അഭിലാഷ് ടോമി എന്ന ലോകം ചുറ്റുന്ന മഹാനാവികൻ കടലായ കടലെല്ലാം താണ്ടി വന്നത് ഒറ്റയ്ക്കായിരുന്നുവെന്ന്
ആരു പറഞ്ഞു? തന്റെ യാത്രാനുഭവങ്ങളുടെ തുടക്കത്തിൽ അഭിലാഷ് ടോമി ഇങ്ങനെ എഴുതി. ‘‘കാറ്റിനും തിരമാലകൾക്കുമിടയിലൂടെ, ഒരിക്കലും പരസ്പരം ഒറ്റയ്ക്കാണെന്നു തോന്നിപ്പിക്കാതെ കടലും കാലവും ലോകവും ചുറ്റി വന്നു. സമചിത്തതയോടെ ആ തിരകളെ നോക്കാൻ അവളെനിക്കു കരുത്തു നൽകി.’’
അപ്പോൾ അവൾ ആരായിരുന്നു ...മറ്റൊന്നും സംശയിക്കേണ്ട ‘മാദേയി’ എന്ന പായ്‌വഞ്ചിയായിരുന്നു അത്. ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ അത് ബയാനത്ത് എന്ന പായ്‌വഞ്ചിയായിരുന്നു.
ഒറ്റയ്ക്ക്, മറ്റാരും സഹായിക്കാനോ സംസാരിക്കാനോ ഇല്ലാതെ അഭിലാഷ് ടോമി എങ്ങനെയാകും തന്റെ മനോയാനം നടത്തിയത്? മനസ്സിനെ നിയന്ത്രിച്ചത്? കഠിനമായ ഏകാന്തത ചുറ്റിലും, പെരുകി കയറുന്ന ആകാംക്ഷ, വിഷാദം, കടൽകൊള്ളക്കാരുടെയും അക്രമികളുടെയും ഭീഷണിയുെട ഉൾചൊരുക്കം – ഒപ്പം കുടുംബം, ഭാര്യ, കുട്ടികൾ, പ്രിയപ്പെട്ട നാട് – ഇവ തീർക്കുന്ന ഗൃഹാതുരമായ തിരതാളങ്ങൾ.
സാഹസികതയെ പ്രണയിച്ചു പോയ ഇതിഹാസ ധീരനായ കമാൻഡർ അഭിലാഷ് ടോമി പറഞ്ഞു. “എന്റെ തന്നെ മനസ്സിനെ വേറൊരു അന്യവസ്തുവിനെ പോലെ എനിക്കു കാണാനാകും. അതിലേക്കു സൂക്ഷിച്ചു നോക്കിയാൽ വരാൻ പോകുന്ന ആലോചനകൾ, ചിന്തകൾ പോലും എനിക്ക് പിടിച്ചെടുക്കാനാകും. ആ ചിന്തകളെ ശൂന്യമാക്കിയാൽ വിജയം നമ്മുടേതാണ്.”
കടൽ തന്നെ എല്ലാം
പയ്യന്നൂർ ഏഴിമല നാവിക അക്കാദമിയുടെ ഗേറ്റ് കടന്നാൽ പിന്നെ മറ്റൊരു ലോകമാണ്. നാവികസേനയുടെ കരുത്തിന്റെ കമനീയതയാണ് ചുറ്റും. കിലോമീറ്ററുകൾ കടന്നു ചെല്ലുമ്പോൾ പാത ഒടുങ്ങുന്നത് നുരചിതറി പതഞ്ഞൊഴുകുന്ന കടൽ ഭംഗിയിലാണ്. വള്ളവും വലയും കപ്പലുമെല്ലാം ദൃശ്യ ചാരുത നൽകുന്ന ഉല്ലാസഗേഹത്തിനരികിൽ ആ മഹാനാവികൻ നിൽക്കുന്നു. നോട്ടം കടലിലേക്കാണ്. ഇനിയും കണ്ടു തീരാത്ത, ഭ്രമമോഹങ്ങളുടെ ലോകത്തേക്കു കൺചിമ്മാതെ നിൽക്കുന്ന ആ പിൻദൃശ്യം ആരും നോക്കി നിന്നു പോകും. ശല്യപ്പെടുത്താനേ തോന്നിയില്ല. ധ്യാനാവസ്ഥയിൽ, നിശ്ചലദൃശ്യം പോലെ.
