ADVERTISEMENT

ഹെയർട്രാൻസ്പ്ലാന്റ് ചെയ്തതിനെ തുടർന്നു തലയോട്ടിയിൽ അണുബാധ ഉണ്ടായ ഒരാളുടെ അനുഭവം നമ്മൾ ഈയിടെ കണ്ടു. പരസ്യങ്ങളിലെ ഒാഫറുകളിൽ മയങ്ങി ഇത്തരം ശസ്ത്രക്രിയകൾക്കു തല വച്ചു കൊടുക്കും മുൻപു ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇതേക്കുറിച്ചു പ്രമുഖ ചര്‍മരോഗ വിദഗ്ധനായ ഡോ. ജി.നന്ദകുമാര്‍ പറയുന്നതിങ്ങനെ

∙ ആദ്യം ഒരു യോഗ്യതയുള്ള ചർമരോഗ വിദഗ്ധനെ കണ്ടു യഥാർഥത്തിൽ ഹെയർ ട്രാൻസ്പ്ലാന്റ് ആവശ്യമുണ്ടോ എന്നു വിലയിരുത്തണം. കഷണ്ടിക്കും മുടി കൊഴിച്ചിലിനുമൊക്കെ പാരമ്പര്യം ഒരു പ്രധാന ഘടകമാണ്.

ADVERTISEMENT

പക്ഷേ, പാരമ്പര്യമായി വരുന്നതാണെങ്കിലും മുടിയില്ലാത്തതു പലരുടെയും ആത്മവിശ്വാസത്തെ തന്നെ ബാധിക്കാറുണ്ട്. ഇന്ന്, 20 വയസ്സുകാരു പോലും വന്ന് ഹെയർട്രാൻസ്പ്ലാന്റ് വേണം എന്ന് ആവശ്യപ്പെടാറുണ്ട്. ഇങ്ങനെ വരുന്നവരിൽ ഭൂരിഭാഗത്തിനും ഹെയർ ട്രാൻസ്പ്ലാന്റിന്റെയൊന്നും ആവശ്യം വരാറില്ല. മുടി കൊഴിച്ചിൽ മാറ്റാനും മുടി വളർച്ചയ്ക്കും മറ്റുമായി ഇന്നു ധാരാളം പുതിയ മരുന്നുകളും ചികിത്സയുമുണ്ടല്ലൊ. അവയൊക്കെ പരീക്ഷിച്ചിട്ടും ഫലം ലഭിക്കുന്നില്ലാത്തവർക്ക് അവസാന ആശ്രയമെന്ന നിലയിൽ ഹെയർ ട്രാൻസ്പ്ലാന്റിനെ കുറിച്ചു ചിന്തിക്കാം. എന്തായാലും ഹെയർട്രാൻസ്പ്ലാന്റ് വേണോ എന്ന് ഒരു വിദഗ്ധ ഡോക്ടറെ കണ്ടു തീരുമാനമെടുക്കുന്നതാണു നല്ലത്.

∙ എല്ലാവർക്കും എല്ലാ സാഹചര്യങ്ങളിലും ഹെയർ ട്രാൻസ്പ്ലാന്റ് അനുയോജ്യമായിരിക്കില്ല. പാലൂട്ടുന്നവർ, ഗർഭിണികൾ, രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവർ, ബിപി കൂടുതലുള്ളവർ, പ്രമേഹരോഗികൾ എന്നിവർക്കു ഹെയർ ട്രാൻസ്പ്ലാന്റ് നിർദേശിക്കാറില്ല.

ADVERTISEMENT

∙ ഹെയര്‍ട്രാന്‍സ്പ്ലാന്റ് എന്നു പറയുന്നതു തലയിലെ ചര്‍മത്തില്‍ ചെയ്യുന്ന ഒരു ചെറിയ ശസ്ത്രക്രിയ തന്നെയാണ്. തലയിലെ ചർമത്തിൽ ചെറിയ മുറിവുകളുണ്ടാക്കി തലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെടുക്കുന്ന ഹെയർ ഫോളിക്കിളുകൾ നട്ടുവയ്ക്കുകയാണു ചെയ്യുന്നത്. ഇത് ആർക്കു വേണമെങ്കിലും എവിടെ വച്ചു വേണമെങ്കിലും ചെയ്യാവുന്ന ഒന്നല്ല. അതിന്റേതായ മുൻകരുതലുകളും പ്രോട്ടോക്കോളും പാലിച്ചു വേണം ഹെയർട്രാൻസ്പ്ലാന്റ് ചെയ്യാൻ. ശരിയായി അണുവിമുക്തമാക്കിയ സാഹചര്യത്തിൽ അല്ല ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്നതെങ്കിൽ അതിനുശേഷം അണുബാധകൾക്കു സാധ്യത കൂടുതലാണ്. അതുകൊണ്ടു പരസ്യങ്ങളിലെ ഒാഫറുകളുടെ പിറകേ പോയി അപകടത്തിൽ ചാടരുത്.

∙ ഹെയര്‍ട്രാന്‍സ്പ്ലാന്റ് സര്‍ജറിയില്‍ പരിശീലനം നേടിയിട്ടുള്ള ഒരു ഡെര്‍മറ്റോളജിസ്റ്റിന് ആണ് ഹെയര്‍ട്രാന്‍സ് പ്ലാന്റ് ചെയ്യാന്‍ യോഗ്യതയുള്ളത്. അഞ്ചു വർഷത്തെ എംബിബിഎസ് പഠനം കഴിഞ്ഞു മൂന്നു വർഷം ചർമത്തിന്റെ അനാട്ടമിയും ഫിസിയോളജിയും ചർമരോഗാവസ്ഥകളും ചികിത്സയുമൊക്കെ വിശദമായി പഠിച്ചിട്ടാണു ഡെർമറ്റോളജിസ്റ്റ് ആകുന്നത്. ശേഷം ഒരു കോസ്മറ്റോളജി സർജന്റെ കീഴിൽ ഹെയർട്രാൻസ്പ്ലാന്റ് സർജറിയിൽ പരിശീലനം നേടിയിട്ടാണ് ഹെയർട്രാൻസ്പ്ലാന്റ് സർജൻ ആകുന്നത്. ഇത്രയും പരിശീലനത്തിനു ശേഷം ചികിത്സകൾ ചെയ്യുമ്പോൾ അപകടങ്ങൾക്കും പിഴവുകൾക്കും സാധ്യത തീരെ കുറയും.

ADVERTISEMENT

∙ ഹെയർട്രാൻസ്പ്ലാന്റിനു ശേഷം ഡോക്ടർ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾ അതേപടി പാലിക്കേണ്ടതും പ്രധാനമാണ്. ചികിത്സയ്ക്കു ശേഷമുള്ള പരിചരണങ്ങളും മുടങ്ങാതെ, പറഞ്ഞിരിക്കുന്ന രീതിയിൽ തന്നെ ചെയ്യണം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ജി. നന്ദകുമാർ

ഡെർമറ്റോ പതോളജിസ്റ്റ്

തിരുവനന്തപുരം

ADVERTISEMENT