ADVERTISEMENT

യൂറിയ കലർന്ന പന്ത്രണ്ടായിരം ലീറ്ററിലധികം പാൽ പിടിച്ചെടുത്തു നശിപ്പിച്ചത് വലിയ വാർത്തയായിരുന്നു. പാലിന്റെ വെണ്മ വർധിപ്പിക്കാനും കൊഴുപ്പളവ് ശരിയാക്കാനുമാണ് യൂറിയ ചേർക്കുന്നത്. പൊതുവേ പരിശുദ്ധമെന്നു നാം കരുതുന്ന പാലിൽ ഒട്ടേറെ മായങ്ങൾ ചേർക്കുന്നുണ്ടെന്ന് വിവിധ കാലങ്ങളിലായി നടത്തിയിട്ടുള്ള പരിശോധനകളിൽ തെളിഞ്ഞിട്ടുണ്ട്. വേനൽക്കാലത്ത് പാൽ എളുപ്പം ചീത്തയായി പോകാറുണ്ട്. മാത്രമല്ല വേനലിൽ പാലുൽപാദനവും കുറവായിരിക്കും. അതുകൊണ്ട് ഉള്ള പാലിന്റെ കട്ടിയും അളവും വർധിപ്പിക്കാനും കേടുകൂടാതെ പരമാവധി സമയം സൂക്ഷിക്കാനുമായി കച്ചവടക്കാർ പ്രിസർവേറ്റീവുകളും കട്ടി കൂടാൻ സഹായിക്കുന്ന ഘടകങ്ങളുമൊക്കെ ചേർക്കാറുണ്ട്.

യൂറിയ കൂടാതെ സ്റ്റാർച്ച്, ഗ്ലൂക്കോസ്, ഉപ്പ്, ഹൈഡ്രജൻ പെറോക്സൈഡ്, ഫോർമാലിൻ എന്നീ രാസവസ്തുക്കളാണ് പാലിൽ കലർത്തുന്നത്. പാലിന്റെ കട്ടിയും കൊഴുപ്പും വർധിപ്പിക്കാനും കേടുകൂടാതെ അധികം ദിവസം സൂക്ഷിക്കുവാനുമാണ് ഈ മായങ്ങൾ ചേർക്കുന്നത്. പാലിലെ ജലത്തിന്റെ അളവു മറയ്ക്കാനാണ് ഉപ്പു ചേർക്കുന്നത്. പാൽ വിൽപനയ്ക്കായി പായ്ക്ക് ചെയ്യുമ്പോഴും മറ്റും നടത്തുന്ന വൃത്തിയാക്കൽ പ്രക്രിയ ശാസ്ത്രീയമായി നടത്താത്തതു മൂലം അതിനുപയോഗിക്കുന്ന ഡിറ്റർജന്റുകൾ പാലിൽ കലരുന്നുണ്ടെന്ന് 2011 ൽ നടന്ന നാഷനൽ സർവേയിൽ കണ്ടിരുന്നു. പാലിന് നല്ല വെളുത്ത നിറം ലഭിക്കുന്നതിനു വേണ്ടിയും ഡിറ്റർജന്റ് ചേർക്കാറുണ്ട്.

ADVERTISEMENT

ഐസിഎംആർ നടത്തിയ പഠനത്തിൽ പാലിൽ ഡിറ്റർജന്റ് കലർത്തുന്നത് ഭക്ഷ്യ വിഷബാധയ്ക്കും ഉദരസംബന്ധമായ അസ്വാസ്ഥ്യങ്ങൾക്കും ഇടയാക്കുന്നുവെന്നു തെളിഞ്ഞിരുന്നു. ജേണൽ ഒഫ് വെറ്ററിനറി സയൻസ്, ജേണൽ ഒാഫ് കമ്യൂണിറ്റി ഹെൽത് ഉൾപ്പെടെയുള്ള ചില ജേണലുകളിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ പറയുന്നത് ഇത് സ്തനാർബുദത്തിനും വൃഷണങ്ങളിൽ ബീജോൽപാദനം കുറയാനും ഇടയാക്കുന്നുവെന്നാണ്. അമിത അളവിൽ യൂറിയ കലർന്ന പാൽ കുടിക്കുന്നത് വൃക്കയ്ക്ക് അമിതജോലിഭാരം നൽകും. ഇതു ചിലരിൽ വൃക്ക പരാജയത്തിനു വരെ ഇടയാക്കിയേക്കാമെന്നു പഠനങ്ങൾ പറയുന്നു. കാലിൽ നീരു വരുവാനും കാഴ്ചയ്ക്ക് പ്രശ്നങ്ങളുണ്ടാകാനും ഇടയുണ്ട്. ഹൃദയത്തിനും കരളിനും യൂറിയ ദോഷകരമാണ്. യൂറിയയും ഫോർമാലിനും കലർന്ന പാൽ കുടിച്ചാൽ ഉടനടി ഗ്യാസ്ട്രോഎന്ററൈറ്റിസ് വരാം. ഉപ്പു കലർന്ന പാൽ ശരീരത്തിലെ ആസിഡ് –ആൽക്കലി സന്തുലനത്തെ ബാധിക്കുന്നു. വൃക്കയ്ക്കു പ്രശ്നങ്ങളുണ്ടാക്കാനും സംസാരത്തിനും മറ്റ് ഇന്ദ്രിയപരമായ പ്രശ്നങ്ങൾക്കും ഇടയാക്കാം. ഫോർമാലിനും ഹൈഡ്രേജൻ പെറോക്സൈഡും പാൽ കേടുകൂടാതെ ഇരിക്കാനാണ് ഉപയോഗിക്കുന്നത്. ഫോർമാലിൻ ചേരുന്നത് വയറിളക്കം, ഛർദി, വയറുവേദന എന്നീ അസ്വാസ്ഥ്യങ്ങളുണ്ടാക്കാം. ഇത് അർബുദകാരിയായ ഘടകമാണ്. ഹൈഡ്രജൻ പെറോക്സൈഡ് ഉദരാസ്വാസ്ഥ്യത്തിനും രക്തം കലർന്ന വയറിളക്കത്തിനും ഇടയാക്കാം. സ്റ്റാർച്ച് അമിതമായാൽ വയറിളക്കം വരാം.