അപ്പോൾ അഭിലാഷ് ടോമി മുൻപ് പറഞ്ഞത് ഓർത്തു...
“കരയിലാണ് ഏകാന്തത. കടലിൽ ഞാൻ
സ്വസ്ഥനാകുന്നു. അപ്പോൾ ഉള്ളിലും ചുറ്റിലും കടൽ, കടൽ മാത്രം.”
കടലായ കടലെല്ലാം കണ്ടുവെന്നും ഇനി കടലിലേക്കില്ലെന്നും പറഞ്ഞത് കേട്ടല്ലോ?
അങ്ങനെയല്ല, ഉള്ളിൽ കടൽ നിറഞ്ഞ അവസ്ഥയെന്നാണ് പറഞ്ഞത്. ഗോൾഡൻ ഗ്ലോബ് പോലുള്ള മത്സരത്തിന് ഇനിയില്ലെന്നാണ് പറഞ്ഞത്. കടലിലേക്കിനിയും പോകും. കടൽ വിട്ടൊരു കളിയില്ല. എപ്പോഴും കൂടെ ഉള്ളതിനെ മാറ്റി നിർത്താൻ കഴിയില്ലല്ലോ? അപകടം കഴിഞ്ഞപ്പോൾ അതെനിക്ക് കൂടുതൽ മനസ്സിലായി. ശരീരത്തിന് അത് ഓർമയുണ്ട്Ð ആ ശരീരജ്ഞാനത്തിലെല്ലാം തിരയും കടലും നിറഞ്ഞിരിക്കുന്നു.
‘‘ ചെറുപ്പത്തിൽ ഉൾവലിഞ്ഞ പ്രകൃതമായിരുന്നു. ഉള്ളിന്റെയുള്ളിൽ ഇൻട്രോവെർട്ടായിരുന്നു.’’
ഈ അന്തർമുഖത്വം ലോകം ചുറ്റുമ്പോൾ ഗുണം ചെയ്തോ?
അന്തർമുഖന് ഉള്ളിലേക്കു നോക്കാൻ കൂടുതൽ സമയം കിട്ടും. ചിലപ്പോൾ കടലിൽ Ð മാസങ്ങൾ ചിലവിട്ടിട്ടുപോലും വേണ്ടത്ര സമയം കിട്ടിയിട്ടില്ലെന്നു തോന്നും. നമ്മള്‍ ആരെന്ന് നമ്മൾക്കു മനസ്സിലാക്കാൻ കിട്ടുന്ന അവസരമാണത്. കടലിൽ ധാരാളം സെൽഫ് റിഫ്ലെക്‌ഷൻ കിട്ടും. സത്യത്തിൽ പുറത്തുള്ള കാര്യങ്ങൾക്കായി നമ്മൾ 24 മണിക്കൂറും ഇന്ററാക്റ്റ് ചെയ്യുന്നുണ്ട്. എന്നാൽ സെൽഫുമായി (ഉള്ളിൽ) ഒട്ടും ഇന്ററാക്റ്റ് ചെയ്യുന്നില്ല. ഒരു പക്ഷേ, കരയിൽ നമ്മൾ കുറെ നേരം കണ്ണടച്ചോ അല്ലാതെയോ ഒറ്റക്ക് ഇരുന്നാൽ ആളുകൾ കളിയാക്കിയേക്കും. എന്നാൽ കടലിൽ അങ്ങനെയല്ല. കടലിൽ എല്ലാ സ്വാതന്ത്ര്യവും ഉണ്ട്.
പേടിയും ടെൻഷനും പോയി
“കടലിൽ മറ്റുള്ളവരോടു പെരുമാറുന്നതിന്റെ ആശങ്കകൾ ഇല്ല. കരയിൽ എന്തൊക്കെ ശ്രദ്ധിക്കണം! അബദ്ധം പറഞ്ഞു പോയാൽ തീർന്നില്ലേ.”
നാവികസേനയിൽ നിന്നും വിരമിച്ച ശേഷം താങ്കളൊരു പ്രഭാഷകനും ട്രെയ്‌നറും ജീവിത വിജയ പരിശീലകനുമായൊക്കെ മാറുന്നുണ്ടല്ലോ! ഇപ്പോൾ പെരുമാറ്റ
പ്രശ്നങ്ങളോ ബുദ്ധിമുട്ടോ ഉണ്ടോ?
