Saturday 04 February 2023 02:28 PM IST

ഒരുകാലത്ത് അർബുദം എന്നാൽ മരണം... ഇന്ന് റോബട്ടിന്റെ സഹായത്തോടെ വരെ സർജറികൾ: പുതിയ മാറ്റങ്ങൾ, പുതുപ്രതീക്ഷകൾ

Asha Thomas

Senior Sub Editor, Manorama Arogyam

cancer-patients7788

അർബുദ ചികിത്സ– പുതിയ പ്രതീക്ഷകൾ

അർബുദ ചികിത്സാമേഖലയിൽ വലിയ പ്രതീക്ഷ ജനിപ്പിക്കുന്ന കണ്ടെത്തലുകളെക്കുറിച്ച് ഈയിടെ നാം ധാരാളം കേൾക്കുന്നുണ്ട്. ‘ഡോസ്റ്റർലിമാബ് എന്ന മരുന്ന് ഒരു ക്ലിനിക്കൽ ട്രയിലിൽ പങ്കെടുത്ത 18 പേരിലും മലാശയ കാൻസർ പൂർണമായും സുഖപ്പെടുത്തി. ’ അതിവേഗം പടരുന്ന സ്തനാർബുദമായ ട്രിപ്പിൾ നെഗറ്റീവ് കാൻസർ ഇമ്യൂണോതെറപി മരുന്ന് സുഖമാക്കി’ എന്നിങ്ങനെ...പ്രതീക്ഷ ജനിപ്പിക്കുന്ന ഈ വാർത്തകൾ പോലെ തന്നെ ശുഭകരമായ ഒട്ടേറെ പഠനഗവേഷണങ്ങൾ കാൻസർ ചികിത്സാമേഖലയിൽ നടക്കുന്നുണ്ട്. 16 പുതിയ അർബുദമരുന്നുകൾക്ക് എഫ്ഡിഎ അനുമതി നൽകി. ഇതിൽ രണ്ടെണ്ണം ജനിതകമായ കാൻസറുകളെ ചികിത്സിക്കാനുള്ളതാണ്.

അർബുദ ചികിത്സാമേഖലയിൽ നടക്കുന്നത് കൂടുതലും ജീൻ അടിസ്ഥാനമാക്കിയുള്ള ഗവേഷണങ്ങളാണെന്നു പറയുന്നു ഡോ. ഹരിഹരൻ എസ് (കാൻസർ ഗവേഷണവിഭാഗം അഡീഷനൽ പ്രഫസർ, ആർസിസി, തിരുവനന്തപുരം). അർബുദത്തെ സംബന്ധിച്ച് വിപ്ലവകരമായ ഒരു വഴിത്തിരിവായിരുന്നു കാൻസർ പ്രധാനമായും ഒരു ജനിതകരോഗമാണെന്നു തിരിച്ചറിഞ്ഞത്. ‘ഒാരോ രോഗിയും വ്യത്യസ്തരാണ്, ഒാരോരുത്തർക്കും വ്യത്യസ്തമായ ചികിത്സയാണ് കൊടുക്കേണ്ടത്’ എന്നതാണ് ഇപ്പോഴത്തെ അർബുദ ഗവേഷണങ്ങളുടെ ഒരു സങ്കൽപം. ജീൻ സീക്വൻസിങ് വഴി ഒാരോരുത്തരുടെയും ജനിതക അപാകത കണ്ടുപിടിച്ചിട്ട് ആ അപാകതയ്ക്ക് അനുസരിച്ചുള്ള മരുന്ന് ആ രോഗിക്കു വേണ്ടി മാത്രം ഉണ്ടാക്കുന്നു. രോഗിയുടെ ജീനുകളും വ്യക്തിപരമായ രോഗചരിത്രവും കണക്കിലെടുത്തു നൽകുന്ന ‘കസ്റ്റമൈസ്ഡ് കെയർ’ രീതിക്കു ഫലം കൂടും; പാർശ്വഫലങ്ങൾ കുറയും.

