Wednesday 21 August 2024 03:59 PM IST : By Dr K Devikrishnan

ശരീരം ചൊറിഞ്ഞു തടിക്കും... ചിലപ്പോൾ ജീവഹാനി വരെ സംഭവിക്കാം: അരളി, ആത്ത, എരുക്ക്! ഈ 30 സസ്യങ്ങളെ സൂക്ഷിക്കുക

arali4345

കാഴ്ചയിൽ മനോഹരമായി തോന്നുന്ന പല ചെടികളും പൂക്കളും വിഷമുള്ളവ കൂടിയാണ് എന്നതു പലരും തിരിച്ചറിയാറില്ല.വിഷമുള്ള ചെടികളിലെ വിഷാംശത്തിന്റെ അളവു കുറച്ച് ഔഷധയോഗ്യമുള്ളവയാക്കി മാറ്റാറുണ്ട്. സുശ്രുതസംഹിത, അഷ്ടാംഗഹൃദയം തുടങ്ങിയ ആയുർവേദ അടിസ്ഥാന ഗ്രന്ഥങ്ങളിൽ വിഷച്ചെടികളെക്കുറിച്ചും അവയുടെ മാരക സ്വഭാവത്തെക്കുറിച്ചുമൊക്കെയുള്ള വിവരണങ്ങളുണ്ട്.

അരളി (Nerium oleander), ആത്ത (Ann ona squamosa), എരുക്ക് (Calotropis procera), കുന്നി (Abrus  precatorius), കാഞ്ഞിരം (Strychnous nuxvomica), ആവണക്ക് (Ri cinus communis), മേന്തോന്നി (Gloriosa su perba), ഉമ്മം (Datura metel), കൊടുവേലി (Plumbago indica), ചേര് (Semecarpus anacardium), ഒതളം (Cerbera odollam), അതിവിടയം (Aconitum heterophyllum), എരുമക്കള്ളി (Argemon mexicana),അവീൻ (കറുപ്പ്) (Papaver somniferum), ക ഞ്ചാവ് (Cannabis sativa), കമുക് (Are ca catecheu), കാട്ടാവണക്ക് (Jatropha curcas), പുകയില (Nicotiana tabacum), കായം (Ferula asafoeiteda), കുരുട്ടുപാല (Tabernaemontana alternifolia), കൊടിത്തൂവ (Tragia involucrata), തിരുക്കള്ളി (Euphorbia thirukkalli), നാഗദന്തി
(Baliospermum montanum),നായ്ക്കുരണ (Mu cuna pruriens), നീർവാളം (Croton tiglium), ഉറുവഞ്ചി (Sapindus trifoliatus), മണിമരുത് (Lagerstroemia spe ciosa), മരോട്ടി (Hydnocarpus laurifolia), കാട്ടുചേന (Amorphophallus paeoniifolius), മര ച്ചീനി (Manihot utilllisima), മുള്ളാത്ത (An nona muricata), മേന്തോന്നി (Gloriosa sup erba), വത്സനാഭി (Aconitum ferox), സർപ്പ ഗന്ധി (Ravolfia sarpentina) തുടങ്ങിയ ചെടികൾക്ക് എല്ലാം വിഷാംശമുണ്ട് .

ഇവയിൽ ഏതെങ്കിലും ഒ രു സസ്യം മുഴുവനായോ, ചില ഭാഗങ്ങളോ, കൂടിയ അളവിലോ ഉപയോഗിച്ചാൽ അല്ലെങ്കിൽ അവയുമായി സമ്പർക്കമുണ്ടായാൽപ്പോലും ശരീരത്തിൽ പെട്ടെന്നു പ്രതിപ്രവർത്തനം ഉണ്ടാകാം. ഉദാഹരണത്തിന് ഇലയോ പൂവോ വായിലിട്ടു ചവച്ചാൽ തന്നെ ഛർദി, വയറിളക്കം, ചൊറിഞ്ഞുതടിക്കുക പോലുള്ള ബുദ്ധിമുട്ടുകളുണ്ടാകാം. ഉ ള്ളിൽ ചെല്ലുന്ന അളവിന് അനുസരിച്ചാണു വിഷവീര്യം കൂടുക. കൂടുതൽ ഉള്ളിൽ ചെന്നാൽ ജീവഹാനി വരെ സംഭവിക്കാം. ചെടിക്കനുസരിച്ച് ഇതു വ്യത്യാസപ്പെടാം. ചെടിയുടെ വേര്, ഇല, കായ, പൂവ്, കിഴങ്ങ്, പാല്, തൊലി, കാത ൽ, കറ എന്നിവയിൽ ഏതെങ്കിലുമൊന്നിൽ വിഷത്തിന്റെ അളവു കൂടുതലായി കാണപ്പെടുന്നു.

