കരളിനെ കൊഴുപ്പു വരിഞ്ഞുമുറുക്കുന്നതിന്റെ ഫലമായി വരുന്ന രോഗമാണ് ഫാറ്റി ലിവർ. വളരെ വൈകി ലക്ഷണങ്ങൾ പ്രകടമാകുന്ന ഈ രോഗാവസ്ഥ ഗുരുതരമായാൽ കരൾ പ്രവർത്തനങ്ങൾ പൂർണമായി നശിക്കുന്ന അവസ്ഥ വരെ എത്താം.എന്നാൽ ആരോഗ്യകരമായ ചില മുൻകരുതലുകൾ എടുത്താൻ ഫാറ്റി ലിവർ വരാതെ പ്രതിരോധിക്കാനാകും.
∙ ഭക്ഷണം പ്രധാനം
ഫാറ്റി ലവിർ പ്രതിരോധിക്കുന്നതിൽ ഭക്ഷണത്തിനു പ്രധാന പങ്കുണ്ട്.കൊഴുപ്പും ഊർജവും കുറഞ്ഞ ഭക്ഷണം ഫാറ്റി ലിവർ കുറയ്ക്കും.വറുത്ത ഭക്ഷണങ്ങളിലും ജങ്ക് ഫൂഡുകളിലും ദോഷകരമായ പൂരിത കൊഴുപ്പും ട്രാൻസ്ഫാറ്റും ഉണ്ട്. ബീഫ്,പന്നി,മട്ടൻ പോലുള്ള ചുവന്ന മാംസം,കരൾ,തലച്ചോർ പോലുള്ള അവയവ മാംസം, വെണ്ണ,ചീസ് പോലുള്ള പാലുൽപന്നങ്ങൾ,എണ്ണയിൽ വറുത്ത ഭക്ഷണം, പാംഒായിൽ എന്നിവയിലെല്ലാം പൂരിത കൊഴുപ്പ് ഉണ്ട്.കേക്ക്,കുക്കീസ്,ചിപ്സ് പോലുള്ളയുള്ളവയിലെ ട്രാൻസ്ഫാറ്റും കരളിനു പ്രശ്നമാണ്.പച്ചക്കറികൾ നന്നായി കഴിക്കാം.ബദാം,വാൽനട്ട് പോലുള്ള അണ്ടിപരിപ്പുകൾ,വിത്തുകൾ,മഞ്ഞൾ,വെളുത്തുള്ളി എന്നിവയൊക്കെ കരളിനു ഗുണകരമാണ്.നാരുകൾ ഉള്ള ഭക്ഷണം കഴിക്കാം.മാംസം പൂർണമായി ഒഴിവാക്കേണ്ട്. കൊഴുപ്പു കുറഞ്ഞ ലീൻ മീറ്റ് (കോഴിയിറച്ചി,താറാവിറച്ചി,കാടമാംസം )എന്നിവ കഴിക്കാം.മത്സ്യവും മാംസവും എണ്ണയിൽ വറുക്കുന്നതിനു പകരം ഗ്രിൽ െചയ്തോ കറി വച്ചോ ആവിയിൽ പുഴുങ്ങിയോ ഉപയോഗിക്കാം.അരിക്കും ഗോതമ്പിനും പകരം മില്ലറ്റ്സ് ഉപയോഗിക്കാം.റാഗി,തിന,ചാമ പോലുള്ളവ.
∙ വ്യായാമം ഒരു മരുന്ന്
കരളിൽ കൊഴുപ്പ് അടിയുന്നതു തടയാൻ വ്യായാമം മികച്ച മരുന്നാണ്.ദിവസവും അരമണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റി വയ്ക്കാം. നടത്തം പോലും ഗുണം െചയ്യും.സൈക്ലിങ്,നീന്തൽ എന്നിവയും നല്ലതാണ്. ദീർഘനേരം ഉള്ള ഇരിപ്പ് ഒഴിവാക്കുക.രാത്രി വൈകി ഉറങ്ങാതിരിക്കുന്ന ശീലവും നല്ലതല്ല. ശരീരഭാരം കുറയ്ക്കുന്നതു ഫാറ്റി ലിവർ പ്രതിരോധത്തിനു പ്രധാനമാണ്.
∙ മദ്യപാനം വേണ്ട
കരളിന്റെ ആരോഗ്യത്തിനായി മദ്യപാനം ഒഴിവാക്കുക. മദ്യം മാത്രമല്ല ശീതളപാനീയങ്ങളും നിയന്ത്രിക്കുക.ശീതളപാനീയങ്ങളിൽ ഫ്രക്ടോസ് ഷുഗർ കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട്.ഇതിന്റെ പതിവായുള്ള ഉപയോഗം ഫാറ്റി ലിവറിലേക്കു നയിക്കുന്നു.
∙ മരുന്നുകൾ സൂക്ഷിച്ച്
ചില രോഗങ്ങളുെട ചികിത്സയുെട ഭാഗമായി ഉപയോഗിക്കുന്ന മരുന്നുകളിൽ ചിലവ ഫാറ്റി ലിവർ വരുത്താം.ഉദാ:സ്റ്റിറോയ്ഡ് മരുന്നുകൾ,വാതരോഗങ്ങളിൽ ഉപയോഗിക്കുന്ന ചില മരുന്നുകൾ,സ്തനാർബുദ ചികിത്സയിൽ ഉപയോഗിക്കുന്ന ചില മരുന്നുകൾ,ഹൃദ്രോഗ ചികിത്സയിൽ ഉപയോഗിക്കുന്ന ചില മരുന്നുകൾ.തുടക്കത്തിലെ തന്നെ ഡോക്ടറുമായി സംസാരിച്ചു സുരക്ഷിതമായ മരുന്നിലേക്കു മാറാം.