പൊതിച്ചോറു മുതൽ പലഹാരം വരെ ഗുണവും മണവും നഷ്ടമാകാതെ പൊതിഞ്ഞുസൂക്ഷിക്കാൻ അലൂമിനിയം ഫോയിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പക്ഷേ, അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഒരു വാർത്ത പരക്കുകയുണ്ടായി. അലൂമിനിയം ഫോയിലിൽ ഭക്ഷണം പൊതിയുന്നത് സുരക്ഷിതമല്ലെന്ന്. അതിനു പിന്നിലെ സത്യമെന്താണെന്ന് അന്വേഷിച്ചാലോ?
വളരെ കനം കുറഞ്ഞ് ഉണ്ടാക്കുന്ന ഇല പോലെ മടക്കുകയും സാധനങ്ങൾ പൊതിയുകയും ചെയ്യാൻ പറ്റുന്ന ഒന്നാണ് അലൂമിനിയം ഫോയിൽ. പ്ലാസ്റ്റിക്കിലോ പേപ്പറിലോ ലാമിനേറ്റ് ചെയ്യുന്ന രീതിയിലും അലൂമിനിയം ഫോയിലുകൾ ലഭ്യമാണ്.
25 മൈക്രോമീറ്ററിലും കനം കൂടുതലാണെങ്കിൽ വായുവും വെള്ളവും അതിനുള്ളിലൂടെ കടത്തിവിടില്ല. അതുെകാണ്ട് പൊതിയുന്ന ഭക്ഷണത്തിലെ കൊഴുപ്പ് ഒാക്സിഡൈസ് ചെയ്യപ്പെടുകയോ കേടുവരികയോ ചെയ്യില്ല. അതിലെ മണവും രുചിയും ഈർപ്പവുമൊന്നും നഷ്ടപ്പെടില്ല. രോഗാണുക്കൾ പൊതിക്കുള്ളിൽ കടക്കുകയുമില്ല. ഫ്രിജിൽ വയ്ക്കാതെ തന്നെ പാലുൽപന്നങ്ങളും പലഹാരങ്ങളും ഏറെനേരം കേടുകൂടാതെ പൊതിഞ്ഞുവയ്ക്കാൻ അലുമിനിയം ഫോയിൽ ഉപയോഗിക്കാം.
ചൂടും മസാലയും അലൂമിനിയം ആഗിരണം കൂട്ടും
ചൂടു കൂടുതലുള്ള ആഹാരസാധനങ്ങൾ അലൂമിനിയം ഫോയിലിൽ പൊതിഞ്ഞാൽ ഫോയിലിൽ നിന്ന് അലൂമിനിയം ഭക്ഷണത്തിലേക്ക് കിനിഞ്ഞിറങ്ങാനിടയുണ്ട്. ഭക്ഷണത്തിലെ മസാലയുടെ അളവ് ഫോയിലിലെ അലൂമിനിയം കിനിഞ്ഞിറങ്ങുന്നതിനെ ബാധിക്കും. കൂൺ, സ്പിനച്ച്, റാഡിഷ് , തേയില പോലുള്ള ചില ഭക്ഷണങ്ങൾ മറ്റുള്ളവയേക്കാൾ കൂടുതൽ അളവിൽ അലൂമിനിയം ആഗിരണം ചെയ്യുന്നവയാണ്.
അമ്ലത കൂടിയ ഭക്ഷണം അലൂമിനിയം ഫോയിലിൽ പൊതിഞ്ഞാൽ കൂടുതൽ അളവിൽ അലൂമിനിയം അതിലേക്കു അലിഞ്ഞിറങ്ങാൻ സാധ്യതയുണ്ട്. മസാല കൂടി ചേർന്ന ഭക്ഷണമാകുമ്പോൾ അലൂമിനിയം അളവു വർധിക്കും.
കുറച്ചുനേരത്തെക്കു മാത്രം
ചൂടു കുറഞ്ഞ ആഹാരസാധനങ്ങൾ പൊതിയാൻ അലൂമിനിയം ഫോയിൽ നല്ലതാണ്. പക്ഷേ, അതും ഒരുപാടുനേരം പൊതിഞ്ഞുവയ്ക്കുന്നതു സുരക്ഷിതമല്ല. അലൂമിനിയത്തിന്റെ അളവു ചെറിയ അളവിൽ ഭക്ഷണത്തിലും വെള്ളത്തിലും കൂടി ശരീരത്തിൽ ചെല്ലുന്നതു കൊണ്ട് ആരോഗ്യപ്രശ്നമൊന്നും വരാറില്ല. എന്നാൽ അമിതമായി ഉള്ളിലെത്തിയാൽ അൽസ്ഹൈമേഴ്സ് രോഗത്തിനും വൃക്കരോഗങ്ങൾക്കും കാരണമാകാമെന്നു കണ്ടെത്തിയിട്ടുണ്ട്.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. ബി. സുമാദേവി