Saturday 29 July 2023 04:54 PM IST

ഇരുമ്പടങ്ങിയ ആഹാര പദാർഥങ്ങൾക്കൊപ്പം പുളിരസമുള്ളവ കഴിക്കാം; കാപ്പിയും ചായയും ആഗിരണം തടയും: വിളർച്ച തടയാൻ ഭക്ഷണപരിഹാരങ്ങൾ

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

anae3243534

വിളർച്ച എന്ന രോഗാവസ്ഥയ്ക്ക് അർഹിക്കുന്ന പ്രാധാന്യം  ആരും  നൽകുന്നില്ല എന്നതാണു വാസ് തവം. ക്ഷീണവും തളർച്ചയും തലവേദനയും ശ്വാസതടസ്സവുമൊക്കെ ബുദ്ധിമുട്ടിക്കുമ്പോഴാകും പലരും ഡോക്ടറെ കാണാനെത്തുന്നത്. അങ്ങനെ രക്തപരിശോധനയി ൽ വിളർച്ചയാണെന്നു സ്ഥിരീകരിക്കുന്നു. എങ്കിലും വിളർച്ചയെന്ന രോഗാവസ്ഥയെ പൊതുവെ നിസ്സാരമായാണു നാം പ രിഗണിക്കുന്നത്. എല്ലാവരെയും ബാധിക്കുന്ന രോഗമാണെങ്കിലും വിളർച്ച കൂടുതലായും കണ്ടുവരുന്നതു സ്ത്രീകളിലാണ്. അതുകൊണ്ടു തന്നെ നമ്മുടെ സംസ്ഥാനത്ത് 15 വയസ്സു മുതലുള്ള പെൺകുട്ടികളിലും 59 വയസ്സു വരെയുള്ള സ്ത്രീകളിലും വിളർച്ച ഉണ്ടോയെന്നു കണ്ടെത്തുന്നതിനും ആവശ്യമായവർക്കു ചികിത്സ ഉറപ്പാക്കുന്നതിനുമായി വിളർച്ചയിൽ നിന്നു വളർച്ചയിലേക്ക് (വിവാ കേരളം ക്യാംപെയ്ൻ) എന്ന പേരിൽ സംസ്ഥാന സർക്കാർ ആരോഗ്യ പ്രചാരണം തന്നെ തുടങ്ങിയിട്ടുണ്ട്. വിദ്യാസമ്പന്നരും സാമ്പത്തികമായി സുരക്ഷിതരുമായ സ്ത്രീകളിൽ പോലും വിളർച്ച കണ്ടെത്തുന്നു എന്നത് ഏറെ ശ്രദ്ധേയമായ വസ്തുതയാണ്

പോഷക അപര്യാപ്തത മൂലമുള്ള വിളർച്ചയെ പ്രതിരോധിക്കുന്നതിനായി ഇരുമ്പ് സമൃദ്ധമായി അടങ്ങിയ ആഹാരപദാർഥങ്ങൾ കഴിക്കണം. മാംസം, മുട്ട, മത്സ്യം, എന്നിവയിലെ ഇരുമ്പിന്റെ ഘടകങ്ങൾ ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യുന്നു. ധാന്യങ്ങൾ, പയറു പരിപ്പു വർഗങ്ങൾ, ഇലക്കറികൾ എന്നിവയിലും ഇരുമ്പിന്റെ അംശം ധാരാളമുണ്ട്. മാത്രമല്ല, താഴെ പറയുന്ന ഭക്ഷണപദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും വേണം. ∙വൈറ്റമിൻ സി. ഉദാ : ഓറഞ്ച്, നാരങ്ങ, നെല്ലിക്ക.∙ഇരുമ്പിന്റെ അംശം കൂടുതലടങ്ങിയിട്ടുള്ളവ. ഉദാ: ഇലക്കറികള്‍, പപ്പായ, മാതളം തുടങ്ങിയ പഴങ്ങള്‍, ഈന്തപ്പഴം, റാഗി, ശര്‍ക്കര എന്നിവ. ∙ ഫോളിക് ആസിഡ്. ഉദാ: ബീന്‍സ്, ഓറഞ്ച് ജൂസ് എന്നിവ.

ഭക്ഷണത്തില്‍ ക്രമാനുസൃതമായി പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക.∙ മൈ പ്ലേറ്റ് ആഹാര രീതി (“My Plate” ) പ്രകാരം ആവശ്യമായ അന്നജം, മാംസ്യം, കൊഴുപ്പ്, എന്നിവ ആനുപാതികമായി ലഭ്യമാക്കുക. ഉണക്കമുന്തിരി, ഈന്തപ്പഴം,ശര്‍ക്കര, എള്ള്, അവില്‍, മുരിങ്ങയില/ചീര എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്താം. കൃത്യമായ ഇടവേളകളിൽ വിരയിളക്കുക. റാഗി കൊണ്ടുള്ള ഭക്ഷണ പദാർഥങ്ങൾ ഏറെ ഗുണകരമാണ്.