ജീൻ സീക്വൻസിങ് കുറേയൊക്കെ നമ്മുടെ നാട്ടിലും ചെയ്യുന്നുണ്ട്. മുൻപ് സ്തനാർബുദത്തിനു മരുന്നു കണ്ടുപിടിച്ചു എന്നാണു പറയുക. ഇപ്പോൾ സ്തനാർബുദം തന്നെ പല ഉപവിഭാഗങ്ങളുണ്ടെന്ന് അറിയാം. ഏതു ജീനിനു പരിവർത്തനം സംഭവിച്ചാണ് അർബുദം വന്നത് എന്നു നോക്കിയ ശേഷമാണ് ചികിത്സ തീരുമാനിക്കുന്നത്.

ഇമ്യൂണോതെറപ്പി

വലിയ മുന്നേറ്റമുണ്ടായ ഇമ്യൂണോതെറപ്പിയിൽ അർബുദത്തെ നേരിടാൻ രോഗിയുടെ തന്നെ പ്രതിരോധവ്യവസ്ഥയെ ഉപയോഗിക്കുന്നു. അർബുദകോശങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ള, പേഴ്സണലൈസ്ഡ് ആയ മരുന്നുകൾ ഉപയോഗിക്കുന്നതിനാൽ പാർശ്വഫലങ്ങൾ കുറവാണ്. പ്രതിരോധകോശങ്ങളെ ഉപയോഗിച്ച് അർബുദകോശങ്ങളെ എങ്ങനെ തകർക്കാമെന്നു സംബന്ധിച്ച് വിപ്ലവകരമായ ഒട്ടേറെ കണ്ടെത്തലുകൾ നടക്കുന്നുണ്ട്. രോഗിയുടെ പ്രതിരോധ വ്യവസ്ഥയിലെ തന്നെ ടി സെല്ലുകളെ ശക്തിപ്പെടുത്തി അർബുദത്തെ നശിപ്പിക്കുന്ന കാർ ടി ചികിത്സ, നാച്ചുറൽ കില്ലർ കോശങ്ങളെ ശക്തിപ്പെടുത്തിയുള്ള എൻ കെ സെൽ തെറപ്പി, ഇമ്യൂൺ ചെക്ക്പോയിന്റ് ഇൻഹിബിറ്ററുകൾ എന്നിവ ഉദാഹരണം. ഇന്ത്യയിലും ഇമ്യൂണോതെറപ്പി മരുന്നുകളിൽ ഒട്ടേറെ ഗവേഷണങ്ങൾ നടക്കുന്നുണ്ട്.

വിദേശങ്ങളിൽ ഇതു സംബന്ധിച്ച് ക്ലിനിക്കൽ ട്രയലുകൾ നടക്കുന്നു. ഇമ്യൂണോതെറപ്പിയോടൊപ്പം ഒാരോ വ്യക്തിയുടെയും ജനിതക സവിശേഷതകൾക്ക് അനുസൃതമായി ചികിത്സിക്കുന്ന പ്രിസിഷൻ മെഡിസിൻ കൂടി ചേരുമ്പോൾ ( പ്രിസിഷൻ ഇമ്യൂണോതെറപ്പി ) ചികിത്സാഫലം മെച്ചപ്പെടുത്തുന്നു.കാർ ടി സെല്ലുകൾ ഉപയോഗിച്ചുള്ള ചികിത്സ ഇതിന് ഉത്തമ ഉദാഹരണമാണ്.

തന്മാത്രാതലത്തിൽ പരിശോധനകൾ

ഒരുകാലത്ത് അർബുദം എന്നു പറഞ്ഞാൽ മരണം എന്നായിരുന്നു വ്യാഖ്യാനിച്ചിരുന്നത്.ചികിത്സിച്ചു മാറ്റാനാകാത്ത അസുഖമാണിതെന്ന ചിന്ത മാറിവരികയാണ്. ഇപ്പോ ൾ ഏതാണ്ട് 50–60 % കാൻസറുകളും പൂർണമായും ചികിത്സിച്ചു മാറ്റാനാകും. 20–25 % കാൻസറുകളിൽ ചികിത്സയിലൂടെ ആയുസ്സ് നീട്ടിയെടുക്കാം. ഏതാണ്ട് 20 % ആളുകൾ മാത്രമേ അർബുദം വന്നു മരിച്ചുപോകുന്നുള്ളു. കുട്ടികളുടെ അർബുദത്തിലാകട്ടെ ഏതാണ്ട് 80 ശതമാനം കുട്ടികളും ഒരു കുഴപ്പവുമില്ലാതെ അർബുദത്തെ അതിജീവിക്കുന്നു. തുടക്കത്തിലേ അർബുദം തിരിച്ചറിയാൻ സഹായിക്കുന്ന മോളിക്യുലർ പരിശോധനകൾ വന്നതാണ് അതിജീവന നിരക്കു വർധിച്ചതിനു പ്രധാന കാരണം.

