Friday 24 June 2022 10:55 AM IST

ആമാശയത്തിന്റെ പണികൂട്ടുന്ന പൊറോട്ട, വയറിന് പണിയാക്കും ഫ്രൈഡ് ചിക്കൻ–കോക്ക്: മലയാളിയുടെ വയറിന് എന്തുപറ്റി?

Asha Thomas

Senior Sub Editor, Manorama Arogyam

food-culture-malayali

അന്നവിചാരം മുന്നവിചാരം’ എന്നാണ് ചൊല്ലെങ്കിലും മലയാളിയെ സംബന്ധിച്ച് അന്നവിചാരം ഇപ്പോൾ ദഹനവിചാരമാണ്. എന്തു ഭക്ഷണം കഴിച്ചാലും ഉടൻ വയറിന് പ്രശ്നമുണ്ടാകുക, അൽപം ഭക്ഷണം കഴിക്കുമ്പോഴേ വയറു നിറഞ്ഞതായി തോന്നുക, വയർ സ്തംഭനം, എരിച്ചിൽ...ഇങ്ങനെ ദഹനസംബന്ധിയായ പ്രശ്നങ്ങളിൽ പെട്ട് നട്ടംതിരിയുന്ന മലയാളിക്ക് ഭക്ഷണം ചതുർഥിയായില്ലെങ്കിലല്ലേ അദ്‌ഭുതം. എന്തുകൊണ്ടാണ് ദഹനസംബന്ധിയായ പ്രശ്നങ്ങൾ നമ്മുടെ നാട്ടിൽ അടുത്തിടെയായി വർധിച്ചുവരുന്നത്?. കേരളത്തിലെ വിവിധ ഭാഗങ്ങളിലെ ഉദരരോഗ വിദഗ്ധരോടു ചോദിച്ചുനോക്കാം.

രാത്രി ഭക്ഷണം വടക്കൻ കേരളത്തിന്റെ പ്രശ്നം

വടക്കൻ കേരളത്തിൽ ആളുകൾ സ്നേഹം പ്രകടിപ്പിക്കുന്നത് നല്ല രുചിയുള്ള ഭക്ഷണം വിളമ്പിയാണ്. നെയ്ച്ചോറും ബിരിയാണിയും വറുത്തരച്ച കോഴിക്കറിയും... കൊഴുപ്പും എണ്ണയും നെയ്യും ചേരുന്ന രുചിമേളം. പ്രാതലിനു പോലും ചിക്കനും മീനും ബീഫുമൊക്കെ പ്ലേറ്റിൽ പതിവു കാഴ്ചയാണ്. വയറിനു കുഴപ്പക്കാരനെന്നു പേരുകേട്ട പൊറോട്ടയ്ക്ക് വലിയ ഡിമാൻഡുള്ള നാട്. കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിൽ രാത്രിയിൽ കുടുംബസമേതം ഡിന്നർ കഴിക്കാനെത്തുന്നവരുടെ തിരക്ക് പതിവു കാഴ്ചയാണ്. ഇതൊക്കെ അവിടത്തെ ആളുകളുടെ വയറിനെ ബാധിക്കുന്നുണ്ടോ?

‘‘ ആളുകളുടെ ഭക്ഷണശീലം തീർച്ചയായും വലിയൊരു പ്രശ്നമാണ്.

ഫാസ്റ്റ് ഫൂഡ്, കൊഴുപ്പു കൂടിയ, നാരു കുറഞ്ഞ ഭക്ഷണം എന്നിവ പതിവായതിനാൽ ഗ്യാസ്ട്രൈറ്റിസും അൾസറും ഇവിടെ സാധാരണമാണ്. ഒപിയിൽ വരുന്നവരിൽ ഏതാണ്ട് 35–40 ശതമാനം പേർക്കും ഇതാണ് പ്രശ്നം. 40 ശതമാനം പേർക്ക് ഫാറ്റി ലിവറുണ്ട്. പെരിന്തൽമണ്ണ ഇഎംഎസ് കോ ഒാപ്പറേറ്റീവ് ഹോസ്പിറ്റലിലെ ഉദര–കരൾ രോഗ വിദഗ്ധൻ ഡോ. നന്ദകുമാർ പറയുന്നു.

