ ഒാഹിയോ യൂണിവേഴ്സിറ്റി അതിന്റെ പോളിസിയിൽ തുറിച്ചുനോട്ടത്തെ ലൈംഗിക അതിക്രമമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആൺനോട്ടവും പെൺനോട്ടവും

നമ്മുടെ നാട്ടിൽ ആൺനോട്ടങ്ങൾ കൂടുതൽ പ്രകടമായി അനുഭവപ്പെടുന്നതിന്റെ ഒരു കാരണം പെൺനോട്ടങ്ങളെ ചെറുപ്പം മുതലേ വിലക്കിനിർത്തുന്ന സമൂഹത്തിന്റെ ഇരട്ടത്താപ്പാണെന്നു പറയാം. അങ്ങുമിങ്ങും നോക്കാതെ നേരേ നോക്കി നടക്കുന്ന പെൺകുട്ടിയാണ് നല്ലവളെന്നാണ് വയ്പ്, (ഇന്നതിനു കുറച്ചൊക്കെ മാറ്റമുണ്ട്.). ചെറുപ്പം മുതലേ, അമ്മയും അച്ഛനും സമൂഹവും അവളെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്, പരപുരുഷനു നേരേ നോക്കി സംസാരിക്കുന്നത് കുലനാരികൾക്ക് അലങ്കാരമല്ല എന്ന്. ദുഷ്യന്തനെ ഒന്നു നോക്കാൻ ശകുന്തളയ്ക്ക് ഏറെ കഷ്ടപ്പെടേണ്ടിവന്നതും കുലനാരിയുടെ പരിമിതികൾ ഉണ്ടായിരുന്നതിനാലാകാം. !!

പക്ഷേ ദൈവം ഒരനുഗ്രഹം കൂടി കൊടുത്തിട്ടുണ്ട് സ്ത്രീകൾക്ക്. ഒന്നു പാളി നോക്കുമ്പോൾ തന്നെ ഇവനാളു കൊള്ളാം, ഇയാൾ ശരിയല്ല എന്നുള്ള വിലയിരുത്തലിനുള്ള ശേഷി. വിശകലന ശേഷിയുടെ കേന്ദ്രമാണ് ഇടതു മസ്തിഷ്കം. ഇത് പെൺകുട്ടികളിൽ കൂടുതൽ ശക്തമാണെന്നതാണ് ഇതിനു കാരണമെന്നു പറയുന്നു ഗവേഷകർ.

സ്ത്രീയുടേത് കൺകോണിലൂടെയുള്ള പതിഞ്ഞ നോട്ടമാണെങ്കിൽ പുരുഷന്റേത് കൂടുതൽ പ്രകടവും വ്യക്തവുമാണ്. പുരുഷന്റെ പരതി പരതിയുള്ള നോട്ടത്തിന് പരിണാമപരമായ ഒരു വിശദീകരണം കൂടി നൽകുന്നുണ്ട് ഗവേഷകർ. തനിക്കേറ്റവും അനുയോജ്യമായ പങ്കാളിയെ പുരുഷൻ തിരഞ്ഞെടുക്കുന്നത് കാഴ്ചയിൽ പ്രകടമാകുന്ന ചില സൂചനകളിലൂടെയാണത്രെ. അരക്കെട്ടും ഇടുപ്പും തമ്മിലുള്ള അനുപാതം, മുഖത്തിന്റെ സിമ്മട്രി, മുടിയുടെ നിറം, മാറിടം എന്നിവയൊക്കെ പുരുഷന്റെ നോട്ടത്തിൽപ്പെടുന്നത് ഇതുകൊണ്ടാണത്രെ.

നോട്ടമെപ്പോഴാണ് പ്രശ്നമാകുക?

വെറും നോട്ടവും ലൈംഗികചുവയുള്ള നോട്ടവും തമ്മിൽ ഒരു നൂലിഴ വ്യത്യാസമേയുള്ളു. മിക്ക സ്ത്രീകളും പറയാറുണ്ട്, 14 സെക്കൻഡല്ല ഒരു സെക്കൻഡ് പോലും ചില നോട്ടങ്ങൾ സഹിക്കാൻ വയ്യ എന്ന്. അപ്പോൾ എത്ര സമയം നോക്കുന്നു എന്നതിലല്ല കാര്യം, എങ്ങനെ നോക്കുന്നു എന്നതാണ്.

