Thursday 01 September 2022 03:10 PM IST

‘ചെറിയൊരു പിഴവുപോലും ജീവൻ നഷ്ടപ്പെടുത്താം’: സുബീഷിന്റെ കരളായ പ്രവിജ: ചരിത്രം കുറിച്ച് ഡോ. സിന്ധു

Sruthy Sreekumar

Sub Editor, Manorama Arogyam

Dr-sindhu ഫൊട്ടോ: ഗിബി സാം

ഫെബ്രുവരി 14, 2022 – കോട്ടയം മെഡിക്കൽ കോളജിൽ, കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലെ ആദ്യത്തെ ലിവിങ് ഡോണർ കരൾമാറ്റ ശസ്ത്രക്രിയ നടക്കാൻ പോകുന്നു. ഭർത്താവിന്റെ ജീവൻ രക്ഷിക്കാനായി ഭാര്യ കരൾ ദാനം െചയ്യുന്നു. ചെറിയൊരു പിഴവു പോലും ഒരു ജീവൻ നഷ്ടപ്പെടുത്താം. ആ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത് ഗ്യാസ്ട്രോഎന്ററോളജി സർ‍ജറി വിഭാഗം മേധാവി ഡോ. സിന്ധുവും സംഘവുമാണ്. തൃശൂർ കുന്നംകുളം സ്വദേശിയായ സുബീഷ് ഭാര്യ പ്രവിജയിൽ നിന്നു കരൾ സ്വീകരിച്ച് ആരോഗ്യവാനായി ആശുപത്രി വിട്ടപ്പോൾ കോട്ടയം മെഡിക്കൽ ആശുപത്രിയ്ക്ക് അതു വിജയത്തിന്റെ അടയാളമായി. ആ അനുഭവം ഡോ.സിന്ധു പങ്കുവയ്ക്കുന്നു.

സുബീഷ് എത്തുന്നു

സുബീഷിന് അഞ്ചു വർഷത്തിലേറെയായി ശാരീരികബുദ്ധിമുട്ടുകൾ ഉണ്ട്. രോഗത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ സാധിച്ചിരുന്നില്ല. രോഗത്തിന്റെ ആദ്യഘട്ടത്തിൽ തൃശൂരിലെ തന്നെ പല ആശുപത്രികളിലും ചികിത്സ തേടിയിരുന്നു. അവിെട നിന്നാണു കരൾ മാറ്റിവയ്ക്കൽ നിർദേശിച്ചു കോട്ടയത്തേക്കു റഫർ െചയ്തത്. 2021 ഏപ്രിൽ ഏഴാം തീയതി യാണ് കോട്ടയം മെഡിക്കൽ കോളജിൽ ഗ്യാസ്ട്രോഎന്ററോളജി സർജറി വിഭാഗം ഉദ്ഘാടനം െചയ്യുന്നത്. സുബീഷ് കഴിഞ്ഞ വർഷം അവസാനത്തോടെയാണ് കോട്ടയത്ത് വരുന്നത്. ഇവിെട ഗ്യാസ്ട്രോ സർജറി വിഭാഗം ആരംഭിച്ചപ്പോൾ തന്നെ കരൾ മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ടു ധാരാളം രോഗികൾ ഞങ്ങളെ സമീപിച്ചിരുന്നു. പലർക്കും കരൾ നൽകാൻ ദാതാക്കളും തയാറായിരുന്നു.ദാതാക്കൾ ഇല്ലാത്തവരെ ഞങ്ങൾ മൃതസഞ്ജീവനിയിൽ റജിസ്റ്റർ െചയ്തു. ദാതാക്കൾ ഉള്ളവരിൽഅവരുെട കരൾ, രോഗിക്ക് അനുയോജ്യമാണോ എന്ന് അറിയാനുള്ള പരിശോധനകൾ നടത്തിയിരുന്നു. അങ്ങനെ െചയ്തവരിൽ നാലഞ്ചു പേർക്കു കരൾ മാറ്റിവയ്ക്കൽ സാധ്യമാണെന്നു കണ്ടെത്തി. ആ ലിസ്റ്റിൽ ആദ്യം ഉണ്ടായിരുന്നവരാണ് സുബീഷും ഭാര്യ പ്രവിജയും.