പ്രോട്ടീനുകൾ, ഡിഎൻഎ, ആർ എൻഎ എന്നിങ്ങനെ തന്മാത്രാതലത്തിലെ അർബുദമാറ്റങ്ങളെ തിരിച്ചറിഞ്ഞ് കാൻസർ തുടക്കത്തിലേ തിരിച്ചറിയാൻ ഈ പരിശോധന സഹായിക്കുന്നു. മോളിക്യുലർ പരിശോധനകൾ ആഴത്തിൽ അർബുദത്തെ മനസ്സിലാക്കാനും സഹായിക്കുന്നു. ഏത് ജീനിൽ എന്തു മാറ്റം വന്നാണ് അർബുദമായതെന്നു തിരിച്ചറിയാനാകും.അർബുദത്തിന്റെ ബയോളജി അറിഞ്ഞാൽ ചികിത്സ കുറച്ചുകൂടി കൃത്യമാകും.കേരളത്തിൽ ആർസിസിയിൽ ഉൾപ്പെടെ മോളിക്യുലർ പരിശോധനകൾ ലഭ്യമാണ്.

നെക്സ്റ്റ് ജനറേഷൻ സീക്വൻസിങ് അഥവാ എൻജിഎസ് എന്നത് ഈ വിഭാഗത്തിലെ മികച്ചൊരു പരിശോധനയാണ്. ഏതെങ്കിലും ഒരു പ്രത്യേക അർബുദത്തിനു കാരണമാകുന്ന ജീൻ ഉണ്ടോയെന്നാണു സാധാരണ പരിശോധിക്കുക. ഉദാ: സ്തനാർബുദത്തിനു കാരണമാകുന്ന ബിആർസിഎ ജീൻ. എന്നാൽ എൻജിഎസിൽ മൊത്തത്തിലുള്ള ജീൻ സീക്വൻസിങ് നോക്കി എവിടെയൊക്കെ അസ്വാഭാവികത ഉണ്ടോ അതൊക്കെ കണ്ടുപിടിക്കാം. കുടുംബപരമായി അർബുദ സാധ്യതയുള്ളവർക്ക് അർബുദം വരാൻ 50 ശതമാനം സാധ്യതയുണ്ട്. ഇവർക്ക് ആരംഭത്തിലേ അർബുദം കണ്ടെത്താൻ ഈ പരിശോധന ഉപകാരപ്പെടും.

കാൻസർ ആരംഭത്തിലേ കണ്ടെത്താൻ സഹായിക്കുന്ന നോൺ ഇൻവേസീവ് അഥവാ ശരീരത്തിനകത്തുനിന്നു കോശങ്ങൾ എടുത്തുള്ളതല്ലാത്ത പരിശോധനകളാണ് മറ്റൊന്ന്. രക്ത – ശരീരസ്രവ പരിേശാധനയെ അടിസ്ഥാനമാക്കിയുള്ള ലിക്വിഡ് ബയോപ്സി, യൂറോളജിക്കൽ കാൻസർ തിരിച്ചറിയാനുള്ള യൂറിൻ മാർക്കറുകൾ, കുടൽ കാൻസറിനുള്ള സ്റ്റൂൾ മാർക്കർ, ശ്വാസകോശ കാൻസർ ആപത് സാധ്യത അറിയാനുള്ള നേസൽ ബ്രഷിങ് എന്നിവയാണ് ഇതിൽ ശ്രദ്ധേയം.