നോട്ടമേൽക്കുന്നയാൾക്ക് അസ്വസ്ഥതയുളവാകുന്നത്രയും നേരം നോക്കുക, മാറിടം പോലുള്ള ശരീരഭാഗങ്ങളിലേക്ക് നോക്കുക, സഭ്യമല്ലാത്ത കമന്റുകളോടു കൂടിയ നോട്ടങ്ങൾ ഇവയൊക്കെ അസ്വസ്ഥതപ്പെടുത്താം. ഒരാൾ നമ്മളെ തന്നെ തുറിച്ചുനോക്കി നിൽക്കുന്നത് എത്ര അസ്വാസ്ഥ്യജനകമാണ്.

കുറ്റകൃത്യമായി കാണുന്നില്ലെങ്കിലും അപരിചിതരെ തുറിച്ചുനോക്കുന്നത് നല്ല സംസ്കാരമല്ല വിദേശങ്ങളിൽ. നോട്ടം ദീർഘിക്കുമ്പോൾ അതൊരുതരം അധീശത്വമോ ഭീഷണിയോ സൂചിപ്പിക്കുന്നുണ്ട്. നോട്ടമേൽക്കുന്നയാൾ ഭയസമാനമായ ഒരു വികാരത്തിനടിമപ്പെടാം. ആരോഗ്യകരമായ ബന്ധങ്ങൾക്ക് തുറിച്ചുനോട്ടം വിഘാതമാകുന്നതുകൊണ്ടാകാം പൊതുവേ വിദേശങ്ങളിലൊക്കെ സംസാരിക്കുമ്പോഴുള്ള കൺനോട്ടത്തിന് രണ്ടു സെക്കൻഡ് റൂൾ പറയാറുണ്ട്. രണ്ടു വ്യക്തികൾ തമ്മിൽ സംസാരിക്കുമ്പോൾ രണ്ടു സെക്കൻഡ് നേരം മാത്രം കണ്ണിലേക്കു നോക്കുക എന്നതാണ് ഈ റൂൾ.

സാധാരണ സംഭാഷണങ്ങളിൽ സംസാരിക്കുന്ന സമയത്തിന്റെ 30–60 ശതമാനം നേരം മാത്രമേ കണ്ണിൽ നോക്കുന്നുള്ളു. എന്നാൽ കമിതാക്കൾ സംസാരിക്കുമ്പോൾ 75 ശതമാനം സമയം കണ്ണിൽ കണ്ണിൽ നോക്കാറുണ്ടത്രെ.

ഏറെ നേരം ഒരാളെയോ വസ്തുവിനെയോ ദീർഘനേരം നമ്മൾ തുറിച്ചുനോക്കുമ്പോൾ അതിന്റെ പ്രതിബിംബം നമ്മുടെ തലച്ചോറിൽ ആഴത്തിൽ രേഖപ്പെടുത്തപ്പെടുമെന്നാണ് ന്യൂറോസയൻസ് പറയുന്നത്. പിന്നെ എപ്പോഴെങ്കിലും അവരേക്കുറിച്ച് നാമോർക്കുമ്പോൾ ഈ പ്രതിബിംബം മിഴിവോടെ ഉള്ളിൽ തെളിയുമത്രെ. നാം ദിവസവും എത്രയോ കാഴ്ചകൾ കണ്ടുതള്ളുന്നു. ഇവയിൽ നിന്നും ചിലതു മാത്രം നമ്മുടെ ഉള്ളിൽ തെളിമയോടെ വിടരുന്നതിനു കാരണം മനസ്സിന്റെ കണ്ണാടിയിലുള്ള രേഖപ്പെടുത്തലാകാം.

തുറിച്ചു നോട്ടം ലൈംഗികാതിക്രമമോ?