സുബീഷും മൃതസഞ്ജീവനിയി ൽ റജിസ്റ്റർ െചയ്തിരുന്നു. ഇവിെട ചെക്കപ്പിനായി അഡ്മിറ്റ് ആയ ഒരു ദിവസം ആരോഗ്യസ്ഥിതി പെട്ടെന്നു മോശമായി. ഞങ്ങൾ അന്ന് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നതു കൊണ്ടുമാത്രമാണു ജീവന് അപകടം സംഭവിക്കാതിരുന്നത്. ആ സംഭവത്തിനു ദൃക്സാക്ഷിയായി പ്രവിജയും ഉണ്ടായിരുന്നു. അതോടെ കരൾ നൽകാൻ പ്രവിജ തീരുമാനിക്കുകയായിരുന്നു.

കരൾ ദാനം െചയ്യുന്നവർക്കു ശ സ്ത്രക്രിയ കഴിഞ്ഞുള്ള വിശ്രമദിനങ്ങൾ കഴിഞ്ഞാൽ പിന്നെ പഴയ ജീവിതത്തിലേക്കു പോകാം. ഇവർക്കു പ്രത്യേക തുടർചികിത്സയൊന്നും ആവശ്യമില്ല. ദാതാവിനു സാധാരണജീവിതം നയിക്കാൻ പ്രായോഗിക തടസ്സങ്ങൾ ഉണ്ടാകാറില്ല.

പ്രവിജ കരൾ നൽകാൻ തയാറായി മുന്നോട്ടുവന്നപ്പോൾ അവർക്കുള്ള പരിശോധനകൾ എല്ലാം െചയ്തു. പ്രവിജയ്ക്കു കാര്യമായ ആ രോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നതുകൊണ്ട് ദാനം െചയ്യാൻ തടസ്സമില്ലായിരുന്നു.

കരൾ മാറ്റിവയ്ക്കുമ്പോൾ

2016ലാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആദ്യ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത്. ശസ്ത്രക്രിയ നടത്തിയ ടീമിൽ ഞാ നും ഉണ്ടായിരുന്നു. ദൗർഭാഗ്യകരമെന്നു പറയട്ടെ, ആ ശസ്ത്രക്രിയ വിജയത്തിലേക്ക് എത്തിക്കാൻ സാധിച്ചില്ല. അതിനുശേഷമാണ് കരൾ ശസ്ത്രക്രിയയെ കുറിച്ച് ‍ഞാൻ കൂടുതൽ വായിക്കാനും പഠിക്കാനും തുടങ്ങിയത്. വൃക്ക മാറ്റിവയ്ക്കുന്നതു പോലെയല്ല കരൾ മാറ്റിവയ്ക്കൽ. വൃക്ക മാറ്റിവച്ചു കഴിഞ്ഞശേഷം എ ന്തെങ്കിലും പ്രശ്നം ഉണ്ടായാലും ഡയാലിസിസിലൂെട രോഗിയുടെ ജീവൻ നിലനിർത്താം. എന്നാൽ കരൾ മാറ്റിവയ്ക്കലിൽ അത്തരം സാധ്യത ഇല്ല.

സജീവമായി പ്രവർത്തിക്കുന്ന ഗ്യാസ്ട്രോഎന്ററോളജി സർജറി വിഭാഗത്തിൽ തന്നെ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയ നടത്താൻ നല്ല മുന്നൊരുക്കം വേണം. അങ്ങനെ നോക്കുമ്പോൾ പ്രവർത്തനം തുടങ്ങിയ ഒരുവർഷത്തിനുള്ളിൽ തന്നെ കോട്ടയം മെഡിക്കൽ കോളജിൽ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയ നടത്തുക എന്നതു വലിയ വെല്ലുവിളി തന്നെയായിരുന്നു. കാരണം മുഴുവൻ ടീമിനും പരിശീലനം നൽകണം. ട്രാൻസ്പ്ലാന്റിനു മാത്രമായിട്ടുള്ള ഉപകരണങ്ങൾ സജ്ജമാക്കണം. വിവിധ ചികിത്സാ വിഭാഗങ്ങളുെട ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂെട ആശുപത്രി തന്നെ പൂർണമായ രീതിയിൽ അവയവം മാറ്റിവയ്ക്കലിന് അനുകൂല സാഹചര്യം ഒരുക്കണം. ഇതിനെല്ലാം പലപ്പോഴും വർഷങ്ങൾ വേണ്ടിവന്നേക്കാം. വിവിധ ചികിത്സാ വിഭാഗങ്ങൾ കൂടാതെ മെഡിക്കൽ ഗ്യാസ്ട്രോഎന്ററോളജി, ബ്ലഡ് ബാങ്ക്, അനസ്തീസിയ, റേഡിയോളജി, പതോളജി, മറ്റു ലാബുകൾ തുടങ്ങിയ വിഭാഗങ്ങളുെട പങ്ക് ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയയിൽ പ്രധാനമാണ്.