സ്തനാർബുദം

കഴിഞ്ഞ 10–15 വർഷത്തിനുള്ളിൽ സ്തനാർബുദ ചികിത്സയിൽ പ്രതീക്ഷാജനകമായ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായതായി ഡോ. ജെയിം ഏബ്രഹാം (ചെയർമാൻ & പ്രഫസർ ഒഫ് ഒാങ്കോളജി, ക്ലെവ്‌ലാൻഡ് ക്ലിനിക്, യുഎസ്എ ) പറയുന്നു. സ്ക്രീനിങ്ങിലും ആരംഭത്തിലുള്ള രോഗനിർണയത്തിലുമാണ് ഇതു പ്രധാനമായും വന്നിരിക്കുന്നത്.

രോഗത്തിന്റെ ബയോളജി അനുസരിച്ചാണ് ഇപ്പോൾ ചികിത്സ. ഹോർമോൺ റിസപ്റ്റർ പരിശോധനകൾ പൊസിറ്റീവായാൽ ജീനോമിക് പരിശോധന ഇപ്പോൾ നിർദേശിക്കാറുണ്ട്. കീമോതെറപി എത്ര ഫലം ചെയ്യുമെന്നു മനസ്സിലാക്കാനും വീണ്ടും കാൻസർ വരുമോ എന്നറിയാനും ഇതുവഴി സാധിക്കും. 70 ശതമാനം ഹോർമോൺ പൊസിറ്റീവ്, ഹെർ–2 നെഗറ്റീവ് സ്തനാർബുദങ്ങളിലും അനാവശ്യമായി കീമോതെറപി ചെയ്യുന്നത് ഒഴിവാക്കാൻ ജീനോമിക് പരിശോധന സഹായിക്കുന്നുണ്ട്.

ഹെർ–2 പൊസിറ്റീവ് ട്യൂമറുകളിൽ മുഴകളിലെ നിശ്ചിത പ്രോട്ടീനുകളെ ടാർജറ്റ് ചെയ്യുന്ന മരുന്നുകൾ വന്നുകഴിഞ്ഞു.അതേപോലെ ട്രിപിൾ നെഗറ്റീവ് സ്തനാർബുദ രോഗികളിൽ ഇമ്യൂണോതെറപി മികച്ചതെന്നു കണ്ടു. സ്തനാർബുദത്തെ 5 വ്യത്യസ്ത ഉപവിഭാഗങ്ങളായി തിരിക്കാനും ഒാരോ വിഭാഗത്തിനുമനുസൃതമായി വ്യത്യസ്തമായ ചികിത്സ രൂപപ്പെടുത്താനും ഇന്നു കഴിയുന്നുണ്ട്. ട്യൂമർ ബയോളജിയിലും ജീനോമിക് പരിശോധനകളിലും ഊന്നിയുള്ള ചികിത്സാപദ്ധതി തയാറാക്കാൻ ഗവേഷണങ്ങൾ നടന്നുവരുന്നു. ആദ്യഘട്ടത്തിലുള്ള സ്തനാർബുദത്തിൽ 5 മുതൽ 15 ദിവസം വരെ മാത്രം നീളുന്നത്ര, കുറഞ്ഞ കാലദൈർഘ്യമുള്ള റേഡിയേഷൻ സ്റ്റാൻഡേഡ് ഒാഫ് കെയർ ആകുന്നു. റേഡിയേഷൻ തെറപ്പി കൊണ്ട് മുഴ നീക്കുന്ന (lumpectomy) രീതിയാണ് പുതിയ ചികിത്സാ സ്റ്റാൻഡേഡ്. ലിംഫ്–വീനസ് ബൈപാസ് ഉപയോഗിച്ച് കഴലവീക്കം (ലിംഫെഡീമ) ഒഴിവാക്കാനാകുമോ എന്ന അന്വേഷണത്തിലാണ്.സ്തനം പുനർനിർമിക്കുന്നതിന് സ്വന്തം ശരീരകലകൾ ഉപയോഗിച്ചുള്ള ട്രാം ഫ്ലാപ്, ഡിഐഇപി റീ കൺസ്ട്രക്‌ഷൻ എന്നീ രീതികളുണ്ട്.