ആദ്യമൊക്കെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കരയുടെ കാഴ്ച പോലും മനസ്സിനു താൽപര്യമില്ലാതെ തോന്നിയിട്ടുണ്ട്. മാത്രമല്ല, വലിയ നേട്ടങ്ങൾ എന്നു മറ്റുള്ളവർ പറയുന്നതു നേടി കഴിയുമ്പോ വല്ലാത്തൊരു വിരക്തി പിടികൂടിയിട്ടുണ്ട്. എന്നാൽ, ബോധപൂർവം അതിനെ മറികടന്നു. ഇപ്പോൾ ഏതു സാഹചര്യത്തിന് അനുസരിച്ചും ബോധമനസ്സിനെയും ശരീരഭാഷയേയും വരുതിയിലാക്കാൻ കഴിയും. മറ്റുള്ളവർക്കു പ്രചോദനമാകാൻ കഴിയുന്നെങ്കിൽ അങ്ങനെയാകട്ടെ.
‘‘ പേടി എന്നൊന്നിപ്പോൾ ഇല്ല– പൂജ്യമാണത്. ആകാംക്ഷ, ടെൻഷൻ എന്നിവയൊന്നും തോന്നാറേയില്ല. അതെല്ലാം എവിടെയോ മൂടപ്പെട്ടുപോയി.’’
അങ്ങേയറ്റം നിശ്ചയദാർഢ്യവും ധൈര്യവുമുള്ളയാളാണു താങ്കളെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. സാഹസികതയ്ക്കും യുദ്ധേതര സേവനത്തിനുമുള്ള കീർത്തിചക്ര പോലുള്ള ബഹുമതികൾ തേടിയെത്തിയിട്ടുണ്ട്. എന്നാൽ പേടിയും ടെൻഷനും മൂടിവച്ചുവെന്നു പറയുമ്പോൾ – അതൊരു ടെക്നിക് ആണോ?
അതേയെന്നും അല്ലെന്നും പറയും. അതെല്ലാം തുടങ്ങിയത് ഒരു ടെക്നിക്കിൽ നിന്നാണ് – ബ്രീതിങ് പരിശീലനം. യാത്ര തുടങ്ങും മുൻപു തുടങ്ങിയതാണത്. നമ്മുടെ ജീവിതത്തിന്റെ തുടക്കം ശ്വാസം എടുക്കലിൽ നിന്നല്ലേ. 5 കൊല്ലമായി സ്ഥിരമായി ശാംബവി മഹാമുദ്ര ചെയ്യുന്നുണ്ട്. മനസ് ഒരിക്കൽ പിടിവിട്ടാൽ തിരികെ കിട്ടാൻ പ്രയാസമാണ്. പായ്‌വഞ്ചിയെ കാറ്റിനൊപ്പം ലക്ഷ്യത്തിലേക്കു തുഴയുന്നതു പോലെയാണു മനസ്സിനെ ചിന്തകൾക്കൊപ്പം ലക്ഷ്യത്തിലേക്ക് എത്തിക്കുന്നത്. ഒരു കാര്യം തന്നെ സ്ഥിരമായി ചിന്തിച്ചാൽ, പറഞ്ഞാൽ, ഉരുവിട്ടാൽ മനസ്സ് മറ്റു വഴികളിലേക്കു പോകില്ലെന്നത് മനസ്സിലാക്കി. നിരാശയിലേക്കു പോകുന്നതെന്നു തോന്നിയാൽ ഞാൻ പായ മാറ്റിക്കെട്ടി സന്തോഷത്തിലേക്കു തുഴയും. അതു യോഗയിൽ നിന്നു കിട്ടിയതാണ്.
“എല്ലാ ദിവസവും ഉണർന്നശേഷം അരമണിക്കൂർ യോഗ ചെയ്താണ് ദിവസം ആരംഭിക്കുക.”
എങ്ങനെയാണ് യോഗ പ്രാക്ടീസ് ചെയ്യുന്നത്? ഇപ്പോഴും സ്ഥിരമായി ചെയ്യുന്നുണ്ടോ?
