ADVERTISEMENT

അമ്മയാകാൻ പറ്റാതിരിക്കുന്നതും ഗർഭിണിയാകേണ്ട എന്നു തീരുമാനിക്കുന്നതും തീർത്തും വ്യക്തിപരമാണ്. പക്ഷേ, ആർത്തവവും ഗർഭാശയവുമായി ബന്ധപ്പെട്ട ആകുലതകൾ മിക്ക സ്ത്രീകളും ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടാകും എന്ന കാര്യത്തിൽ തർക്കമില്ല.

സ്ത്രീകളെ ഏറ്റവും അലട്ടുന്ന ഒന്നാണ് ഗർഭാശയ രോഗങ്ങൾ. കൃത്യമല്ലാത്ത ആർത്തവവും കഠിന വയറുവേദനയുമടക്കം സാധാരണയായി കണ്ടുവരുന്ന പല ലക്ഷണങ്ങളും ഗർഭാശയ ആ രോഗ്യ പ്രശ്നങ്ങളിലേക്കു വിരൽ ചൂണ്ടുന്നവയാകാം. മിക്കവരും അവഗണിക്കുന്ന ഇത്തരം ലക്ഷണങ്ങളെ കരുതിയിരിക്കണം.

ADVERTISEMENT

ഗർഭാശയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണം, ചികിത്സ എന്നിവയെക്കുറിച്ചുമുള്ള ആശങ്കകൾ ഇനി വേണ്ട.

വായനക്കാരുടെ 30 ചോദ്യങ്ങൾക്ക് മറുപടിയുമായി ഈ ലക്കം ‘വനിത’യ്ക്കൊപ്പം ചേ രുന്നത് ഈ രംഗത്തെ വിദഗ്ധരായ ഡോ. എസ്. ഷൈലയും, ഡോ. എസ്. റാണി ലക്ഷ്മിയുമാണ്.

ADVERTISEMENT

ആർത്തവം ഏഴിൽ കൂടുതൽ ദിവസം നീണ്ടുനിൽക്കുകയും ദിവസവും പലവട്ടം പാഡുകൾ മാറേണ്ടിയും വരുന്നു. ഇതിനു ഡോക്ടറെ കാണണോ ?

സാധാരണ ആർത്തവ ദിനങ്ങൾ രണ്ടു മുതൽ ഏഴുവരെയാണ്. ഇതിൽ കൂടുതൽ നീണ്ടുനിൽക്കുന്നതോ, കടുത്ത ബ്ലീഡിങ് ഉള്ളതോ ആയ ആർത്തവം കരുതലെടുക്കേണ്ടതാണ്. ആർത്തവ വിരാമകാലത്ത് ചിലരിൽ ഈ അവസ്ഥ ഉണ്ടാകാം.

ADVERTISEMENT

പത്തിൽ കൂടുതൽ ദിവസം നീണ്ടുനിൽക്കുന്ന ആർത്തവം മെനോറേജിയ എന്ന അവസ്ഥ കൊണ്ടാകാം. തൈറോയ്ഡ്, ഫൈബ്രോയ്ഡ്, പോളിസിസ്റ്റിക് ഓവറി തുടങ്ങി പല കാരണം ആകാം ഇതിന്.

ആർത്തവചക്രം 21 ദിവസത്തിൽ താഴെ വരികയാണെങ്കിലോ, ആർത്തവം ഏഴു ദിവസത്തിൽ കൂടുതൽ നീളുന്നുണ്ടെങ്കിലോ, തുടർച്ചയായി മൂന്നു മാസമെങ്കിലും ഈ അവസ്ഥ കണ്ടാൽ ഡോക്ടറെ കാണണം.

ആർത്തവകാലത്ത് എന്തൊക്കെ കരുതലെടുക്കണം ?

ആർത്തവ കാലത്ത് ശുദ്ധിയായിരിക്കുക എന്നതാണ് പ്രധാനം. ധാരാളം വെള്ളം കുടിക്കുകയും കൃത്യമായ ഇടവേളകളിൽ മൂത്രമൊഴിക്കുകയും വേണം.