ഭക്ഷണത്തിൽ ശ്രദ്ധിക്കുന്നതിനു പുറമേ ആവശ്യം വന്നാൽ ഇരുമ്പ് ഗുളിക രൂപത്തിലോ കുത്തിവയ്പായോ നൽകാം. ഏതെങ്കിലും രോഗാവസ്ഥ കൊണ്ടാണു വിളർച്ചയെങ്കിൽ അതിനുള്ള ചികിത്സ ലഭ്യമാക്കുക. അതുകൊണ്ടും പരിഹരിക്കാനാകുന്നില്ലെങ്കിൽ ചിലപ്പോൾ രക്തഘടകമായ ചുവന്ന രക്ത കോശങ്ങൾ (Packed red cells ) ‌കൊടുക്കേണ്ടി വരാറുണ്ട്.

പച്ചക്കറികൾ, മത്സ്യം, മുട്ട, മാംസം, കരൾ, ബീൻസ് പോലെയുള്ള പയർ വർഗങ്ങൾ, പഴങ്ങൾ, കശുവണ്ടിപ്പരിപ്പ്, മത്തൻ കുരു, കരുപ്പെട്ടി, ശർക്കര,വാൽനട്ട്, സ്പിനച്, ബ്രോക്ക്‌ലി, പിസ്ത, ഡാർ‌ക് ചോക്‌ലെറ്റ് എന്നിവയാണ് ഇരുമ്പ് അടങ്ങിയ ഭക്ഷണപദാർഥങ്ങൾ. ഹീം അയൺ, നോൺ ഹീം അയൺ എന്നിങ്ങനെ ഇരുമ്പ് രണ്ടു തരത്തിലാണുള്ളത്. മാംസം, മ ത്സ്യം തുടങ്ങിയ സ്രോതസ്സുകളിൽ നിന്നുള്ള ഇരുമ്പിന്റെ അംശമാണ് ഹീം അയൺ. നമ്മുടെ ശരീരത്തിലുള്ള ഏറ്റവും മികച്ച രൂപത്തിലുള്ള ഇരുമ്പാണിത്. സസ്യജന്യമായ ആഹാരത്തിലാണു നോൺ ഹീം അയൺ കാണുന്നത്. അതായതു മുഴുധാന്യങ്ങൾ, അണ്ടിപ്പരിപ്പുകൾ, വിത്തുകൾ, പയറുവർഗങ്ങൾ, പച്ചിലക്കറികൾ.

ചില ആഹാര പദാർഥങ്ങൾ ഇരുമ്പിനെ ആഗിരണം ചെയ്യാൻ സഹായിക്കാറുണ്ട്‌. എന്നാൽ ചിലതാകട്ടെ തടസ്സപ്പെടുത്തുകയും ചെയ്യും. താഴെപ്പറയുന്നവയാണ് ആഗിരണം കൂട്ടുന്ന ഭക്ഷണ പദാർഥങ്ങൾ- വൈറ്റമിൻ സി അടങ്ങിയ നാരങ്ങ, നെല്ലിക്ക,ഓറഞ്ച്,തക്കാളി, മുതലായവ. വൈറ്റമിൻ എ യും ബീറ്റാ ക രോട്ടീനും മികച്ചതാണ്. ഉദാ : കാരറ്റ്.

ഇരുമ്പിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്ന തരം ആഹാര പദാർഥങ്ങളും ഉണ്ട്. മുഴുധാന്യങ്ങൾ, നട്സ്, ടാനിൻസ്, കഫീൻ എന്നിവയാണു പ്രധാനം. ഭക്ഷണം കഴിച്ചയുടനെ കാപ്പി, ചായ എന്നിവ കഴിക്കുന്നത് അപ്പോൾ കഴിച്ച ഭക്ഷണത്തിലെ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും. സ്പിനച്, ബീറ്റ്റൂട്ട്, കൊക്കോ മുതലായവയിലടങ്ങിയ ഒാക്സാലിക് ആസിഡും ചീസ്, പാലുൽപ്പന്നങ്ങൾ, കാപ്പി എന്നിവയിലെ ഫോസ്ഫേറ്റും ഇരുമ്പിന്റെ ആഗിരണത്തെ തടയും.

ഇരുമ്പ് അടങ്ങിയ ആഹാര പദാർഥങ്ങൾക്കൊപ്പം നാരങ്ങ പോലെ പുളിരസമുള്ളവ കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്തും. ഇരുമ്പിന്റെ അംശം കൂടുതലടങ്ങിയ പഴങ്ങളും പച്ചക്കറികളും വീട്ടുപരിസരത്തു തന്നെ നട്ടു വളർത്താവുന്നതാണ്. അഗസ്ത്യ ചീരയും വേലിച്ചീരയും ചേമ്പും മുരിങ്ങയിലയും വള്ളിപ്പയറും പാവലുമെല്ലാം മികച്ചവയാണ്.

ഡോ. കല വി. എൽ.

അസോസിയേറ്റ് പ്രഫസർ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ & ഇമ്യൂണോ ഹിമറ്റോളജി 

മെഡിക്കൽ കോളജ്, തിരുവനന്തപുരം

Tags:
  • Manorama Arogyam