ഭാവിയിൽ, അർബുദ കാരണമാകാവുന്ന ബിആർസിഎ ജീൻ ശരീരത്തിലുണ്ടെന്നു നേരത്തേ തിരിച്ചറിയാനായേക്കും. അങ്ങനെ വന്നാൽ ആഞ്ജലീന ജോളി ചെയ്തതുപോലെ ശസ്ത്രക്രിയയിലൂടെ (Preventive surgery) സ്തനാർബുദം വരാനുള്ള സാധ്യതയടയ്ക്കാം.

സർജറിയിലെ മാറ്റങ്ങൾ

അർബുദത്തിനു തുടർചികിത്സ വേണോ വേണ്ടയോ എ ന്നു തീരുമാനിക്കുന്നത് ശസ്ത്രക്രിയയുടെ കൃത്യതയാണ്. ഇങ്ങനെ കൂടുതൽ കൃത്യതയോടെ ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള മികച്ച ചില കണ്ടെത്തലുകൾ വന്നുകഴിഞ്ഞു. ഇതേക്കുറിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിലെ ഡോ. ഹരികുമാർ എസ്. ഉണ്ണി പറയുന്നു.

ഹൈപെക് സർജറി

ഉദരകാൻസറുകളിൽ പ്രൈമറി സർജറി ചെയ്യുമ്പോൾ തന്നെ അർബുദം തിരിച്ചുവരാതിരിക്കാനായി ചെയ്യുന്ന ചികിത്സാരീതിയാണ് ഹൈപെക് (ഹൈപ്പർതെർമിക് ഇൻട്രാപെരിറ്റോനിയൽ കീമോതെറപ്പി) എന്നു പറയുന്നത്. മുഴ നീക്കിയ ശേഷം ഉയർന്ന ഡോസിലും ഉയർന്ന താപത്തിലും കീമോതെറപ്പി മരുന്നു നൽകുന്നു. ഇതുവഴി വയറിനുള്ളിൽ തെറിച്ചുവീണതോ മറ്റോ ആയ അർബുദഭാഗങ്ങളോ തരികളോ നശിപ്പിക്കാനാകും. ഹൈപെക് രീതിയിൽ അണ്ഡാശയ കാൻസർ സർജറി ചെയ്യുന്നതു വഴി കാൻസർ തിരിച്ചുവരുന്നത് മിക്കവാറും തടയാൻ സാധിക്കുമെന്നു കണ്ടിട്ടുണ്ട്. എന്നാൽ എല്ലാ രോഗികളിലും ഇതു ഗുണകരമല്ല.

റീ കൺസ്ട്രക്ടീവ് ഒാങ്കോപ്ലാസ്റ്റി –

റീ കൺസ്ട്രക്ടീവ് ഒാങ്കോപ്ലാസ്റ്റിയുടെ സഹായത്തോടെ മുഴകൾ മുഴുവനായി തന്നെ നീക്കം ചെയ്യുന്നതോടൊപ്പം. വൈകൃതങ്ങൾ വരുന്നത് ഒഴിവാക്കാനുമാകും. ഈ രീതിയിൽ രോഗിയുടെ തന്നെ മറ്റു ശരീരഭാഗങ്ങൾ ഉപയോഗിച്ച് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ മുഴ നീക്കിയ ഭാഗം പുനർനിർമിച്ചെടുക്കുന്നു.

മിനിമലി ഇൻവേസീവ് റോബോട്ടിക് സർജറി

റോബട്ടിന്റെ സഹായത്തോടെ അർബുദ സർജറി ചെയ്യുന്നു. അർബുദകോശങ്ങളുടെ സമീപത്തുള്ള ആരോഗ്യമുള്ള കോശങ്ങൾക്ക് നാശം വരാത്ത രീതിയിൽ സർജറി ചെയ്യാൻ സഹായിക്കുന്ന പുതിയ ടെക്നിക്കാണിത്.