‘‘ കൊച്ചുകുട്ടികൾ മുതൽ കുടുംബമായി വന്ന് വറുത്തതും പൊരിച്ചതും മാംസഭക്ഷണവുമാണ് കഴിക്കുന്നത്. രാത്രി ഷിഫ്റ്റ് ഉള്ളവർ ഒരു മണിക്കൊക്കെയാണ് ഭക്ഷണം കഴിക്കുന്നത്. സ്വാഭാവികമായും ആ സമയത്ത് തട്ടുകടകളിലെ ഭക്ഷണമാകും ലഭിക്കുക. പ്രാതലിനു പോലും മാംസവിഭവങ്ങളാണ് കറി. മാംസ ഭക്ഷണം ശീലിക്കുന്നവർക്ക് പച്ചക്കറിയോട് വലിയ പ്രിയംകാണില്ല. പതിവായി നാരു കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് ദഹനം തടസ്സപ്പെടുത്തും, ശരീരത്തിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കാനിടയാക്കും.

പൊറോട്ട പതിവു ഭക്ഷണമാകുന്നതിന്റെ പ്രശ്നങ്ങൾ ഒട്ടേറെയാണ്. നേർപ്പിച്ചെടുത്ത മൈദയിൽ നാരുകളേയില്ല. പ്രാതൽ തന്നെ പൊറോട്ടയിൽ തുടങ്ങുമ്പോൾ രാവിലെ മുതലേ ആമാശയത്തിനു ജോലിഭാരം കൂടും.

അഡിക്‌ഷനുകളാണ് മറ്റൊരു പ്രധാനപ്രശ്നം. യുവാക്കളിൽ പ്രത്യേകിച്ച് സ്കൂൾ കുട്ടികളിൽ മദ്യം, മയക്കുമരുന്ന് താൽപര്യം കൂടുന്നു. അമിതമായി ഇവയൊക്കെ കഴിച്ചാൽ ആമാശയത്തിന്റെ സ്വാഭാവിക സംരക്ഷണ ആവരണം നഷ്ടമാകും. അൾസറുണ്ടാകാൻ വേറെ കാരണം വേണ്ട.

ഒപിയിൽ വരുന്നവരിൽ ഏതാണ്ട് പകുതിയോളം പേർക്ക് കൃത്യമായ കാരണങ്ങളില്ലാതെ ഉള്ള ഫങ്ഷനൽ ഡിസ്പെപ്സിയ പോലുള്ള ഉദരപ്രശ്നങ്ങളാണ് കാണുന്നത്. ഇതിന് കൃത്യമായ മരുന്നുകളില്ല. ചിലരിൽ യോഗ മരുന്നിനെക്കാളും ഗുണം ചെയ്യുന്നതായി കാണാറുണ്ട്.ഉത്കണ്ഠ കുറയ്ക്കാനുള്ള മരുന്നുകളും ഇവർക്ക് പ്രയോജനം ചെയ്യാറുണ്ട്.

കൊച്ചിയിലെ തിരക്കും വയറിന്റെ പ്രശ്നങ്ങളും

കൊച്ചി അറബിക്കടലിന്റെ റാണിയാണെങ്കിലും തിരക്കിന്റെ രാജകുമാരിയാണ്. കൊച്ചിയുടെ മുഖമുദ്ര തന്നെ ശ്വാസംമുട്ടിക്കുന്ന തിരക്കാണ്. ജോലിയിലും ജീവിതത്തിലുമുള്ള ഈ തിരക്കുപിടിച്ച ഒാട്ടം ചെറുതും വലുതുമായ മാനസിക പിരിമുറുക്കങ്ങളാണ് കൊച്ചിക്കാർക്ക് സമ്മാനിക്കുന്നത്. അതുകൊണ്ട് മനസ്സ് കലുഷിതമാകുന്നതിനെ തുടർന്നുള്ള ഉദരപ്രശ്നങ്ങൾ ഇവിടെ സാധാരണമാണ്.