തന്റെ പ്രസ്താവനയെക്കുറിച്ച് പിന്നീട് വിശദീകരിച്ചിപ്പോൾ നോട്ടം വോയറിസം ആകുന്ന അവസ്ഥയേയാണ് താൻ സൂചിപ്പിച്ചതെന്ന് ഋഷിരാജ് സിങ് സൂചിപ്പിച്ചു.. വോയറിസം എന്ന വാക്കിനർഥം നഗ്നതയെ ഒളി‍ഞ്ഞുനോക്കി ലൈംഗികസുഖം നേടുന്ന മനോഭാവമെന്നാണ്. തുറിച്ചുനോട്ടം വോയറിസത്തിനു സമമാകുന്നതിനും അതിനു ലൈംഗികാതിക്രമത്തിന്റെ സ്വഭാവം നൽകപ്പെടുന്നതിനും രണ്ടു മൂന്നു കാരണങ്ങളുണ്ട്.

ഒന്ന് തുറിച്ചുനോട്ടത്തിലൂടെ നിറംമാറുന്ന വികാരങ്ങളാണ്. ഒരാളെ തന്നെ നോക്കി നിൽക്കുമ്പോൾ നോട്ടം ചിന്തകളിലേക്ക് വഴിമാറാം. സിനിമകളിലൊക്കെ കാണുന്നതുപോലെ അവളുമൊത്തോ അയാളുമൊത്തോ ഉള്ള ഭാവനാസഞ്ചാരങ്ങളിലേർപ്പെടാം മനസ്സ്. അയാളോടു സംസാരിക്കുന്നതായും പരസ്പരം സുന്ദരനിമിഷങ്ങൾ പങ്കിടുന്നതായും ഭാവനകൾ കാണാം.

ഒരു വ്യക്തിയെ വീണ്ടും വീണ്ടും നോക്കി ആസ്വദിക്കുമ്പോൾഅതൊരു വ്യക്തിയാണെന്നുള്ള കാര്യം മറന്നുപോകുന്നു. നോട്ടം നീളുന്തോറും അത് തെന്നിമാറി മാറിടങ്ങളിലേക്കും അരക്കെട്ടിലേക്കും ശരീരഭാഗങ്ങളിലേക്കും പോകുന്നു. അങ്ങനെ നോട്ടം ലൈംഗികമായ ഉത്തേജനമുണ്ടാക്കുന്ന ( Voyeurism) അവസ്ഥയുണ്ടാകാം.

സ്ഥിരം അശ്ലീലചിത്രങ്ങളും വീഡിയോകളും (പോർണോഗ്രഫി) കണ്ടു രസിക്കുന്നവർക്കും സ്ത്രീകളുടെ നേരേ നോക്കുമ്പോൾ അവരെ വ്യക്തികളായി കാണാൻ പ്രയാസമായിരിക്കും. ശരീരവും അതുണർത്തുന്ന ലൈംഗികവികാരങ്ങളുമാകും അവരുടെ മനസ്സിൽ മുഴച്ചുനിൽക്കുന്നത്. ഒരു സെക്കൻഡ് നേരം പോലും ആരോഗ്യകരമായ വികാരങ്ങളോടെ സ്ത്രീയെ നോക്കാൻ അവർക്കു കഴിയണമെന്നില്ല.

നോട്ടത്തിന്റെ കാര്യത്തിൽ അവസാനവാക്ക് ഒന്നേയുള്ളു. മോശമായി തോന്നുന്നതോ, അസ്വസ്ഥയുളവാക്കുന്നവ ആകാതിരിക്കട്ടെ നമ്മുടെ നോട്ടങ്ങൾ. ലോകത്തെ കൂടുതൽ സൗന്ദര്യത്തോടെ കാണാൻ സഹായിക്കുന്ന, സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പരിഗണനയുടെയും നോട്ടങ്ങൾ കൈമാറൂ,

വിവരങ്ങൾക്ക് കടപ്പാട്

ഡോ. പി.ടി. സന്ദീഷ്

ഗവ. മെന്റൽ ഹെൽത് സെന്റർ

കോഴിക്കോട്

Tags:
  • Mental Health
  • Manorama Arogyam