സാൽവേജ് തെറപ്പി

ട്യൂമർ വരുന്ന കയ്യോ കാലോ മുറിച്ചുമാറ്റുന്ന അവസ്ഥയുണ്ട്. ഈ ഘട്ടത്തിൽ ശരീരത്തിന്റെ മറ്റൊരു ഭാഗത്തെ അ സ്ഥി എടുത്തു പുനർനിർമിച്ച് ഉപയോഗിക്കാം. പൂർണമായും ചലനശേഷി ലഭിക്കണമെന്നില്ലെങ്കിലും കയ്യോ കാലോ ഇല്ലാത്തതു മൂലമുള്ള ബുദ്ധിമുട്ടു വരില്ല.റേഡിയേഷൻ ചികിത്സയിലെ മാറ്റങ്ങൾറേഡിയേഷൻ ഒാങ്കോളജിസ്റ്റിനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി എന്നത് ചുറ്റുമുള്ള ആരോഗ്യമുള്ള കോശങ്ങൾക്കു നാശം വരുത്താതെ കാൻസർ കോശങ്ങളിലേക്കു പരമാവധി റേഡിയേഷൻ നൽകുക എന്നതാണെന്നു പറയുന്നു ബെംഗളൂരു എച്ച്സിജി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫ. ഡോ. രമേഷ് എസ്. ബിലിമഗയും ഡോ. രേഖ ബേബിയും. സാങ്കേതികപുരോഗതിയും കംപ്യൂട്ടറൈസ്ഡ് സംവിധാനങ്ങളുടെ വരവും ഒപ്പം കാൻസറിന്റെ ജീവശാസ്ത്രത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും കൂടുതൽ മികച്ച രീതിയിൽ റേഡിയേഷൻ പദ്ധതിയുണ്ടാക്കാനും നൽകാനും സഹായിക്കുന്നു. ട്യൂമറിലേക്കു മാത്രമായി ഉയർന്ന ഡോസ് റേഡിയേഷൻ നൽകാൻ സഹായിക്കുന്ന ചില നൂതന സാങ്കേതിക വിദ്യകളെ പരിചയപ്പെടാം.

ഐ എം ആർ ടി (Intensity Modulated Radiation Therapy)

ട്യൂമറിന്റെ ത്രിമാനഘടന തിരിച്ചറിഞ്ഞ് റേഡിയേഷൻ നൽകുന്ന രീതി. ചെറിയ അളവിൽ പല തവണ ട്യൂമറിൽ മാത്രം റേഡിയേഷൻ നൽകുന്നു. പരിസരത്തുള്ള പ്രധാന ശരീരഭാഗങ്ങളിൽ വളരെ കുറച്ച് റേഡിയേഷനേ ഏൽക്കുന്നുള്ളു.

വി എം ഏ റ്റി (Volumetric Modulated Arc Therapy)

കൃത്യമായി ട്യൂമറിന്റെ പരിധിയിൽ മാത്രം റേഡി

യേഷൻ ഏൽക്കത്തക്ക വിധം, റേഡിയേഷൻ നൽകുന്ന യന്ത്രഭാഗം വൃത്താകൃതിയിൽ ചുറ്റിത്തിരിയുന്നു.

എസ് ബി ആർ റ്റി (Steriotactic Body RT)

സുപ്രധാന അവയവങ്ങളായ മസ്തിഷ്കം, സുഷുമ്നാ നാഡി തുടങ്ങിയവയോടു ചേർന്ന ഭാഗങ്ങളിലെ ട്യൂമറുകളുടെ ചികിത്സയ്ക്കു താരതമ്യേന സുരക്ഷിതം. ‘സൈബർ നൈഫ്’ ഉപയോഗിച്ചാണ് എസ്ബിആർറ്റി നൽകുന്നത്.

