പ്രായം കുറച്ചു ചെറുപ്പമാകുന്നതുമായി ബന്ധപ്പെട്ടു നാം വളരെയധികം കേൾക്കുന്ന ഒന്നാണ് കൊളാജൻ. കൊളാജൻ കഴിച്ചാൽ ചുളിവുകൾ മാറും, കൊളാജൻ ക്രീം പുരട്ടിയാൽ പ്രായമാകുന്നതിന്റെ അടയാളങ്ങൾ മായും എന്നൊക്കെ പറയാറുണ്ട്. ഇതിലെന്തെങ്കിലും വാസ്തവമുണ്ടോ? എന്താണ് കൊളാജൻ–വിശദമായി അറിയാം.
ശരീരത്തിൽ ഏറ്റവുമധികം ഉള്ള ഒരു പ്രോട്ടീനാണു കൊളാജൻ. മനുഷ്യശരീരത്തിലുള്ള പ്രോട്ടീനിന്റെ മൂന്നിലൊരു ഭാഗവും കൊളാജൻ പ്രോട്ടീനാണ്. ചർമം, പേശികൾ, അസ്ഥികൾ, സ്നായുക്കളും പേശീതന്തുക്കളും എന്നിവയെല്ലാം നിർമിച്ചിരിക്കുന്നതു കൊളാജൻ കൊണ്ടാണ്. വിവിധ അവയവങ്ങളിലും രക്തക്കുഴലുകളിലും കുടലിന്റെ ആവരണത്തിലും വരെ കൊളാജൻ കാണപ്പെടുന്നു.
രക്തം കട്ടപിടിക്കാൻ സഹായിക്കുക, അവയവങ്ങൾക്ക് സംരക്ഷണ ആവരണമൊരുക്കുക തുടങ്ങി ഒട്ടേറെ സുപ്രധാനമായ കാര്യങ്ങൾ കൂടാതെ ചർമസൗന്ദര്യത്തിനും കൊളാജൻ പ്രധാനമാണ്. ചർമത്തിനു തനതായ ഒരു ഘടനയും കരുത്തും ഇലാസ്തിക സ്വഭാവവും നൽകുന്നതും നശിച്ചുപോകുന്ന ചർമകോശങ്ങൾക്കു പകരം പുതിയവ ഉണ്ടാക്കാൻ സഹായിക്കുന്നതും കൊളാജനാണ്.
പ്രായം കൂടുന്നതനുസരിച്ച് കൊളാജന്റെ അളവു കുറഞ്ഞുവരും. നീണ്ട നാരുകൾ പോലെയുള്ള കൊളാജൻ കൂടുതൽ കനം കുറഞ്ഞതും ദുർബലവുമാകും. ഇതു ചർമത്തിനു പ്രായമാകാനിടയാക്കുമെന്നു പറയപ്പെടുന്നു. ഗർഭത്തെ തുടർന്നുള്ള ഹോർമോൺ ഏറ്റക്കുറച്ചിലുകൾ, സൂര്യപ്രകാശം ചർമത്തിൽ ഏൽക്കുന്നത്, പുകവലി, വൈറ്റമിൻ സിയുടെ കുറവ്, ഉറക്കക്കുറവ്, വ്യായാമം ഇല്ലാതിരിക്കുക എന്നിങ്ങനെ മറ്റ് ഒട്ടേറെ ഘടകങ്ങൾ കൊണ്ടും കൊളാജൻ കുറയാം.
സപ്ലിമെന്റ്സ് ഗുണകരമോ
പുറമേ നിന്നും കൊളാജൻ നൽകുന്നതു ചർമത്തിന് ഇലാസ്തികത മെച്ചപ്പെടുത്തുമെന്നും ചുളിവുകൾ വീഴുന്നതു തടയുമെന്നും യുവത്വത്തിന്റേതായ ഒരു തുടിപ്പു നൽകുമെന്നും കരുതപ്പെടുന്നു. ഇതേതുടർന്നു മുഖത്തു പുരട്ടുന്ന ക്രീമുകളിലും സിറത്തിലുമൊക്കെ കൊളാജൻ കൂടി ചേർക്കാറുണ്ട്. സപ്ലിമെന്റ് ഗുളിക രൂപത്തിലും കൊളാജൻ ലഭ്യമാണ്. കൊളാജൻ പെപ്റ്റൈഡ് അല്ലെങ്കിൽ ഹൈഡ്രോലൈസ്ഡ് കൊളാജൻ എന്ന രൂപത്തിലാണു വിപണിയിലുള്ളത്. മുഖത്ത് ഉപയോഗിക്കുന്ന ഡെർമൽ ഫില്ലേഴ്സിലും കൊളാജൻ കൂടി ചേർക്കാറുണ്ട്.
ക്രീമുകളും സിറവുമൊക്കെ മുഖത്തിനു പുറമേ പുരട്ടുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമെന്നതിനു ശാസ്ത്രീയ തെളിവുകളില്ല. സപ്ലിമെന്റുകൾ ചർമത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുവാൻ പ്രയോജനം ചെയ്യുമെന്നു ഗുണകരമാകുമെന്നു ചുരുക്കം ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എങ്കിലും സപ്ലിമെന്റുകളായതിനാൽ മരുന്നുകളുടെ കാര്യത്തിലെ പോലെ ഫലപ്രാപ്തിയും സുരക്ഷിതത്വവും ഉറപ്പാക്കുവാനുള്ള കർശന നടപടികൾ ഇല്ല. മാത്രമല്ല ഇതൊരു മാജിക് പില്ലൊന്നുമല്ല. വ്യായാമം, പോഷകഭക്ഷണം, ഉറക്കം പോലെ കൊളാജൻ കുറവു തടയുന്ന ആരോഗ്യശീലങ്ങൾക്ക് ഇവയൊരിക്കലും പകരമാകില്ലെന്നു മറക്കരുത്.