‘‘ കൊച്ചിയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ഐബിഎസ് അഥവാ ഇറിറ്റബിൾ ബവൽ സിൻഡ്രമാണ്. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. ബിനോയ് സെബാസ്റ്റ്യൻ പറയുന്നു. ‘‘പുതുതലമുറയിൽ അധികമായുള്ള മാനസികപിരിമുറുക്കം, ഉത്കണ്ഠ എന്നിവയാകാം ഐബിഎസ് വർധിക്കാൻ കാരണം. ഐബിഎസ് ഉള്ളവരിലും പിരിമുറുക്കം മൂലം രോഗം അധികരിക്കാറുണ്ട്. ഉത്കണ്ഠയും മാനസികസംഘർഷവുമായാണ് തുടക്കമിടുന്നതെങ്കിലും കുടലിന്റെ ചലനങ്ങളിൽ വ്യത്യാസം സംഭവിക്കും. ഉത്കണ്ഠ–വിഷാദപ്രശ്നമുള്ളവരിൽ അതിന്റെ മരുന്നുകൾ കൊണ്ടുതന്നെ ഉദരപ്രശ്നങ്ങളിൽ നല്ല വ്യത്യാസം കാണാം.

അസിഡിറ്റി പ്രശ്നങ്ങളും കൂടുതലാണ്. ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് ഡിസീസ് അഥവാ ഗേർഡ് ആണ് പ്രധാനം. ആസ്മ, രാത്രിയിൽ ശ്വാസതടസ്സം, ശബ്ദവ്യത്യാസം. ചുമ എന്നീ ലക്ഷണങ്ങൾ ഈ അവസ്ഥയുടേതാണ്.

രാത്രി വൈകിയുള്ള അമിത ഭക്ഷണം, അധികമായ കൊഴുപ്പും എണ്ണയും കാലറിയും, ഭക്ഷണത്തോടൊപ്പമുള്ള മദ്യപാനം ഇവ മൂന്നും ദഹനവ്യവസ്ഥ തകിടംമറിക്കും.

ക്രോൺസ് ഡിസീസ് എന്ന കുടലിൽ പുണ്ണുകളും വ്രണങ്ങളും ഉണ്ടാകുന്ന രോഗികളുടെ എണ്ണത്തിലും ഈയിടെയായി വർധനവുണ്ട്. മുപ്പതുവർഷം മുൻപ് ഇത്തരം രോഗികളുടെ എണ്ണം തീരെ കുറവായിരുന്നു. പ്രത്യേകിച്ച് കുട്ടികളിൽ. എന്തുകൊണ്ടാണ് പൊടുന്നനെ വർധനവുണ്ടായത് എന്നതിന് കൃത്യമായ ഒരുത്തരം നൽകാനില്ല. എന്നാൽ, രോഗപ്രതിരോധശേഷിയിൽ വരുന്ന മാറ്റങ്ങളാകാം കാരണം എന്നു കരുതുന്നു. കുട്ടികളെ അമിതമായ വൃത്തിയിൽ വളർത്തുന്നത് ഒരു പ്രധാനകാരണമായി പറയുന്നു. രോഗാണുക്കളുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കം വരുമ്പോൾ ശരീരത്തിലെ പ്രതിരോധസംവിധാനം ശക്തിയോടെ ആഞ്ഞടിക്കും. അതിന്റെ ഭാഗമായി കുടലിൽ വീക്കമുണ്ടാകുന്നുവെന്നാണ് അനുമാനം.

ഫ്രൈഡ്ചിക്കൻ–കോക്ക് സംസ്കാരം ഉദരത്തിന് ഒട്ടും നന്നല്ല. ഫാസ്റ്റ് ഫൂഡ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണം എന്നിവ സ്വതവേ മലബന്ധമുണ്ടാക്കും. ഇവയോടൊപ്പം പെപ്സി, കോള പോലുള്ളവ കൂടി ആകുമ്പോൾ ശരീരത്തിൽ ഉള്ള ജലാംശം കൂടി വലിച്ചെടുക്കപ്പെടും.

food-culture-3

ടൊയ്‌‌ലറ്റ് ശീലങ്ങളിൽ വന്ന മാറ്റവും ഉദരപ്രശ്നങ്ങൾ അധികരിക്കാൻ ഇടയാക്കുന്നു. പ്രത്യേകിച്ച് കുട്ടികളിൽ. കൊച്ചിയിലെ തന്നെ കാര്യമെടുക്കാം. മിക്ക സ്കൂളിലും 7.30നും എട്ടിനുമിടയിൽ ക്ലാസ്സ് തുടങ്ങും. കൃത്യസമയത്ത് എത്താൻ രാവിലെ ആറരയ്ക്കെങ്കിലും റെഡിയാകണം. തിരക്കിട്ടൊരുങ്ങുന്നതിനിടയിൽ ടോയ്‌ലറ്റിൽ പോക്ക് മുടങ്ങും. ഇത് മലബന്ധത്തിൽ അവസാനിക്കും.

