തോളിനു പരുക്കേറ്റുള്ള വിശ്രമം നീണ്ടാലും പ്രശ്നം, പ്രമേഹരോഗികളിലും അപകടസാധ്യത– ഫ്രോസൻ ഷോൾഡർ തടയാൻ അറിയേണ്ടത്
തോളിനു വേദനയും മുറുക്കവും വന്നു കയ്യുടെ ചലനം പരിമിതമാകുന്ന അവസ്ഥയാണു ഫ്രോസൻ ഷോൾഡർ. വളരെ സാധാരണമായി കാണുന്ന ഈ രോഗാവസ്ഥയെ പെരി ആർത്രൈറ്റിസ് എന്നും പറയാറുണ്ട്. പരുക്കുകളെ തുടർന്നു ദീർഘനാൾ കൈ ചലിപ്പിക്കാതെ വയ്ക്കുക, പ്രമേഹം, വാതരോഗങ്ങൾ, അമിതമായ കൊളസ്ട്രോൾ, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയെല്ലാം ഫ്രോസൻ ഷോൾഡറിലേക്കു നയിക്കാം. ഹൃദയപ്രശ്നങ്ങൾ വന്നു ചികിത്സിച്ചതിനു ശേഷവും ഈ അവസ്ഥ വരുന്നതായി കാണുന്നു.
ആരംഭത്തിൽ വേദനയുണ്ടെങ്കിലും കൈ കുറച്ചൊക്കെ ചലിപ്പിക്കാനാകും. ഈ ഘട്ടത്തിൽ വേദന കുറയ്ക്കാനുള്ള മരുന്നുകളും തോളിനുള്ള പ്രത്യേക ഫിസിയോതെറപ്പി ഉപകരണങ്ങൾ കൊണ്ടുള്ള വ്യായാമങ്ങളും പരിഹാരമാണ്. ചൂടുപിടിക്കുന്നതും വേദന കുറയ്ക്കും. വേദനയുള്ള കൈക്കു വലിയ ആയാസം നൽകരുത്–ആ കൈ കൊണ്ടു ഭാരം എടുക്കരുത്, ഉറങ്ങുമ്പോൾ ആ ഭാഗത്തെ കയ്യിലേക്കു തല വയ്ക്കുന്നതും ഒഴിവാക്കണം.
ചികിത്സിച്ചില്ലെങ്കിൽ ക്രമേണ വേദന വർധിച്ചു വരുന്നു. പതിയെ കയ്യുടെ ചലനശേഷി കുറയും. മുറുക്കവും അനുഭവപ്പെടും. വേദന കുറയ്ക്കാനായി തോളിൽ സ്റ്റിറോയ്ഡ് കുത്തിവയ്പ് എടുക്കാറുണ്ട്.
മരുന്നും വ്യായാമങ്ങളുമൊന്നും ഫലം ചെയ്തില്ല, തോൾ വളരെ ഉറച്ചുപോയാൽ മാനിപുലേഷൻ എന്ന രീതിയിൽ തോൾസന്ധിയിലെ ഒട്ടിപ്പോയ അസ്ഥിഭാഗങ്ങളും ചലിക്കാത്ത സ്നായുക്കളുമൊക്കെ ശരിയാക്കി എടുക്കേണ്ടിവരും. അപൂർവമായി, ചെറിയൊരു ശതമാനം ആളുകളിൽ ആർത്രോസ്കോപിക്കൽ റിലീസ് എന്ന താക്കോൽദ്വാര ശസ്ത്രക്രിയ വഴിയും അസ്ഥി–പേശീ–സ്നായുക്കളുടെ മുറുക്കം പരിഹരിക്കേണ്ടിവരും.
പ്രമേഹരോഗമുള്ളവരിൽ ഫ്രോസൻ ഷോൾഡർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരിൽ തന്നെ രോഗം വന്നു മാറിയാലും വീണ്ടും വരാം. രോഗശമനത്തിന് ചികിത്സകളോടൊപ്പം പ്രമേഹം സാധാരണനിരക്കിൽ നിലനിർത്തേണ്ടതുണ്ട്.
കൈകൾ കുറേനാൾ ചലിപ്പിക്കാതിരുന്നാൽ തോളിനു മുറുക്കം വരാം. അതുകൊണ്ട് കയ്യുടെയും തോളിന്റെയും പരുക്കുകൾക്കുള്ള വിശ്രമം ഒരുപാടു നീണ്ടുപോകരുത്. 2–3 ആഴ്ചയിൽ കൂടുതൽ കൈ അനക്കാതിരിക്കരുത്. കൈ കുറച്ചൊക്കെ ചലിപ്പിക്കാനായാൽ, ഡോക്ടറുടെ നിർദേശം കൂടി സ്വീകരിച്ചു ലഘുവ്യായാമമുറകൾ തുടങ്ങണം. പെൻഡുലം വ്യായാമം പോലെയുള്ളവ ഗുണകരമാണ്. ഇത്തരം തോൾ വ്യായാമങ്ങൾ നിത്യവും ചെയ്യുന്നതു പൊതുവേയും ഫ്രോസൻ ഷോൾഡർ വരുന്നതു പ്രതിരോധിക്കും.
വിവരങ്ങൾക്കു കടപ്പാട്
ഡോ. തോമസ് മാത്യു
അസ്ഥിരോഗ വിദഗ്ധൻ, കൊച്ചി