ADVERTISEMENT

കഴിഞ്ഞ രണ്ടര മാസത്തിനിടെ കേരളത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരിൽ 90 ശതമാനം പേർ ഒരു ഡോസ് വാക്സീൻ പോലും എടുക്കാത്തവരാണെന്ന് ആരോഗ്യവകുപ്പിന്റെ പഠനം.. ജൂൺ 18 മുതൽ സെപ്റ്റംബർ 3 വരെ കോവിഡ് ബാധിച്ചു മരിച്ച 9195 പേരിൽ 905 പേർ അതായത് 9.84 ശതമാനം പേർ മാത്രമാണ് വാക്സീൻ എടുത്തിരുന്നത്. വാക്സീൻ എടുത്തശേഷം കോവിഡ് വന്നു മരിച്ചവരിൽ ഏതാണ്ട് 700 പേർ ഒരു ഡോസ് മാത്രം എടുത്തവരാണ്. രണ്ടു ഡോസ് എടുത്ത 200 പേർ മരണപ്പെട്ടിട്ടുണ്ടെങ്കിലും ഇവരിൽ ഭൂരിഭാഗം പേരും മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവരായിരുന്നെന്നു കണ്ടു. ആകെ മരിച്ചവരിൽ 6200 പേർ (67.43 ശതമാനം) പ്രമേഹമോ രക്തസമ്മർദമോ പോലെ മറ്റേതെങ്കിലും ഗുരുതരമായ രോഗങ്ങളുള്ളവരായിരുന്നു. ആകെ മരിച്ചവരിൽ 2995 പേർ മാത്രമാണ് കാര്യമായ രോഗങ്ങളില്ലാതിരുന്നവർ.

വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മുടെ ആരോഗ്യവിദഗ്ധർ ആവർത്തിച്ചു പറഞ്ഞത് വളരെ ശരിയാണെന്ന് അടിവരയിടുകയാണ് ആരോഗ്യവകുപ്പിന്റെ പഠനം. പക്ഷേ, മൂന്നരക്കോടിയിലധികം ജനസംഖ്യയുള്ള കേരളത്തിൽ 80 ലക്ഷത്തിലധികം പേർ മാത്രമാണ് രണ്ടു ഡോസ് വാക്സീനും പൂർത്തിയാക്കിയിട്ടുള്ളത് എന്ന യാഥാർഥ്യം നമ്മുടെ മുൻപിൽ തെളിഞ്ഞുനിൽക്കുകയാണ്.

ADVERTISEMENT

കേരളത്തിലെ വാക്സിനേഷൻ സ്ഥിതി പരിശോധിച്ചാൽ 60.86 ശതമാനം ജനങ്ങളും അതായത് രണ്ടു കോടിയിലധികം പേർ ഒരു ഡോസെങ്കിലും വാക്സീൻ എടുത്തുകഴിഞ്ഞു. 80 ലക്ഷത്തിലധികം പേരാണ് (80,16,372) രണ്ടു ഡോസ് വാക്സീനും എടുത്തത്.

മടിയല്ല പ്രശ്നം

ADVERTISEMENT

‘‘ ഭയം കൊണ്ട് വാക്സീൻ എടുക്കാൻ മടി കാണിക്കുന്ന അവസ്ഥ കേരളത്തിലെ ജനങ്ങളിൽ പൊതുവേ കുറവാണ്. നിലവിൽ ഒരു വാക്സിനേഷൻ കേന്ദ്രത്തിൽ പോലും വാക്സീൻ എടുക്കാൻ ആളെ കിട്ടാതെ സ്ലോട്ട് ഫ്രീ ആയി കിടന്ന സംഭവം ഉണ്ടായിട്ടില്ല. വാക്സീൻ ലഭ്യതക്കുറവ് തന്നെയാണ് പ്രധാന പ്രശ്നം. ’’ തിരുവനന്തപുരം മെഡി. കോളജിലെ ഡെപ്യൂട്ടി സൂപ്രണ്ടും പൊതുജനാരോഗ്യവിദഗ്ധനുമായ ഡോ. എസ്. എസ്. സന്തോഷ്കുമാർ പറയുന്നു.