എന്നാൽ, പെപ്റ്റിക് അൾസർ രോഗികളുടെ എണ്ണത്തിൽ പൊതുവേ കുറവു കാണുന്നു. പലരും അസിഡിറ്റി കുറയ്ക്കാൻ സ്ഥിരമായി മരുന്നുകഴിക്കാറുണ്ട്. ഇത് പെപ്റ്റിക് അൾസറിന്റെ സങ്കീർണതകൾ

കുറയാൻ ഒരു പരിധി വരെ കാരണമായിട്ടുണ്ട്.

പൊരിച്ച ബീഫും കോട്ടയത്തെ ഉദരപ്രശ്നങ്ങളും

എണ്ണയിൽ മൊരിച്ചെടുത്ത ബീഫും നല്ല ലേസ് പിടിപ്പിച്ചതുപോലുള്ള പാലപ്പവും കപ്പയും എല്ലും ഒക്കെയായി മാംസരുചികളുടെ മേളമാണ് കോട്ടയത്ത്. വികാരങ്ങൾ പിശുക്കി മാത്രം പ്രകടിപ്പിക്കുന്ന, ഒാ..എന്നാ പറയാനാന്നേ’ എന്ന് എല്ലാം നിസ്സാരമാക്കുന്ന കരുത്തന്മാരുടെ നാട്. കേരളത്തിലെ എൻആർഐ പോപ്പുലേഷന്റെ സിംഹഭാഗവും കോട്ടയം, തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി ഭാഗങ്ങളിലാണ്. വലിയ വീടുകളിൽ തനിച്ചാകുന്ന പ്രായമായവർ. മധ്യകേരളത്തിന്റെ ഉദരപ്രശ്നങ്ങൾക്കു പിന്നിൽ ഭക്ഷണം മാത്രമല്ല, ഏകാന്തതയുടെ പിരിമുറുക്കങ്ങളും ഉണ്ട്.

‘‘തിരുവല്ല ഭാഗത്ത് പ്രായമായവർ ഒറ്റയ്ക്കാണ് താമസം. വാർധക്യത്തിന്റെ ആരോഗ്യക്കുറവുകളുടെ കൂടെ നോക്കാനാരുമില്ല എന്ന അലട്ടലും അവർക്ക് നന്നായുണ്ട്. ഇതൊക്കെ പുറത്തേക്കു വരുന്നത് ഗ്യാസ് സ്തംഭനം, വയർ എരിച്ചിൽ, ദഹനക്കേട് എന്നിവയൊക്കെയായാണ്.’’ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ ഗ്യാസ്ട്രോ എന്ററോളജി്റ്റ് ഡോ. രമേശ് എം. പറയുന്നു.

‘‘ നമ്മൾ സാധാരണ മാനസികസംഘർഷം മൂലമുള്ള ഉദരപ്രശ്നങ്ങൾ പ്രതീക്ഷിക്കുന്നത് ചെറുപ്പക്കാരിലാണ്. ഇവിടെ പ്രായമായവരിലാണ് അത് കാണുന്നത്. ഫങ്ഷനൽ ഡിസ്പെപ്സിയ, ഐബിഎസ് ലക്ഷണങ്ങളോടൊപ്പം അസിഡിറ്റിയും ഇവരിൽ കൂടുതലായിരിക്കും. മരുന്നുകൾ പ്രയോജനപ്രദമല്ലെന്നല്ല പറയുന്നത്. പക്ഷേ അതിലും ഗുണം ചെയ്യുന്നത് അവരെ കേൾക്കാനോ ആത്മവിശ്വാസം പകരാനോ ശ്രമിക്കുമ്പോഴാണ്.

food-culture

കുട്ടികളിൽ അമിതമായ പഠനസമ്മർദം തെറ്റായ ഭക്ഷണശീലങ്ങളോടൊപ്പം ചേർന്ന് ഫങ്ഷനൽ ഡിസ്പെപ്സിയ ലക്ഷണങ്ങൾക്കു

കാരണമാകുന്നുണ്ട്.

