സാധാരണ ജലദോഷം മുതൽ കോവിഡ് വരെയുള്ള വൈറസ് രോഗബാധയേൽക്കുമ്പോൾ രോഗിക്ക് ആശ്വാസം പകരുന്ന ഒന്നാണ് ആവി പിടിക്കൽ. ആവി പിടിക്കുമ്പോൾ ലഭിക്കുന്ന ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു മൂക്കിലും തൊണ്ടയിലുമുള്ള നീർക്കെട്ട് കുറയ്ക്കുന്നതിനും കഫം വേഗത്തിൽ ഇളകിപ്പോകുന്നതിനും സഹായിക്കും. അതുകൊണ്ടുതന്നെ ജലദോഷമോ തൊണ്ടവേദനയോ ഉള്ളപ്പോൾ ആവി പിടിക്കുന്നത് ശ്വാസോച്ഛ്വാസം സുഗമമാക്കാൻ നല്ലതാണ്. മൂക്കടപ്പുള്ളപ്പോൾ ആശ്വാസം ലഭിക്കാൻ സഹായിക്കും. എന്നാൽ, ആവി പിടിക്കുന്നത് രോഗാണുക്കളെ ഇല്ലാതാക്കാൻ സഹായിക്കില്ല.
ആവി പിടിക്കുന്ന വിധം
ആദ്യം ചൂടുവെള്ളം ഒരു പാത്രത്തിൽ ഒഴിച്ചുവയ്ക്കുക. അതിനുശേഷം ഉറപ്പുള്ള ഒരു പ്രതലത്തിൽ ഈ പാത്രം വയ്ക്കുക.
ടവ്വൽ കൊണ്ട് തലയും പാത്രവും മൂടുക.
കണ്ണ് അടച്ചു പിടിക്കുകയോ തുണി കൊണ്ട് കെട്ടി വയ്ക്കുകയോ െചയ്യുക.
പാത്രവുമായി ഏകദേശം 20–30 സെന്റീമീറ്റർ അകലത്തിൽ തല പിടിക്കുന്നതാണ് നല്ലത്.
5 മിനിറ്റിൽ കൂടുതൽ തുടർച്ചയായി ആവി പിടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആവി പിടിക്കുന്നത് ഒഴിവാക്കുക.
ഇലക്ട്രിക് വേപ്പറൈസർ ആണ് ഉപയോഗിക്കുന്നതെങ്കിൽ അത് കഴുകി വൃത്തിയായി സൂക്ഷിക്കുക. ചൂടുവെള്ളത്തിൽ ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ ഇട്ട് ആവി പിടിക്കുന്നത് കൂടുതൽ ഫലപ്രദമാണ്.