പാർട്ടിക്കിൾ ബീം തെറപ്പികൾ

cancer-1

∙ പ്രോട്ടോൺ ബീം തെറപ്പി

പൊസിറ്റീവ് ചാർജുള്ള കണികകളായ പ്രോട്ടോണുകൾ ഉപയോഗിച്ചു ട്യൂമറുകൾ നശിപ്പിക്കുന്നു. അർബുദകോശങ്ങൾക്കു ചുറ്റുമുള്ള ഭാഗത്തേക്കു വളരെ കുറച്ചു റേഡിയേഷനെ ഏൽക്കുകയുള്ളു. റേഡിയേഷന്റെ ഭൂരിഭാഗം ഡോസും ട്യൂമറിൽ തന്നെ നിക്ഷേപിക്കുന്നു. കുട്ടികളിലെ കാൻസർ ചികിത്സയ്ക്ക് ഈ രീതി ഫലപ്രദമാണ്. തലച്ചോർ, സുഷമ്നാ നാഡി, കണ്ണുകൾ എന്നിങ്ങനെ സുപ്രധാന അവയവങ്ങളോടു ചേർന്നുള്ള മുഴകൾ നശിപ്പിക്കുന്നതിന് പ്രോട്ടോൺ തെറപ്പി വളരെ അനുയോജ്യമാണ്.

∙ സി ഐ ആർ റ്റി (Carbon Ion Radiotherapy)

പ്രോട്ടോൺ ബീം തെറപ്പിയോടു സമാനമാണ് ഇത്. അർബുദകോശങ്ങളിലേക്കു മാത്രം ഭൂരിഭാഗം റേഡിയേഷനും ഏൽപ്പിക്കുകയും സമീപകോശങ്ങളിൽ പരിമിതമായ റേഡിയേഷൻ മാത്രം നൽകുകയും ചെയ്യുന്നു.

∙ ഏആർ റ്റി (Adaptive Radiotherapy)

റേഡിയേഷൻ തെറപ്പി ചെയ്യുന്നതിനിടയിൽ തന്നെ ട്യൂമറിന്റെ വലുപ്പ വ്യത്യാസത്തിനനുസരിച്ച് റേഡിയേഷൻ രീതികളിലും മാറ്റം വരുത്തുന്ന ചികിത്സാ രീതി. ആദ്യം ഒരു ചികിത്സാപദ്ധതി രൂപപ്പെടുത്തുന്നു. തുടർന്ന് ആവശ്യമനുസരിച്ച് ചികിത്സാരീതിയിൽ വ്യത്യസ്തത വരുത്തുകയും ചെയ്യും. ഇതിന് മെഷീൻ ലേണിങ്ങും നിർമിത ബുദ്ധിയും പോലുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നു.

∙ പെറ്റ് പരിശോധനാ വിശദാംശങ്ങൾ റേഡിയോതെറപ്പി ചികിത്സാപദ്ധതിയിൽ ഉൾച്ചേർക്കുന്ന രീതിയുമുണ്ട്. മുഴയുടെ പരിധിയും മറ്റ് അവയവങ്ങളിലേക്ക് റേഡിയേഷൻ ഏൽക്കാനുള്ള സാധ്യതയും കൃത്യമായി അറിയാൻ ഇതു സഹായിക്കും.

cancer-ladies

റേഡിയോ തെറപ്പി വരും കാലങ്ങളിൽ

കാൻസർ ചികിത്സയിൽ ഭാവിയിൽ ഇന്നുള്ളതിലും പ്രാധാന്യമേറിയ സ്ഥാനമാവും റേഡിയോ തെറാപ്പി നേടിയെടുക്കുക. നിലവിലുള്ള ചികിത്സാ രീതികൾ നവീകരിക്കാനുള്ള ശ്രമങ്ങൾ ലോകവ്യാപകമായി നടത്തപ്പെടുന്നു. പരീക്ഷണഘട്ടത്തിലുള്ള പ്രധാനതെറപ്പികൾ ഇവയാണ്.