പൊതുവേ മധ്യകേരളത്തിലുള്ളവർക്ക് എരിവും പുളിയും മസാലയും കൂടിയ ഭക്ഷണമാണ് പഥ്യം. അച്ചാർ ഉപയോഗവും കൂടുതലാണ്. ഇതൊക്കെ അന്നനാളത്തിന്റെ താഴെഭാഗത്തുള്ള പേശി ദുർബലമാക്കി നെഞ്ചെരിച്ചിലിനു കാരണമാകുന്നു. വർധിച്ച കാപ്പി, ചായ ഉപയോഗം ഈ പേശിയുടെ ടോൺ കുറയ്ക്കാം. മധ്യകേരളത്തിന്റെ തനതു കോംബിനേഷനായ മദ്യവും ബീഫും കടുത്ത ഗ്യാസ്ട്രൈറ്റിസ് പ്രശ്നങ്ങളുണ്ടാക്കാം. .

യുവാക്കളിൽ പലരും മസിൽ പെരുപ്പിക്കാൻ ഉയർന്ന അളവിൽ പ്രോട്ടീനുള്ള ഡയറ്റാണ് കഴിക്കുന്നുണ്ട്. വേണ്ടത്ര അളവിൽ നാരുകൾ ലഭിക്കാതെ പ്രോട്ടീൻ മാത്രം കഴിച്ചാൽ ദഹനസ്തംഭനവും മലബന്ധവും വരാം.

ആന്റിബയോട്ടിക്കുകളും വേദനാസംഹാരികളും തന്നിഷ്ടത്തിന് ഉപയോഗിക്കുന്നത് ഗ്യാസ്ട്രിക് അൾസർ പോലുള്ള പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്.

അന്റാസിഡ് പതിവാക്കരുത്

ഒാ..ദഹനക്കേടൊക്കെ വലിയ പ്രശ്നമാണോ എന്നാണ് പൊതുവേയുള്ള ചിന്ത. പലരും അന്റാസിഡ് കഴിച്ച് പരിഹരിക്കാൻ നോക്കും. എന്നാൽ ഇത് തെറ്റാണെന്ന് ഡോക്ടർമാർ ഉറപ്പിച്ചു പറയുന്നു. ‘‘അന്റാസിഡുകൾ ഉദരത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിനെ നിർവീര്യമാക്കുകയാണ് ചെയ്യുക. അതുകൊണ്ടാണ് നെഞ്ചെരിച്ചിലും ഗേർഡും ഉള്ളവർക്ക് ഇത് ആശ്വാസം നൽകുക. എന്നാൽ ഇതേ അന്റാസിഡുകൾ പതിവായി കഴിച്ചാൽ ദഹനക്കേട് ഉൾപ്പെടെയുള്ള ദഹനപ്രശ്നങ്ങൾ വർധിക്കും.

25 വയസ്സിൽ ദഹനക്കേട് അത്ര വലിയ പ്രശ്നമല്ല. പ്രത്യകിച്ച് മരുന്നു വേണമെന്നുമില്ല. തെറ്റായ ഭക്ഷണശീലങ്ങളൊക്കെ മാറ്റിയാൽ തന്നെ പാതി പ്രശ്നം കുറയും. എന്നാൽ ഇതേ പ്രശ്നം 50 വയസ്സിനു മുകളിലുള്ളവരിൽ വന്നാൽ അവഗണിക്കരുത്. 100–150 എൻഡോസ്കോപി എടുത്താൽ 20 പേരിലെങ്കിലും അർബുദത്തിന്റേതായ മാറ്റങ്ങൾ കാണാം. വയറിന്റെ അസ്വാസ്ഥ്യങ്ങൾക്കൊപ്പം അനീമിയ, പ്രത്യേകിച്ച് കാരണമില്ലാതുള്ള ഭാരക്കുറവ്, വയറ്റിൽ നിന്നു രക്തംപോക്ക് എന്നിവ കണ്ടാൽ സൂക്ഷിക്കണം. കൂടുതൽ പരിശോധനകൾ വേണ്ടി വരും..

ഉദരപ്രശ്നങ്ങൾ പൊതുവേ മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാറില്ല. പക്ഷേ, അത് ജീവിതത്തിന്റെ ഗുണമേന്മയെ തകർക്കും. അതുകൊണ്ടുതന്നെ വയറിന്റെ പ്രയാസങ്ങളെ അവഗണിക്കരുത്. വയറ് നന്നായാൽ തന്നെ പാതി ജീവിതം നന്നായി.