Tuesday 01 September 2020 11:08 AM IST

വെറുമൊരു പോളിപ്പായി തുടക്കം, ലക്ഷണങ്ങളില്ലാതെ ഒളിച്ചുകളിക്കും: ബ്ലാക്ക് പാന്തർ നടൻ ബോസ്മാന്റെ മരണത്തിനിടയാക്കിയ കോളൻ കാൻസറിനെ കുറിച്ചറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

colo43534

ബ്ലാക്ക് പാന്തർ സിനിമയിലൂടെ പ്രശസ്തനായ നടൻ ചാഡ്‌വിക് ബോസ്മാൻ കോളൻ കാൻസർ ബാധിച്ച് 43–ാം വയസ്സിൽ മരണത്തിനു കീഴടങ്ങി. നാലു വർഷം മുൻപ് 2016–ലാണ് അദ്ദേഹത്തിന് കോളൻ കാൻസർ കണ്ടെത്തിയത്. അപ്പോഴേക്കും മൂന്നാംഘട്ടത്തിലെത്തിയിരുന്നു അർബുദം.

ആക്‌ഷന് പ്രാധാന്യമുള്ള സിനിമകൾ ധാരാളം ചെയ്തിട്ടുള്ള ബോസ്മാൻ ശരീരസംരക്ഷണത്തിന് ഏറെ ശ്രദ്ധ കൊടുത്തിരുന്നു. മാർഷ്യൽ ആർട്സും പരിശീലിച്ചിട്ടുണ്ട്. ബ്ലാക്ക് പാന്തർ, അവൻജേഴ്സ്: ഇൻഫിനിറ്റി വാർ പോലുള്ള സിനിമകൾക്കു വേണ്ടി കർശന ശാരീരികപരിശീലനത്തിലൂടെ ആകാരവടിവൊത്ത ഉരുക്കുശരീരം രൂപപ്പെടുത്തി ശ്രദ്ധ നേടിയിരുന്നു. അതുകൊണ്ടു തന്നെ മൂന്നു വർഷം മുൻപ് ഒരു വിഡിയോയിൽ നന്നേ മെലിഞ്ഞ രൂപത്തിൽ ബോസ്മാനെ കണ്ടപ്പോൾ ‘പുതിയ സിനിമയ്ക്കു വേണ്ടിയുള്ള രൂപമാറ്റമാണോ?’ എന്നാണ് ആരാധകർ കമന്റ് ചെയ്തത്. അവസാനനിമിഷം വരെ താനൊരു അർബുദരോഗിയാണെന്ന് ബോസ്മാൻ പുറംലോകത്തോട് വെളിപ്പെടുത്തിയിരുന്നില്ല.  എങ്ങനെയാണ് ബോസ്മാന് കോളൻ കാൻസർ പിടിപെട്ടതെന്നും വ്യക്തമല്ല. 

43 വയസ്സിലേ ബോസ്മാന്റെ ജീവിതമെടുത്ത കോളൻ കാൻസർ നിസ്സാരക്കാരനല്ല. ലോകമാകെ നോക്കിയാൽ പുരുഷന്മാരിൽ ഏറ്റവുമധികം വരുന്ന അർബുദങ്ങളിൽ മൂന്നാമത്തേതും സ്ത്രീകളിൽ രണ്ടാമത്തേതുമാണ് കോളൻ കാൻസർ അഥവാ കോളോറെക്ടൽ കാൻസർ. 2018ൽ മാത്രം 18 ലക്ഷം പുതിയ കോളൻ കാൻസറുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കോളൻ കാൻസറിനെ വില്ലനാക്കുന്നത്, രോഗം തിരിച്ചറിയാനാകുന്ന സൂചനകളൊന്നും ആദ്യഘട്ടത്തിൽ കാണാറില്ല എന്നതാണ്. വൻകുടലിലാണ് അർബുദം ആരംഭിക്കുന്നത്. ഏതു പ്രായത്തിലും വരാമെങ്കിലും സാധാരണഗതിയിൽ പ്രായമായവരിലാണ് കാണാറുള്ളത്. വൻകുടലിന് ഉൾവശത്ത് ചെറിയ പോളിപ്പുകൾ അഥവാ നിരുപദ്രവകാരികളായ തടിപ്പുകളായാണ് ഇതിന്റെ തുടക്കം. കാലക്രമേണ ചില തടിപ്പുകൾ അർബുദമായി പരിണമിക്കാം. പുറമേക്ക് യാതൊരു ലക്ഷണവും പ്രകടമാകുകയുമില്ല. അതുകൊണ്ട് പതിവായ പരിശോധനകളിലൂടെയല്ലാതെ ഈ അർബുദം തുടക്കത്തിലേ കണ്ടെത്താൻ സാധിക്കാറില്ല. ബോസ്മാന്റെ കാര്യത്തിലെന്ന പോലെ മാരകമായി കഴിഞ്ഞാവും തിരിച്ചറിയുക. പതിവു പരിശോധനകളിൽ പോളിപ് തിരിച്ചറിഞ്ഞ് അർബുദമാകും മുൻപ് നീക്കം ചെയ്താൽ ഭയപ്പെടേണ്ടതില്ല.