∙ ഒരു സെക്കൻഡിൽ കുറഞ്ഞ സമയം കൊണ്ട് അത്യധികം ഉയർന്ന റേഡിയഷൻ നൽകുന്ന ഫ്ലാഷ് റേഡിയോ തെറപ്പി (FLASH -RT) ∙ രോഗികളുടെ മെഡിക്കൽ ഇമേജുകൾ പരിശോധിച്ച് രോഗാവസ്ഥ നിർണയിക്കുന്നതിനു സഹായിക്കുന്ന റേഡിയോ മിക്സ് ∙ റേഡിയോ ജെനോമിക്സ് –നിർമിത ബുദ്ധി ഉപയോഗപ്പെടുത്തി രോഗിയുടെ ആരോഗ്യനിലയും റേഡിയേഷൻ തെറപ്പിയുടെ സ്വഭാവവും നിര്‍ണയിക്കുന്നു, പരിശോധനാഫലം ആധികാരികമായി വിലയിരുത്തുന്നു.∙ കാൻസർ കോശങ്ങളിലേയ്ക്ക് സൂക്ഷ്മമായി റേഡിയേഷൻ നൽകാൻ പ്രാപ്തിയുള്ള റേഡിയോ ഫാർമസ്യൂട്ടിക്കൽസ് ∙ ഇമേജിങ്ങും മോളിക്യുലർ റേഡിയോതെറപ്പിയും ചേർന്നുള്ള ന്യൂക്ലിയർ തെറാനോസ്റ്റിക്സ്.

പുത്തൻ പ്രതീക്ഷകൾ

∙ കാർ ടി (Chimeric Antigen Receptor Therapy)

രോഗിയുടെ ശരീരത്തിലെ തന്നെ പ്രതിരോധകോശങ്ങളായ ടി സെല്ലുകളെ എൻജിനീയർ ചെയ്ത് ശക്തിപ്പെടുത്തി തിരികെ രോഗിയുടെ ശരീരത്തിലേക്ക് വിടുന്ന ചികിത്സാരീതിയാണിത്. തന്മൂലം ഇമ്യൂണിറ്റി വർധിക്കുകയും അർബുദകോശങ്ങളെ തിരിച്ചറിഞ്ഞു നശിപ്പിക്കുകയും ചെയ്യുന്നു. നിലവിൽ രക്താർബുദം ഉൾപ്പടെയുള്ള രക്തസംബന്ധമായ അർബുദങ്ങൾക്ക് ഫലം ചെയ്യുന്നതായി കാണുന്നു.

∙ എൻ കെ സെൽ തെറപ്പി

നമ്മുടെ പ്രതിരോധസംവിധാനത്തിന്റെ ഭാഗമാണ് നാച്ചുറൽ കില്ലർ കോശങ്ങൾ (NK Cells). ഈ എൻ കെ സെല്ലുകളുടെ ശക്തി വർധിപ്പിച്ച് അർബുദം തടയുന്ന രീതി. പരോക്ഷമായി കാൻസർ കോശങ്ങളെ കൊല്ലുകയാണിവിടെ. പ്രോസ്േറ്ററ്റ്, പാൻക്രിയാസ് അർബുദങ്ങളിൽ ഫലപ്രദമെന്നു പരീക്ഷണങ്ങൾ.

∙ ഗർഭാശയഗള അർബുദത്തിന് വാക്സീൻ

സെർവിക്കൽ കാൻസർ തടയാൻ സെർവാവാക് വാക്സീൻ. പുണെ കേന്ദ്രമാക്കിയ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്നു.

∙ ഡോസ്റ്റർലിമാബ് (Dostarlimab)

എൻഡോമെട്രിയൽ കാൻസറിന് ഉപയോഗിക്കുന്ന ഈ മോണോക്ലോണൽ ആന്റിബോഡി ഏറെ പ്രതീക്ഷാജനകമായ മരുന്നായി കണക്കാക്കുന്നു. കാരണം, മലാശയ അർബുദ രോഗികളിൽ ഡോസ്റ്റർലിമാബ് നൽകി നടത്തിയ ക്ലിനിക്കൽ ട്രയലിൽ മറ്റു ചികിത്സകളൊന്നും കൂടാതെ അർബുദം അപ്രത്യക്ഷമായതായി കണ്ടെത്തി.

cancer-fight

∙ ലിക്വിഡ് ബയോപ്സി

ഈ രക്ത–ശരീരസ്രവ പരിശോധന വളരെ സെൻസിറ്റീവായ അവയവഭാഗങ്ങളിലെ മുഴകളിൽ പരിശോധന നടത്താൻ ഉപയോഗിക്കുന്നു.

ബൈലൈൻ

ആശാ തോമസ്