എത്ര കുറച്ചു രക്തസ്രാവമാണെങ്കിലും ആറ് – എട്ടു മണിക്കൂറിനപ്പുറം പാഡ് ഉപയോഗിക്കരുത്. മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നവർ കപ്പ് നിറഞ്ഞാൽ അല്ലെങ്കിൽ 12 മണിക്കൂറിൽ ഒരിക്കൽ (ഏതാണോ നേരത്തേ) വൃത്തിയാക്കണം. കോട്ടൻ വസ്ത്രങ്ങൾ ഉപയോഗിക്കാനും മാസത്തിലൊരിക്കൽ സ്വകാര്യഭാഗങ്ങളിലെ രോമങ്ങൾ നീക്കാനും ശ്രദ്ധിക്കണം. പാഡിനു പകരം കോട്ടൺ തുണി ഉപയോഗിക്കുന്നവർ അതു നന്നായി കഴുകി വെയിലത്തിട്ട് ഉണക്കിയ ശേഷമേ വീണ്ടും ഉപയോഗിക്കാവൂ

യോനിയിൽ നനവും ദുർഗന്ധവും അനുഭവപ്പെടുന്നു. ഇതു രോഗമാണോ ?

യോനീഭാഗത്തെ കോശങ്ങൾ വരണ്ടുപോകാ തെ സംരക്ഷിക്കാൻ ചെറിയ അളവിൽ യോനീസ്രവങ്ങൾ വേണം. മുട്ടവെള്ള പോലെ തെളിഞ്ഞാണ് ഇത് സാധാരണ കാണുക, പ്രത്യേക ഗന്ധം ഉണ്ടാകില്ല. ഗർഭാവസ്ഥയിലും ലൈംഗികബന്ധ സമയത്തും വൈകാരിക സമ്മർദം ഉണ്ടാകുമ്പോഴും ഈ സ്രവത്തിന്റെ ഉൽപാദനം കൂടാം.

അടിവസ്ത്രം നനയുന്ന തരത്തിൽ യോനീസ്രവം ഉ ണ്ടാകുക, ദുർഗന്ധം അനുഭവപ്പെടുക എന്നിവ കണ്ടാൽ അണുബാധ സംശയിക്കാം. യോനീസ്രവങ്ങളുടെ അളവിലും നിറത്തിലും വ്യത്യാസം ഉണ്ടെങ്കിൽ അണുബാധയുടെ ലക്ഷണമായി കരുതാം. ഇതിനു ചികിത്സ വേണ്ടിവരും.

യോനീഭാഗത്തെ ചൊറിച്ചിലും കുരു ക്കളും ഗർഭാശയ രോഗലക്ഷണമാണോ ?

അങ്ങനെ കരുതാനാകില്ല. ചില സോപ്പുകൾ, ഡിറ്റർജന്റുകൾ, ടോയ്‌ലറ്റ് ഉൽപന്നങ്ങൾ തുടങ്ങി കോണ്ടം ഉപയോഗിച്ചുള്ള ശാരീരികബന്ധം വരെ അലർജിയുണ്ടാക്കാം. ആർത്തവകാല ശുചിത്വക്കുറവും ഫംഗൽ അണുബാധയും നൂൽവിരകളുടെയോ പേനിന്റെയോ സാന്നിധ്യവും ചൊറിച്ചിൽ വരുത്തും. അമിതമായ ചൊറിച്ചിൽ, കുരുക്കളോ അരിമ്പാറകളോ, യോനീസ്രവത്തിൽ നിറവ്യത്യാസം, ചുവപ്പ്, തടിപ്പ്, മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണാൻ മടിക്കരുത്.

ഗർഭപാത്രം, ഗർഭാശയഗളം, അണ്ഡവാഹിനിക്കുഴലുകൾ, അണ്ഡാശയങ്ങൾ എന്നിവയെ ബാധിക്കുന്ന അണുബാധയാണ് പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസസ്. ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരിലാണ് ഈ രോഗം വരാനുള്ള സാധ്യത കൂടുതൽ. അബോർഷൻ, പ്രസവം, പ്രസവം നിർത്തൽ എന്നിവയെ തുടർന്നും ഇതു വരാം. ജനിറ്റൽ ട്യൂബർകുലോസിസ് ഉള്ളവർക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിലും ഈ അണുബാധ വരാം.