അരളിയുടെ വിഷസ്വഭാവം

സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു ചെടിയാണ് അരളി. 'അശ്വമാരം' അതായതു ‘കുതിരകളെ കൊല്ലുന്നത്’ എന്ന അർത്ഥത്തിൽ ഈ ചെടിക്കു സംസ്‌കൃതത്തിൽ പേരുണ്ട് പൂക്കളുടെ നിറത്തെ അടിസ്ഥാനമാക്കി ചുവപ്പ് , മഞ്ഞ ,വെള്ള എന്നീ മൂന്നു തരത്തിൽ കണ്ടുവരുന്നു. നീരിയോഡോറിൻ എന്ന വിഷഘടകം വേര്,പൂവ്,പട്ട എന്നീ ഭാഗങ്ങളിൽ കാണുന്നു.ഇലകളിൽ ഒലിയാൻട്രിൻ എന്ന വിഷവസ്തു അടങ്ങിയിട്ടുണ്ട്. അരളിയുടെ വേര്, പട്ട, ഇല, പൂവ്, കായ എന്നിവയെല്ലാം വിഷമയമാണ്.

മഞ്ഞ അരളിയുടെ (Thevetia peruvia na) കായിൽ വിഷം കൂടുതലാണ്. കഴിച്ചാൽ നാക്കും അണ്ണാക്കും വരളും,വയറിളക്കം, ഛർദി, വയറുവേദന എന്നിവ ഉണ്ടാകും. കൃഷ്ണമണി വികസിക്കും, പേശീബലം  നഷ്ടമാകും,നാഡിമിടിപ്പു ക്രമമല്ലാതാകും, ബോധം നഷ്ടപ്പെടും, ഹൃദയസ്പന്ദനം താളം തെറ്റും, ഒടുവിൽ ഹൃദയസ്തംഭനം മൂലം മരണപ്പെടാം. അരളിയുടെ കറ അകത്തായാലും വിഷലക്ഷണങ്ങൾ കാണിക്കും. വിഷം ഉള്ളിൽ ചെന്നാൽ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ആമാശയക്ഷാളനം ചെയ്യണം.

വർണച്ചേമ്പു മുതൽ കുന്നിക്കുരു വരെ

വീടുകളിൽ നട്ടുപിടിപ്പിക്കുന്ന ചെടിക ളെക്കുറിച്ചു കൃത്യമായ ധാരണ ഉണ്ടാകണം. മഞ്ഞക്കോളാമ്പി (Allamanda ca thartica L. ), വർണച്ചേമ്പ് (Caladium bicolor (Ait) Vent.) ഭംഗിയുള്ള പൂക്കളോടു കൂടിയ  അരിപ്പൂച്ചെടി  (Lantana camara), തിലപുഷ്പി- Foxglove Plant (Digitalis pur purea),ലില്ലിച്ചെടി, ഹൈഡ്രാഞ്ചിയ (Hy drangea) തുടങ്ങി സാധാരണ വീടുകളിൽ വച്ചുപിടിപ്പിക്കുന്ന ചെടികളിൽ വിഷാംശമുണ്ട്. കുട്ടികൾ അപകട സാധ്യതയുള്ള ചെടികളുടെ ഇലകൾ, പൂക്കൾ, കായ എന്നിവയുമായി സമ്പർക്കത്തിലേർപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.

മരച്ചീനിക്കു ‘കട്ട്’ ഉണ്ടെന്നു പറയും. മൃഗങ്ങളിൽ പോലും മരച്ചീനി പ്രശ്നമുണ്ടാക്കാറുണ്ടല്ലൊ. ശരിക്കുള്ള കായത്തിനു വിഷസ്വഭാവം ഉണ്ട്. അതു ചില ശുദ്ധീകരണപ്രക്രിയകൾ നടത്തിയിട്ടാണു നമുക്കു ലഭിക്കുന്നത്. ഒതളത്തിന്റെയും ഉമ്മത്തിന്റെയും കായ വിഷസ്വഭാവമുള്ളതാണ്. കുന്നിയുടെ കുരുവിൽ അതിമാരകമായ വിഷഘടകം അടങ്ങിയിട്ടുണ്ട്. കുന്നിക്കുരു വായിലിട്ടു കടിക്കുമ്പോൾ പുറന്തൊലി പൊട്ടി മാരകമായ വിഷം പുറത്തുവരാം. അതുകൊണ്ടു കുട്ടികളുടെ കയ്യെത്തുന്ന ദൂരത്തു വയ്ക്കാതിരിക്കുക.

