Saturday 01 October 2022 12:28 PM IST

പ്രായമാകുന്നത് മെല്ലെയാക്കും ആൽക്കലൈൻ വെള്ളം, ഉറക്കം തരും ച്യൂയിങ്ഗം: ആരോഗ്യ പോഷകങ്ങൾ ശാസ്ത്രീയമോ?

Asha Thomas

Senior Sub Editor, Manorama Arogyam

easy-supplements

രോഗചികിത്സയുടെ കാര്യത്തിലായാലും ആരോഗ്യജീവിതത്തിന്റെ കാര്യത്തിലായാലും പെട്ടെന്നു ഫലം തരുന്ന ഉപായങ്ങൾ (Quick Fix) ആണു നമുക്കു പ്രിയങ്കരം. അതുകൊണ്ടുതന്നെ ഉടനടി ഫലം തരുമെന്ന് അവകാശപ്പെടുന്ന, വൈദ്യഇടപെടൽ ആവശ്യമില്ലാത്ത ഉപകരണങ്ങളും സപ്ലിമെന്റുകളും ഉൽപന്നങ്ങളും ഒക്കെ വിപണിയിൽ സുലഭമാണ്. അത്തരം ചില ആരോഗ്യ ഉൽപന്നങ്ങളെക്കുറിച്ചും അവയുടെ ഗുണദോഷങ്ങളെക്കുറിച്ചും അറിയാം.

ഫോർട്ടിഫൈഡ് ഭക്ഷണം-സൂക്ഷ്മ പോഷകങ്ങളുടെ അഭാവം നികത്തും. സസ്യചേരുവകൾ മാത്രം

പ്ലസ് എഫ് എന്ന ലോഗോയുമായി വരുന്ന ഭക്ഷണപായ്ക്കറ്റുകളാണ് ഇപ്പോൾ വിപണിയിലെ താരം. അയണും ഫോളിക് ആസിഡും വൈറ്റമിൻ ബി12 ഉം ചേർത്ത ആട്ട, അയണും അയഡിനും ചേർത്ത ഡബിൾ ഫോർട്ടിഫൈഡ് ഉപ്പ്, വൈറ്റമിൻ ഡി ചേർത്ത പാൽ, അയണും ഫോളിക് ആസിഡും വൈറ്റമിനുകളും ചേർത്ത അരി, വൈറ്റമിൻ എയും ഡിയും ചേർത്ത എണ്ണ എന്നിങ്ങനെ ഒട്ടേറെ ഉൽപന്നങ്ങൾ വിപണിയിൽ സുലഭമാണ്. എന്തെങ്കിലും തരത്തിലുള്ള പോഷക അഭാവത്തെ, പ്രത്യേകിച്ച് സൂക്ഷ്മപോഷകങ്ങളുടെ കുറവു പരിഹരിക്കാനാണ് ഫൂഡ് ഫോർട്ടിഫിക്കേഷൻ ചെയ്യുന്നത്. .

‘‘ഫൂഡ് ഫോർട്ടിഫിക്കേഷൻ സൂക്ഷ്മപോഷകങ്ങളുടെ കുറവു പരിഹരിക്കാൻ സഹായിക്കുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.’’ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. നിഷ പി. പറയുന്നു. ഇന്ത്യയിൽ നടത്തിയ 201 പഠനങ്ങൾ പരിശോധിച്ചപ്പോൾ വൈറ്റമിൻ എ, അയൺ, മറ്റു സൂക്ഷ്മപോഷകങ്ങൾ എന്നിവ ഫോർട്ടിഫിക്കേഷൻ നടത്തിയ ഭക്ഷണം കഴിച്ചവരിൽ ശരീരത്തിലെ ഹീമോഗ്ലോബിൻ ഗാഢത വർധിച്ചതായും ഇരുമ്പു ശേഖരം മെച്ചപ്പെട്ടതായും രോഗപ്രതിരോധശേഷിയും ബൗദ്ധികശേഷികളും മികച്ചതായതായും കണ്ടിരുന്നു.