‘‘ദിവസം അഞ്ചു ലക്ഷം ഡോസ് വാക്സീൻ വീതം കൊടുക്കാൻ ആയാൽ ഒന്നര മാസം കൊണ്ട് കേരളത്തിലെ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും തന്നെ ഒരു ഡോസെങ്കിലും വാക്സീൻ നൽകാനാകും. അഞ്ചുലക്ഷം ഡോസ് വച്ച് ദിവസവും നൽകുക അസാധ്യമല്ലെന്ന് നാം ഇതിനു മുൻപേ തേളിയിച്ചിട്ടുള്ളതുമാണ്.

ADVERTISEMENT

പല കാരണങ്ങളാൽ വാക്സീൻ എടുക്കാൻ സാധിക്കാത്തവരെ പ്രത്യേകം പരിഗണിക്കാൻ ഇനി വൈകരുത്. ആദിവാസികൾ, അന്യസംസ്ഥാന തൊഴിലാളികൾ, തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർ, വീട്ടിൽ നിന്നും വാക്സീൻ എടുക്കാൻ പോകാൻ വയ്യാത്ത കിടപ്പുരോഗികൾ, വീട് ഇല്ലാത്ത അഗതികൾ, കൈക്കുഞ്ഞുങ്ങളെ വിട്ടിട്ട് വാക്സീൻ എടുക്കാൻ പോകാൻ പറ്റാത്ത അമ്മമാർ ...ഇവർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്താൻ കാത്തിരിക്കാതെ അവർക്ക് അങ്ങോട്ട് വാക്സീൻ എത്തിക്കണം. ആധാർ കാർഡ് ഇല്ലാത്തവർക്ക് മറ്റേതെങ്കിലും തിരിച്ചറിയൽ സംവിധാനം വഴി വാക്സീൻ നൽകാനുള്ള നടപടിയെടുക്കണം.

വാക്സിനേഷനെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിച്ചുകൊണ്ടുള്ള പ്രോഗ്രാമുകളല്ല ഇനിയാവശ്യം, ഇത്തരം പാർശ്വവൽകരിക്കപ്പെട്ടവരിലേക്ക് വാക്സീൻ എത്തിക്കുന്ന ഔട്ട്റീച്ച് പ്രോഗ്രാമുകളും ടാർഗറ്റഡ് പ്രോഗ്രാമുകളുമാണ് വേണ്ടതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

മറ്റുരോഗമുള്ളവർക്ക് മുൻഗണന

ആരോഗ്യവകുപ്പിന്റെ പഠനത്തിൽ നിന്ന് മറ്റു ഗുരുതര രോഗമുള്ളവരിൽ മരണസാധ്യത കൂടുതലാകാമെന്ന് വ്യക്തമാണ്. അതുകണക്കിലെടുത്ത് ആദ്യ ഡോസ് എടുത്തവരിലെ 60 വയസ്സു കഴിഞ്ഞ, മറ്റു ഗുരുതര രോഗമുള്ള ആളുകൾക്ക് മുൻഗണന നൽകി രണ്ടാം ഡോസ് പൂർത്തിയാക്കണം. . 45 വയസ്സു കഴിഞ്ഞവരിലും കുട്ടികളിലും മറ്റു ഗുരുതര രോഗമുള്ളവരെ തിരഞ്ഞുപിടിച്ച് അവർക്ക് മുൻഗണന നൽകണം. അതിനുവേണ്ട ടാർഗറ്റിങ് നടത്തണം’’ ഡോ. സന്തോഷ് പറയുന്നു.

അമേരിക്കയിൽ നടന്ന വിവിധ പഠനങ്ങളിൽ അവിടുത്തെ 99.2 ശതമാനം കോവിഡ് മരണങ്ങളും വാക്സീൻ എടുക്കാത്തവരിലാണ് എന്നു കണ്ടിരുന്നു. വാക്സിൻ എടുക്കാത്തവരുടെ പകർച്ചവ്യാധി ആയിക്കൊണ്ടിരിക്കുകയാണ് കോവിഡെന്ന് അമേരിക്കയിലെ സെന്റർ ഫോപ്‍ ഡിസീസ് പ്രിവൻഷൻ വിദഗ്ധർ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.

ADVERTISEMENT