സർജിക്കൽ ഗ്യാസ്ട്രോ സൂപ്പർ സ്പെഷാലിറ്റിയിൽ പിജി നേടിയ ശേഷം ഞാൻ ഒരു വർഷം ലീവ് എടുത്ത് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ലിവർ ട്രാൻസ്പ്ലാന്റ് ടീമിനൊപ്പം പ്രവർത്തിച്ചു. അവിെട നിന്നു ലഭിച്ച പ്രവൃത്തിപരിചയമാണ് കോട്ടയത്ത് ട്രാൻസ്പ്ലാന്റ് ശ സ്ത്രക്രിയ നടത്താനുള്ള ആത്മവിശ്വാസം എനിക്കു നൽകിയത്.

ആശുപത്രി ഒരുങ്ങുന്നു

ആശുപത്രി പ്രിൻസിപ്പൽ ഡോ. കെ. പി.ജയകുമാറിന്റെയും സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാറിന്റെയും ശ്രമഫലമായി ആണ് ട്രാൻസ്പ്ലാന്റ് സർജറി പ്രോജക്‌ട് കോട്ടയത്തു വന്നത്. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ടി.കെ. ജയകുമാറിന്റെ പൂർണ പിന്തുണ കൊണ്ടാണ് ഈ ശസ്ത്രക്രിയ നടത്താൻ സാധിച്ചത്. തിരുവനന്തപുരത്തെ ശസ്ത്രക്രിയയിൽ മരിച്ച വ്യക്തിയുെട കരളാണ് സ്വീകരിച്ചത്. കോട്ടയത്ത് ജീവിച്ചിരിക്കുന്നയാളിൽ നിന്നാണ് കരൾ സ്വീകരിക്കുന്നത്– ലിവിങ് ഡോണർ സർജറി. കോട്ടയത്ത് ട്രാൻസ്പ്ലാന്റ് സർജറി നടത്താൻ തീരുമാനിച്ചപ്പോൾ പ്രിൻസിപ്പലും സൂപ്രണ്ടും എല്ലാ വിഭാഗം മേധാവികളുെടയും മീറ്റിങ് വിളിച്ചു. അതിൽ ട്രാൻസ്പ്ലാന്റിനെ കുറിച്ച് ഞാൻ വിവരണം നൽകി. അന്ന് അവിെട സന്നിഹിതരായിരുന്ന ഡോക്ടർമാർ എല്ലാം ചോദിച്ചത് ഒരു ചോദ്യം മാത്രമാണ്,‘ ഞങ്ങൾ എന്തു സഹായമാണ് െചയ്യേണ്ടത് ’ എന്ന്. അതു തന്നെ വലിയൊരു െപാസിറ്റിവിറ്റിയാണ് നൽകിയത്.

ഒാരോ വിഭാഗത്തിലെയും ഡോക്ടർമാരോടും ആ വിഭാഗത്തിന്റെ ഭാഗത്തു നിന്ന് എന്തു സഹായമാണു വേണ്ടതെന്നു ഞാൻ വിശദീകരിച്ചു. സർജറി വിഭാഗത്തിൽ നിന്ന് സന്നദ്ധരായി വന്ന അഞ്ചു സർജൻമാരിൽ രണ്ടു പേർ ട്രാൻസ്പ്ലാന്റ് ടീമിൽ പങ്കാളികളായി. ടീമിലെ എല്ലാവർക്കും വൈകുന്നേരങ്ങളിൽ ഒാൺലൈനായി ട്രാൻസ്പ്ലാന്റിനെ കുറിച്ച് ക്ലാസുകൾ എടുത്തു. പുറത്തു നിന്നുള്ളവരെ കൊണ്ടും ക്ലാസുകൾ എടുപ്പിച്ചു. നഴ്സുമാർക്കും പരിശീലനം നൽകി.