ഫൂഡ് ഫോർട്ടിഫിക്കേഷന് ഗ വൺമെന്റിന് ചില നിയന്ത്രണങ്ങളുണ്ട്. 2018 ലെ ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് നിയന്ത്രണങ്ങൾ ഫോർട്ടിഫിക്കേഷന് ഏറ്റവും കുറഞ്ഞതും പരമാവധി അനുവദനീയവുമായ അളവുകൾ നിർദേശിച്ചിട്ടുണ്ട്. ദൈനംദിനം വേണ്ടുന്ന പോഷകലഭ്യതയുടെ 30 മുതൽ 50 ശതമാനം വരെ ലഭിക്കുന്ന രീതിയിലാണ് ഫോർട്ടിഫിക്കേഷൻ ചെയ്യുന്ന സൂക്ഷ്മപോഷകങ്ങളുടെ അളവു ക്രമീകരിച്ചിരിക്കുന്നത്. സസ്യ സ്രോതസ്സുകളിൽ നിന്നുള്ള വൈറ്റമിനുകളും ധാതുക്കളുമാണ് ഫോർട്ടിഫിക്കേഷന് ഉപയോഗിക്കുന്നതെന്നതിനാൽ സസ്യാഹാരികൾക്കും ധൈര്യമായി ഉപയോഗിക്കാം.

എന്നാൽ, ആരോഗ്യകരമായ ഭ ക്ഷണക്രമത്തിന് ഒരിക്കലും പകരമല്ല ഫൂഡ് ഫോർട്ടിഫിക്കേഷൻ. ആഹാരക്രമത്തിലെ അപാകതകൾ മൂലമുള്ള പോഷകക്കുറവു പരിഹരിക്കാൻ സഹായകമായ പദ്ധതി മാത്രമാണിത്.

അയണിന്റെ അളവു കുറഞ്ഞ ഭ ക്ഷണക്രമം പാലിക്കുന്ന താലസീമിയ രോഗികൾ അയൺ ഫോർട്ടിഫൈ ചെയ്ത വിഭവങ്ങൾ ഉപയോഗിക്കരുത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അയൺ ഫോർട്ടിഫൈഡ് ഭക്ഷണങ്ങളുടെ പായ്ക്കറ്റിൽ ‘താലസീമിയ രോഗികൾ വൈദ്യനിർദേശത്തോടെ മാത്രം ഉപയോഗിക്കുക’ എന്ന മുന്നറിയിപ്പു രേഖപ്പെടുത്തണമെന്നുണ്ട്.

ന്യൂട്രാസ്യൂട്ടിക്കൽസ്-ഫാർമസ്യൂട്ടിക്കൽ ഉൽപന്നം; ഗുണകരമാണെന്നു പഠനങ്ങളിൽ
തെളിഞ്ഞവ വാങ്ങുകസ്ട്രെസ്സ് കുറയ്ക്കാനുള്ള അഡാപ്റ്റോജൻസ്, സന്ധിവേദനയ്ക്കുള്ള ഹെർബൽ ക്യാപ്സ്യൂളുകൾ, രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനുള്ള ഒാർഗാനിക് റൂട്ട് എക്സ്ട്രാക്റ്റുകൾ, ഫ്ളാക്സീഡ് ഒായിൽ ക്യാപ്സ്യൂളുകൾ... വിപണിയിൽ സുലഭമായുള്ള ഇവയൊക്കെ ന്യൂട്രാസ്യൂട്ടിക്കൽസ് വിഭാഗത്തിൽ പെടുന്നു. ഭക്ഷണത്തിൽ നിന്നോ ഭക്ഷണേതര സ്രോതസ്സുകളിൽ നിന്നോ എടുത്തു ശുദ്ധീകരിച്ചുപയോഗിക്കുന്ന പ്രകൃതിദത്ത ചേരുവകളെയാണ് ന്യൂട്രാസ്യൂട്ടിക്കൽ എന്നു പറയുന്നത്. പൊടിയായും ഗുളികയായും ക്യാപ്സ്യൂളായും ദ്രവ–ജെല്ലി രൂപത്തിലുമൊക്കെ ഇവ ലഭ്യമാണ്.

‘‘ഫാർമസ്യൂട്ടിക്കൽ പ്രോഡക്റ്റുമായി അടുത്തുനിൽക്കുന്നവ ആയതുകൊണ്ട് വിപണിയിലെത്തിക്കാൻ കർശനമായ പ്രോട്ടോക്കോളുണ്ട്. ഉദാ: ആന്റി ഡയബറ്റിക് ഗുണമുള്ള ഉൽപന്നമാണെങ്കിൽ അതു തെളിയിക്കാൻ ക്ലിനിക്കൽ പഠനങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടെ സമർപ്പിക്കണം. ’’ ഡോ. നിഷ പി. പറയുന്നു. എഫ്എസ്എസ്എഐയുടെ മാനുവലിൽ നൽകിയിട്ടുള്ള ചേരുവകൾ ഉപയോഗിച്ചുമാത്രമേ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നം നിർമിക്കാനാകൂ. അ ഥവാ പുതിയ ചേരുവകളുമായി ഒരു ഉൽപന്നം വിപണിയിലെത്തിക്കണമെങ്കിൽ, ആ ഉൽപന്നം അവകാശപ്പെടുന്ന ഗുണമേന്മയുണ്ടെന്നു തെളിയിക്കണം.

ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നം വാങ്ങും മുൻപ് ഗുണമേന്മ ഉറപ്പാക്കണം. ഇത്തരം ഉൽപന്നങ്ങൾ പതിവായി ദീർഘനാളത്തേക്ക് ഉപയോഗിക്കരുത്.

ആൽക്കലൈൻ വെള്ളം.... ക്ഷാരഗുണമുള്ള വെള്ളം; പതിവാക്കിയാൽ ദഹനരസങ്ങളെ ബാധിക്കാംആൽക്കലൈൻ എന്ന വാക്കു സൂചിപ്പിക്കുന്നതു വെള്ളത്തിന്റെ പിഎച്ച് നിരക്കിനെയാണ്. പൂജ്യം മുതൽ 14 വരെയുള്ള സ്കെയിലിലാണ് പിഎച്ച് അളക്കുന്നത്. പിഎച്ച് 7 വരെ അമ്ലതയുള്ളത്, 7 ആയാൽ ന്യൂട്രൽ, ഏഴിൽ കൂടിയാൽ ക്ഷാരഗുണം (ആൽക്കലൈൻ). സാധാരണ കുടിവെള്ളത്തിന്റെ പിഎച്ച് നിരക്കിലും കൂടുതലാണ് ആൽക്കലൈൻ വെള്ളത്തിന്റേത്. പിഎച്ച് എട്ടോ ഒൻപതോ വരെയാകാം.

ആൽക്കലൈൻ വെള്ളത്തിൽ ഒട്ടേറെ ധാതുക്കളും നെഗറ്റീവ് ഒാക്സിഡേഷൻ റിഡക്ഷൻ പൊട്ടൻഷ്യലുമുണ്ട്. നെഗറ്റീവ് ഒാക്സിഡേഷൻ പൊട്ടൻഷ്യൽ ഉള്ള വസ്തുവിനു ദോഷകാരികളായ ഘടകങ്ങളെ (Harmful oxidising agents) നിർവീര്യമാക്കാനുള്ള ശേഷിയുണ്ട്. ഈ ആന്റി ഒാക്സിഡന്റ് സവിശേഷത ആൽക്കലൈൻ വെള്ളത്തെ ഔഷധഗുണമുള്ളതാക്കുന്നുവെന്നാണ് ചിലരുടെ വാദം.ഇതു ശരീരത്തിലെ പിഎച്ച് നിരക്കു നിയന്ത്രിക്കുമെന്നും അർബുദം പോലെയുള്ള രോഗങ്ങളെ തടയുമെന്നും ഭാരം കുറയ്ക്കുന്നതിനും ചർമാരോഗ്യത്തിനും മികച്ചതാണെന്നും പ്രായമാകൽ പ്രക്രിയയെ മെല്ലെയാക്കുമെന്നുമൊക്കെ പറയപ്പെടുന്നു. ന്യൂയോർക്കിൽ നടത്തിയ ഒരു പഠനത്തിൽ (2012) ആസിഡ് റിഫ്ളക്സ് പ്രശ്നം മൂലം ബുദ്ധിമുട്ടുന്നവർക്ക് ഇത് ആശ്വാസം നൽകുമെന്നു പറയുന്നു.

‘‘ബ്യൂറോ ഒാഫ് ഇന്ത്യൻ സ്റ്റാൻഡേഡ് പ്രകാരം കുടിവെള്ളത്തിന്റെ പിഎച്ച് 6.5 നും 8.5 നും ഇടയിലാണ്. വിപണിയിലുള്ള ആൽക്കലൈ ൻ വെള്ളത്തിന്റെ പിഎച്ച് 8 മുതൽ 9 വരെ ആണ്.’’ കേരള ജലവിഭവ വികസ വിനിയോഗ കേന്ദ്രത്തിലെ (കോഴിക്കോട്) ജലഗുണമേന്മ വിഭാഗം സയന്റിസ്റ്റ് ഡോ. ദിപു എസ്. പറയുന്നു.

‘‘വലിയ തോതിലുള്ള, ദീർഘകാല പഠനങ്ങൾ നടന്നാലേ ആൽക്കലൈൻ വെളളത്തിന്റെ ഗുണങ്ങൾ സംബന്ധിച്ച് വ്യക്തത വരൂ.