ഗർഭാശയ മുഴകൾ നേരത്തേ കണ്ടെത്താമോ?

യാതൊരു ലക്ഷണവുമില്ലാത്ത ഫൈബ്രോയ്ഡുകളെ ചിലപ്പോൾ മറ്റു പരിശോധനകൾക്ക് ഇടയിലാകും കണ്ടെത്തുക. ഗർഭപാത്രത്തിന്റെ ആന്തരിക പാളിയിൽ ഉണ്ടാകുന്ന മുഴകൾ വളരെ ചെറുതാണെങ്കിലും അമിത രക്തസ്രാവവും ആർത്തവ സമയത്ത് കഠിനവേദനയും ഉണ്ടാക്കും. മറ്റു മുഴകൾ വളരെ വലുതായാലും ഒരു ലക്ഷണവും പ്രകടമാക്കാതിരിക്കാം.

ഗർഭാശയ മുഴകളുടെ ലക്ഷണം മറ്റു പല തരത്തിലും കണ്ടുപിടിക്കാനാകും. വലിയ മുഴകൾ മൂലം അടിവയറ്റിൽ ഭാരവും കട്ടിയും അനുഭവപ്പെടും. മൂത്രാശയത്തിലും കുടലിലും മുഴകൾ സമ്മർദമുണ്ടാക്കിയാൽ മൂത്രതടസ്സവും മലബന്ധവുമാകും അനുഭവപ്പെടുക.

വൃക്കയിൽ നിന്നുള്ള മൂത്രക്കുഴലുകൾക്കു തടസ്സം വ ന്നാൽ വൃക്കകൾക്കു നീരും വീക്കവും വരാം. ശരീരത്തിനു താഴേക്കുള്ള രക്തക്കുഴലുകൾക്കാണു തടസ്സമെങ്കിൽ കാലുകളിൽ നീര് അനുഭവപ്പെടാം. എപ്പോഴും മൂത്രമൊഴിക്കാൻ തോന്നൽ, നടുവേദന, മലബന്ധം, അടിവയർ വേദന (ചിലരിൽ) എന്നിവയെയും കരുതിയിരിക്കണം.

ലക്ഷണങ്ങൾ പ്രകടമാക്കാത്ത ചെറിയ ഫൈബ്രോയ്ഡ് ചികിത്സിക്കേണ്ട ആവശ്യമില്ല. വലുപ്പം കൂടുതലാണെങ്കിലും ലക്ഷണങ്ങൾ ഇല്ലാത്തവയാണെങ്കിൽ ആറുമാസം കൂടുമ്പോൾ വളർച്ച നിരീക്ഷിക്കാം.

രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവ ചികിത്സിക്കണം. മരുന്നുകൾ നൽകിയുള്ള ചികിത്സ മതിയാകില്ലെങ്കിൽ മുഴകൾ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ വേണ്ടിവരും. അ പൂർവമായെങ്കിലും ഗർഭപാത്രം നീക്കേണ്ടി വരാം.

മുപ്പതുകൾക്കു ശേഷം സ്ത്രീകൾ പതിവായി നടത്തേണ്ട പരിശോധനകളുണ്ടോ ?

30 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീകൾ ഗർഭധാരണത്തിനു തടസ്സമോ മറ്റു ലക്ഷണങ്ങളോ കണ്ടാൽ ഡോക്ടറെ കാണാൻ മടിക്കരുത്. ഗർഭധാരണത്തിനുള്ള ആലോചന ഇല്ലെങ്കിലും പതിവായി ടെസ്റ്റുകളും സ്വയം പരിശോധനകളും നടത്തുന്നത് നല്ലതാണ്.