ട്രാൻസ്പ്ലാന്റ് ഉപകരണങ്ങൾ എ ല്ലാം വളരെ വില കൂടിയവയാണ്. കോട്ടയത്ത് ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഡോ. ടി. കെ. ജയകുമാറിന്റെ നേതൃത്വത്തിൽ മുൻപ് നടന്നിട്ടുണ്ട്. അതിനാൽ കാർഡിയാക് സർജറി യൂണിറ്റിന്റെ ഐസിയുവിൽ വച്ച് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. ഹൃദയം മാറ്റിവയ്ക്കൽ നടന്നിട്ടുള്ളതിനാൽ തന്നെ അതിനുവേണ്ട ഉപകരണങ്ങൾ അവിെട ലഭ്യമായിരുന്നു. അതെല്ലാം തന്നെ കരൾ മാറ്റിവയ്ക്കലിനും ഉപയോഗിക്കാമായിരുന്നു. കരളിന് ആവശ്യമായ ചില പ്രത്യേക ഉപകരണങ്ങൾ ഉണ്ട്. അവയെല്ലാം സജ്ജമാക്കി. ശസ്ത്രക്രിയയിൽ സഹായിക്കാനായി തിരുവനന്തപുരം കിംസിൽ നിന്ന് സർജന്മാർ, അനസ്തീസിയ വിദഗ്ധർ, നഴ്സുമാർ എന്നിവരടങ്ങിയ ടീമും എത്തിയിരുന്നു.

ശസ്ത്രക്രിയ നടക്കുന്നു

ഫെബ്രുവരി 14നാണ് ശസ്ത്രക്രിയ നടന്നത്. അടുത്തടുത്ത ഒാപ്പറേഷൻ തിയറ്ററിലാണ് സുബീഷിന്റെയും പ്രവിജയുെടയും ശസ്ത്രക്രിയ നടത്തിയത്. രാവിലെ 9 മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ രാത്രി 11.30യോടെയാണ് പൂർത്തിയായത്. ദാതാവിൽ നിന്ന് കരൾ എടുക്കുന്നതിലും കൂടുതൽ സമയം സ്വീകർത്താവിന്റെ കേടായ കരൾ നീക്കം െചയ്യാനെടുക്കും. ദാതാവിന്റെ ശസ്ത്രക്രിയയുെട തുടക്കത്തിൽ തന്നെ കരളിന്റെ ആരോഗ്യസ്ഥിതിയും ഘടനയും നേരിട്ടു പരിശോധിച്ച് ഉറപ്പാക്കിയശേഷം മാത്രമെ സ്വീകർത്താവിന്റെ ശസ്ത്രക്രിയ ആരംഭിക്കൂ.

സുബീഷിന്റെ കാര്യത്തിൽ മൂൻകൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ കാര്യങ്ങൾ നടന്നതിനാൽ ശസ്ത്രക്രിയാസമയത്ത് സങ്കീർണതകൾ ഒന്നും സംഭവിച്ചില്ല.

അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമാണോ എന്നു ദിവ സങ്ങൾ കഴിഞ്ഞേ പറയാൻ സാധി ക്കൂ. ഈ ദിവസങ്ങളിൽ രോഗിയെ സസൂക്ഷ്മം നിരീക്ഷിക്കുകയും അ തിനനുസരിച്ചുള്ള മരുന്നുകളും മറ്റും നൽകുകയും െചയ്യും. പുതിയ കരളിന്റെ തുന്നിച്ചേർത്ത രക്തക്കുഴലുകളിൽ തടസ്സമുണ്ടാകുന്നുണ്ടോ എന്നറിയാനായി ദിവസേന ഡോപ്ലർ പരിശോധന നടത്തും. രോഗിയുെട നിലയിൽ തൃപ്തികരമായ പുരോഗതിയുണ്ടാവുകയും മറ്റു സങ്കീർണതകൾ ഇല്ലാതിരിക്കുകയുമാണെങ്കിൽ രോഗിയെ വെന്റിലേറ്റിൽ നിന്ന് നീക്കി, സാധാരണ നിലയിലുള്ള ശ്വസനത്തിലേക്കു കൊണ്ടുവരാം. തുടർന്നുള്ള ദിവസങ്ങളിൽ സാധാരണരീതിയിലുള്ള ഭക്ഷണക്രമത്തിലേക്കും നടത്തം പോലുള്ള പ്രവൃത്തികളിലേക്കും ക്രമേണ കൊണ്ടുവരാം.

സുബീഷിനെ ശസ്ത്രക്രിയ കഴിഞ്ഞ് അടുത്ത ദിവസം രാവിലെ തന്നെ വെന്റിലേറ്ററിൽ നിന്നു മാറ്റാൻ സാധിച്ചു. ശസ്ത്രക്രിയാ ടീമിന്റെ നേരിട്ടുള്ള പരിചരണത്തിലായിരുന്നു സുബീഷ്. അദ്ദേഹത്തിന്റെ ആരോഗ്യനില പ്രതീക്ഷിച്ചരീതിയിൽ തന്നെ മെച്ചപ്പെടുന്നുണ്ടായിരുന്നു.