കാഞ്ഞിരക്കുരുവും വിഷസ്വഭാവമുള്ളതാണ്. കാഞ്ഞിരത്തിന്റെ വിഷം ഉള്ളിൽ ചെന്നാൽ പേശികൾക്കു വിറ യൽ, കൈകാലുകൾ കോച്ചിവലിക്ക ൽ എന്നീ ലക്ഷണങ്ങൾ കാണാം. തക്കസമയത്തു ചികിത്സ തേടിയില്ലെങ്കിൽ രക്തസമ്മർദം താഴ്ന്നു മരണം തന്നെ സംഭവിക്കാനുമിടയുണ്ട്. മുള്ളാത്തയുടെ പട്ട, പച്ചക്കായ, വേര് എന്നീ ഭാഗങ്ങളിൽ വിഷമുണ്ട്.

വിഷക്കായ അറിയാതെ കഴിച്ചുപോയാൽ ഉടൻ തന്നെ ധാരാളം വെള്ളം കുടിക്കണം. ഇതു വിഷവീര്യം കുറയ്ക്കും. എന്നിട്ട് എത്രയും വേഗം വൈദ്യസഹായം തേടുക.

ഔഷധമാക്കുമ്പോൾ

ഇത്തരത്തിലുള്ള സസ്യങ്ങൾ ഔഷധങ്ങളിൽ ചേർക്കുമ്പോൾ പ്രശ്നമാകില്ലേ എന്നു തോന്നാം. ആയുർവേദ ഗ്രന്ഥങ്ങളിൽ നിർദേശിച്ച പ്രകാരം ശാസ്ത്രീയമായി ശുദ്ധിചെയ്താണു യോഗപ്രകാരം മരുന്നു നിർമിക്കാൻ ഇവ ഉപയോഗിക്കുന്നത്. ശുദ്ധി ചെയ്തശേഷം സാധാരണഗതിയിൽ ശരീരത്തിനു ഹാനികരമായ അളവിൽ വിഷാംശം ഉണ്ടാകാറില്ല. ഡ്രഗ്സ് & കോസ്മറ്റിക്സ് ആക്ട് 1940 പ്രകാരം ആയുർവേദ ഔഷധങ്ങളിൽ വിഷസ്വഭാവമുള്ള ദ്രവ്യങ്ങൾ അടങ്ങിയിട്ടുണ്ട് എങ്കിൽ മരുന്നിന്റെ ലേബലിൽ മുന്നറിയിപ്പു നൽകണം

എങ്കിലും അലർജി സാധ്യതയുള്ളവർ ചികിത്സ ചെയ്യുന്ന ഡോക്ടറോടു പ്രസ്തുത വിവരം പറയണം. ഔഷധ ദ്രവ്യങ്ങൾ ശുദ്ധിചെയ്താൽ പോലും ചില വ്യക്‌തികളുടെ ശരീരപ്രകൃതി കൊണ്ടു ശരീരം ചുവന്നു തടിക്കുക,ചൊറിച്ചിൽ ഉണ്ടാവുക, ശ്വാസംമുട്ടൽ അനുഭവപ്പെടുക, വയറിന് അസ്വസ്ഥത എന്നിവ കാണാറുണ്ട്.

ഉദാഹരണത്തിനു ചേര് മരത്തിന്റെ സമീപത്തുകൂടി പോയാൽപ്പോലും ശരീരം ചൊറിഞ്ഞു തടിക്കും,നീരു വരും, പനിയുണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ, ചേർക്കുരു രസായന ഗുണമുള്ളതും വാതരോഗം ശമിപ്പിക്കുന്നതുമാണ്. ഇങ്ങനെയുള്ള ഔഷധങ്ങൾ ഉപയോഗിക്കുമ്പോൾ അലർജി വന്നാൽ ഉടൻ മരുന്നു നിർത്തി ചികിത്സ ചെയ്യുന്ന ഡോക്ടറെ വിവരം ധരിപ്പിച്ചു പ്രതിവിധി ചെയ്യണം.

ഡോ. കെ. ദേവീകൃഷ്ണൻ

സെന്റർ ഫോർ ടെക്സ്ച്വൽ സ്റ്റഡീസ് ആൻഡ്

പബ്ലിക്കേഷൻസ്,

ആര്യവൈദ്യശാല,

കോട്ടയ്ക്കൽ

Tags:
  • Manorama Arogyam