മാസത്തിൽ ഒരിക്കൽ സ്തനങ്ങൾ പരിശോധിച്ച് മുഴകളോ തടിപ്പോ നിറവ്യത്യാസമോ ഇല്ലെന്ന് ഉറപ്പാക്കണം.

ഗർഭാശയ രോഗങ്ങളുണ്ടോ എന്നു കണ്ടെത്തുന്നതിനായി മൂന്നു വർഷത്തിലൊരിക്കൽ ഡോക്ടറുടെ നിർദേശപ്രകാരം പാപ്‌സ്മിയർ ടെസ്റ്റ് നടത്തണം. ഗർഭാശയഗള കാൻസർ കണ്ടെത്താനായുള്ള സ്ക്രീനിങ് ടെസ്റ്റും (എച്ച്പിവി ഡിഎൻഎ) നടത്തണം.

ഗർഭാശയ രോഗങ്ങൾ വരാതെ തടയാനാകുമോ ?

ഗർഭാശയ രോഗങ്ങൾ വലിയ തോതിൽ വർധിക്കുന്നുണ്ട്. കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം കാണപ്പെടുന്ന രണ്ടാമത്തെ കാൻസറാണ് ഗർഭാശയഗള കാൻസർ. ഹ്യൂമൻ പാപ്പിലോമ വൈറസാണ് ഇതിനു കാരണം.

ഗർഭാശയഗള കാൻസറിനെതിരെയുള്ള വാക്സീൻ ക ണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇത് സർക്കാർ തലത്തിൽ ഇന്ത്യയിൽ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ത്വരിതഗതിയിൽ പൂർത്തിയായി വരുന്നു. ഒൻപത് – പതിനാല് വയസ്സിനിടയിലുള്ള പെൺകുട്ടികൾക്ക് രണ്ടു ഡോസും 15– 45 പ്രായത്തിലുള്ളവർക്കു മൂന്നു ഡോസും വാക്സീനാണ് നൽകേണ്ടത്. ലൈംഗികബന്ധ കാലത്തിനു മുൻപാണ് വാക്സീൻ കൂടുതൽ ഫലപ്രദമാകുന്നത്.

മുഴകളാണോ അണ്ഡാശയ കാൻസറിനു കാരണമാകുന്നത് ?

അണ്ഡാശയത്തിനകത്തും പുറത്തും ദ്രാവകം നിറഞ്ഞ് വീർത്ത് ഉണ്ടാകുന്ന മുഴകളെയാണ് സിസ്റ്റുകളെന്നു വിളിക്കുന്നത്. 30 തരത്തിലേറെയുള്ള ഇത്തരം മുഴകളുണ്ട്. ഇവയാണ് പിസിഒഡി എന്ന അവസ്ഥ ഉണ്ടാക്കുന്നത്. ഈ മുഴകൾക്കു ലക്ഷണമൊന്നും കാണാറില്ലെങ്കിലും ചിലപ്പോൾ ചെറിയ വേദന, വയർ വീർക്കുക, ശ്വാസംമുട്ടൽ, മലബന്ധം, മൂത്രതടസ്സം, കാലിൽ നീര്, ഞരമ്പുതടിക്കൽ തുടങ്ങിയവ വരാം. മുഴ അപകടകാരി അല്ലെങ്കിലും അമിതവേദന ഉണ്ടാക്കുന്നവയെ ശസ്ത്രക്രിയയിലൂടെ നീക്കം െചയ്യാറുണ്ട്.

എന്നാൽ അണ്ഡാശയ കാൻസർ അണ്ഡാശയത്തിൽ നിന്നോ അണ്ഡവാഹിനി കുഴലിൽ നിന്നോ ആണ് ആരംഭിക്കുന്നത്. പാരമ്പര്യവും വൈകിയുള്ള ഗർഭം ധരിക്കലും മുതൽ പൊണ്ണത്തടി വരെ ഇതിനു കാരണമാകാം. മിക്ക അണ്ഡാശയ കാൻസറുകളും ആർത്തവ വിരാമത്തിനു ശേഷമാണ് സംഭവിക്കുന്നത്.

ADVERTISEMENT