പ്രവിജയെ ശസ്ത്രക്രിയ കഴിഞ്ഞ രാത്രി തന്നെ വെന്റിലേറ്റിൽ നിന്നു മാറ്റിയിരുന്നു. ഒരു ദിവസം കഴിഞ്ഞപ്പോൾ തന്നെ ഭക്ഷണം നൽകിത്തുടങ്ങി. വളരെ പെട്ടെന്നു തന്നെ പ്രവിജ പൂർവസ്ഥിതിയിലെത്തി. ഒരാഴ്ച കൊണ്ടുതന്നെ പ്രവിജ ഡിസ്ചാർജ് െചയ്യാവുന്ന നിലയിലായി.

സുബീഷ് ഇപ്പോഴും തുടർചികിത്സയിലാണ്. ഇത്തരം ശസ്ത്രക്രിയയ്ക്കു വിധേയരായവരോട് ഒരു മാസത്തോളം ആശുപത്രിയ്ക്കടുത്തുതന്നെ താമസിക്കാൻ നിർദേശിക്കാറുണ്ട്. അതുകഴിഞ്ഞ് സ്വന്തം നാട്ടിലേക്കു മടങ്ങാം. അവയവം സ്വീകരിച്ച വ്യക്തി ഇമ്യൂണോസപ്രസന്റ് പോലുള്ള മരുന്നുകൾ ജീവിതകാലം മുഴുവൻ കഴിക്കണം. ഒരു വർഷത്തോളം ഇവർക്ക് സങ്കീർണതകൾ ഒന്നും സംഭവിക്കാതിരുന്നാൽ സാധാരണ ജീവിതത്തിലേക്കു മടങ്ങാൻ നിർദേശിക്കാറുണ്ട്.

സുബീഷും പ്രവിജയും ഞങ്ങളിൽ അർപ്പിച്ച വിശ്വാസവും ആശുപത്രിജീവനക്കാരുെട കൂട്ടായ പ്രവർത്തനവുമാണ് ഈ ശസ്ത്രക്രിയ വിജയിക്കാനുള്ള കാരണം. പാവപ്പെട്ട ഒട്ടേറെ രോഗികൾക്ക് പ്രതീക്ഷ ന ൽകുന്നതാണ് ഈ വിജയം എന്നത് ഞങ്ങൾ ഡോക്ടർമാരുെട ആത്മവിശ്വാസം വർധിപ്പിക്കും...

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ

മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയിൽ നിന്നു കരൾ എടുക്കുന്നതിലും (കഡാവർ ട്രാൻസ്പ്ലാന്റ്) ജീവനുള്ള വ്യക്തിയിൽ നിന്ന് കരൾ എടുക്കുന്നതിലും പൊസിറ്റീവും നെഗറ്റീവും ഉണ്ട്. മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയിൽ നിന്ന് എടുക്കുമ്പോൾ ആ വ്യക്തിയുെട പ്രാഥമിക രോഗകാരണങ്ങളും അതിനു പിന്നിലെ മറ്റ് ആരോഗ്യപ്രശ്നങ്ങളും ട്രാൻസ്പ്ലാന്റ് തയാറെടുപ്പുകളെ ബാധിക്കാം . ദിവസങ്ങളോളം ഐസിയുവിൽ കിടന്നതിൽ നിന്ന് അണുബാധ ഏറ്റിട്ടുണ്ടാകാം. ഇത്തരം അവയവദാനത്തിലൂെട സ്വീകർത്താവിനു കരൾ മുഴുവനായും ലഭിക്കും. ലിവിങ് ഡോണർ, രോഗിയുെട രക്തബന്ധു ആണെങ്കിൽ അതിന്റെ സുരക്ഷിതത്വം ഉണ്ടാകും. കാരണം ഇവരുെട ഇമ്യൂണോളജിയിൽ സാമ്യതയുണ്ടാകും. മാത്രമല്ല ശസ്ത്രക്രിയയ്ക്കു മുൻപു തന്നെ ദാതാവിൽ എല്ലാ പരിശോധനയും നടത്തി, തയാറെടുപ്പുകൾ പൂർത്തിയാക്കാൻ സാധിക്കും. രോഗിക്കു ലഭിക്കുന്ന കരളിന്റെ അളവ് പരിമിതമായിരിക്കും എന്നതാണ് ലിവിങ് ഡോണർ രീതിയിലെ ഒരു ന്യൂനത.