5 വർഷമായി സ്ഥിരമായി ചെയ്യുന്നുണ്ട്. ശാംബവി മഹാമുദ്രയാണ് കൂടുതൽ പ്രയോജനകരമായി തോന്നിയത്. പ്രാണായാമവും പ്രണവമന്ത്രവും ശ്വാസനിയന്ത്രണവുമെല്ലാം ചേർന്നതാണത്. കരയിൽ സമയം കിട്ടിയില്ലെങ്കിലും കടലിൽ ധാരാളം അവസരമുണ്ട്. ഓരോന്നു തുടങ്ങുന്നതിനു മുൻപു നമ്മൾ നന്നായി ഭക്ഷണമൊക്കെ കഴിക്കില്ലേ. അതുപോലെയാണ് മസ്തിഷ്കത്തിനെ ചാർജ് ചെയ്യുന്നതിന്, ഊർജം കൊടുക്കുന്നതിനു പ്രാണായാമം ചെയ്യുന്നത്.
‘‘ യാത്രയിലും ജീവിതത്തിലും ഓരോ സ്റ്റെപ്പും വിഷ്വലൈസ് ചെയ്യാൻ കഴിയുന്നുണ്ട്. അത് ആത്മവിശ്വാസം കൂട്ടി.’’
വിഷ്വലൈസ് ചെയ്യുകയെന്നതു ധ്യാനത്തിലും മനശ്ശാ സ്ത്രത്തിലും ഉപയോഗിക്കുന്നതാണ്. അതെങ്ങനെ കടൽയാത്രയ്ക്കു ഗുണം ചെയ്യും?
ധ്യാനത്തിലെ ഒരു സമ്പ്രദായം വികസിപ്പിച്ചെടുത്തതാണത്. ബോട്ട് എങ്ങനെ വേണം, രീതികൾ, ഭക്ഷണം, സാധന സാമഗ്രികൾ എന്നിവയെല്ലാം ചാർട്ടാക്കാൻ ഈ വിഷ്വലൈസേഷൻ സഹായിച്ചു. എന്നാൽ പിന്നീടതു സൂക്ഷ്മമായി. ഇത്ര തീവ്രതയിൽ പടിഞ്ഞാറൻ കാറ്റ് വന്നാൽ ബോട്ട് എങ്ങോട്ട് ചരിയും, അപ്പോൾ എന്തു ചെയ്യണം എന്നൊക്കെ വിഷ്വലൈസ് ചെയ്തു. പിന്നെപ്പിന്നെ ചെറിയ ആണിയുടെ സ്ഥാനം പോലും ദൃശ്യപരമായി കണ്ടിട്ട് ചെയ്യാനാകും എന്ന നിലയിലായി. മനസ്സിൽ വരുന്ന ചിന്തകളെ പിൻതുടർന്ന് അവയെല്ലാം നല്ലതായാലും ചീത്തയായാലും ഒരേ മനസ്സോടെ വിഷ്വലൈസ് ചെയ്തു നോക്കും. അതുകൊണ്ട് തന്നെ കൊടുങ്കാറ്റ് വന്നാലും പേടിയില്ല. കാരണം ഞാനത് മുൻപു തന്നെ വിഷ്വലൈസ് ചെയ്തതാണല്ലോ.
ആദ്യമൊക്കെ തിരിച്ചെത്തുന്ന കാര്യത്തിൽ ആകാംക്ഷയും ടെൻഷനും ഉണ്ടായിരുന്നു. അതു മാറ്റാൻ ഞാൻ തന്നെ ഒരു ടെക്നിക് ഉണ്ടാക്കി. തിരിച്ചു വരുമ്പോൾ കാത്തിരിക്കാൻ, സ്വന്തമാക്കാൻ ഒന്ന്.. ആദ്യ സാഗര പരിക്രമണത്തിൽ ഇഷ്ടപ്പെട്ട ലാപ്ടോപ് വാങ്ങണമെന്നതായിരുന്നു പ്രധാന ആകർഷണം. ഗോൾഡൻ ഗ്ലോബിൽ വീട്ടിൽ കാത്തിരിക്കുന്ന കുടുംബം, അബ്രനീൽ എന്ന കുഞ്ഞിന്റെ മുഖം എന്നിവയായിരുന്നു പ്രധാന ആകർഷണം.