മാത്രമല്ല, പതിവായി ആൽക്കലൈൻ വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ദഹനരസങ്ങളെ കുറച്ചു നിർവീര്യമാക്കാൻ സാധ്യതയുണ്ട്. ഇത് വയറിനുള്ളിലെ ഉപകാരികളായ ബാക്ടീരിയകളെ ബാധിച്ചേക്കാം.’’

ആക്റ്റിവേറ്റഡ് ചാർക്കോള്‍ ഫിൽറ്റർ– വെള്ളത്തിന്റെ നിറവും ഗന്ധവും മെച്ചപ്പെടുത്തും; അണുക്കളെ കൊല്ലില്ല

‘ഏതു സാഹചര്യത്തിലും ഉടനടി കുടിവെള്ളം ശുദ്ധമാക്കാം’ എന്നാണ് ആക്ടിവേറ്റഡ് ചാ ർക്കോൾ ഫിൽറ്ററിന്റെ പരസ്യവാക്യം. ഇതിലെ ആക്ടിവേറ്റഡ് കാർബണാണ് ശുദ്ധീകരണത്തിനു സഹായിക്കുന്നത്. പക്ഷേ, ഈ പറയുന്നത്ര ശുദ്ധീകരണശേഷി ഇവയ്ക്കുണ്ടോ എന്നു സംശയമാണെന്നു വിദഗ്ധർ പറയുന്നു.

‘‘കുടിവെള്ളത്തിന്റെ ഗന്ധ–നിറവ്യത്യാസങ്ങൾ മാറ്റാനാണ് പ്രധാനമായും ആക്ടിവേറ്റഡ് ചാർക്കോൾ ഫിൽറ്റർ പ്രയോജനകരം. നമ്മുടെ കുടിവെള്ളത്തിന്റെ പ്രധാനപ്രശ്നം ബാക്ടീരിയ പോലുള്ള സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, ഫ്ളൂറൈഡ്, അയൺ, നൈട്രേറ്റ് പോലുള്ള മൂലകങ്ങളുടെ അളവു കൂടുക എന്നിവയാണ്. ഇതു പരിഹരിക്കാൻ ആക്ടിവേറ്റഡ് ചാർക്കോൾ ഫിൽറ്റർ പ്രയോജനപ്പെടില്ല.’’ ഡോ. ദിപു എസ്. വ്യക്തമാക്കുന്നു.

supplements

ആക്ടിവേറ്റഡ് ചാർക്കോളിന്റെ വിസ്തൃതമായ പ്രതലത്തിലൂടെ (Hu ge surface area) വെള്ളം കടന്നുപോകുമ്പോൾ അതിലെ ചില രാസഘടകങ്ങളും മറ്റും ചാർക്കോൾ പ്രതലത്തിൽ പറ്റിപ്പിടിക്കുന്നു. ഈ പ്രക്രിയയ്ക്ക് അഡ്സോർപ്ഷൻ (Adsorption) എന്നാണു പറയുക. പ്രധാനമായും ചില ഒാർഗാനിക് തന്മാത്രകളെയും രാസവസ്തുക്കളെയാണ് ഇങ്ങനെ നീക്കാനാവുക. ക്ലോറിനേറ്റ് ചെയ്ത വെള്ളത്തിന്റെ രൂക്ഷഗന്ധം മാറ്റാനും ഫിൽറ്റർ സഹായകമാണ്.

ഹൈഡ്രജൻ ജലം– ആരോഗ്യഗുണങ്ങളെ കുറിച്ച് പഠനങ്ങൾ വേണം

ശരീരത്തിലെ ജലാംശം നിലനിർത്താൻ സാധാരണ വെള്ളമാണ് ഏറ്റവും നല്ല മാർഗം. എന്നാൽ ചില പാനീയ നിർമാണ കമ്പനികൾ അവകാശപ്പെടുന്നത് ശുദ്ധജലത്തിൽ ഹൈഡ്രജൻ പോലുള്ള മൂലകങ്ങൾ ഉൾക്കൊള്ളിയ്ക്കുന്നത് പല ആരോഗ്യഗുണങ്ങളും ലഭ്യമാക്കും എന്നാണ്.