മലവിസർജനത്തിൽ അടിക്കടി വരുന്ന മാറ്റങ്ങൾ കോളൻ കാൻസറിന്റെ ലക്ഷണങ്ങളാകാം.  മലബന്ധവും വയറിളക്കവും മാറിമാറി വരുക, മലത്തിന്റെ ആകൃതിയിലും സ്വഭാവത്തിലും മാറ്റങ്ങൾ,  മലത്തിൽ രക്തമയം കാണുക,  എത്ര തവണ ടോയ്‌ലറ്റിൽ പോയാലും മലവിസർജനം പൂർത്തിയായില്ല എന്ന തോന്നൽ, കാരണമില്ലാതെ ശരീരഭാരം കുറയുക ഇവയൊക്കെയും അർബുദ സൂചനകളാകാം. പക്ഷേ, ഇതൊന്നും ആദ്യഘട്ടത്തിൽ കാണണമെന്നില്ല. അർബുദത്തിന്റെ സ്ഥാനവും വലുപ്പവും അനുസരിച്ച് ലക്ഷണങ്ങളിൽ മാറ്റമുണ്ടാകാം. 

കോളൻ കാൻസറിനെയും റെക്ടൽ അഥവാ മലാശയ കാൻസറിനെയും ചേർത്ത് കോളോറെക്ടൽ കാൻസർ എന്നും വിളിക്കാറുണ്ട്. വൻകുടലിലെ സാധാരണ കോശങ്ങളിൽ ജനിതക പരിവർത്തനം വന്നാണ് അർബുദകോശങ്ങൾ രൂപപ്പെടുന്നത്. സാധാരണ കോശങ്ങൾ നിയതമായ ഒരു ക്രമത്തിലാണ് വളരുകയും വിഭജിക്കുകയും ചെയ്യുന്നത്. പക്ഷേ, ഈ കോശങ്ങളുടെ ഡിഎൻഎയ്ക്ക് പരിവർത്തനം സംഭവിക്കുന്നതോടെ കോശവളർച്ച ക്രമാതീതമായി വർധിക്കുകയും ട്യൂമർ ആവുകയും ചെയ്യുന്നു.

ആഹാരരീതി പ്രശ്നം

സാധ്യത വർധിപ്പിക്കാം എങ്കിലും ഇന്നത്തെക്കാലത്ത് രോഗം വർധിക്കുന്നതിന്റെ പ്രധാനകാരണം ആഹാരരീതിയിലെ മാറ്റവും അലസമായ ജീവിതരീതിയുമാണെന്നു വിദഗ്ധർ പറയുന്നു. നാരുകൾ കുറഞ്ഞ–കൊഴുപ്പു കൂടിയ ആഹാരരീതി കോളൻ കാൻസറിനു കാരണമാകാം. ചുവന്ന മാംസവും സംസ്കരിച്ച ഉൽപന്നങ്ങളും പതിവാക്കുന്നവരിൽ കോളൻ കാൻസർ സാധ്യത കൂടുതലാണെന്നു ചില ഗവേഷണങ്ങളും പറയുന്നു.

കോളൻ കാൻസർ സാധ്യതയുള്ളവർ ആഹാരരീതിയും ശീലങ്ങളും ആരോഗ്യകരമാണോ എന്നു പരിശോധിക്കുകയും വേണ്ട തിരുത്തലുകൾ വരുത്തുകയും വേണം. നാരുകളുള്ള പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കണം. ചുവന്ന മാംസം വല്ലപ്പോഴും മാത്രം കഴിക്കുക. ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ശീലിക്കണം. പുകവലിയും മദ്യപാനവും അകറ്റി നിർത്തുക. ഭാരം ഉയരത്തിന് അനുസരിച്ചു നിലനിർത്തുന്നതാണ് ഉത്തമം. വളരെ കൂടാതെ പ്രത്യേകം ശ്രദ്ധിക്കുക. പാരമ്പര്യമോ മറ്റ് അപകട ഘടകങ്ങളോ ഇല്ലെങ്കിലും തെറ്റായ ഭക്ഷണശീലങ്ങൾ കൊണ്ടുമാത്രം അർബുദം വന്നുകൂടെന്നില്ല. അതുകൊണ്ട് ആഹാരരീതി ആരോഗ്യകരമാക്കേണ്ടത് പ്രധാനമാണ്.

സ്ക്രീനിങ് വേണം

കോളൻ കാൻസർ കുടുംബത്തിൽ ആർക്കെങ്കിലും വന്നിട്ടുള്ളവരും വൻകുടലിൽ പോളിപ് വന്നിട്ടുള്ളവരും ഉയർന്ന അപകടസാധ്യതയുള്ളവരായി സ്വയം കരുതി കൃത്യമായ ഇടവേളകളിൽ സ്ക്രീനിങ് പരിശോധനകൾ നടത്തണം. കാര്യമായ അപകടഘടകങ്ങൾ ഇല്ലാത്തവരും 50 വയസ്സിനു ശേഷം സ്ക്രീനിങ് പരിശോധനയ്ക്കു വിധേയരാകണം.

Tags:
  • Manorama Arogyam
  • Health Tips