പാലിലെ മായം തിരിച്ചറിയാനായി ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ്സ് അതോറിറ്റി ഒാഫ് ഇന്ത്യ (FSSAI) നിർദേശിക്കുന്ന ചില പരിശോധനകൾ അറിയാം.

ADVERTISEMENT

പാലിൽ വെള്ളം കലർന്നാൽ

പാലിൽ വളരെ സാധാരണമായി ചേർക്കുന്ന മായമാണ് വെള്ളം. ഇതു പാലിന്റെ പോഷകഗുണം കുറയ്ക്കുന്നു. മലിനമായ ജലമാണ് ചേർക്കുന്നതെങ്കിൽ അത് ആരോഗ്യത്തിനു തന്നെ ദോഷകരമാണ്.

ADVERTISEMENT

ഒരുതുള്ളി പാൽ മിനുസമുള്ള ചരിഞ്ഞ പ്രതലത്തിൽ ഒഴിക്കുക. ശുദ്ധമായ പാൽ ഒഴുകാതിരിക്കുകയോ വളരെ മെല്ലെ ഒരു വെളുത്ത പാട് അവശേഷിപ്പിച്ച് ഒഴുകുകയോ ചെയ്യും. മായം കലർന്ന പാലാണെങ്കിൽ വളരെ വേഗത്തിൽ ഒഴുകിപ്പോവും. വെളുത്ത പാട് ഉണ്ടാവുകയുമില്ല.

പാലിൽ ഡിറ്റർജന്റ് ചേർന്നാൽ

ഒരു ഗ്ലാസ്സിൽ 5–10 മില്ലി ലീറ്റർ പാലെടുക്കുക. തുല്യ അളവു വെള്ളം ചേർക്കുക. ഇനി ഗ്ലാസ്സ് നന്നായി കുലുക്കി യോജിപ്പിക്കുക. നല്ല കട്ടിയുള്ള പത പാലിനു മുകളിൽ രൂപപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഡിറ്റർജന്റ് ചേർന്നതാണ്. ശുദ്ധമായ പാലാണെങ്കിൽ നേരിയ പാളി പതയേ ഉണ്ടാവുൂകയുള്ളൂ.

സ്റ്റാർച്ച് കലർത്തിയാൽ

പാൽ പിരിഞ്ഞു പോകുന്നതു തടയാനാണ് സ്റ്റാർച്ച് കലർത്തുന്നത്. ഒരു പാത്രത്തിൽ 2–3 മില്ലി ലീറ്റർ പാലെടുത്ത് അഞ്ച് മില്ലി ലീറ്റർ വെള്ളം ചേർത്തു തിളപ്പിക്കുക. ഇതിലേക്ക് 2–3 തുള്ളി അയഡിൻ സൊല്യൂഷൻ ചേർത്തു തണുപ്പിക്കുക. നീല നിറം കണ്ടാൽ സ്റ്റാർച്ച് കലർന്നിട്ടുണ്ട് എന്ന് അനുമാനിക്കാം.

യൂറിയ കലർന്നാൽ

യൂറിയ പാലിന്റെ രുചിയെ മാറ്റില്ല. അതുകൊണ്ട് തിരിച്ചറിയുക പ്രയാസമാണ്. അര ടേബിൾസ്പൂൺ പാലിൽ അത്രയും തന്നെ സോയബീൻ പൗഡർ ചേർക്കുക. നന്നായി കുലുക്കുക. ഇതിൽ ഒരു ലിറ്റ്മസ് പേപ്പർ ഏതാനും സെക്കൻഡ് മുക്കിവയ്ക്കുക. നിറം ചുവപ്പിൽ നിന്നും നീലയാകുന്നുവെങ്കിൽ യൂറിയ കലർന്നിട്ടുണ്ട്.

പാൽ സമ്പൂർണ്ണ ആഹാരമാണ്. കുട്ടികൾ മുതൽ വയോജനങ്ങൾ വരെ വളരെ സാധാരണമായി ഉപയോഗിക്കുന്ന പോഷകവിഭവമാണിത്. അതുകൊണ്ടുതന്നെ പാലിൽ മായം കലർത്തുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്– എഫ്എസ്എസ്എഐ , ഐസിഎംആർ, വിവിധ ജേണലുകൾ

ADVERTISEMENT