‘‘ശുദ്ധജലത്തെ ഇലക്ട്രോലൈസ് ചെയ്ത് പിഎച്ചിൽ മാറ്റം വരുത്താതെ നെഗറ്റീവ് ഒാക്സിഡേഷൻ റിഡക്‌ഷൻ പൊട്ടൻഷ്യൽ ഉള്ളതാക്കി മാറ്റുകയാണ് ചെയ്യുന്നത്. അതോടൊപ്പം രാസഘടകങ്ങളുടെ സാന്നിധ്യം വഴിയായി ജലകണികകളിൽ വന്ന മാറ്റത്തെ ഒാസോൺ തന്മാത്രകളിലൂടെ പൂർണമായും നീക്കി ഹൈഡ്രേജൻ തന്മാത്രകൾ അധികമായി നിലനിർത്തുകയും ചെയ്യുന്നു. ഹൈഡ്രജൻ വെള്ളം കൂടാതെ ഹൈഡ്രജൻ ഇൻഹലേഷൻ തെറപ്പി, ഹൈഡ്രജൻ സലൈൻ, ഐവി, ഹൈഡ്രജൻ ബാത് എന്നിവയും ലഭ്യമാണ്.’’ കൊച്ചി ഹൈഡ്രജൻ സിറ്റിയിലെ മോളിക്യുലർ ഹൈഡ്രജൻ റിസർച്ച് അസോസിയേറ്റ് എഡ്‌വിൻ പാട്രിക് പറയുന്നു.

‘‘ സാധാരണ ജലത്തിലുള്ള ഹൈഡ്രജൻ ഓക്സിജനുമായി സംയോജിച്ചിരിക്കുന്നതുകൊണ്ട് ശരീരത്തിലേയ്ക്ക് ഹൈഡ്രജൻ ആഗിരണം ചെയ്യുന്നത് കാര്യക്ഷമമായി നടക്കില്ല. ശുദ്ധജലത്തിലേക്ക് കൂടുതലായി ഹൈഡ്രജൻ സന്നിവേശിപ്പിക്കുന്നതിലൂടെ, ശരീരത്തിന് പ്രാപ്യമായ രീതിയിൽ അതുലഭ്യമാകും എന്നാണ് പറയപ്പെടുന്നത്. ശരീരാവയവങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും സ്ട്രെസ്സ്, അർബുദ കോശവളർച്ച എന്നിവയെ തടയാനും ഇതു സഹായിക്കുമത്രെ. ഹൈഡ്രജൻ ചേർത്ത വെള്ളത്തിനു നീർവീക്കം കുറയ്ക്കാനുള്ള കഴിവ്, അത്‌ലറ്റിക് പ്രകടനം ഉത്തേജിപ്പിക്കുവാനുള്ള കഴിവ്, ശരീരം പ്രായമാകൽ പ്രക്രിയ മന്ദീഭവിപ്പിക്കാനുള്ള കഴിവ്, വിഷാംശം പുറന്തള്ളാനുള്ള കഴിവ് എന്നിയൊക്കയുണ്ടെന്നാണ് അവകാശം. എന്നാൽ, ഇതുവരെയുള്ള പഠനങ്ങളിൽ എത്ര അനുപാതത്തിലാണ് ഹൈഡ്രജൻ ചേർക്കേണ്ടതെന്ന് നിഷ്കർഷിച്ചിട്ടില്ല. മാത്രമല്ല, ഈ വെള്ളം എത്ര അളവു കുടിച്ചാലാണ് ആരോഗ്യപരമായ ആനുകൂല്യങ്ങൾ ലഭിക്കുക എന്നും വ്യക്തമല്ല.’’ പൊതുജനാരോഗ്യവിദഗ്ധയും ഇഎൻടി സ്പെഷലിസ്റ്റുമായ ഡോ. ബി. സുമാദേവി

(കൊച്ചി) പറയുന്നു.

നിത്യേന ഹൈഡ്രജൻ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പു നിയന്തിച്ചുഭാരം കുറയ്ക്കാനാകുമെന്നും ഇൻസുലിൻ അളവും അതുവഴി ഷുഗറിന്റെ അളവും നിയന്ത്രിക്കാനാകുമെന്നും പ്രായഭേദമെന്യേ ഉപാപചയ രോഗങ്ങളെ നിയന്ത്രിച്ചു നിർത്താമെന്നും പഠനങ്ങളുണ്ട്. നാല് ആഴ്ചയോളം ഹൈഡ്രജനേറ്റഡ് വെള്ളം ഒന്നര മുതൽ രണ്ടു ലീറ്റർ വരെ കുടിച്ചാൽ ജീവിതത്തിന്റെ ഗുണനിലവാരം തന്നെ ഉയരുന്നതായി ചില പഠനങ്ങൾ പറയുന്നു. എങ്കിലും കൂടുതൽ ആളുകളെ ഉൾപ്പെടുത്തിയുള്ള ദീർഘകാല പഠനങ്ങൾ ഇക്കാര്യത്തിൽ ആവശ്യമാണ്.

ആശാ തോമസ്